നടി നയൻതാരക്കും സംവിധായകൻ വിഘ്‌നേഷ് ശിവനും നോട്ടീസ് അയച്ചിരിക്കുകയാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. താരദമ്പതികളുടെ കല്യാണത്തിന്റെ ചിലവ് മുഴുവൻ വഹിച്ചത് നെറ്റ്ഫ്ലിക്സായിരുന്നു. 25 കോടി രൂപ നൽകിയായിരുന്നു നെറ്റ്ഫ്ലിക്സ് ആഡംബര വിവാഹത്തിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്.
വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്‌സ് പിൻമാറിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നോട്ടീസുമായി അവർ രംഗത്ത് വരുന്നത്. തങ്ങൾക്ക് തുക മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിഘ്‌നേഷ് ശിവൻ വിവാഹച്ചിത്രങ്ങൾ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഷാരൂഖ് ഖാൻ, സൂര്യ, രജനികാന്ത്, ജ്യോതിക, അനിരുദ്ധ്, വിജയ് സേതുപതി തുടങ്ങി വൻതാരനിരതന്നെ വിവാഹ ചടങ്ങിനെത്തിയിരുന്നു. ഇവർക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്‌നേഷ് ഇൻസ്റ്റയിലൂടെയും മറ്റും ഷെയർ ചെയ്തത്.
തങ്ങളുടെ അനുവാദമില്ലാതെ ചിത്രങ്ങൾ പുറത്തുവിട്ടത് നെറ്റ്ഫ്ലിക്സിനെ ചൊടിപ്പിക്കുകയായിരുന്നു. ചിത്രങ്ങൾ പുറത്ത് വന്നതോടെ വിവാഹ വീഡിയോയുടെ പ്രാധാന്യം കുറഞ്ഞെന്നും കാണികൾ ഉണ്ടാവില്ലെന്നുമാണ് നെറ്റ്ഫ്ലിക്സ് കാരണമായി പറയുന്നത്.
മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. അതിഥികൾക്കുള്ള മുറികൾ, അലങ്കാരം, മേക്കപ്പ്, സുരക്ഷ, കൂടാതെ ഓരോ പ്ലേറ്റിനും 3500 രൂപ വിലയുള്ള ഭക്ഷണത്തിനും ഉൾപ്പെടെ മുഴുവൻ ചടങ്ങുകൾക്കും നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് പണം നൽകിയതായാണ് റിപ്പോർട്ടുകൾ വരുന്നത്. അതേസമയം, ഒരു മാസം കഴിഞ്ഞിട്ടും നെറ്റ്ഫ്‌ളിക്‌സ് വീഡിയോ സ്ട്രീം ചെയ്യാത്തതിനെ തുടർന്നാണ് വിവാഹ ചിത്രങ്ങൾ വിഘ്‌നേഷ് ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടത്. വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയായതിന് ശേഷമായിരുന്നു ഫോട്ടോ പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.