ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത പഠനം നടത്താതെ തന്നെ പദ്ധതികള്‍ തുടങ്ങാനും ജനങ്ങളെ വാസ സ്ഥലങ്ങളില്‍ നിന്ന് പുറന്തള്ളാനും അനുമതി നല്കുന്ന ''പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപന''ത്തിന്മേല് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കേ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തമായി. വിവിധ സംസ്ഥാനങ്ങള്‍ തുടര്‍ന്നു വരുന്ന നിലവിലുള്ള ചട്ടങ്ങള്‍ക്കും അന്തര്‍ദേശീയ നിയമങ്ങള്‍ക്കും വിരുദ്ധമായ കരട് വിജ്ഞാപനം കോര്‍പറേറ്റ് - വ്യവസായ താല്പര്യങ്ങള്ക്കായി പാര്‍ലമെൻററി സമിതിയെയും മറികടന്ന് പുറത്തിറക്കിയതാണ് പ്രതിഷേധം രൂക്ഷമാക്കിയത്. വിവാദ വിജ്ഞാപനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം അന്തിമമല്ലെന്ന വിശദീകരണവുമായാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും വെള്ളം ചേര്‍ത്താണ് ''പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം 2020'' എന്ന പേരില്‍ മാര്‍ച്ചില്‍ പുതിയ കരട്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടത്. ഡല്‍ഹി ഹൈകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആഗസ്റ്റ് 11 വരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ അവസരം ലഭിച്ചത്. 2006ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനത്തെ മറികടന്ന് വ്യവസായ വികസന സംരംഭങ്ങള്‍ക്കുള്ള അനുമതി എളുപ്പത്തിലാക്കാനായിരുന്നു ഇത്. അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഇതിലെ പല വ്യവസ്ഥകളും. പൊതുജനാഭിപ്രായ രൂപവത്കരണത്തിന് അനിവാര്യമായ കൂടിയാലോചനയിൽ പൊതുജന പങ്കാളിത്തം പരമാവധി ഒഴിവാക്കുന്നതിന് നിലവിലുള്ള 30 ദിവസത്തെ കൂടിയാലോചന 20 ദിവസമാക്കി ചുരുക്കി.
പദ്ധതികള്‍ ബാധിക്കുന്ന പരമാവധി ജനങ്ങള്‍ വിവരമറിയാതെ സ്വന്തം ഭൂമികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന സാഹചര്യമാണ് ഇതുവഴിയുണ്ടാകുക. പുതിയ പാര്‍ലമെൻറ് നിര്‍മാണം പോലുള്ള ബി 2 കാറ്റഗറിയില്‍ വരുന്ന വന്‍കിട പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനത്തിനായി പൊതുജനാഭിപ്രായം തേടേണ്ടതില്ല.
പരിസ്ഥിതി ആഘാത പഠനം നടത്താതെ തന്നെ പല പദ്ധതികളും തുടങ്ങാമെന്നും അവക്ക് പിന്നീട് അനുമതി നേടിയെടുത്താല്‍ മതിയെന്നുമുള്ളതാണ് ഏറ്റവും പ്രതിഷേധത്തിനിടയാക്കിയ വെള്ളം ചേര്‍ക്കല്‍. ഇന്ത്യയില്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് ഫണ്ട് ചെയ്യുന്ന ലോകബാങ്ക് പരിസ്ഥിതി ആഘാത പഠനം വേണമെന്ന നിബന്ധന വെച്ചത് മറികടന്നാണിത് ചെയ്തത്.
തന്ത്രപ്രധാനമെന്ന ഗണത്തില്‍പെടുത്തി പല പദ്ധതികള്‍ക്കും പാരിസ്ഥിതി ആഘാത പഠനം വേണ്ടെന്ന നിലപാട് സ്വീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ കൃഷിഭൂമികള്‍ അടക്കം തന്നിഷ്ട പ്രകാരം ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കാവുന്ന അവസരമാണ് സര്‍ക്കാറുകള്‍ക്ക് ലഭിക്കുന്നത്്. ദേശീയപാതകളും ഉള്‍നാടന്‍ ജലഗതാഗതവും ഇങ്ങനെ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.