ആപ്പിളിനെ പിന്തള്ളി സ്മാർട്ട്ഫോൺ രാജാവായി സാംസങ്; ചൈനീസ് ബ്രാൻഡുകളും തകർക്കുന്നു

അങ്ങനെ ആപ്പിളിനെ മറികടന്ന് ലോകത്തിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡായി മാറിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്. ഐഡിസിയിൽ നിന്നുള്ള സമീപകാല ഡാറ്റ, ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ കാര്യമായ മാറ്റമാണ് വെളിപ്പെടുത്തുന്നത്.

2024 ൻ്റെ ആദ്യ പാദത്തിൽ ആപ്പിളിൻ്റെ കയറ്റുമതിയിൽ 10 ശതമാനം ഇടിവ് സംഭവിച്ചു, പ്രധാനമായും ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ നിന്നുള്ള കടുത്ത മത്സരമാണ് അവരെ ബാധിച്ചത്. ഡിസംബർ പാദത്തിൽ സാംസങ്ങിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 17.3 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.

അതേസമയം, ആഗോള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി വര്‍ഷം തോറും 7.8 ശതമാനം വര്‍ധിച്ച് 2024 ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായി ഐഡിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

സാംസങ്ങിന് തുണയായി എസ് 24 സീരീസ്

ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോൺ ലൈനപ്പായ ഗ്യാലക്‌സി എസ് 24 സീരീസാണ് വിപണിയിൽ സാംസങ്ങിൻ്റെ ഉയർച്ചയ്ക്ക് പ്രധാന കാരണമായി പ്രവർത്തിച്ചത്. 2024-ൻ്റെ തുടക്കത്തിൽ ലോഞ്ച് ചെയ്ത പ്രീമിയം ഫോണുകൾ ഒന്നാം പാദത്തിൽ മാത്രം 60 ദശലക്ഷത്തിലധികം ഫോണുകളാണ് ഷിപ്പ് ചെയ്തത്. ഇത് 20.8 ശതമാനം വിപണി വിഹിതം നേടുന്നതിന് സാംസങിനെ സഹായിച്ചു.

ഗ്യാലക്സി എസ് 24 സ്‌മാർട്ട്‌ഫോണുകളുടെ ആഗോള വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ ഗാലക്‌സി S23 സീരീസിനെ അപേക്ഷിച്ച് 8 ശതമാനം വർധനവ് വിപണിയിലെ ആദ്യ മൂന്ന് ആഴ്ചകളിൽ കൗണ്ടർപോയിൻ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ചൈനീസ് ബ്രാൻഡുകളുടെ ആധിപത്യം

ആഗോള തലത്തിൽ ചൈനീസ് ബ്രാൻഡുകൾ ഇപ്പോൾ കാര്യമായ മുന്നേറ്റമാണ് നടത്തുന്നത്. 2024 ലെ ഒന്നാം പാദത്തിൽ 14.1 ശതമാനം വിപണി വിഹിതവുമായി ഷഓമി (Xiaomi) മൂന്നാം സ്ഥാനം നേടി. ഷവോമിയുടെ കയറ്റുമതി 34 ശതമാനം ഉയർന്നു. 85 ശതമാനം കയറ്റുമതി വർധിച്ച ബജറ്റ് കേന്ദ്രീകരിച്ചുള്ള സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ട്രാൻസ്‌ഷൻ നാലാം സ്ഥാനത്തെത്തി.

അതേസമയം ചൈനയിൽ ആപ്പിൾ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവിടെ മുൻവർഷത്തെ അപേക്ഷിച്ച് 2023 ലെ നാലാം പാദത്തിൽ സ്മാർട്ട്‌ഫോൺ കയറ്റുമതി 2.1 ശതമാനം കുറഞ്ഞു. ചില ചൈനീസ് കമ്പനികളും സർക്കാർ ഏജൻസികളും ജീവനക്കാർ ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് അമേരിക്കൻ ടെക് ഭീമനെ ബാധിച്ചത്.

ആപ്പിൾ 2024-ന്റെ ഒന്നാം പാദത്തിൽ 50.1 ദശലക്ഷം ഐഫോണുകളാണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 55.4 ദശലക്ഷം യൂണിറ്റുകളായിരുന്നു.

Tags:    
News Summary - Samsung surpasses Apple to become leader in global smartphone market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT