ആന്റോണിയോ ഗുട്ടെറസ്


അസഹനീയ ചൂടിൽനിന്ന് ലോകത്തെ രക്ഷിക്കാൻ ഫോസിൽ ഇന്ധന പരസ്യങ്ങൾ നിരോധിക്കണം -അന്റോണിയോ ഗുട്ടെറസ്


ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനത്തിൽനിന്ന് ലോകത്തെ രക്ഷിക്കാൻ ആഗോള ഫോസിൽ ഇന്ധന വ്യവസായ ഭീമൻമാരെ പരസ്യങ്ങളിൽനിന്ന് നിരോധിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ തലവൻ അന്റോണിയോ ഗുട്ടെറസ്. കൽക്കരി, എണ്ണ, വാതക കോർപ്പറേറ്റുകളെ ‘കാലാവസ്ഥാ പ്രതിസന്ധിയുടെ ഗോഡ്ഫാദർമാർ’ എന്ന് വിശേഷിപ്പിച്ച ഗുട്ടെറസ് സത്യത്തെ വളച്ചൊടിച്ച് ദശാബ്ദങ്ങളായി അവർ പൊതുജനങ്ങളെ വഞ്ചിച്ചു​കൊണ്ടിരിക്കുകയാണെന്നും തുറന്നടിച്ചു.

ആഗോളതാപനത്തിന്റെ ഭൂരിഭാഗത്തിനും ഉത്തരവാദികളായ വ്യവസായങ്ങളെ കടുത്തതോതിൽ അപലപിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. ആരോഗ്യത്തിന് ഭീഷണിയായതിനാൽ പുകയില പരസ്യങ്ങൾ നിരോധിച്ചതുപോലെ ഫോസിൽ ഇന്ധനങ്ങൾക്കും അത് ബാധകമാക്കണം. ദശകങ്ങളായി പുരോഗതിയെ തടസ്സപ്പെടുത്തുന്നതിൽ തീവ്രത കാണിക്കുന്ന ഫോസിൽ ഇന്ധന വ്യവസായത്തിലേർ​പ്പെട്ടവരെ നമ്മൾ നേരിടണം. എണ്ണ- വാതക- കൽക്കരി വ്യവസായ ഭീമൻമാരിൽ പലരും ലോബിയിങ്, നിയമ നടപടികൾ, വൻതോതിലുള്ള പരസ്യ പ്രചാരണങ്ങൾ എന്നിവ ഉപയോഗിച്ച് ‘നാണമില്ലാതെ പച്ചക്കള്ളം’ പ്രവർത്തിക്കുകയാണ്. ഫോസിൽ ഇന്ധന കമ്പനികളിൽ നിന്നുള്ള പരസ്യം നിരോധിക്കാൻ എല്ലാ രാജ്യങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. അത്തരത്തിലുള്ള പരസ്യം ചെയ്യുന്നത് നിർത്താൻ വാർത്താ മാധ്യമങ്ങളോടും സാങ്കേതിക കമ്പനികളോടും അഭ്യർത്ഥിക്കുന്നു- ന്യൂയോർക്കിൽ ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

നിലവിലുള്ള ആഗോള താപന റെക്കോർഡുകൾ തകർത്തുകൊണ്ട് ചൂടിന്റെ തോത് വർധിപ്പിക്കുന്നുവെന്ന പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ 12 മാസങ്ങളിൽ ഓരോന്നും വർഷത്തിലെ പുതിയ ആഗോള താപനില റെക്കോർഡ് സ്ഥാപിച്ചതായി യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ ഡേറ്റ സ്ഥിരീകരിക്കുന്നു.

‘എൽനിനോ’ പ്രതിഭാസം ചെറിയ ഉത്തേജനം നൽകിയെങ്കിലും ക്രമാതീതമായി അധികരിക്കുന്ന ചൂട് മനുഷ്യൻ തന്നെയുണ്ടാക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഭൂഗോളത്തെ ചൂടു പിടിപ്പിക്കുന്ന വാതകങ്ങളുടെ ബഹിർഗമനംമൂലം താപനില ദീർഘകാലത്തേക്ക് വർധിച്ചുകൊണ്ടിരിക്കും. ഏറ്റവും ചൂടേറിയ വർഷമായിരുന്നു കഴിഞ്ഞുപോയത്. അതിനിയും കൂടുമെന്നാണ് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ) നൽകുന്ന മുന്നറിയിപ്പ്. മനുഷ്യർ മൂലമുണ്ടാകുന്ന ആഗോളതാപനത്തി​​ന്റെ തോത് വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് 50 ഓളം പ്രമുഖ ശാസ്ത്രജ്ഞരും റിപ്പോർട്ട് ചെയ്യുന്നു.

ഇതിനെർ ദുരന്തഫലം ഒഴിവാക്കാൻ കാലാവസ്ഥ പ്രതിസന്ധി നേരിടാൻ കൂടുതൽ ദ്രുതഗതിയിലുള്ള രാഷ്ട്രീയ നടപടിക്കും ഫോസിൽ ഇന്ധന വ്യവസായത്തിൻമേലുള്ള നിയന്ത്രണത്തിനും യു.എൻ സെക്രട്ടറി ജനറൽ ആഹ്വാനം ചെയ്തു.





Tags:    
News Summary - fossil fuel industries should be banned from advertising says Antonio Guterres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.