ശംഖുംമുഖം: ഇന്ത്യയില്‍നിന്ന് വിക്ഷേപിക്കപ്പെടുന്ന ആദ്യ റോക്കറ്റ് തുമ്പയില്‍ നിന്ന് പറന്നുയര്‍ന്നിട്ട് ഇന്ന് 58 വര്‍ഷം. അമേരിക്കന്‍ നിര്‍മിത സൗണ്ടിങ് റോക്കറ്റ് നീക്ക് അപ്പാഷെ ആണ് 1963 നവംബര്‍ 21ന് തുമ്പയിലെ പള്ളിമുറ്റത്തുനിന്ന് പറന്നുയര്‍ന്നത്. റോക്കറ്റ് നാസയുടേതും പരീക്ഷണദൗത്യം ഫ്രാന്സിേൻറതുമായിരുന്നു. സൈക്കിളിലും തലച്ചുമടായും റോക്കറ്റിെൻറ ഭാഗങ്ങള്‍ എത്തിച്ച് കൂട്ടിയിണക്കി പള്ളിത്തുറ സെൻറ് മേരി മഗ്ദലിന്‍ പള്ളിയുടെ തുറസായ പരിസരത്തെ തെങ്ങുകളില്‍ ഘടിപ്പിച്ചായിരുന്നു റോക്കറ്റുകളുടെ ക്ഷമത പരിശോധിച്ചിരുന്നത്. പരിമിതമായ സാഹചര്യങ്ങളിലായിരുന്നുവെങ്കിലും വിക്ഷേപണം വിജയം കണ്ടു. പിന്നീടുണ്ടായ വളര്‍ച്ച ചരിത്രമാണ്.
രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിക്ക് ഊന്നല്‍ നല്കി സ്ഥിരതയോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗം ഇന്ന് വളര്‍ന്ന് പന്തലിച്ച് നില്ക്കുമ്പോൾ ഇന്ത്യന്‍ വിക്ഷേപണ ചരിത്രത്തിലുള്ള അപ്പാെഷയുടെ പ്രാധാന്യം ചെറുതല്ല. അപ്പാെഷയുടെ വിജയത്തിന് പിന്നാലെ നാലുവര്‍ഷം കൂടി പിന്നിട്ടതോടെ ഇന്ത്യന്‍ നിര്‍മിത റോക്കറ്റ് തുമ്പയില്‍നിന്ന് പറന്നു. ഒരു മീറ്റര്‍ നീളവും ഏഴുകിലോയില്‍ താഴെ ഭാരവുമുള്ള രോഹിണി-75, 1967 നവംബര്‍ 20 തുമ്പയില്‍ നിന്ന് വിക്ഷേപിച്ചു. 1962 ലാണ് തുമ്പ എന്ന മത്സ്യഗ്രാമത്തില്‍ തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് (ടെര്ല്സ്) സ്ഥാപിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച് (ഇന്‍കോസ്പാര്‍) തീരുമാനിച്ചത്.
ഭൂമിയുടെ കാന്തികരേഖയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നെന്ന കാരണത്താല്‍ ഈ പ്രദേശം അനുയോജ്യമാണെന്ന് അഹ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഡോ. ചിറ്റ്നിസ് കണ്ടെത്തി. സ്ഥലം ഏറ്റെടുക്കാന്‍ കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പെടെ ഏറെ കടമ്പകളുണ്ടായിരുന്നു.
എങ്കിലും നാടിെൻറ വികസനം സ്വപ്നം കണ്ട ഒരു ഗ്രാമം പൂര്‍ണ മനസ്സോടെ സ്ഥലം വിട്ട്നല്‍കി ചരിത്രത്തില്‍ ഇടംപിടിക്കുകയായിരുന്നു. അന്നത്തെ ജില്ല കലക്ടര്‍ കെ. മാധവന് നായര്‍ സ്ഥലം ഏറ്റെടുക്കുന്ന ചുമതല വേഗത്തില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കേന്ദ്രപൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ആര്.ഡി. ജോണ്‍ പ്രദേശത്തിെൻറ മുഖച്ഛായ തന്നെ മാറ്റിയെടുത്തു. ബഹിരാകാശ ഗവേഷണത്തിനും വിക്ഷേപണത്തിനുമായി സ്ഥലം വിട്ടുകൊടുത്തവര്‍ അധികൃതര്‍ക്ക് മുന്നില്‍ ഒരാവശ്യം മുന്നോട്ടുെവച്ചു.
വിട്ടുനല്‍കിയ സ്ഥലത്തെ സെൻറ് മേരി മഗ്ദലന്‍ പള്ളിയുടെ അൾത്താര പൊളിക്കരുതെന്ന് ആയിരുന്നു ആ ആവശ്യം. സ്ഥലം ഏറ്റെടുത്ത അധികൃതര്‍ പള്ളി അങ്ങനെ തന്നെ നിലനിര്‍ത്തി. ഏറെക്കാലം തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷെൻറ ഓഫിസായിരുന്നു ഈ പള്ളി.
ഇപ്പോള്‍ സ്പേസ് മ്യൂസിയമാണ്. പിന്നീടുണ്ടായ വളര്‍ച്ച ചരിത്രമാണ്. 58 വര്‍ഷം നീളുന്ന പ്രൗഢമായ ചരിത്രം രൂപപ്പെടുത്തിയത് ശൈശവാവസ്ഥയില്‍ തന്നെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിെൻറ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് നിര്‍വചിച്ച രണ്ടു മഹാരഥന്മാരാണ്. തുമ്പയിലെ വിക്ഷേപണ കേന്ദ്രത്തിെൻറ സ്ഥാപകന്‍ വിക്രം സാരാഭായിയും പദ്ധതിയുടെ പ്രധാന ഉപദേഷ്ടാവ് ഹോമി ജെ. ഭാഭയുമാണ് റോക്കറ്റ് സയന്‍സിനും ബഹിരാകാശ ഗവേഷണത്തിനും അടിത്തറ പാകിയത്.
കാലാവസ്ഥ നിരീക്ഷണം, ഭൗമ നിരീക്ഷണം, ആശയവിനിമയം എന്നീ മേഖലകളിലായിരിക്കണം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗം ഊന്നല്‍ നല്‍കേണ്ടതെന്ന് നിര്‍ദേശിച്ചത് ഹോമി ജെ. ഭാഭയായിരുന്നു. സാധാരണക്കാരന് ഏറെ ഉപകാരപ്പെടുന്ന തരത്തില്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണം ക്രമീകരിക്കപ്പെട്ടത് ഈ നിര്ദേശെത്തത്തുടര്ന്നായിരുന്നു.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന സൗണ്ടിങ് റോക്കറ്റുകളുടെ നിര്‍മാണത്തിലും വിക്ഷേപണത്തിലും പരിശീലനം നേടാന്‍ 1962 ല്‍ തന്നെ ഏഴ് ഗവേഷകര്‍ അടങ്ങുന്ന സംഘത്തെ ഇന്ത്യ അമേരിക്കയിലേക്ക് അയച്ചിരുന്നു. പില്ക്കാലത്ത് ഇന്ത്യന്‍ മിസൈലുകളുടെ പിതാവ് എന്നറിയപ്പെട്ട മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമും റഡാര്‍ നിര്‍മാണ രംഗത്ത് അതുല്യസംഭാവനകള്‍ നല്കിയ ആര്. അറവമുദനുമുള്പ്പെടെയുള്ള ഈ സംഘമാണ് ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതത്തിന് സ്വയംപര്യാപ്തത നേടിത്തന്നത്.
ആദ്യകാലത്ത് തുമ്പയില്‍നിന്ന് വിക്ഷേപിക്കപ്പെട്ട റോക്കറ്റുകളിലധികവും വാനനിരീക്ഷണത്തിനും കാലാവസ്ഥവ്യതിയാനം അളക്കുന്നതിനും വേണ്ടിയുള്ളവയായിരുന്നു. 1969 ആഗസ്റ്റില്‍ വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.