ഇരിട്ടി: മഞ്ഞുപാളികൾ നിറഞ്ഞ 6,119 മീറ്റർ ഉയത്തിൽ ഈസ്റ്റ് ലബൂഷെ പർവതത്തിൽ കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി അഭിലാഷ് മാത്യു ഇന്ത്യൻ പതാക ഉയർത്തി. 10 ദിവസം നീളുന്ന കൊടുമുടി കയറ്റത്തിലാണ് അഭിലാഷ് ഉയരങ്ങളിലെത്തിയത്.
എവറസ്റ്റ് കീഴടക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ചുവടാണ് ലബൂഷെ കയറ്റം. മുഴുവൻ മഞ്ഞുമൂടിയ പർവത നിരകളിലൂടെ അതി സാഹസികമായ യാത്രയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് സാഹസികമായ മലകയറ്റത്തിന് എത്തുന്നതെന്ന് അഭിലാഷ് പറഞ്ഞു.
ആദ്യദിവസം കഠ്മണ്ഡുവിൽ നിന്നും പർവത നിരകൾക്കിടയിലെ ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച അഞ്ച് എയർപോർട്ടുകളിൽ ഒന്നായ ലുക്ലയിൽനിന്ന് എട്ടുദിവസത്തെ യാത്രക്കുശേഷമാണ് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുക.
ലുക്ലയിൽനിന്ന് ആരംഭിച്ച ആദ്യ ദിവസം നാലുമണിക്കൂർ ട്രക്കിങ്ങിന് ഒടുവിൽ 2,860 മീറ്റർ ഉയരത്തിലുള്ള ഫാക്ടിങ്ങിലും രണ്ടാമത്തെ ദിവസം ഏഴുമണിക്കൂർ യാത്രചെയ്ത് 3,440 മീറ്റർ ഉയരത്തിൽ നാംചെ ബസാറിൽ യാത്ര അവസാനിപ്പിച്ചു. ഒമ്പതാമത്തെ ദിവസമാണ് 5,400 മീറ്റർ ഉയരത്തിലുള്ള ലബൂഷെ ഹൈ ക്യാമ്പിൽ എത്തിയത്. 6119 മീറ്റർ ഉയരത്തിൽ മഞ്ഞു മൂടിയ പർവതത്തിലേക്കുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണ്.
10ാമത്തെ ദിവസം പുലർച്ചെ രണ്ടിന് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ കയറിലൂടെ പിടിച്ച് ഉപകരണങ്ങളുടെ സഹായത്തോടെ ലബൂഷെ പീക്കിലെത്തി ഇന്ത്യൻ കൊടി ഉയരുമ്പോൾ രാവിലെ 10 കഴിഞ്ഞിരുന്നു. രണ്ടര ദിവസം കൊണ്ട് തിരിച്ചിറങ്ങി ലുക്ല എയർപോർട്ടിൽ എത്തുമ്പോൾ മഞ്ഞുവീഴ്ചയിൽ എയർപോർട്ട് അടച്ചിരുന്നു. വീണ്ടും ചോപ്രകിലേക്ക് നടന്നിറങ്ങി അവിടെനിന്ന് ഹെലികോപ്ടറിൽ കഠ്മണ്ഡുവിലെത്തി.
രണ്ടര ലക്ഷത്തോളം രൂപ രൂപയാണ് യാത്രയുടെ ചിലവ്. ഐ.ടി പ്രഫഷനലാടിയായ അഭിലാഷിന് സാഹസികമായ മലകയറ്റം ഹരമാണ്. ഇത്തവണത്തെ യാത്രക്ക് എടുക്കാൻ മറന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ഫ്ലാഗ് അടുത്ത തവണ ഇന്ത്യൻ ഫ്ലാഗിനൊപ്പം 8,848 മീറ്റർ ഉയരത്തിൽ സ്ഥാപിക്കുമെന്നുള്ള ആത്മ വിശ്വസത്തിലാണ് അഭിലാഷ്. സൗദിയിലെ ജോലി രാജിവെച്ച അഭിലാഷ് കുട്ടികളുമായി അയർലണ്ടിലുള്ള ഭാര്യയുടെ അടുക്കലേക്ക് പോകുവാനുള്ള തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.