ചൈന സൈബർ പോർമുഖം തുറക്കുന്നോ‍?; പ്രതിരോധത്തിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യയും ചൈനയും പോർമുഖം തുറന്ന് നേർക്കുനേർ നിൽക്കുമ്പോൾ സൈബർ ലോകവും യുദ്ധമുനമ്പിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ധർ. അതിർത്തിയിൽ സംഘർഷാവസ്ഥ തുടങ്ങിയത് മുതൽ ഇന്ത്യൻ വെബ്സൈറ്റുകൾക്ക് നേരെ ഹാക്കർമാർ ആക്രമണ ശ്രമം തുടങ്ങിയതായാണ് വിലയിരുത്തൽ. 

ചൈന, ഉത്തര കൊറിയ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ഹാക്കർമാരാണ് ഹാക്കിങ് ശ്രമം തുടരുന്നത്. ഇവർ ഒരൊറ്റ സഖ്യമായി സൈബർ ആക്രമണം നടത്തുകയാണോയെന്ന് സംശയിക്കുകയാണ്. 

വിവിധ രാജ്യങ്ങളിൽനിന്നുള്ളവയാണെങ്കിലും ഒറ്റ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

ചൈനയിലെ അറിയപ്പെടുന്ന പല ഹാക്കർമാരും സർക്കാറിന്‍റെ മുന്നണിയിലുള്ളവരാണെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിലെ വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നു. ചൈന, പാകിസ്താൻ, ഉത്തര കൊറിയ എന്നിവർ ഈ മേഖലയിൽ ഒരു സഖ്യമാണ്. പാകിസ്താനിലും ഉത്തര കൊറിയയിലും ഭരണകൂടത്തിന് തന്നെ ഹാക്കർമാരുണ്ടെന്നും ഇദ്ദേഹം പറയുന്നു. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ആക്രമണങ്ങളെയാണ് ഇന്ത്യൻ സൈബർ വിദഗ്ധർ പരാജയപ്പെടുത്തിയത്. ബാങ്കിങ് മേഖലയിൽ ഉൾപ്പെടെ 40,000ത്തോളം ആക്രമണ ശ്രമങ്ങളാണ് ചൈന നടത്തിയത്. വെബ്സൈറ്റുകളിൽ അനധികൃതമായി പ്രവേശിക്കാനുള്ള ശ്രമം, വിവരങ്ങൾ ചോർത്താനുള്ള ശ്രമം, വെബ്സൈറ്റ് തകർക്കൽ, സേവനങ്ങൾ ലഭ്യമാകുന്നത് തടയൽ, സംവിധാനങ്ങൾ ദുരുപയോഗം ചെയ്യൽ തുടങ്ങിയ ശ്രമങ്ങളാണ് ഹാക്കർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 

അന്താരാഷ്ട്ര തലത്തിലും ഇത്തരത്തിൽ കൂട്ടത്തോടെയുള്ള സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കോവിഡ് 19 ലോകത്താകെ പടർന്നതിന് പിന്നാലെ മാർച്ചിൽ ചൈനീസ് ഹാക്കർമാർ ലോകത്താകെയുള്ള 75 പ്രധാന സ്ഥാപനങ്ങളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. വൻതോതിലുള്ള ചാരപ്രവർത്തനത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്. 

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വെബ്സൈറ്റുകളും ആശയവിനിമയ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍റർ കഴിഞ്ഞയാഴ്ച ഹാക്കിങ് ശ്രമങ്ങളെ പരാജയപ്പെടുത്തിയിരുന്നു. വെബ്സൈറ്റുകളുടെ സുരക്ഷാ സംവിധാനങ്ങളെ തകർത്ത ഹാക്കർമാർ സെക്യൂരിറ്റി പ്രോട്ടോകോൾ ഏറ്റെടുക്കുക വരെ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, സർക്കാർ ഇക്കാര്യം നിഷേധിച്ചിരുന്നു. 

ചൈനീസ് ഹാക്കര്‍ സമൂഹങ്ങള്‍ ഇന്ത്യയുടെ മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്കെതിരെ നീക്കങ്ങള്‍ നടത്തിയേക്കാമെന്ന് സൈബര്‍ ഇന്‍റലിജന്‍സ് കമ്പനിയായ സൈഫേര്‍മ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. 

കോവിഡിനെതിരായ യുദ്ധത്തിൽ ഇന്ത്യ പ്രയോഗിക്കുന്ന വസ്തുക്കളെയും അവയുടെ അസംസ്കൃത വസ്തുക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ ചൈനീസ് ഹാക്കർമാർ ശ്രമിച്ചിരുന്നു. ചൈനയുടെ വ്യാപാര താൽപര്യങ്ങൾ ഇതിൽ വ്യക്തമാകുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ഇന്ത്യക്ക് എന്താണ് വേണ്ടതെന്നും എന്താണ് സംഭരിക്കാൻ ശ്രമിക്കുന്നതെന്നും മനസിലാക്കിയാൽ ചൈനീസ് കമ്പനികൾക്ക് അവ വിപണിയിലേക്ക് അണിനിരത്താൻ കഴിയുമെന്ന് ഇദ്ദേഹം പറ‍യുന്നു. 

ചൈനീസ് താൽപ്പര്യങ്ങളെ ബാധിക്കുന്ന ഉൽപ്പാദനം, ഇറക്കുമതി, മറ്റ് നയങ്ങൾ എന്നിവയിലെ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ചൈനീസ് സർക്കാർ ഹാക്കർമാർ വഴി ശ്രമിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ ഇത്തരം ശ്രമങ്ങളിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. അയൽരാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങളുടെ വരവ് തടയുന്ന പുതിയ എഫ്.ഡി.ഐ നയങ്ങൾ ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ മുതലാണിത്. 

കോവിഡ് സാഹചര്യത്തിൽ ആത്മനിർഭർ ഭാരത് പാക്കേജ് പ്രഖ്യാപിച്ചതോടെയും ഗ്രാമങ്ങളിൽ ജോലി ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെയും ഇതിന്‍റെ പദ്ധതി വിശദാംശങ്ങളും നയങ്ങളും അറിയാൻ ചൈന ശ്രമം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി), നാഷനൽ ഇൻഫർമാറ്റിക്സ് സെന്‍റർ (എൻ.ഐ.സി) എന്നിവ ചൈനീസ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകളിലാണ്. സൈബർ സെക്യൂരിറ്റി പ്രോട്ടോക്കോളുകളും ഫയർവാളുകളും ശക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.