ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിലിട്ട തന്‍റെ ആദ്യ ട്വീറ്റ് ലേലത്തിന് വെച്ചിരിക്കുകയാണ്. ട്വിറ്ററിന്‍റെ ശൈശവ കാലത്ത് 2006 മാർച്ച് 22ന് ഇട്ട ട്വീറ്റ് ''just setting up my twttr'' (എന്‍റെ ട്വിറ്റർ സജ്ജമാക്കിക്കൊണ്ടിരിക്കുന്നു) എന്ന് മാത്രമായിരുന്നു. ട്വീറ്റുകളുടെ മാർക്കറ്റ് പ്ലെയ്സിന്റെ ലിങ്കടക്കം ജാക്ക് ഡോർസി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ട്വീറ്റ് ചെയ്ത്.
നിമിഷങ്ങൾക്കകം ട്വീറ്റിനായി 88,888.88 ഡോളർ വരെ അദ്ദേഹത്തിന് ഓഫർ ലഭിച്ചു. പഴയ ഓഫറുകൾ ഡിസംബറിലേ ട്വീറ്റ് വിൽപ്പനയ്‌ക്കെത്തിയിരുന്നു എന്ന സൂചന നൽകുന്നുണ്ടെങ്കിലും, വെള്ളിയാഴ്ച ഡോർസിയുടെ ട്വീറ്റിന് ശേഷം മാത്രമാണ് ലിസ്റ്റിങ് കൂടുതൽ ശ്രദ്ധ നേടിയത്. ശനിയാഴ്ച്ചയോടെ ഓഫർ രണ്ട് മില്യൺ ഡോളറായി (14.63 കോടി) ഉയരുകയും ചെയ്തു.
തന്‍റെ ജനപ്രിയ ട്വീറ്റ് 'നോൺ ഫങ്ഗിബിൾ ടോക്കൺ (എൻ.എഫ്.ടി) എന്ന വിഭാഗത്തിൽ ഒരു വെബ് സൈറ്റിലാണ് ജാക്ക് ഡോർസി വിൽക്കാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. വെബിലെ ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് മീഡിയകൾ എന്നിവയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്തുന്നതിന് ഡിജിറ്റൽ ഒപ്പുകളായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫയലുകളാണ് എൻ.എഫ്.ടികൾ. അത്തരത്തിലുള്ള ഒരു കോപ്പി മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് ലേലത്തിൽ പങ്കെടുക്കുന്നവരെ ആകർഷിക്കുന്നത്.
ഡോർസിയുടെ 15 വർഷം പഴക്കമുള്ള ട്വീറ്റ് പ്ലാറ്റ്‌ഫോമിലെ എക്കാലത്തെയും പ്രശസ്തമായ ട്വീറ്റുകളിൽ ഒന്നാണ്, അതിനാൽ തന്നെ ലേലക്കാർക്ക് ഉയർന്ന വില പ്രതീക്ഷിക്കാൻ സാധിക്കും. ശനിയാഴ്ച വിളിക്കപ്പെട്ട ഏറ്റവും ഉയർന്ന ലേലത്തുക രണ്ട് മില്യൺ ഡോളറായിരുന്നു. ക്രിപ്റ്റോ കറൻസിക്ക് തുടക്കമിട്ട് ലോകപ്രശസ്തായ ജസ്റ്റിൻ സൺ എന്നയാളാണ് ഏറ്റവും വലിയ തുക ലേലം വിളിച്ചിരിക്കുന്നത്. നേരത്തെ അദ്ദേഹം വാറൻ ബഫറ്റിന്‍റെ ചാരിറ്റി ഡിന്നർ ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.