ഫ്ലിപ്കാർട്ട്-അമസോൺ ഓഫർ സെയിൽ; പണി കിട്ടാതിരിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...!

ഫ്ലിപ്കാർട്ടിലും ആമസോണിലും ഓഫർ സെയിലുകളുടെ കാലമാണ്. ആമസോണിലെ ‘ദ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ സെയിലും ഫ്ലിപ്കാർട്ടിലെ ‘ദ ബിഗ് ബില്യൺ ഡേയ്സ്’ സെയിലും തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങളോളം നീളുന്ന മഹാവിൽപനയിൽ സർവ സാധനങ്ങൾക്കും വമ്പിച്ച വിലക്കുറവാണ് ഈടാക്കുന്നതെന്ന് ഇ-കൊമേഴ്സ് ഭീമൻമാർ അവകാശപ്പെടുന്നു. പ്രധാനമായും സ്മാർട്ട്ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാനാണ് ആളുകൾ ഇത്തരം ഓൺലൈൻ വിൽപനമേളകൾ ഉപയോഗപ്പെടുത്തുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ലക്ഷങ്ങൾ നൽകേണ്ടി വരുന്ന ഐഫോണുകൾക്ക് ഓഫർ സെയിലിൽ വലിയ കിഴിവാണ് കാണാറുള്ളത്. മറ്റ് ബ്രാൻഡുകളുടെ കാര്യവും വ്യത്യസ്തമല്ല.

എന്നാൽ, ഇത്തരം ഓഫർ സെയിലുകളിൽ സാധനങ്ങൾ വാങ്ങുന്നതിന് മുമ്പായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര വില കുറച്ച്, വമ്പൻ വാഗ്ദാനങ്ങൾ നൽകിയാലും അമേരിക്കൻ ഇ-കൊമേഴ്സ് ഭീമൻമാർ ഏറ്റവും വലിയ ലാഭം കൊയ്യുന്ന കാലം കൂടിയാണിത്. ആളുകളെ ആകർഷിക്കാനായി പലതരം പൊടിക്കൈകൾ അവർ സെയിലുകളിൽ പയറ്റാറുണ്ട്. മാസത്തിന്റെ ആദ്യ പത്താണ്, പലർക്കും സാലറി കൈയ്യിൽ ​കിട്ടിക്കൊണ്ടിരിക്കുന്ന സമയം. ഓഫർ കണ്ട് കണ്ണ് മഞ്ഞളിച്ച് സാധനങ്ങൾ ഓർഡർ ചെയ്യാൻ വരട്ടെ...

വിലക്കുറവല്ല...! വിലകൂട്ടിയുള്ള കുറവ്

എസ്21 എഫ്ഇ എന്ന ഫോൺ സാംസങ് തങ്ങളുടെ ഫാൻസിന് വേണ്ടി ഇറക്കിയതാണ്. പ്രീമിയം ​ഫീച്ചറുകളാൽ സമ്പന്നമാണ് ഈ ഫോൺ. എന്നാൽ, ഫ്ലിപ്കാർട്ടിൽ ഓഫർ പ്രഖ്യാപിക്കുന്ന സമയത്ത് ഈ ഫോണിന്റെ ലോഞ്ച് വിലയായി കാണിച്ചത് 74,999 രൂപയാണ്. ബിഗ് ബില്യൺ ഡേയ്സ് ഓഫറായി 29,999 രൂപക്ക് എസ്21 എഫ്.ഇ ലഭിക്കുമെന്നും അവരുടെ ടീസറിൽ പറയുന്നു. കിടിലൻ ഓഫറാണെന്ന് തോന്നി അല്ലേ..? എന്നാൽ, എസ്21 എഫ്.ഇ ഇന്ത്യയിൽ അവതരിപ്പിച്ചത് 49,999 രൂപക്കാണ് എന്നതാണ് വസ്തുത.


അതുപോലെ മോട്ടോ എഡ്ജ് 40 നിയോ എന്ന മോഡൽ ദിവസങ്ങൾക്ക് മുമ്പാണ് മോട്ടറോള ഇന്ത്യയിൽ അവതരിപ്പിച്ചത്, അന്ന് അതിന്റെ വില 23999 രൂപയായിരുന്നു. ഈ വിലക്ക് ഗംഭീര ഫീച്ചറുകളാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. ഫ്ലിപ്കാർട്ടിൽ ഓഫർ സെയിലിൽ ഫോണിന്റെ യഥാർഥ വിലയായി കാണിച്ചത് 27,999 രൂപയായിരുന്നു. ഓഫറിൽ നിലവിൽ ഫോൺ 20999 രൂപക്ക് വാങ്ങാം.


ഇതുപോലെ പല ഉപകരണങ്ങൾക്കും മറ്റ് സാധനങ്ങൾക്കുമെല്ലാം ‘വില ധാരാളം കൂട്ടി’ പ്രദർശിപ്പിച്ചുള്ള ആകർഷണ തന്ത്രം ഇത്തരം ഇ-കൊ​മേഴ്സ് പ്ലാറ്റ്ഫോമുകൾ പയറ്റുന്നുണ്ട്. അതിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം.

എവിടെ വിലക്കുറവ്...? ഞാൻ കാണുന്നില്ലല്ലോ...

മാസങ്ങളായി നോക്കി വെച്ച ഒരു ലാപ്ടോപ്, ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ അതിന് 25000 രൂപയുടെ കിഴിവാണ് കണ്ടത്. ഒടുവിൽ ആ ദിവസം വന്നെത്തി, ആമസോണിൽ കയറി തപ്പി നോക്കിയപ്പോൾ, വെറും 5000 രൂപയുടെ കിഴിവ് മാത്രം. ചതിയല്ലേ ചെയ്തത്..! എന്ന് തോന്നാം, അവിടെയാണ് ആമസോണിന്റെ ബിസിനസ് തന്ത്രം.


25000 രൂപയുടെ ഓഫർ, ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുമൊക്കെ ചേർത്താണ്. നിങ്ങളുടെ കൈയ്യിൽ ആമസോൺ ലിസ്റ്റ് ചെയ്ത ഏ​തെങ്കിലും ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വേണം, എല്ലായ്പ്പോഴും ഏതെങ്കിലും സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാർഡായിരിക്കും ആവശ്യപ്പെടുക. അതുപയോഗിച്ച് പർചേസ് ചെയ്താൽ വലിയൊരു കിഴിവ് ലഭിക്കും. കൂടാതെ നിങ്ങളുടെ കൈയ്യിലുള്ള കേടുപാടുകളില്ലാത്ത പഴയ ലാപ്ടോപ് എക്സ്ചേഞ്ച് ചെയ്താൽ അധികം ഡിസ്കൗണ്ടും നൽകും. എല്ലാം ചേർത്താണ് 25000 രൂപയുടെ കിഴിവ്. മാസങ്ങളോളം ഓഫർ സെയിലിനായി മനക്കോട്ട കെട്ടിയ ആളുകൾ അവിടെ ഇളിഭ്യരായി പോകും.

സെല്ലറെ അറിയാം..


‘ഓഫർ സെയിലുകളിൽ കണ്ണുംപൂട്ടി എന്തെങ്കിലും ഓർഡ​ർ ചെയ്യുമ്പോൾ അത് വിൽക്കുന്ന സെല്ലറുടെ സ്വഭാവം കൂടി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആമസോണും ഫ്ലിപ്കാർട്ടുമൊന്നും നേരിട്ട് അവരുടെ ഫാക്ടറിയിൽ നിന്നല്ല, സാധനങ്ങൾ എടുത്ത് നമുക്ക് അയച്ചുതരുന്നത്. പലവിധത്തിലുള്ള സെല്ലർമാർ അവരുടെ സാധനങ്ങൾ ഇത്തരം ആപ്പുകളിലൂടെ വിൽക്കുന്നുണ്ട്. ആമസോണിൽ സെല്ലറാകാൻ സ്വഭാവ സർട്ടിഫിക്കറ്റൊന്നും വേണ്ട, അതുകൊണ്ട് തന്നെ ഏത് തരത്തിലുള്ള ആളുകൾക്കും സാധനസാമഗ്രികൾ വിൽക്കാൻ കഴിയും. സ്മാർട്ട്ഫോൺ ഓർഡർ ചെയ്യുമ്പോൾ അത് വിൽക്കുന്ന സെല്ലർക്ക് ലഭിച്ച റേറ്റിങ്ങും കൂടി പരിശോധിക്കുക. കുറഞ്ഞത് മൂന്ന് സ്റ്റാറെങ്കിലും ഉള്ള സെല്ലറിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക.

ഇഷ്ടിക കഷ്ണം കിട്ടാതെ നോക്കാം..

‘ഐഫോൺ 14 സീരീസ് ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് ഇഷ്ടികയുടെ പീസും രണ്ട് മുള്ളാണിയും’’ -ഇതുപോലുള്ള വാർത്തകൾ ഇപ്പോൾ നിരവധി വരാറുണ്ട്. പതിനായിരങ്ങൾ മുടക്കി വാങ്ങിയ സാധനത്തിന് പകരം കല്ല് കിട്ടുന്ന അവസ്ഥ ചിന്തിക്കാൻ പറ്റുമോ..? അതൊഴിവാക്കാനാണ് ഫ്ലിപ്കാർട്ട് ഡെലിവറി ചെയ്യുന്ന സമയത്ത് തന്നെ അൺബോക്സ് ചെയ്യുന്ന സംവിധാനം കൊണ്ടുവന്നത്. എന്നാൽ, ചിലർ അതിന് മുതിരാറില്ല. പരമാവധി സാധനം കിട്ടിയ ഉടനെ, ഡെലിവറി ചെയ്ത ആളുടെ മുന്നിൽ വെച്ച് തുറന്നു നോക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ, അൺബോക്സ് ചെയ്യുമ്പോൾ തുടക്കം മുതൽ ഒടുക്കം വരെ വിഡിയോ പകർത്തുക.

ചെറിയൊരു പോറൽ, അത്ര മാത്രം...

ഓഫർ സെയിലുകൾ ഉപയോഗിച്ച് സ്റ്റോക് തീർക്കാൻ നോക്കുന്ന വിരുതൻമാരും കാണും. അതുകൊണ്ട് തന്നെ മുമ്പ് ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത്, പ്രശ്നങ്ങൾ കാരണം  റിട്ടേൺ ചെയ്ത ഫോണുകളും മറ്റും വീണ്ടും തിരിച്ചുവരാൻ സാധ്യതയുണ്ട്. സാധനം എന്തുമായിക്കോട്ടെ, കൈയ്യിലെത്തിയാൽ നിർബന്ധമായും അടിമുടി പരിശോധിക്കുക.

ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങുക...!

ഒരു കാര്യവുമില്ലാതെ വീടിന്റെ ഏതെങ്കിലും മൂലയിൽ വെറുതെയിരിക്കുന്ന എത്ര സാധനങ്ങളുണ്ടാവും..? ഏതെങ്കിലും സാഹചര്യത്തിൽ ആകർഷണം തോന്നിയോ, സെയിൽസ്മാന്റെ വാക്കുകളിൽ വീണോ വാങ്ങിക്കൂട്ടി ഉപകാരത്തിനെത്താതെ, പൊടിപിടിക്കുന്ന സാധനങ്ങളുടെ എണ്ണമെടുക്കുക, ശേഷം അതിന് ചിലവാക്കിയ പണവും കൂട്ടിനോക്കുക. 9000 രൂപയുടെ സാധനം 900 രൂപക്ക് എന്ന് കണ്ടാൽ ആരായാലും വാങ്ങിപ്പോകും അല്ലേ..? എന്തുമായിക്കോട്ടെ, ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങുന്ന ശീലം വളർത്തിയെടുക്കുക.

Tags:    
News Summary - Offer Sale Alert: Consider These Factors Before Making a Purchase on Flipkart or Amazon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT