വാട്സ്ആപ്പിലേക്ക് രണ്ട് കിടിലൻ ഫീച്ചറുകൾ കൂടി എത്തിയിരിക്കുകയാണ്. വാട്സ്ആപ്പ് ഫീച്ചർ ട്രാക്കറായ WABetaInfo ആണ് ഈ പുതിയ സവിശേഷതകൾ കണ്ടെത്തിയത്. ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പിൻ്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പുകളിലാണ് പരീക്ഷണത്തിന്റെ ഭാഗമായി ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്.
ദൈർഘ്യമേറിയ വീഡിയോകൾ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി പങ്കിടുന്നതും യുപിഐ വഴി വേഗത്തിൽ പിയർ-ടു-പിയർ (പി2പി) പേയ്‌മെൻ്റുകൾ നടത്തുന്നതും എളുപ്പമാക്കുന്ന രണ്ട് പുതിയ ഫീച്ചറുകളാണ് വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നത്.
വാട്സ്ആപ്പ് ഉപയോക്താക്കള്‍ ഏറെകാലമായി ആവശ്യപ്പെടുന്ന ഫീച്ചറുകളിലൊന്നാണ് ദൈർഘ്യമേറിയ സ്റ്റാറ്റസ് പങ്കിടാനുള്ള ഓപ്ഷൻ. അത് ഉടൻ തന്നെ അവതരിപ്പിക്കുകയാണ് കമ്പനി. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ സ്റ്റാറ്റസ് അപ്ഡേറ്റായി അപ്ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു. പുതിയ ഫീച്ചർ വരുന്നതോടെ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സ്റ്റാറ്റസ് പങ്കിടാൻ കഴിയും.
പണം അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും നിരവധിയാളുകൾ നിലവിൽ വാട്ട്‌സ്ആപ്പിന്റെ യു.പി.ഐ പെയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യു.പി.ഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോവുകയാണ്. വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട് മാതൃകയിലാണ് ഈ ഫീച്ചര്‍ എത്തുക.
പേമെന്റ് നടത്താനായി പല സ്‌ക്രീനുകള്‍ തുറക്കുന്നതും, ഒന്നിലധികം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതുമായ പ്രശ്‌നങ്ങള്‍ പുതിയ ഫീച്ചറോടെ അവസാനിക്കും. ഒറ്റ സ്‌ക്രീന്‍ തുറന്നാല്‍ തന്നെ എല്ലാ പേമെന്റും അതിലൂടെ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.