തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി മലയാളികളിൽനിന്ന് പണം തട്ടിയ കേസിലെ പ്രധാന പ്രതിയായ നൈജീരിയക്കാരൻ നിരവധിപേരെ കബളിപ്പിച്ചതായി പൊലീസ്. കഴിഞ്ഞദിവസം ഡൽഹിയിൽനിന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സംഘം അറസ്റ്റ് ചെയ്ത നൈജീരിയന്‍ സ്വദേശി റോമാനസ് ചിബ്യൂസിനെ (29) തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ന്യൂഡൽഹിയിലെ ഉത്തംനഗറിൽനിന്നാണ് ഇയാൾ പിടിയിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട് യുവതികളുടെ വാട്സ്ആപ് നമ്പർ കരസ്ഥമാക്കിയാണ് പ്രതി തട്ടിപ്പുകള്‍ നടത്തുന്നത്. ഇയാള്‍ ഉപയോഗിച്ച വാട്സ്ആപ് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രത്യേക അന്വേഷണസംഘം ഉത്തംനഗറിലെ ബഹുനില കെട്ടിടത്തിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോൾ പൊലീസ് സംഘത്തിനുനേരെ ആഫ്രിക്കന്‍ വംശജരുടെ എതിർപ്പുണ്ടായി. ഉത്തംനഗര്‍ സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസ് എത്തിയശേഷമാണ് പ്രതിയെ പിടികൂടാനായത്. പ്രതിയിൽനിന്ന് എ.ടി.എം കാര്‍ഡുകള്‍, പാസ്പോര്ട്ടുകള്, ലാപ്ടോപ്, മൊബൈൽ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അംഗിത് അശോകന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ അസി. കമീഷണര്‍ ടി. ശ്യാംലാൽ, ഇൻസ്പെക്ടര്‍ വിനോദ്കുമാര്‍ പി.ബി, എസ്.ഐ ബിജുലാൽ, എ.എസ്.ഐമാരായ സുനിൽ കുമാര്‍, ഷിബു, സി.പി.ഒമാരായ വിജേഷ്, സോനുരാജ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2017 മുതൽ വെസ്റ്റ് ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചുവന്ന ഇയാള്‍ തട്ടിപ്പ് നടത്തിയശേഷം അതിനുപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ നിഷ്ക്രിയമാക്കുകയും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും നശിപ്പിക്കുകയും ചെയ്യും. തുടർന്ന് വാസസ്ഥലവും മാറും. വ്യാജപേരിലും മേൽവിലാസത്തിലും നിർമിച്ച പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉപയോഗിച്ചാണ് വീട് വാടകക്കെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിൽനിന്ന് ചികിത്സയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനുമെന്ന പേരിൽ വിസ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇന്ത്യയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.