അന്ധയായ സ്ത്രീക്കും അവരുടെ വളർത്തുനായക്കും യാത്ര നിഷേധിച്ചതിന് പ്രമുഖ റൈഡ് ഷെയർ ആപ്പായ ഊബറിന് 1.1 ദശലക്ഷം അമേരിക്കൻ ഡോളർ (7.33 കോടി രൂപ) പിഴ. ഊബറിന്‍റെ ഡ്രൈവർമാർ സ്ത്രീയോട് പല ദിവസങ്ങളിലായി 14 തവണയാണ് വിവേചനം കാട്ടിയതെന്ന് കേസിന്‍റെ മധ്യസ്ഥൻ ചൂണ്ടിക്കാട്ടി. ലിസ ഇർവിങ് എന്ന കാലിഫോർണിയ സ്വദേശിനിയാണ് 2016 മുതൽ 2018 വരെ പലതവണയായി ഊബറിൽ തനിക്ക് യാത്ര നിഷേധിച്ചെന്നും ഡ്രൈവർമാർ മോശമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും കാട്ടി പരാതി നൽകിയത്.
തന്നെ അവർ നിന്ദിച്ചെന്നും അപമാനിമെന്നും ലിസ ആരോപിച്ചു. താൻ വിവേചനം നേരിട്ടതായും നാണംകെടുത്തപ്പെട്ടതായും അതിനാൽ, ദേശ്യവും നിരാശയും തോന്നിയതായും ഒരു വീഡിയോ പ്രസ്താവനയിൽ ലിസ തുറന്നടിച്ചു. ഒരു ഡ്രൈവറുടെ പെരുമാറ്റം തന്നെ പേടിപ്പെടുത്തുകയും താൻ സുരക്ഷിതയല്ലെന്ന് തോന്നിപ്പിക്കുകയും ചെയ്തെന്നും അവർ കൂട്ടിച്ചേർത്തു. ലിസ ഇർവിങ്ങിന് 324,000 ഡോളർ നഷ്ടപരിഹാരവും അറ്റോർണി ഫീസും കോടതി ചെലവുകളിലേക്കുമായി 800,000 ഡോളറിൽ കൂടുതലും ലഭിച്ചുവെന്ന് അവരുടെ അഭിഭാഷകർ വെളിപ്പെടുത്തി.
ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനും നിയമലംഘനത്തിനും അമേരിക്കയിലെ വികലാംഗ നിയമത്തിന്‍റെ (എ.ഡി.എ) കീഴിൽ തങ്ങളെ ഉത്തരവാദികളാക്കരുതെന്ന ഊബറിന്‍റെ വാദം മധ്യസ്ഥൻ തള്ളി. ഡ്രൈവർമാരുമായുള്ള കരാർ ബന്ധത്തിന്‍റെ ഫലമായി ഊബർ എ.ഡി.എയ്ക്ക് വിധേയമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, തങ്ങൾക്കെതിരായ വിധിയോട് വിയോജിക്കുന്നുവെന്നും വഴികാട്ടുന്നതടക്കമുള്ള സേവനങ്ങൾ ചെയ്യുന്ന വളർത്തുമൃഗങ്ങളുമായി വരുന്നവർക്ക് യാത്ര നിഷേധിക്കുന്ന ഡ്രൈവർമാരെ തങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ വിലക്കുന്നുണ്ടെന്നും ഊബറിന്‍റെ വക്താവ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.