യാത്രകൾ പലവിധമുണ്ട്. ചിലത് കാഴ്ചകൾ കണ്ട് മനസ്സിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെങ്കിൽ മറ്റുചിലത് പുതിയ പാഠങ്ങൾ പഠിച്ചെടുക്കാൻ വേണ്ടിയാകും. വിനോദസഞ്ചാരങ്ങൾ പലപ്പോഴും പാഠപുസ്തകങ്ങൾകൂടിയാകുന്നത് അങ്ങനെയാണ്. ഈയിടെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകരായ ഫോട്ടോഗ്രാഫർമാർ ഒരു യാത്രനടത്തി. അതും ആർട്ടിക്കിലേക്ക്. തങ്ങൾ കണ്ട, കാഴ്ചകളും ഞെട്ടിക്കുന്ന വിവരങ്ങളും പങ്കുവെക്കുകയാണ് സംഘത്തിലെ പ്രധാനിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ കണ്ണൂർ സ്വദേശി ഡോ. പി.വി. മോഹനൻ
ഭൂമിയുടെ വടക്കേ അറ്റത്തേക്കൊരു യാത്ര, അതും ഉത്തരദ്രുവത്തിന് ചുറ്റുമുള്ള ആർട്ടിക്കിലേക്ക്. ഒരു വർഷത്തിലധികം നീണ്ട തയാറെടുപ്പുകൾക്ക് ശേഷമായിരുന്നു യാത്രയുടെ ആരംഭം. ഓൺലൈനിലൂടെ നിരവധി മീറ്റിങ്ങുകൾ. സാധാരണ നടത്തുന്ന ഒരു യാത്രയല്ലാത്തതിനാൽ തന്നെ വിദഗ്ധരുടെ നിർദേശ പ്രകാരം ആവശ്യമായവയെല്ലാം സംഘടിപ്പിച്ചു. അങ്ങനെ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള 12 പരിസ്ഥിതി പ്രവർത്തകരായ ഫോട്ടോഗ്രാഫർമാർ അടങ്ങുന്ന സംഘം ആർട്ടിക്കിലേക്ക് യാത്ര തിരിച്ചു. പരിസ്ഥിതി പ്രവർത്തകനും ഖത്തർ സർക്കാറിന്റെ മുൻ പരിസ്ഥിതി ഉപദേഷ്ടാവുമായിരുന്ന ദിലീപ് അന്തിക്കാടായിരുന്നു സംഘത്തലവൻ. പി. മധു, ജി. വിഷ്ണു (ഇരുവരും ഖത്തർ), രമ്യ വാരിയർ (കെനിയ), എം. ജിതേഷ് (സൗദി), സി. ഹസീബ് (ഉസ്ബെകിസ്താൻ) എന്നിവരായിരുന്നു മറ്റു മലയാളികൾ. അഞ്ച് വനിതകളുമുണ്ടായിരുന്നു സംഘത്തിൽ.
യാത്രയുടെ ഒരുക്കം
മരുന്നുകൾ, തണുപ്പിനെ ഭേദിക്കുന്ന വസ്ത്രങ്ങൾ, ഐസിൽ നടക്കാനുള്ള പ്രത്യേക ഷൂ, വെള്ളം നനയാത്ത വസ്ത്രങ്ങൾ, വാട്ടർ പ്രൂഫ് ഓവർകോട്ട്, തൊപ്പി, കഴുത്തും ചെവിയും മൂടാനുള്ള ഫ്ലീസ്, കൂളിങ് ഗ്ലാസ്, തണുപ്പ് കുറക്കുന്ന വാർമർ എന്ന രാസപദാർഥം, കമ്പിളി സോക്സ്, വാട്ടർപ്രൂഫ് കൈയുറ, ഇന്നർ കൈയുറ തുടങ്ങിയവയെല്ലാം സംഘടിപ്പിച്ചു. മുംബൈയിൽനിന്ന് ഖത്തർ വഴി നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലേക്കായിരുന്നു യാത്രയുടെ തുടക്കം. അടുത്ത ദിവസം ലോങ് ഇയർബെനിലേക്ക്.
ലോങ് ഇയർബെനിൽനിന്ന് കപ്പലിലായിരുന്നു ഞങ്ങളുടെ യാത്ര. ഒരു പകലും രാത്രിയുമുള്ള ക്രൂസിനുശേഷം പിറ്റേന്ന് രാവിലെയോടെ കപ്പൽ ഉത്തരധ്രുവത്തിൽനിന്ന് 769 മൈൽ അകലെയുള്ള ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള നൈ-അലെസുന്ദ് (Ny-Alesund) എന്ന ചെറിയ പട്ടണത്തിലെത്തി. തെരുവുകളിൽ കൂടുകൂട്ടുന്ന ആർട്ടിക് ടേണുകളുടെ സാന്നിധ്യമുണ്ട് നൈ-അലെസുന്ദിലും. ഈ പക്ഷികൾ മുകളിൽ വട്ടമിട്ടു പറന്ന് അവരുടെ കൂടുകളിലേക്ക് അടുക്കുന്ന ആരെയും ആക്രമിക്കും.
കരയിൽ ഏതാനും മണിക്കൂറുകൾ ചെലവിട്ട ശേഷം കപ്പൽയാത്ര തുടർന്നു. അടുത്ത ലക്ഷ്യസ്ഥാനം Kongsvegen എന്ന സ്ഥലം ആയിരുന്നു. കടൽ ശാന്തമാണെങ്കിലും മഞ്ഞുപാളികൾ ഉരുകി വലിയ മഞ്ഞുകട്ടകൾ സമുദ്രത്തിൽ ഒഴുകി പോകുന്നുണ്ടായിരുന്നു. കപ്പലിൽ ചെറിയ ഐസ് കഷണങ്ങൾ ഇടിക്കുന്ന ശബ്ദം ഇടക്കിടെ കേൾക്കാം. ചില ഒഴുകുന്ന മഞ്ഞുകട്ടകളിൽ കടൽപ്പക്ഷികൾ നിൽപുണ്ട്. തീരത്ത് ചില പക്ഷികൾ ചെങ്കുത്തായ പാറക്കെട്ടുകളിൽ കൂടുണ്ടാക്കി കൂട്ടമായി താമസിക്കുന്നു.
മരണത്തിനും ജീവിതത്തിനുമിടയിൽ
യാത്രയുടെ അഞ്ചാം ദിവസം സ്വാൽബാർഡിലെ ഫ് ജോർഡ് എന്ന സ്ഥലത്തെത്തി. അവിടെനിന്ന് മഗ്ദലീനഫ്ജോർഡിലേക്കുള്ള യാത്ര സാഹസികമായിരുന്നു. വൈകീട്ട് ക്യാപ്റ്റന് ഒരു സന്ദേശമെത്തി. കപ്പൽ സഞ്ചരിക്കുന്ന വഴിയിലൂടെ ഒരു ചുഴലിക്കാറ്റ് വരുന്നുണ്ടെന്നായിരുന്നു. അതിനുമുമ്പ് ആ പ്രദേശം കടക്കണം. അതിനായി തുടർച്ചയായി നാല് മണിക്കൂർ യാത്രചെയ്തു. പകലാണെങ്കിലും എല്ലാവരും ഉറങ്ങാൻ കിടന്നു. നിർഭാഗ്യവശാൽ ചുഴലിയെത്തുന്നതിനുമുമ്പ് കപ്പലിന് ആ പ്രദേശം കടക്കാനായില്ല. കപ്പൽ ആടിയുലഞ്ഞു. തിരമാലകൾ കപ്പലിനെ അമ്മാനമാടി. പലരും കട്ടിലിൽ പിടിച്ചുകിടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ട്മണിക്കൂർ ചുഴലിക്കാറ്റ് താണ്ഡവമാടി. പലർക്കും തലകറക്കവും ഓക്കാനവും ഉണ്ടായി. ചുഴലിക്കാറ്റ് കഴിഞ്ഞതോടെ കപ്പൽ അന്നത്തെ യാത്ര മതിയാക്കി നങ്കൂരമിട്ടു. അടുത്ത ദിവസമാണ് മഗ്ദലീനഫ്ജോർഡിലെത്തിയത്.
വാൽറസും ഹിമക്കരടികളും
ഹിമാനികൾ പൊതിഞ്ഞ പർവതങ്ങളും ശാന്തമായ വെള്ളവുമുള്ള മഗ്ദലീനഫ്ജോർഡിൽ മടിയൻ വാൽറസുകൾ വെയിൽ കൊള്ളുന്ന കാഴ്ചയാണ് ഞങ്ങളെ വരവേറ്റത്, ഭീമാകാരമായ സമുദ്ര സസ്തനികൾ. കടൽക്കരയിലെ ഒരു ചെറിയ മഞ്ഞുമല കയറി അവിടെനിന്ന് മനോഹരമായ ലാൻഡ്സ്കേപ് കണ്ടു. തോക്കേന്തിയ ഗൈഡ് മലമുകളിൽനിന്നും ബൈനോക്കുലർകൊണ്ട് ഹിമക്കരടിയെ തേടിക്കൊണ്ടിരുന്നു.
വിർഗോഹാംന ആയിരുന്നു അടുത്ത ലക്ഷ്യസ്ഥാനം. അവിടത്തെ ഒരു ചെറിയ ദ്വീപിൽ ഒരു ഹിമക്കരടിയുണ്ടെന്ന് ബൈനോക്കുലറിലൂടെ ഗൈഡ് കണ്ടെത്തി. എല്ലാവരും ആവേശത്തിലായി. ജീവിതത്തിൽ ആദ്യമായി ഹിമക്കരടിയെ നേരിൽ കാണാൻ പോകുന്നു. ധൃതിയിൽ കാമറയുമായി റെഡിയായി. സോഡിയാക് തോണി കപ്പലിൽ നിന്നിറക്കി കരയെ ലക്ഷ്യമാക്കി നീങ്ങി. വെളുത്ത ഭീമാകാരനായ ധ്രുവക്കരടി കടൽക്കരയിൽ നിന്ന് വാൾറസിന്റെ ശവം തിന്നുകൊണ്ടിരിക്കുന്നു.
അഞ്ചാം ദിനം സോഡിയാക്കിൽ തിരിച്ചെത്തി. ഗ്രഹൂക്കൻ എന്ന സ്ഥലത്തെ മഞ്ഞുമലയാണ് ലക്ഷ്യം. അവിടെ പന്നലുകളും ലൈക്കനും ധാരാളമുള്ള പച്ചമലയാണ്. ഇടക്കിടക്ക് ഐസ് മൂടിയ പാറക്കെട്ടുകൾ കാണാം. കരക്ക് കയറിയപ്പോൾ കുറെ ഉരുളൻ മരക്കഷണങ്ങൾ കരക്കടിഞ്ഞിരിക്കുന്നത് കണ്ടു. വർഷങ്ങൾക്കു മുമ്പേ ഇവിടെ എത്തിയവയാണിവയെന്ന് ഗൈഡ് പറഞ്ഞു. ഗവേഷകർക്ക് താമസിക്കാൻ ഈ മരങ്ങൾകൊണ്ടൊരു കുടിൽ അവിടെ പണിതിട്ടുണ്ട്. ഞങ്ങൾ മല ലക്ഷ്യമാക്കി നടന്നു. നാല് റെയിൻഡിയർ മേയുന്നതു കണ്ടു. അവിടത്തെ ഒരു തടാകത്തിൽ റെഡ് ത്രോട്ടഡ് ലൂൺ എന്ന പക്ഷിയെ കണ്ടു. മലയുടെ ഉച്ചിയിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് കപ്പലിൽ നിന്ന് ക്യാപ്റ്റന്റെ വയർലസ് സന്ദേശം ലഭിച്ചത്. ഉടനെ മടങ്ങണമെന്ന നിർദേശമായിരുന്നു അത്. കടൽ തീരത്തുകൂടി ഒരു അമ്മക്കരടിയും കുട്ടിയും ഞങ്ങളുടെ സോഡിയാക് കെട്ടിയ വഴിയിലേക്ക് നടന്നുവരുന്നുണ്ട്. രണ്ട് കി.മി. ദൂരം വരെ അവക്ക് മനുഷ്യന്റെ ഗന്ധം ലഭിക്കുമത്രേ...
ഇതോടെ, എല്ലാവരും ഓട്ടം തുടങ്ങി. ഗംബൂട്ടിട്ട് വഴുക്കലുള്ള ഉരുളൻ പാറക്കഷണത്തിലൂടെയുള്ള സാഹസികയോട്ടം. ഭാരമുള്ള ഡ്രസും കാമറയും ഓടുന്നതിന് തടസ്സമായി. എങ്കിലും ഒരു വിധം തീരത്തെത്തി സോഡിയാക്കിൽ ചാടിക്കയറി കടലിലേക്ക് നീങ്ങി. തീരത്തേക്ക് നോക്കുമ്പോൾ കാണാം അമ്മയും കുഞ്ഞും കരയിലൂടെ സോഡിയാക് കെട്ടിയ ഭാഗത്തേക്ക് നടന്നുവരുന്നു. കരടികൾക്ക് സമാന്തരമായി സോഡിയാക് ഓടിച്ചു. എല്ലാവരുടെയും കാമറകൾ തുരുതുരാ ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു.
ദേശാടനപ്പക്ഷികൾ
ആറാം ദിനം ടോറെൽനെസെറ്റ്, ആൽകെഫ്ജെല്ലറ്റ് എന്നീ പാറക്കെട്ടുകളിലേക്കായിരുന്നു യാത്ര. ഇവ രണ്ടും വിവിധ പക്ഷി ഇനങ്ങളുടെ ആവാസ കേന്ദ്രമാണ്. ഏകദേശം 30 ഇനം ദേശാടന പക്ഷികളാണ് പ്രതിവർഷം സ്വാൽബാർഡിൽ എത്തുന്നത്. കടൽ തത്ത, ആർട്ടിക് ടേൺ, നോർത്തേൺ ഫുൾമാർ, ആർട്ടിക് പഫിൻ പോലുള്ള പക്ഷികൾ ജലോപരിതലത്തിലൂടെ പറക്കുന്നത് കാണാം.
ഉച്ചക്കുശേഷം SEAICE എന്ന സ്ഥലത്തെ ഗ്ലേസ്യർ കാണാനിറങ്ങി. ഇവിടന്നങ്ങോട്ട് യാത്രക്ക് അനുവാദമില്ല. സോഡിയാക് ഒരു മണൽ നിറഞ്ഞ ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങി. വലിയ ഹിമക്കട്ടകൾ വഴി തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. തണുപ്പ് മൈനസ് 7 ഡിഗ്രിക്കടുത്തായിട്ടുണ്ട്. പോകുന്ന വഴിയിൽ വാൽറസുകൾ മുങ്ങിയും പൊങ്ങിയും കളിച്ചു കൊണ്ടിരിക്കുന്നു. ഒരു വലിയ ഹിമക്കട്ടയിൽ കയറി. ഞങ്ങളുടെ കണ്ണെത്തുന്ന ദൂരത്ത് 8000 ചതുരശ്ര കി.മി. വിസ്തൃതിയുള്ള ഗ്ലേസ്യറുണ്ട്. അത് കാനഡവരെ നീളുന്നതാണ്.
ഐസിൽനിന്നിറങ്ങി ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങി. ചരൽ നിറഞ്ഞ ദ്വീപിൽ പാറകളും പൂഴിമണ്ണും ഇടതൂർന്ന ഐസ് പാടങ്ങളും മാത്രമേയുള്ളൂ. ആർട്ടിക് ഫോക്സിനെ കാണാനായി മെല്ലെ നടന്നു. തണുത്ത, ശക്തിയായ കാറ്റടിക്കുന്നതിനാൽ പലർക്കും നടക്കാൻ വിഷമം നേരിട്ടു. ഹിമക്കരടിയുള്ള സ്ഥലമാണത്. റെയിൻഡിയറിന്റെ പഴകിയ അസ്ഥികൂടം അവിടെ കണ്ടു. ഒന്നിനെയും കാണാൻ പറ്റാത്ത വിഷമത്തോടെ ദ്വീപിൽ നിന്ന് ഒരു ഗ്രൂപ് ഫോട്ടോയെടുത്ത് ഞങ്ങൾ സോഡിയാക്കിനടുത്തേക്ക് മടങ്ങി. കരയിൽ കെട്ടിയിട്ട സോഡിയാക് അപ്പോഴേക്കും തിരമാലയിൽപെട്ട് കെട്ടഴിഞ്ഞ് കടലിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. മറ്റേ സോഡിയാക്കിൽ ഉടനെ ചെന്ന് അതിനെ കരയിലേക്ക് അടുപ്പിച്ചു യാത്ര തുടർന്നു.
അടുത്ത ദിവസം fugleSongen എന്ന സ്ഥലത്തെ ചെറിയ ഒരു ക്ലിഫ് കയറാനായി തീരുമാനിച്ചു. അവിടെ നിറയെ ലിറ്റിൽ ഓക്ക് പക്ഷികളാണ്. പ്രാവിന്റെ വലുപ്പമുള്ള കറുപ്പും വെളുപ്പുമുള്ള പക്ഷികൾ. പതിനായിരക്കണക്കിന് പക്ഷികൾ അവിടെ പാറപ്പുറത്ത് ഒറ്റക്കും ജോടിയായും കൂട്ടമായും ഇരിക്കുന്നു. ഇടക്കിടെ പ്രത്യേക ശബ്ദമുണ്ടാക്കി അവ കൂട്ടത്തോടെ ആകാശം ചുറ്റി തിരിച്ചെത്തും. ഉച്ചക്കുശേഷം FugleJorden എന്ന സ്ഥലത്തെ പഫിൻ പക്ഷികളെ കാണാൻ പുറപ്പെട്ടു. പഫിൻ കൂടുകൂട്ടുന്ന പാറക്കൂട്ടത്തിലേക്കാണ് അടുത്ത യാത്ര. വേലിയിറക്കമായതിനാൽ ബസാൽട്ട് പാറക്കൂട്ടത്തിൽ ഇറങ്ങി പഫിൻ പക്ഷികൾ ജോടിയായി പല സ്ഥലത്തും ഇരിക്കുന്നതു കണ്ടു. ഇടക്കിടെ അവ കടലിലേക്ക് പറന്നുതാഴും. ചിലപ്പോൾ കൊക്കിൽ മീനുമായി തിരിച്ചുവരും. തീരത്തുകൂടി കുറച്ചുദൂരം നടന്നു. ഒരു പഴകിയ കൊട്ടാരംപോലെ തോന്നിക്കുന്ന ബസാൽട്ട് മലയാണ് മുന്നിൽ. കുത്തനെയുള്ള മലയിൽനിന്നും മണ്ണും കല്ലും ഉരുണ്ടുവരുന്നുണ്ടായിരുന്നു. ആർട്ടിക് ഫോക്സ് നടക്കുമ്പോൾ ഇളകിയതാകാമെന്ന് ഗൈഡ് പറഞ്ഞു.
ഞങ്ങൾ യാത്ര തുടർന്നു. TRYGGHAMNA എന്ന സ്ഥലമായിരുന്നു ലക്ഷ്യം. അവിടെയെത്തി പ്രഭാതഭക്ഷണത്തിനു തയാറെടുക്കുമ്പോഴാണ് ഗൈഡിന്റെ സന്ദേശമെത്തുന്നത്. ‘ഹിമക്കരടിയും കുട്ടികളും അടുത്ത ദ്വീപിലുണ്ട്’ -എല്ലാവരും നിമിഷനേരം കൊണ്ട് സോഡിയാക്കിലെത്തി. മഞ്ഞുമൂടിയ ഒരു ദ്വീപിന്റെ കരയിൽ അമ്മക്കരടിയും കുഞ്ഞുങ്ങളും ഇരിക്കുന്നു. പിന്നീടവ മലയുടെ മുകളിലേക്ക് പോയി. കുട്ടിക്കരടികൾ മലയുടെ മുകളിലെ ഐസിൽ വീണുരുണ്ടു കളിക്കുകയാണ്. അമ്മക്കരടി ദൂരെ മാറി അവയുടെ കളികൾ ആസ്വദിക്കുന്നുണ്ട്.
ഉച്ചക്കുശേഷം പുതിയ ഗ്ലേസ്യർ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഏറ്റവും ഉയരമുള്ള ഗ്ലേസ്യർ കാണുകയാണ് ലക്ഷ്യം. ഒരു ആർട്ടിക് ഫോക്സ് പാറക്കെട്ടുകളിലൂടെ അതിവേഗം ഓടുന്നതു കണ്ടു. ഓട്ടത്തിനിടയിൽ അത് ഞങ്ങളെയൊന്നു നോക്കി. നല്ലൊരു പടവും കിട്ടി.
ഭീമാകാരൻ മഞ്ഞുമല
ഭീമാകാരമായ ഗ്ലേസ്യർമലയുടെ അടുത്തെത്തി. കടലിലെ തിരയോട് മല്ലടിച്ച് ഇടിഞ്ഞുമെലിയുകയാണ് ഗ്ലേസ്യർ. ഞങ്ങളുടെ കൺമുന്നിലും മലയിടിഞ്ഞു വീണു. വീഴുന്നതിന്റെ വലിയ ഇടിമുഴക്കം പോലെയുള്ള ശബ്ദവും കേൾക്കാം. കുറച്ചുകഴിഞ്ഞ് കടലിൽ അതിന്റെ അലകൾ സോഡിയാക്കിനെ ഒന്നുലച്ചു. മലയിടിയുമ്പോൾ പക്ഷികൾ വട്ടമിട്ടു പറക്കും. വലിയ ആ ഐസ് മലയിൽ ഒരു ഗുഹ രൂപപ്പെട്ടത് ഞങ്ങൾ കണ്ടു. അതിലേക്ക് കടൽക്കാക്കകൾ പറന്നുകയറുന്നുണ്ട്. ഗ്ലേസ്യർ കണ്ടു മടങ്ങവെ വെള്ളത്തിൽ ഒരു ജോടി സീലുകൾ നീന്തിക്കളിക്കുകയാണ്. ഇടക്ക് ഒരെണ്ണം കറുത്ത പാറപ്പുറത്ത് കയറി ബാലൻസ് ചെയ്ത് കിടക്കുന്നു.
അടുത്ത ദിവസം റെയിൻഡിയർ വസിക്കുന്ന മലയെ ലക്ഷ്യമാക്കി നീങ്ങി. നിറയെ പരവതാനി വിരിച്ചതുപോലെ പുല്ലും ലൈക്കനും വളർന്നിട്ടുണ്ട്. റെയിൻഡിയറിന്റെ ഇഷ്ട ആഹാരമാണിത്. കുറച്ചുദൂരെ ഒരുകൂട്ടം മാനുകൾ നടന്നുവരുന്നതു കണ്ടു. അതിൽ ചെറിയ ഒരു കുട്ടിമാനുമുണ്ട്. ഇടക്കിടെ അത് മുലപ്പാൽ കുടിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. തള്ള മാൻ മേയുന്ന തിരക്കിലാണ്. മാൻ മലമുകളിലേക്കു വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. താമസിയാതെ അവയെല്ലാം മുകളിലേക്ക് നീങ്ങിത്തുടങ്ങി. ഇടയിലുള്ള ഐസ് പാടത്തിൽ കിടന്ന് അവ ശരീരം തണുപ്പിച്ചുകൊണ്ടിരുന്നു.
യാത്രയുടെ അവസാന ദിനമെത്തി. 12 മണിക്കൂർ യാത്രചെയ്താൽ ലോങ് ഇയർബെനിലെത്തുമെന്ന് ഗൈഡ് പറഞ്ഞു. തലേന്ന് രാത്രി പ്രത്യേക ഭക്ഷണമൊരുക്കിയിരുന്നു. ഫിലിപ്പീൻസിലെ നോർമാനാണ് ഷെഫ്. മാംസാഹാരമായിരുന്നു കൂടുതൽ. കൈയിൽ കരുതിയ ചമ്മന്തിപ്പൊടിയും അച്ചാറും തീൻമേശയിലെ രാജാക്കൻമാരായി. മിക്ക ദിവസങ്ങളിലും വൈകുന്നേരം ഗൈഡുമാരായ ആര്യനും ഏലിയും യാത്രയുടെ അവലോകനം നടത്തും. ടൂർ ദിനങ്ങളിൽ രാത്രിയില്ലാത്തതിനാൽ ഉറക്കം പ്രശ്നമായി തോന്നി. കാഴ്ചകളും അനുഭവങ്ങളും ഉറക്കം കെടുത്തിയെന്നതാണ് സത്യം. രാത്രി തന്നെ ലോങ് ഇയർബെനിലെത്തി. അടുത്ത ദിവസം രാവിലെ വരെ കപ്പലിൽതന്നെ കഴിച്ചുകൂട്ടി. രാവിലെ ഹോട്ടലിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.