കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ യു.ജി.സി-ബി.എസ്.ആർ ഫാക്കൽറ്റി പ്രഫ. എം.ആർ. അനന്തരാമനും ഫിസിക്സ് വകുപ്പിലെ ഗവേഷകൻ അരവിന്ദ് പുത്തിരത്ത് ബാലനും ഉൾപ്പെടുന്ന സംഘത്തിെൻറ ‘ഹേമറ്റീൻ’ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നു. ഗ്രീൻ ഫ്യുവൽ ഗവേഷണ മേഖലയിൽ സുപ്രധാന മുന്നേറ്റം നടത്തുന്നതിന് ഉതകുന്നതാണ് ‘ഹേമറ്റീൻ’. ഇരുമ്പയിരായ ഹേമറ്റൈറ്റിൽനിന്ന് വേർതിരിച്ചെടുത്ത മൂന്ന് കണിക ഘനവും ദ്വിമാന തല വിന്യാസവുമുള്ള പുതിയ പദാർഥത്തെ ‘ഹേമറ്റീൻ’ എന്ന് നാമകരണം ചെയ്യുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള വിശദമായ ലേഖനം അന്താരാഷ്ട്ര സയൻസ് ജേണലായ ‘നേച്ചർ നാനോ ടെക്നോളജിയുടെ’ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാധാരണയിൽനിന്ന് വ്യത്യസ്തമായി വാൻ-ഡെർ-വാൾസിലൂടെ അല്ലാതെ വേർതിരിച്ചെടുത്ത ഹേമറ്റീനിെൻറ പ്രത്യേക ഫോട്ടോക്യാറ്റലിറ്റിക് സ്വഭാവംമൂലം സൂര്യപ്രകാശത്തെ രാസോർജമാക്കി മാറ്റാൻ കഴിയും. ഇതിലൂടെ ലഭിക്കുന്ന രാസോർജം ഉപയോഗിച്ച് ജലത്തെ വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ ലഭിക്കുന്ന ഹൈഡ്രജൻ, ഗ്രീൻ ഫ്യുവൽ രംഗത്ത് വമ്പിച്ച നേട്ടത്തിന് വഴിയൊരുക്കുമെന്ന് ഡോ. അനന്തരാമൻ പറഞ്ഞു. ഹൈഡ്രജൻ ഇന്ധനത്തിെൻറ ഈ രീതിയിലുള്ള ഉൽപാദനം കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണ്. ഇതിെൻറ സെമി കണ്ടക്ടർ സ്വഭാവത്തെ കുറിച്ചുള്ള പഠനം കമ്പ്യൂട്ടർ മേഖലയിലെ ഡേറ്റാ സ്റ്റോറേജുകളുടെ ഉപകരണമായ മെമ്മറി ചിപ്പുകൾക്ക് പകരം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ശാസ്ത്ര പ്രബന്ധത്തിെൻറ മുഖ്യ ലേഖകൻ, കുസാറ്റ് ഫിസിക്സ് വകുപ്പിലെ ഗവേഷകൻ അരവിന്ദ് പാലക്കാട് മണ്ണാർക്കാട് കാരക്കുറിശ്ശി ഗ്രാമത്തിലെ പുത്തിരത്ത് വീട്ടിൽ ബാലൻ-സരസു ദമ്പതികളുടെ മകനാണ്. യു.എസ് റൈസ്, ഹൂസ്റ്റൻ, ബ്രസീലിലെ സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് കാമ്പിനാസ്, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളിഡ് സ്റ്റേറ്റ് റിസർച് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവർ നേട്ടം കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.