കൈയ്യിലിരുന്ന് ഐഫോൺ 6 പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടക്കും പരിക്കേറ്റ യുവാവ് ആപ്പിളിനെതിരെ ഭീമൻ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി. ടെക്സസ് സ്റ്റേറ്റിലെ ഹോപ്കിൻസ് കൗണ്ടിയിലെ റോബർട്ട് ഫ്രാങ്ക്ലിൻ എന്നയാളാണ് 50 ലക്ഷം ഡോളറിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിനെതിരെ കഴിഞ്ഞ ദിവസം കേസ് ഫയൽ ചെയ്തിരിക്കുന്നത്. 2018ൽ ഫ്രാങ്ക്ലിൻ വാങ്ങിയ ആപ്പിളിെൻറ ഐഫോൺ 6 എന്ന മോഡൽ 2019ലായിരുന്നു പൊട്ടിത്തെറിച്ചത്.
2019 ആഗസ്ത് 15നായിരുന്നു സംഭവം. ഫോണിൽ പാട്ട് കേട്ടുകൊണ്ടിരിക്കവേ, ഇടക്കിടെ പാട്ട് നിലയ്ക്കാൻ തുടങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനായി ഫോൺ കൈയ്യിലെടുത്തതായിരുന്നു. എന്നാൽ, കൈയ്യിലിരുന്നുകൊണ്ട് തന്നെ ഫോൺ ഫ്രാങ്ക്ലിെൻറ മുഖം ലക്ഷ്യമാക്കി പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയിൽ കണ്ണുകൾക്ക് പരിക്കേറ്റിരുന്നു. കൂടാതെ അതിെൻറ ആഘാതത്തിൽ തറയിലേക്ക് വീണ് വലത് കൈത്തണ്ടയ്ക്കും പരിക്കേറ്റതായി ഫ്രാങ്ക്ലിൻ പരാതിയിൽ പറയുന്നു.
ഫോൺ പൊട്ടിത്തെറിക്കാൻ കാരണം ബാറ്ററി തകരാറാണെന്നും അദ്ദേഹം ആരോപിച്ചു. ഐഫോൺ 6 മോഡലിൽ ബാറ്ററി പ്രശ്നങ്ങളുണ്ടെന്നും ഫോൺ അതിനാൽ അമിതമായി ചൂടാകുന്ന സാഹചര്യമുണ്ടെന്നും ഫ്രാങ്ക്ലിൻ പറഞ്ഞു. 6 എന്ന മോഡൽ വിശ്വസിച്ച് ഉപയോഗിക്കാൻ കഴിയില്ലെന്നും പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊട്ടിത്തെറിക്കുേമ്പാഴുള്ള ഫോണിെൻറ അവസ്ഥയെ കുറിച്ച് പരാതിയിൽ പരാമർശിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.