സര്‍വവ്യാപിയായി എ.ഐ, ക്വാണ്ടം കമ്പ്യൂട്ടിങ്ങില്‍ മുന്നേറ്റം, വെയറബ്ള്‍ ഗാഡ്ജറ്റുകളുടെ അതിപ്രസരം; 2024ല്‍ ടെക് ലോകം കണ്ടത്...

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നൂതനമായ നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. മൂന്നാം തലമുറ ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ) വികാസമാണ് പോയ വര്‍ഷം ടെക് ലോകത്തെ സുപ്രധാന നേട്ടങ്ങളിലൊന്ന്, മനുഷ്യന് സാധ്യമാകുന്നതിന് ഏതാണ്ട് തുല്യമായി രീതിയില്‍ കണ്ടന്റ് സൃഷ്ടിക്കാനാകുന്ന തലത്തിലേക്ക് എ.ഐ വളര്‍ന്നുകഴിഞ്ഞു. വിനോദത്തിനും വിജ്ഞാനത്തിനും പുറമെ ബാങ്കിങ് രംഗത്തും ആരോഗ്യരംഗത്തും എ.ഐ സാന്നിധ്യമറിയിച്ചുകഴിഞ്ഞു.

സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍ നിമിഷ നേരംകൊണ്ട് പരിഹരിക്കാനാകുന്ന ക്വാണ്ടം ചിപ്പ് വികസിപ്പിക്കാനായത് സാങ്കേതിക ഗവേഷണ രംഗത്തെ പുത്തന്‍ കാല്‍വെപ്പാണ്. സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ശേഷി നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും വലിയ ഉയരത്തിലേക്ക് എത്തിക്കാന്‍ കഴിയുന്ന കണ്ടെത്തലാണിത്. ബഹിരാകാശ ഗവേഷണത്തിലും സുപ്രധാനമായ മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ പോയ വര്‍ഷം കഴിഞ്ഞിട്ടുണ്ട്. ഭൂമിക്ക് സമാനമായ മറ്റ് ഗ്രഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത് ഗ്രഹാന്തര പര്യവേക്ഷണത്തിനുള്ള ഗവേഷണങ്ങള്‍ക്ക് ഊര്‍ജമായി. മനുഷ്യകുലത്തെ ഭാവിയില്‍ വന്‍ തോതില്‍ സ്വാധീനിക്കാന്‍ കഴിയുന്ന 2024ലെ സുപ്രധാന മുന്നേറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

സെര്‍ച്ചിനു പകരം ജെമിനൈയും ചാറ്റ് ജിപിടിയും

ഇന്റര്‍നെറ്റ് സെര്‍ച്ചിനപ്പുറത്ത് ഏതു തരത്തിലുമുള്ള ഉപദേശത്തിന് ജെമിനൈയെയും ചാറ്റ് ജിപിടിയെയും സമീപിക്കുന്നവരുടെ എണ്ണം പോയവര്‍ഷം കുത്തനെ ഉയര്‍ന്നു. സാധാരണക്കാര്‍ വരെ പഠിക്കാനും പഠിപ്പിക്കാനും ജെമിനൈയെയും ചാറ്റ് ജിപിടിയെയും ആശ്രയിക്കുന്നു. റിപ്പോര്‍ട്ടുകള്‍ തയാറാക്കാനും ഭാഷാ പഠനത്തിനും എന്തിനും ഏതിനും, ചാറ്റ് ജി.പി.ടി എല്ലാത്തരം ഉപയോക്താക്കള്‍ക്കും സഹായമാകുന്ന കാഴ്ചയാണ് 2024ല്‍ കാണാനായിരിക്കുന്നത്. ജെനറേറ്റിവ് എ.ഐയുടെ കൃത്യത ഉയര്‍ന്നതോടെ വലിയ വിഭാഗം ക്ലെറിക്കല്‍ ജോലികളും വരും വര്‍ഷങ്ങളില്‍ നിര്‍മിതബുദ്ധി തട്ടിയെടുക്കുമെന്ന മുന്നറിയിപ്പും ടെക് വിദഗ്ധര്‍ നല്‍കുന്നു.

മരുന്നു ഗവേഷണത്തില്‍ എ.ഐ

വിവിധ മേഖലകളില്‍ മുന്നേറ്റം സാധ്യമാക്കിക്കൊണ്ട് എ.ഐ ശാസ്ത്ര ഗവേഷണത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ്. പ്രോട്ടീന്‍ ഘടന പ്രവചനത്തിലാണ് ഒരു പ്രധാന മുന്നേറ്റം. ആല്‍ഫഫോള്‍ഡ് പോലുള്ള മോഡലുകളുടെ ഘടന നിര്‍ണയിക്കാന്‍ ആവശ്യമായ സമയം വര്‍ഷങ്ങളില്‍ നിന്ന് മിനിറ്റുകളിലേക്ക് ഗണ്യമായി കുറയ്ക്കുന്നുവെന്നതാണ് എ.ഐ സംയോജനത്തിന്റെ നേട്ടം. ഈ കഴിവ് മരുന്ന് കണ്ടെത്താനുള്ള സമയം കുറക്കുകയും ആന്റിബയോട്ടിക് പ്രതിരോധം പോലുള്ള വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുകയും ചെയ്യുന്നു. ശാസ്ത്ര ഗവേഷണത്തില്‍ എ.ഐയുടെ സംയോജനം വരുന്നതോടെ ഡേറ്റ അധിഷ്ഠിത സമീപനമുണ്ടാകുകയും കൃത്യത കൂടുകയും ചെയ്യുന്നു.

ആപ്പിള്‍ ഇന്റലിജന്‍സ്

എ.ഐയെ അകറ്റിനിര്‍ത്തിയിരുന്ന ടെക് ഭീമനായ ആപ്പിള്‍, ചാറ്റ് ജിപിടിയുടെ മാതൃ കമ്പനിയായ ഓപണ്‍ എ.ഐയുടെ സഹായത്തോടെ തങ്ങളുടെ ഏറ്റവും പുതിയ ഗാഡ്ജറ്റുകളില്‍ നിര്‍മിതബുദ്ധി സന്നിവേശിപ്പിച്ചു. ഓഎസ് 18.2ലാണ് ആപ്പിള്‍ ഇന്റലിജന്‍സ് എത്തുന്നത്. അതേസമയം, ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിരവധി മാസങ്ങളായി ലഭിച്ചുവന്ന ഫീച്ചറുകളാണ് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിരിക്കുന്നത്. ഇതാകട്ടെ, ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ ആവേശം പകര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

174 ശതമാനം വളര്‍ച്ചയുമായി എന്‍വിഡിയ

ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ ഓഹരി ഈ വര്‍ഷം 174 ശതമാനം വളര്‍ന്നു. മുന്‍വര്‍ഷം ഇത് 239 ശതമാനമായിരുന്നു. ജിപിയു മാര്‍ക്കറ്റിന്റെ 98 ശതമാനമാണ് ഈ കമ്പനി കൈയ്യടക്കിയിരിക്കുന്നത്. കമ്പനിയുടെ മൂല്യം 2024ല്‍ 3.43 ട്രില്ല്യന്‍ ഡോളര്‍ വരെയായി ഉയര്‍ന്നിരുന്നു. അതേസമയം, 2025ല്‍ എ.ഐയുടെ കുതിപ്പ് നിലച്ചേക്കാമെന്നും പ്രവചനമുണ്ട്. ഇക്കാര്യം പരിഗണിക്കാതെ എ.ഐ മേഖലയില്‍ കണ്ണുംപൂട്ടി നിക്ഷേപമിറക്കുന്നവര്‍ വെട്ടിലായേക്കാമെന്നാണ് ഒരു വാദം. എന്നാല്‍ സൈബറിടത്തിന് പുറത്തേക്ക് കൂടുതല്‍ മേഖലകളിലേക്ക് എ.ഐ സാന്നിധ്യം ശക്തമാകാനുള്ള സാധ്യത പ്രവചിക്കുന്നവരും കുറവല്ല.

ക്വാണ്ടം കമ്പ്യൂട്ടിങ്ങില്‍ വന്‍ മുന്നേറ്റം

ക്വാണ്ടം കമ്പ്യൂട്ടിങ് മുമ്പു കണ്ടിട്ടില്ലാത്ത വിധം അസാധാരണ പ്രൊസസിങ് ശക്തിയാണ് കൈവരിച്ചിരിക്കുന്നത്. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കമ്പ്യൂട്ടറുകള്‍ 10 സെപ്റ്റില്യണ്‍ (ഒന്നിനുശേഷം 25 പൂജ്യം വരുന്ന സംഖ്യ) വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കുന്ന സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങള്‍, അഞ്ച് മിനിറ്റുകൊണ്ടു പരിഹരിക്കാന്‍ ശേഷിയുള്ള ചിപ്പാണ് ഗൂഗ്ള്‍ വികസിപ്പിച്ചത്. പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം സമയംകൊണ്ട് തീര്‍ക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളില്‍ ചെയ്തുതീര്‍ക്കുന്ന കുഞ്ഞന്‍ ചിപ്പിന് 'വില്ലോ' എന്നാണ് പേര് നല്‍കിയത്. നാല് ചതുരശ്ര സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള ചിപ്പ്, ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ പ്രധാനപരിമിതികള്‍ മറികടക്കുന്നതാണെന്ന് ഗൂഗ്ള്‍ അവകാശപ്പെടുന്നു. ഫാര്‍മസി, ക്രിപ്റ്റോകറന്‍സി തുടങ്ങിയ മേഖലകളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും.

ഫോള്‍ഡബ്ള്‍, റോളബ്ള്‍ സ്‌ക്രീനുകള്‍

ഒരേസമയം ഫോണായും ടാബ്ലറ്റ് ആയും പ്രവര്‍ത്തിപ്പിക്കാവുന്ന ഫോള്‍ഡബ്ള്‍, റോളബ്ള്‍ സ്‌ക്രീനുകള്‍ക്ക് കൂടുതല്‍ പ്രാധാന്യ ലഭിച്ച വര്‍ഷം.

സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍

ഇലക്ട്രിക് വാഹനങ്ങളിലേക്ക് സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ എത്തിത്തുടങ്ങിയത് പ്രതീക്ഷ പകരുന്നു. താരതമ്യേന കൂടുതല്‍ നേരം പ്രവര്‍ത്തിപ്പിക്കാമെന്നതും, കുറച്ചു സമയത്തിനുള്ളില്‍ ചാര്‍ജ് ചെയ്യാമെന്നുള്ളതുമാണ് ഇവയുടെ മെച്ചം.

വെയറബ്ള്‍ സാങ്കേതികവിദ്യ

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അണിയാവുന്ന സാങ്കേതികവിദ്യ വന്‍ കുതിപ്പാണ് കാണിച്ചിരിക്കുന്നത്. ഇത് വരും വര്‍ഷത്തില്‍ പുതിയ തലത്തിലെത്തുമെന്നാണ് പ്രവചനം. ഇതില്‍ പ്രധാനപ്പെട്ടത് റേബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസസ് ആണ്. പാട്ടു കേള്‍ക്കാനും, കണ്ടന്റ് ക്യാപ്ചര്‍ ചെയ്യാനും മെറ്റാ എ.ഐ പ്രവര്‍ത്തിപ്പിക്കാനും ഇത് ഗുണകരമാണ്.

ഇതിന്റെ അടുത്ത തലമായിരിക്കും മെറ്റാ ഓറിയോണ്‍ എന്ന് അറിയപ്പെടുന്ന കണ്‍സെപ്റ്റ് എ.ആര്‍ ഗ്ലാസ്. ഗൂഗ്ള്‍ പ്രൊജക്ട് അസ്ട്രാ ആണ് ഇത്തരത്തിലുള്ള മറ്റൊരു സ്മാര്‍ട്ട് കണ്ണട. അപാര സാധ്യതയായാണ് ഇരു ഗ്ലാസുകളെയും വിലയിരുത്തിയ ടോംസ് ഗൈഡ് വിലയിരുത്തുന്നത്.

സ്മാര്‍ട്ട് മോതിരങ്ങളും വാച്ചുകളും

നേരത്തെ വിപണി പിടിച്ച ഓറാ റിങ്, സ്മാര്‍ട്ട് റിങുകളുടെ സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക് തുറന്നു കാണിച്ച ഉപകരണമാണ്. സാംസങ് ഗ്യാലക്സി റിങിന്റെ വരവോടെ പ്രീമിയം റിങുകളുടെ മാര്‍ക്കറ്റ് ഉഷാറായി. ആരോഗ്യ പരിപാലന ഡേറ്റാ ശേഖരണത്തിന് റിങുകളാകാം സ്മാര്‍ട്ട് വാച്ചുകളെക്കാള്‍ കൃത്യതയാര്‍ന്നത് എന്നും അവകാശവാദമുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അടക്കം ഒട്ടനവധി മെട്രിക്സ് നല്‍കാന്‍ കെല്‍പ്പുള്ളതാണ് പല മികച്ച സ്മാര്‍ട്ട് വാച്ചുകളും. ശരീരത്തിലെ വെള്ളത്തിന്റെ അളവ് അറിയാനുള്ള ഹൈഡ്രേഷന്‍ സെന്‍സറുകളും ഉള്‍പ്പെടുത്തി തുടങ്ങിയതോടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു ഉപകരണമായി മാറുകയാണ് സ്മാര്‍ട്ട് വാച്ചുകള്‍.

ഓപണ്‍ എ.ഐ യുടെ o1 മോഡല്‍

ഓപണ്‍ എഐയുടെ o1 മോഡലിന്റെ വികാസം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഴിവുകളില്‍ കാര്യമായ കുതിച്ചുചാട്ടം അടയാളപ്പെടുത്തുന്നതാണ്. സങ്കീര്‍ണമായ ഗണിതശാസ്ത്ര ആശയങ്ങളും കോഡിങ് വെല്ലുവിളികളും ഫലപ്രദമായി മനസ്സിലാക്കാനുള്ള എ.ഐയുടെ ശേഷി ഈ മോഡല്‍ വര്‍ധിപ്പിക്കുന്നു. വിദ്യാഭ്യാസത്തിനുള്ള പുത്തന്‍ ടൂളുകള്‍ മുതല്‍ നൂതന ശാസ്ത്ര ഗവേഷണ സഹായം വരെ എ.ഐയുടെ സഹായത്തോടെ ചെയ്യാനാകും എന്നതാണ് നേട്ടം.

മൈക്രോസോഫ്റ്റ് കോപൈലറ്റ് വിഷന്‍

വിവിധ ആപ്ലിക്കേഷനുകളിലുള്ള വിഷ്വല്‍ ടാസ്‌ക്കുകളില്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് രൂപകല്‍പന ചെയ്തിരിക്കുന്ന നൂതന ടൂളാണ് മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് വിഷന്‍. സോഫ്റ്റ്വെയറുകളിലേക്ക് എ.ഐ സംയോജിപ്പിക്കുന്നതിലൂടെ, ഈ ഉപകരണം ഉപയോക്താക്കള്‍ക്ക് ഉല്‍പാദനക്ഷമതയും സര്‍ഗാത്മകതയും വര്‍ധിപ്പിക്കുന്നു. ഉപയോക്താവിന്റെ ആവശ്യം മനസ്സിലാക്കി, സങ്കീര്‍ണമായ ജോലികള്‍ ലളിതമാക്കുന്നതിലൂടെ ഇത് വര്‍ക്ക്ഫ്‌ളോകള്‍ കാര്യക്ഷമമാക്കുന്നു.

Tags:    
News Summary - Rewind 2024: Major developments in technology in the past year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.