തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിനു ശേഷമെത്തിയ ചാന്ദ്രപ്രതിഭാസം മണ്ണിലും വിണ്ണിലും വിസ്മയം തീർത്തു. ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ മൂന്നു ചാന്ദ്ര പ്രതിഭാസങ്ങളുടെ അത്യപൂർവ സംഗമത്തിന് സാക്ഷിയാവാൻ ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. ബുധനാഴ്ച വൈകീട്ട് 6.21 മുതൽ 7.37 വരെയാണ് സംസ്ഥാനത്ത് ബ്ലഡ് മൂൺ ദൃശ്യമായി. ആകാശം മേഘാവൃതമാവാത്തതിനാൽ കാഴ്ചക്ക് തടസ്സമുണ്ടായില്ല. പതിവ് ചന്ദ്രഗ്രഹണമല്ലാത്തതിനാൽ അത്ഭുത പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാൻ സാധിച്ചു. ആകാശത്തെ മഹാവിസ്മയങ്ങൾ സംഗമിക്കുന്ന അത്യപൂർവമായ കാഴ്ചയാണിത്. 1866 മാർച്ച് 31നാണ് ഇതുപോലുള്ള അപൂർവ സംഗമത്തിന് ലോകം ഒടുവിൽ സാക്ഷ്യം വഹിച്ചത്.
വൈകീട്ട് 4.21ന് തുടങ്ങിയ ഗ്രഹണം അമേരിക്ക, ഹവായ്, മധ്യ ഏഷ്യൻ രാജ്യങ്ങൾ, റഷ്യ, ഇന്ത്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ദൃശ്യമായി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അപൂർവ ചന്ദ്രഗ്രഹണം തൽസമയം ഇൻറർനെറ്റിൽ ലഭ്യമാക്കി. വിവിധ മാധ്യമങ്ങളും ഒാൺലൈനായി അത്ഭുത കാഴ്ച പ്രേക്ഷകർക്ക് നൽകി. 4.21 മുതൽ ഭൂമിയുടെ നിഴലിലേക്ക് നീങ്ങിയ ചന്ദ്രൻ ഇന്ത്യൻസമയം വൈകീട്ട് 6.15ന് പൂർണമായും മറഞ്ഞു. പിന്നീട് 6.21 മുതൽ ചെറിയ രേഖയായി പുറത്തേക്ക് വന്നു. 7.30 ഒാടെ പൂർണമായും നിഴലിന് പുറത്തെത്തി.
ഭൂമിയുടെ ഏറെ അടുത്തുള്ള ഭ്രമണപഥത്തിൽ വന്നതിനാൽ ചന്ദ്രൻ പതിവിലും 14 ശതമാനം കൂടുതൽ തിളക്കത്തോടെയാണ് ദൃശ്യമായത്. തിരുവനന്തപുരം പി.എം.ജിയിലെ പ്രിയദർശിനി പ്ലാനറ്റേറിയം, വെള്ളയമ്പലം ഒബ്സർവേറ്ററി ഹില്ലിലെ വാനനിരീക്ഷണ കേന്ദ്രം എന്നിവിടങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾെപ്പടെ നൂറുകണക്കിനു പേർ ശാസ്ത്രലോകത്തെ അത്ഭുത കാഴ്ച കാണാനെത്തി. വീടുകളുടെ ടെറസിലും ഉയർന്ന കെട്ടിടങ്ങളിലുമെല്ലാം വിസ്മയക്കാഴ്ച കാണാൻ ആളുകൾ തടിച്ചുകൂടി. പള്ളികളിൽ പ്രത്യേക ഗ്രഹണ നമസ്കാരവും നടന്നു. ഇന്ത്യയിൽ ഇൗ വർഷം തന്നെ ജൂലൈ 27ന് ചന്ദ്രഗ്രഹണം നടക്കും.
ബ്ലൂ മൂൺ: ഒരു കലണ്ടർ മാസം തന്നെ രണ്ടാംതവണ പൂർണചന്ദ്രൻ ദൃശ്യമാകുന്നതിനെയാണ് ബ്ലൂമൂൺ എന്നുപറയുന്നത്. അപൂർവമായി സംഭവിക്കുന്നതാണ് ഇൗ അധികപൗർണമി. സാധാരണ ഒരു മാസത്തിൽ ഒരു വെളുത്തവാവാണ് ഉണ്ടാകാറ്.
സൂപ്പർ മൂൺ: സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാൽ നിലാവിന് ശോഭയേറും. ജനുവരി രണ്ടിന് ‘സൂപ്പർമൂൺ’ ദൃശ്യമായിരുന്നു.
ബ്ലഡ് മൂൺ: ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്തെത്തുേമ്പാൾ ചന്ദ്രന് ചുവന്ന നിറമാകുന്നതാണ് ബ്ലഡ് മൂൺ. ഭൂമിയുടെ അന്തരീക്ഷത്തിലെ ധൂമപടലങ്ങളിലൂടെ എത്തുന്ന സൂര്യരശ്മി ഗ്രഹണ സമയത്ത് ദിശമാറി ചന്ദ്രനിൽ പതിക്കുന്നതാണ് ചുവന്നനിറത്തിന് കാരണം.
ചന്ദ്രഗ്രഹണം: സൂര്യനും ചന്ദ്രനുമിടക്ക് ഭൂമി എത്തുേമ്പാൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.