നിരപ്പായ ഇടത്തിൽ നേരേചൊവ്വേ അമ്പത് കിലോമീറ്റർ ഓടുന്നവരുടെ ശാരീരിക ക്ഷമതയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അപ്പോൾ ദുർഘടമേറിയ മലനിരകളിലൂടെ ഉയരങ്ങളിലേക്ക് ഒരു മാരത്തൺ ഓടിക്കയറുന്നവരുടെയോ?
കഴിഞ്ഞ ജനുവരി 27ന് റാസൽ ഖൈമയിലെ വാദി ഗലീലിയ ഡാം പരിസരത്ത് നിന്നാണ് യു.എ.ഇയിലെ ആദ്യത്തെയും ദൈർഘ്യവും കാഠിന്യമേറിയതുമായ ഗോട്ട് അൾട്രാ ട്രയൽ മത്സരം നടന്നത്. 50 കിലോമീറ്റർ, 30 കിലോമീറ്റർ എന്നീ രണ്ടു വിഭാഗങ്ങളിലായി നടന്ന മൗണ്ടൈൻ മാരത്തണിന്റെ 50 കിലോമീറ്റർ വിഭാഗത്തിലാണ് ആനിസ് അസാദ് എന്ന കോഴിക്കോട് ചെറുവാടിക്കാരൻ പങ്കെടുത്ത് വിജയകരമായി പൂർത്തീകരിച്ചത്. 16 മണിക്കൂറിൽ ലക്ഷ്യം കൈവരിക്കേണ്ട ഓട്ടത്തിൽ 13 മണിക്കൂർ 47 മിനിട്ടിലാണ് ആനിസ് ഓടിമുഴുമിപ്പിച്ചത്. 3500 മീറ്റർ (11500 അടി) ആണ് ഈ മലനിരകളിലൂടെ ഓടിക്കയറുമ്പോൾ താണ്ടുന്ന ഉയരം. മലകളും പാറക്കെട്ടുകളും ഇളകിയ കല്ലുകളും ചെങ്കുത്തായ ഇറക്കങ്ങളും അടങ്ങിയ ഈ ഓട്ടം പൂർത്തീകരിക്കുക അത്ര എളുപ്പമല്ല. പല മത്സരാർത്ഥികളും ഇടക്ക് വെച്ച് നിർത്താൻ നിർബന്ധിതരാവാറുണ്ട്. അഞ്ചുവർഷത്തിലധികമായി യു.എ.ഇയിലെ വിവിധ മലനിരകളിൽ ഹൈകിങ്ങ് ചെയ്യുന്ന ആനിസിന് ആ അനുഭവം ഈ പ്രയത്നത്തിന് തുണയായി. 2002 ദുബൈ അയൺമാൻ 7.3 ചാലഞ്ച് വിജയകരമായി പൂർത്തീകരിച്ച ആനിസ്, 2003ലെ കസാക്കിസ്ഥാൻ ഫുൾ അയൺമാൻ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നെങ്കിലും പരിക്കുമൂലം പിൻവാങ്ങുകയായിരുന്നു. യു.എ.ഇയിൽ നടക്കുന്ന പ്രമുഖ ദീർഘദൂര ഫിറ്റ്നസ്ചാലഞ്ചുകൾ മാരത്തണുകൾ എന്നിവയിൽ സ്ഥിര സാന്നിധ്യമാണ് ഈ 38കാരൻ. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, ഓഫ് റോഡിങ്, റോക്ക് ക്ലൈമ്പിങ് തുടങ്ങിയവയും ആനിസിന്റെ വിനോദപട്ടികയിൽ പെടും. ഫാർമസി ബിരുദധാരിയായ ആനിസ്, യു എ.ഇ.യിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.