എ.ഐ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടിയുമായി പതിവായി ഇടപഴകിയതിന് ശേഷം പലരും ഏകാന്തത അനുഭവിക്കുന്നതായി റിപ്പോർട്ട്. ഓപ്പൺ എ.ഐയും എം.ഐ.ടി മീഡിയ ലാബും ചേർന്ന് നടത്തിയ പഠനം ചാറ്റ്‌ജി.പി.ടിയുമായുള്ള ഉപയോക്താക്കളുടെ ഇടപെടലുകൾ അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിച്ചു. ചാറ്റ് ജി.പി.ടി ഉപയോഗം ചിലപ്പോൾ ഉപയോക്താക്കളുടെ ഏകാന്തതയും മാനസിക ആശ്രിതത്വവും വർധിപ്പിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
വൈവിധ്യമാർന്ന സംഭാഷണങ്ങളും ഓഡിയോ ഡാറ്റയും അവലോകനം ചെയ്യുകയും 4,000 ഉപയോക്താക്കളുടെ ഇടപെടലുകൾ മനസിലാക്കിയുമായിരുന്നു സർവേ നടത്തിയത്. മിക്ക ഉപയോക്താക്കളും കുറഞ്ഞ സമയത്തേക്ക് മാത്രമേ എ.ഐയുമായി ഇടപെടാറുള്ളൂ. എന്നാൽ കൂടുതൽ സമയം ചെലവഴിക്കുന്ന ചെറിയ കൂട്ടം ഉണ്ടെന്ന് പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇവരാണ് കൂടുതലായും ഏകാന്തത അനുഭവിക്കുന്നത്.
ചെറിയ സമയം വോയ്സ് ഇന്ററാക്ഷനുകൾ ഉപയോഗിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമ്പോൾ, ദീർഘകാലം ഉപയോഗിക്കുന്നത് ഏകാന്തത വർധിപ്പിക്കാനിടയാക്കുന്നു. ചാറ്റ് ജി.പി.ടിയുമായി വ്യക്തിഗത വിഷയങ്ങൾ സംസാരിക്കുന്നതും വേദനകളും വികാരങ്ങളും പങ്കുവെക്കുന്നതും അമിത അളവിലായാൽ അത് ആശ്രിതത്വം വർധിപ്പിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.
ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ. ചാറ്റ്ബോട്ടുകളുടെ ഉപയോഗത്തിൽ ശ്രദ്ധാപൂർവ്വമായ സമീപനമാണ് സ്വീകരിക്കേണ്ടത് എന്നാണ് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. മാനസിക പിന്തുണക്കായാണ് ആശ്രയിക്കുന്നതെങ്കിലും അമിതമായ ഉപയോഗം ദോഷ ഫലങ്ങളിലേക്ക് നയിക്കും.
വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമുണ്ടെന്നും, എ.ഐ. സാങ്കേതികവിദ്യകളുമായുള്ള ആരോഗ്യകരമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നുമാണ് ഓപൺ എ.ഐയുടെ പഠനം ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.