പ്രഫഷനൽ ക്വാളിറ്റിയുള്ള വിഡിയോ ഒരുക്കാൻ വിഡിയോ എഡിറ്റിങ്ങിലും സ്പെഷൽ ഇഫക്ടിലും ഓഡിയോ പ്രൊഡക്ഷനിലുമെല്ലാം സാങ്കേതിക പരിജ്ഞാനം വേണമെന്നായിരുന്നു ഇതുവരെയുള്ള സങ്കൽപം. എന്നാൽ വെറുമൊരു ടെക്സ്റ്റ് പ്രോംപ്റ്റിലൂടെ ഇതേ നിലവാരത്തിൽ വിഡിയോ നിർമിക്കാമെന്ന വാഗ്ദാനവുമായി ഗൂഗ്ൾ. തങ്ങളുടെ വെർടെക്സ് എ.ഐ മീഡിയ സ്റ്റുഡിയോ ടൂളിലൂടെ സിനിമ തന്നെ നിർമിക്കാമെന്നാണ് അവകാശവാദം. പ്രഫഷനലുകൾക്കും വിഡിയോ എഡിറ്റിങ് അറിയാത്തവർക്കും ഒരേപോലെ ഈ ടൂൾ ഉപയോഗിക്കാനാകുമെന്നതാണ് സവിശേഷതയത്രെ.
വിഡിയോ പ്രൊഡക്ഷന്റെ എല്ലാ ഘടകങ്ങളും വെർടെക്സ് എ.ഐ മീഡിയ സ്റ്റുഡിയോ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും. ഗൂഗള്ിന്റെ ഇമേജ് ജനറേഷൻ ടൂളായ ഇമാജെൻ 3 (Imagen3) വഴി ചിത്രം ജനറേറ്റ് ചെയ്ത് പണി തുടങ്ങാം. ഈ ചിത്രത്തെ കമ്പനിയുടെ തന്നെ വിഡിയോ ജനറേഷൻ ടൂളായ വിയോ 2 (Veo2) വഴി വിഡിയോ ആക്കി മാറ്റും. ഡ്രോൺ ആണോ പാൻ ആണോ എന്നു തുടങ്ങി ഏത് ഷോട്ട് വേണമെന്നുപോലും നിർദേശിക്കാം.
ഫ്രെയിം റേറ്റും ദൈർഘ്യവുമെല്ലാം നിശ്ചയിക്കാം. നിർദേശിച്ച പോലെ വന്നിട്ടില്ലാത്ത ഭാഗങ്ങൾ മാജിക് ഇറേസർ ഉപയോഗിച്ച് നീക്കാം. വിഡിയോ തയാറായിക്കഴിഞ്ഞാൽ, ചിർപ് (Chirp) ടൂൾ വഴി വോയ്സ് ഓവർ നൽകാം. ഇനി ബി.ജി.എം നൽകണോ? ഗൂഗ്ൾ ഡീപ്മൈൻഡും യൂട്യൂബും ചേർന്ന് വികസിപ്പിച്ച ലിറിയ (Lyria)യിലൂടെ അതും സാധ്യമാണ്. വെർടെക്സിനോട് ജമനൈ ചേർത്താൽ, ഏതു ടെക്സ്റ്റിൽ നിന്നും ഏത് വിഡിയോയും ജനറേറ്റ് ചെയ്യാനാകും. അതായത് പ്രോംപ്റ്റ് പോലും സ്വയം ചിന്തിച്ചെടുക്കേണ്ടി വരില്ല എന്നർഥം. ഇത് നൈതിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട് എന്നത് വേറെ കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.