ഡെന്മാര്‍ക്കിന്‍റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലേക്കുള്ള യാത്ര തീരുമാനിച്ചപ്പോൾ തന്നെ അവിടെയുള്ള ലോക പ്രശസ്തമായ ‘ലിറ്റില്‍ മെര്‍മെയ്ഡ്’ എന്ന മത്സ്യകന്യകയുടെ ശില്പം കാണണം എന്ന് മനസ്സിൽ കുറിച്ചിരുന്നു. കോപ്പന്‍ഹേഗനിലെ ലാംഗലിനി പാർക്കിന് സമീപം കടല്‍ത്തീരത്തെ പറപ്പുറത്ത് അകലങ്ങളിലേക്ക് നോക്കി കാത്തിരിപ്പിന്റെ ദുഃഖം ഘനീഭവിച്ച ഭാവവുമായി ഇരിക്കുന്ന ലിറ്റിൽ മെർമെയ്ഡ് ശിൽപത്തിന്റെ വിശേഷങ്ങൾ നോക്കാം.
വിഖ്യാത സാഹിത്യകാരൻ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൻ (Hans Christian Andersen) 1836ലാണ് ലോകമെങ്ങുമുള്ള കുട്ടികളുടെ നെഞ്ചിൽ വേദനയുടെ നീർത്തുള്ളിയായി പടർന്ന ‘ലിറ്റിൽ മെർമെയ്ഡ്’ (Little Mermaid) എന്ന പുസ്തകം രചിക്കുന്നത്. ഡെൻമാർക്കിൽ അന്നു പ്രചാരത്തിലിരുന്ന നാടൻപാട്ടുകളിൽ നിന്നാണു ലിറ്റിൽ മെർമെയ്ഡ് എന്ന മത്സ്യകന്യകയെ ആൻഡേഴ്സൻ സൃഷ്ടിച്ചത്.
പുസ്തകം രചിച്ച് 77 വർഷങ്ങൾക്കുശേഷം കോപ്പൻഹേഗനിലെ ആൻഡേഴ്സന്റെ ജന്മഗൃഹമായിരുന്ന നീഹവാന് തൊട്ടടുത്താണു മെർമെയ്ഡ് ശിൽപം സ്ഥാപിച്ചത്. തുറമുഖത്ത് സുന്ദരമായ ഈ വിഷാദരൂപം സ്ഥാപിച്ചിട്ട് 2024 ആഗസ്റ്റ് 23ന് 111 വർഷം തികഞ്ഞു.
ആൻഡേഴ്സന്‍റെ ലിറ്റിൽ മെർമെയ്‌ഡിന്‍റെ കഥ വായിച്ചു വളർന്ന കാൾ ജേക്കബ്സൺ (Carl Jacobsen) എന്ന വ്യവസായി ആണ് ലിറ്റിൽ മെർമെയ്‌ഡ് ശിൽപം നിർമിക്കാൻ തീരുമാനിച്ചത്. കാൽമുട്ടിനു മുകളിൽ വരെ മനുഷ്യരൂപവും കാലുകൾക്കു പകരം മത്സ്യരൂപവുമുള്ള പെൺകുട്ടിക്കു മോഡലാകാൻ അന്നത്തെ പ്രശസ്‌ത ബാലെ നർത്തകി എലൻ പ്രൈസിനെയാണു ക്ഷണിച്ചത്. എഡ്വേർഡ് എറിക്സനായിരുന്നു (Edvard Eriksen) ശിൽപി. നഗ്നയായി പോസ് ചെയ്യാൻ എലൻ പ്രൈസ് വിസമ്മതിച്ചതോടെ അവരുടെ മുഖം മാത്രമേ ശിൽപത്തിൽ കൊത്തിയുള്ളു.
ശിൽപിയുടെ ഭാര്യ എലൈൻ എറിക്‌സന്‍റെ രൂപമാണ് നഗ്ന ഉടലായി ചിത്രീകരിച്ചത്. അങ്ങനെ ഒരു പെൺകുട്ടിയുടെ തലയും മറ്റൊരു പെൺകുട്ടിയുടെ ഉടലും മത്സ്യത്തിന്റെ വാലുമായി 1913 ഓഗസ്‌റ്റ് 23ന് കുഞ്ഞു മത്സ്യകന്യക പിറന്നു. വെങ്കലത്തിൽ തീർത്ത ശിൽപത്തിന് ഒന്നേകാൽ മീറ്റർ ഉയരവും 175 കിലോഗ്രാം തൂക്കവുമാണുള്ളത്.
സാധരണ കുട്ടികളുടെ കഥകൾക്കെല്ലാം ഒടുവിൽ രാജകുമാരൻ രാജകുമാരിയെ വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുമ്പോൾ, ഹാൻസ് ക്രിസ്‌റ്റ്യൻ ആൻഡേഴ്സന്റെ മത്സ്യ കന്യക സഫലമാകാത്ത പ്രണയത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. കപ്പൽ അപകടത്തിൽ നിന്നു രക്ഷിച്ച രാജകുമാരനെ പ്രണയിച്ച് മനുഷ്യസ്ത്രീയാകാൻ ആഗ്രഹിച്ചുവെങ്കിലും മത്സ്യകന്യകയുടെ പ്രണയം തിരിച്ചറിയാതെ രാജകുമാരൻ മറ്റൊരു വിവാഹം കഴിക്കുന്നു.
പാട്ടു പാടാനുള്ള കഴിവു നഷ്ടപ്പെടുത്തി പകരം കാലുകൾ ഏറ്റുവാങ്ങിയ മത്സ്യകന്യകയ്ക്കു രാജകുമാരനെ കൊലപ്പെടുത്തി വീണ്ടും മത്സ്യ കന്യകയാകാമായിരുന്നു. പക്ഷേ, പ്രണയിച്ച രാജകുമാരനെ കൊലപ്പെടുത്താൻ തയാറാകാതെ കടലിൽ ചാടി അവൾ ജീവൻ ത്യജിക്കുന്നു. മത്സ്യ കന്യകയുടെ ത്യാഗം തിരിച്ചറിഞ്ഞ ദേവതമാർ അവളെ ഒരു മാലാഖയാക്കുന്നു, ദൈവസന്നിധിയിൽ പ്രണയത്തിന്റെ പ്രതീകമായി മത്സ്യ കന്യകക്ക് അങ്ങനെ അനശ്വരജീവിതം ലഭിച്ചു. ഇതായിരുന്നു നോവലിന്റ ഇതിവൃത്തം. 1989ൽ പുറത്തിറങ്ങിയ വാൾട്ട് ഡിസ്‌നിയുടെ ‘ദി ലിറ്റിൽ മെർമെയ്ഡ്’ എന്ന അനിമേഷൻ സീരീസ് ചലിച്ചിത്രങ്ങള്‍ ഈ പ്രതിമയുടെ ഖ്യാതി ലോകമെമ്പാടും എത്തിക്കുകയുണ്ടായി.
കോപ്പൻഹേഗനിലെ രാവിലത്തെ ക്രൂയിസ് ബോട്ട് ടൂറിനായി പോയപ്പോൾ ലാൻജെലിനി തുറമുഖത്ത് കടലിലേക്കു നോക്കിയിരിക്കുന്ന ഈ ശിൽപം കടലിൽ നിന്ന് കണ്ടിരുന്നു. ഉച്ചകഴിഞ്ഞാണ് പാർക്കിന് സമീപമുള്ള പ്രൊമനേഡിലേക്ക് പോയത്. മനോഹരമായി ഒരുക്കിയിരിക്കുന്ന പ്രദേശം. നല്ല തിരക്കുണ്ടായിരുന്നു അവിടെ. പടികള്‍ ഇറങ്ങിയും കരക്കടുത്ത് പാറയിൽ നിന്നുകൊണ്ടും കുഞ്ഞു മത്സ്യ കന്യകയെ കൺകുളിർക്കെ കണ്ടു.
ലിറ്റിൽ മെർമെയ്‌ഡിനെ പശ്ചാത്തലമാക്കി ഫോട്ടോകള്‍ എടുത്തു. ആദ്യം തീരത്തുനിന്ന് കുറച്ചകലെ വെള്ളത്തിലായിരുന്നു ഇത് സ്‌ഥാപിച്ചിരുന്നത്. എന്നാൽ സന്ദർശകർക്ക് കൂടുതൽ അടുത്തു കാണുന്നതിനായി 2014ൽ ആണ് ഇത് കരക്ക് സമീപം ഇന്നു കാണുന്ന തരത്തിൽ ഒരു പാറയിൽ മാറ്റി സ്ഥാപിച്ചത്.
നിരവധി പ്രതിഷേധങ്ങൾക്കും ഇരയായിട്ടുണ്ട് മെർമെയ്ഡ് ശിൽപം. ഏതു വിഷയത്തിലുള്ള പ്രതിഷേധവും മെർമെയ്ഡിനുമേൽ തീർക്കുന്നതായിരുന്നു ഒരുകാലത്തെ രീതി. മെർമെയ്ഡിനെ ആക്രമിക്കുന്നതിൽ കൂടി ലഭിക്കുന്ന മാധ്യമശ്രദ്ധയായിരുന്നു അതിനു കാരണം. നിരവധി തവണ ആക്രമണങ്ങൾക്കും മോഷണത്തിനും വികൃതമാക്കലുകൾക്കും വിധേയയായിട്ടും പ്രതീക്ഷയുടെ നോട്ടവുമായി ലിറ്റിൽ മെർമെയ്ഡ് നിരവധി വിനോദസഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ഇന്നും ഇവിടെ നിലകൊള്ളുന്നു.
ബ്രസല്‍സിനു മനെക്കന്‍ പിസ്സ് പോലെ, ന്യൂയോർക്കിന് സ്റ്റാച്യു ഓഫ് ലിബർട്ടി പോലെ, റിയോ ഡി ജനീറോക്ക് ക്രൈസ്റ്റ് ദി റിഡീമർ പോലെ, ഈജിപ്തിലെ ഗിസക്ക് സ്ഫിങ്ക്സ് പോലെ, പാരിസിന് ദി തിങ്കർ പോലെ, ഫ്ലോറെനസിന് ഡേവിഡ് പോലെ, കോപ്പന്‍ഹേഗന് ലിറ്റില്‍ മെര്‍മെയ്ഡ് ശില്‍പം വലിയ ഖ്യാതിയാണ് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.