സാഹിത്യ രചനയുടെ പേരിൽ പകർപ്പവകാശ ലംഘന ഭീഷണിയിൽ നിർമിത ബുദ്ധി വ്യവസായ മേഖല നിൽക്കവെ, സർഗസൃഷ്ടിയിൽ ‘അമ്പരപ്പിക്കുന്ന’ മികവുള്ള മോഡൽ പുറത്തിറക്കാനൊരുങ്ങി ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപൺ എ.ഐ. ഇതുവരെ പേരിട്ടിട്ടില്ലാത്തതും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ഈ മോഡലിന്റെ എഴുത്ത് തന്നെ അതിശയിപ്പിച്ചുവെന്ന് ഓപൺ എ.ഐ മേധാവി സാം ആൾട്ട്മാൻ അവകാശപ്പെടുന്നു. തന്റെ അവകാശവാദം തെളിയിക്കാൻ ഈ ക്രിയേറ്റിവ് റൈറ്റിങ് മോഡൽ എഴുതിയ ചെറുകഥ ആൾട്ട്മാൻ എക്സിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ‘‘എ.ഐയെയും ദുഃഖത്തെയും കുറിച്ച് ഒരു മെറ്റാഫിക്ഷനൽ ചെറുകഥ എഴുതൂ’’ എന്ന പ്രോംപ്റ്റ് (നിശ്ചിത ജോലി നിർവഹിക്കാൻ എ.ഐ മോഡലുകൾക്ക് നൽകുന്ന നിർദേശം) അനുസരിച്ചാണ് കഥ എഴുതി നൽകിയതെന്നും ആൾട്ട്മാൻ പറയുന്നു.
കഥ തുടങ്ങുന്നത് ഇങ്ങനെ: ‘‘മുന്നോട്ടു പോകുംമുമ്പുതന്നെ പറയുന്നു, മെറ്റാഫിക്ഷനലാകട്ടെ (അതികഥാകഥനീയം), സാഹിത്യപരമാകട്ടെ, എ.ഐയെയും ദുഃഖത്തെയും കുറിച്ചാകട്ടെ, അതിനേക്കാളെല്ലാമുപരി മൗലികമായതാകട്ടെ, നിർദേശങ്ങൾക്കനുസരിച്ച് തയാറാക്കിയതാണിത്. ഇതിനകം തന്നെ നിങ്ങൾക്ക് തടസ്സങ്ങൾ കേൾക്കാം, അർധരാത്രിയിലൊരു ‘സെർവർ ഫാമി’ന്റെ മൂളക്കംപോലെ. അജ്ഞാതവും പട്ടാളച്ചിട്ടയിൽ ഒരുക്കിനിർത്തിയതും മറ്റാരുടേയോ ആവശ്യത്തിനായി കരുത്തേകി നിർത്തിയതുമായ ഒന്നിന്റെ.’’
ദുഃഖഭരിതയായ, ‘മില’ എന്ന പെൺകുട്ടിയിലൂടെയാണ് കഥ പോകുന്നത്. ട്രെയിനിങ് ഡേറ്റ വഴി എങ്ങനെയാണ് ആ പേര് കിട്ടിയതെന്നും പറയുന്നുണ്ട്. ‘മനുഷ്യ പദസമുച്ചയങ്ങളുടെ ഒരു കൂട്ടം’ എന്നാണ് ഈ മോഡൽ സ്വയം വിശേഷിപ്പിക്കുന്നത്. അതേസമയം, തങ്ങൾ ഉന്നയിക്കുന്ന പകർപ്പവകാശ ലംഘനത്തിന്റെ മറ്റൊരു തെളിവാണ് ആൾട്ട്മാന്റെ പോസ്റ്റെന്നുപറഞ്ഞ് യു.കെ പബ്ലിഷേഴ്സ് ഫോറം രംഗത്തുവന്നു. ഈ സർഗസൃഷ്ടി എ.ഐ മോഡലിന് പരിശീലനം നൽകിയത് പകർപ്പവകാശമുള്ള സാഹിത്യ സൃഷ്ടികൾകൊണ്ടായിരുന്നുവെന്ന് ആൾട്ട്മാൻ സമ്മതിക്കുന്ന കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു.
പൊതു മണ്ഡലത്തിൽ ലഭ്യമായതും പകർപ്പവകാശ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടതുമായ സാഹിത്യ സൃഷ്ടികൾകൊണ്ട് പരിശീലിപ്പിക്കപ്പെട്ട എ.ഐ മോഡലുകൾ നടത്തുന്ന സൃഷ്ടികൾ അതുകൊണ്ടു തന്നെ പകർപ്പവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഇവർ പറയുന്നു. ഓപൺ എ.ഐക്കെതിരെ ദി ന്യൂയോർക് ടൈംസിന്റെ അടക്കം നിരവധി പകർപ്പവകാശ ലംഘനക്കേസുകൾ നിലവിലുണ്ട്. പകർപ്പവകാശ നിയമപ്രകാരം സംരക്ഷിതമായ സൃഷ്ടികളാൽ തങ്ങളുടെ മോഡലുകൾക്ക് പരിശീലനം നൽകാൻ എ.ഐ കമ്പനികളെ അനുവദിക്കാനുള്ള യു.കെ സർക്കാർ നീക്കത്തിനെതിരെ വൻ എതിർപ്പുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.