ന്യൂഡല്‍ഹി: വാട്ട്സ്ആപ്പ് മെസ്സഞ്ചറിന് വെല്ലുവിളിയാകുമെന്ന അവകാശവാദവുമായി കിംഭോ മെസ്സേജിങ് ആപ്പ് പുറത്തിറക്കി പതഞ്ജലി ഗ്രൂപ്പ് വെട്ടിലായി. ഉപഭോക്താക്കളുടെ വിവരങ്ങൾ ആപ്പിലൂടെ ചോരുന്നെന്ന വ്യാപക പരാതിയെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്നും െഎ.ഒ.എസ് സ്റ്റോറിൽ നിന്നും കിംഭോ ആപ്പ് പിൻവലിച്ചു. ഇത് ഒരു ട്രയൽ മാത്രമാണെന്നും ഔദ്യോഗികമായി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നുമാണ് കിംഭോയുടെ വിശദീകരണം.
പ്രശസ്ത ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകൻ എലിയട്ട് ഓൾഡേർസൺ ട്വിറ്ററിലൂടെ ആപ്ലിക്കേഷനെ വിമർശിച്ചിരുന്നു. ദുരന്തമെന്നും തമാശയെന്നുമാണ് ആപ്പിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഉപഭോക്താവിൻെറ വിവരങ്ങൾ എളുപ്പത്തിൽ ചോർത്താം. എല്ലാ ഉപയോക്താക്കളുടെയും ഫോണിലെ സന്ദേശങ്ങൾ തനിക്ക് കാണാനായെന്നും അദ്ദേഹം എഴുതി. തുടർന്ന് വൻവിമർശമാണ് ആപ്പിന് നേരിടേണ്ടി വന്നത്.
പരീക്ഷണ ഘട്ടത്തിൽ പോലും കിംഭോയെ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് പതഞ്ജലി വക്താവ് എസ്.കെ. തിജാർവാല ട്വീറ്റ് ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഒരു ദിവസം ട്രയലിനായി ആപ്പ് നൽകിയിരുന്നു. വെറും മൂന്ന് മണിക്കൂറിൽ 1.5 ലക്ഷം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തു. ഈ പ്രതികരണത്തിന് നന്ദി. ആപ്പിൻെറ സാങ്കേതിക പ്രവർത്തനങ്ങൾ നടക്കുന്നു, ആപ്പ് ഉടൻ പ്രവർത്തനം ആരംഭിക്കും- അദ്ദേഹം കുറിച്ചു.
കിംബോ വാട്സ് ആപ്പിന് വെല്ലുവിളിയാകുമെന്നാണ് പതഞ്ജലി ഗ്രൂപ്പിൻെറ അവകാശവാദം. സ്വകാര്യ ചാറ്റിങ്, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്സ്-വിഡിയോ കോൾ, ടെക്‌സ്‌റ്റ്-ശബ്‌ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ പങ്കുവെക്കാൻ സാധിക്കുന്നതായിരിക്കും കിംഭോ ആപ്പ്.
സ്വദേശി സമൃതി എന്ന പേരില്‍ പുറത്തിറക്കുന്ന സിം കാര്‍ഡിന് പിന്നാലെയാണ് കിംഭോയുമായുള്ള രാംദേവിെൻറ വരവ്. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാണ് പതഞ്ജലി സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. പതഞ്ജലി സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുേമ്പാൾ 10 ശതമാനം ഇളവ് ലഭ്യമാക്കുന്നുണ്ട്.
144 രൂപയ്‌ക്ക് റിചാര്‍ജ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാനും സാധിക്കും. കൂടാതെ 2 ജി.ബി ഡാറ്റാ പായ്.ക്കും 100 എസ്.എം.എസുകളും ഈ ഓഫറിനൊപ്പം ലഭിക്കും. ഇതു കൂടാതെ സിം ഉപഭോക്താക്കള്‍ക്ക് 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്നും പതഞ്ജലി അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.