ട്വിറ്ററിന് ബദലായി 'കൂ' ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം വാട്സ്ആപ്പിനും ഒരു സ്വദേശി പകരക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. 'സന്ദേശ്' എന്ന് പേരായ ആപ്പ്, രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിച്ചുതുടങ്ങിയതായാണ് റിപ്പോർട്ട്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്സ്ആപ്പിന് ഒരു ബദൽ ഇറക്കുമെന്ന് കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള ആപ്പിെൻറ ഔദ്യോഗിക അവതരണം എന്നായിരിക്കും എന്ന കാര്യത്തിൽ വിശദീകരണമൊന്നും ലഭ്യമല്ല. വാട്സാപ്പും ഫേസ്ബുക്കും പുതിയ സ്വകാര്യതാ നയ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ നിൽക്കെ ആണ് പുതിയ ആപ്പുമായി കേന്ദ്രമെത്തുന്നത് എന്നതും ശ്രദ്ദേയമാണ്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻററാണ് (എൻഐസി) ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. സർക്കാർ ഐടി സേവനങ്ങളും ഡിജിറ്റൽ ഇന്ത്യയുടെ ചില സംരംഭങ്ങളും വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് എൻഐസി ആണ്. സുരക്ഷാ ഭീഷണിയുള്ള വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ നിന്ന് സർക്കാർ ജീവനക്കാരെ സംരക്ഷിച്ച് നിർത്താനാണ് പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കിയതെന്നാണ് സർക്കാർ വിശദീകരണം.
ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ സന്ദേശ് ആപ്പ് ഉപയോഗിക്കാനാകും. മറ്റ് ചാറ്റിങ് അപ്ലിക്കേഷനുകളെ പോലെ വോയിസ് സന്ദേശങ്ങളും ഡാറ്റ സന്ദേശങ്ങളും സന്ദേശിലും ലഭ്യമാണ്. വാട്സ്ആപ്പിലുള്ളത് പോലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷൻ പിന്തുണയും സന്ദേശിലുണ്ട്. ആപ്പിന് വേണ്ട സർവറും ഇന്ത്യക്കുള്ളിൽ തന്നെയായിരിക്കും. അതിലെ വിവരങ്ങൾ സർക്കാരിെൻറ കീഴിലുള്ള ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലായിരിക്കും സൂക്ഷിക്കുക. ഡാറ്റാ സെൻററുകൾ ആക്സസ് ചെയ്യാനും അധികൃതർക്ക് മാത്രമായിരിക്കും സാധിക്കുക. സന്ദേശിെൻറ ആൻഡ്രോയഡ് വകഭേദം ആൻഡ്രോയ്ഡ് കിറ്റ് കാറ്റ് (android 4.4.4 version) മുതലുള്ള ഫോണുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. അതുപോലെ ഐഒഎസ് 11 മുതലുള്ള ഐഫോണുകളിൽ മാത്രമായിരിക്കും സന്ദേശ് ആപ്പ് ഉപയോഗിക്കാനാവുക.
gims.gov.in എന്ന വെബ്സൈറ്റിലാണ് സന്ദേശ് ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. നിലവിൽ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ മെസേജുകൾ അയക്കാനായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ജിംസിെൻറ വെബ്സൈറ്റിൽ ആപ്പ് ഉപയോഗിക്കേണ്ട രീതിയും വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ അംഗീകൃത സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമേ ഇത് ബാധകമാകുകയുള്ളൂ.
നേരത്തെ ജിംസ് എന്ന പേരിൽ കേന്ദ്രം പരിചയപ്പെടുത്തിയ ആപ്പ് ഇപ്പോൾ സന്ദേശ് എന്ന പേരിലാണ് ഉദ്യോഗസ്ഥർ ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നത്. ഗവൺമെൻറ് മെസ്സേജിങ് സിസ്റ്റം അഥവാ ജിംസ് എന്നാണ് ആപ്പിെൻറ കോഡ് നാമം. കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെ ജീവനക്കാർക്ക് ഇനിമുതൽ സന്ദേശ് ഉപയോഗിച്ചുവേണം സ്വന്തം ഡിപ്പാർട്ട്മെൻറിലേക്കും മറ്റ് ഡിപ്പാർട്ട്മെൻറിലേക്കും സന്ദേശങ്ങൾ കൈമാറാൻ. വിദേശി ആപ്പുകളെ ഒൗദ്യോഗിക കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കൊള്ളില്ല എന്ന നിലപാടിൽ തന്നെയാണ് സർക്കാർ. ഇനി എല്ലാ സംസ്ഥാനത്തിലെയും എല്ലാ സർക്കാർ വകുപ്പുകളിലും സന്ദേശ് ആപ്പ് സജീവമാക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.