ഈറ്റച്ചോലയാറില്‍ ഓരു വെള്ളംകുടിക്കാനെത്തിയ ആനകൾ (ചിത്രം: ഹാരിസ് ടി.എം)

ഗ്രാമസൗന്ദര്യം നിറയുന്ന മാങ്കുളത്തേക്ക് ഒരു വനയാത്ര

ഹേമന്തക്കുളിരലകൾ വന്നുപൊതിയുന്ന ഒരു പ്രാതഃകാലത്താണ് കൂട്ടുകാരുമൊത്ത് ഇടുക്കിയിലേക്ക് പുറപ്പെടുന്നത്. ഋതുഭേങ്ങളില്ലാതെ ഏതുകാലത്തും സഞ്ചാരികൾ തിക്കിത്തിരക്കുന്ന വാഗമണും മൂന്നാറും കുമളിയും തേക്കടിയുമെല്ലാം ഒഴിവാക്കി കാടകങ്ങളിലെ നിശ്ശബ്ദതയും മലയോര ഗ്രാമസൗന്ദര്യവും നുകർന്നുള്ള ഒരുയാത്രയാണ് മനസ്സിലുണ്ടായിരുന്നത്. പ്രകൃതിയിലലിഞ്ഞു ചേരാനുള്ള, പ്രശാന്തിയും സ്വച്ഛതയും മാത്രം അഭിലഷിച്ചുകൊണ്ടുള്ള ഒരു പ്രയാണം.

'വിസിറ്റ് മാങ്കുളം' എന്ന ഫേസ്ബുക്ക് ഐഡിയിൽനിന്ന് സ്നേഹസൗഹൃദങ്ങൾ കാംക്ഷിച്ചുകൊണ്ടു വന്നുചേര്‍ന്ന അപേക്ഷയാണ് സത്യത്തിൽ ഈ സഞ്ചാരത്തിന്​ ഹേതുവായത്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചശേഷം എഫ്.ബിയില്‍ നിന്ന് കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ പ്രമോദാണ് ഫോണെടുത്തത്. ആദ്യ ഭാഷണത്തില്‍ത്തന്നെ തന്‍റെ ദേശപ്പെരുമയെക്കുറിച്ച് പ്രമോദ് വാചാലനായി. പിന്നാലെ ആ നാട്ടുപ്രകൃതിയുടെ വശ്യത ഒപ്പിയെടുത്ത അനവധി ചിത്രങ്ങള്‍ എനിക്കയച്ചു തന്നു. മാങ്കുളത്തെയും ആനക്കുളത്തെയും ഗ്രാമ കൗതുകങ്ങൾ പങ്കുവെച്ചപ്പോള്‍ ഇഷ്ട തോഴന്മാരായ ജോയിയും കെ.പി.എ സമദും ഹുസ്സൈനും കവി സമദും യാത്രാസന്നദ്ധരായി.

യാത്രാ സംഘത്തിലെ തോഴന്മാര്‍

മാങ്കുളം പഞ്ചായത്തില്‍പ്പെട്ട ആനക്കുളമെന്ന കൊച്ചുഗ്രാമത്തിലാണ് പ്രമോദിന്‍റെ വാസം. ഒന്നര വർഷക്കാലം ഖത്തർ പെട്രോളിയത്തിന്​ വേണ്ടി പ്രവർത്തിക്കുന്ന ഒരു കോൺട്രാക്​റ്റ്​ സ്​ഥാപനത്തിലെ ജോലിക്കാരനായിരുന്നു ഈ ചെറുപ്പക്കാരൻ. കൂട്ടുകാരന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ എത്തിയശേഷം പുതിയ ജോലിക്കുള്ള വിസ കാത്തിരിക്കുമ്പോഴാണ്​ നിനച്ചിരിക്കാതെ കോവിഡെത്തുന്നത്. അന്നേരമാണ്‌ പുതിയ ഒരാശയം മനസ്സില്‍ കതിരിടുന്നത്‌, സ്വന്തം നാടിന്‍റെ സൗന്ദര്യകാന്തി നുകരാന്‍ പ്രകൃതി സ്നേഹികളെ ക്ഷണിക്കുക, അവര്‍ക്കാവശ്യമായ താമസവും ലളിതമായ ആഹാരവും ഒരുക്കുക, പച്ചപ്പാര്‍ന്ന കാടും പാട്ടുപാടുന്ന കാട്ടുചോലകളും കോടമഞ്ഞുമൂടിയ മാമലകളും മയിലാടുന്ന മലയടിവാരങ്ങളും നീരാടാനും നീരുമോന്താനും കൂട്ടംകൂടിയെത്തുന്ന കൊമ്പനാനകളും വെള്ളിയലകള്‍ തീര്‍ത്തൊഴുകുന്ന ആറുകളുമെല്ലാം നിറഞ്ഞ ഗ്രാമക്കാഴ്ചകളിലേക്ക് യാത്രികരെ നയിക്കുക, തികഞ്ഞ ഉത്തരവാദിത്തത്തോടെ തന്നെ.

അങ്ങനെയാണ് തന്‍റെ സ്നേഹിതനെയും കൂട്ടി visitmankulam.com തുടങ്ങുന്നത്. നീണ്ട കാലത്തെ അടച്ചിരിപ്പിന്‍റെ വിരസതയില്‍നിന്നും ആലസ്യത്തില്‍നിന്നും മോചനം തേടി, സ്വൈരതയുടെയും വിശ്രാന്തിയുടെയും തീരംതേടി ഒരു ചെറു ദേശാടനത്തിന്​ ഞങ്ങള്‍ തുടക്കം കുറിക്കുന്നത് പ്രമോദിന്‍റെ ക്ഷണം സ്വീകരിച്ചാണ്.

മാമലക്കണ്ടം വഴിയുള്ള വനപാത

വഴിതെറ്റാത്ത കാഴ്​ചകൾ

മാങ്കുളവും കടന്ന് ആനക്കുളത്തേക്കാണ് ആദ്യം പോവേണ്ടത്. പതിവ്​ മാര്‍ഗ്ഗത്തില്‍ നിന്നൊന്നു തെന്നിമാറി പുതുവഴിയേ പോകാമെന്നാണ് തീരുമാനം. കോതമംഗലമെത്തുമ്പോള്‍ ഇടതുഭാഗത്തേക്ക് തിരിഞ്ഞാല്‍ തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് നീളുന്ന ഒരു പാതയുണ്ട്. പാലംകടന്നു മുന്നോട്ടു പോയാല്‍ ഇടമലയാറും പൂയംകുട്ടി പുഴയും ഒന്നായി ചേരുന്ന കുട്ടമ്പുഴയില്‍ എത്താം. കൂടും പുഴയാണ് കുട്ടമ്പുഴയായതത്രെ. രണ്ടു പ്രളയങ്ങള്‍ തകര്‍ത്തെറിഞ്ഞ നദീതീരങ്ങളിലൂടെ രണ്ടു കിലോമീറ്റര്‍ പിന്നിട്ടാല്‍ കാണുന്ന കാട്ടുപാതയിലേക്കു കയറി ഉരുളന്‍തണ്ണിയും കടന്നാണ് മാമലക്കണ്ടത്തെത്തിയത്. (നേര്യമംഗലത്തു ചെന്ന് ആറാം മൈല്‍, പഴമ്പിള്ളിച്ചാല്‍ വഴി മറ്റൊരു പാതയിലൂടെയും അവിടെയെത്താം).

ഇടുക്കി - എറണാകുളം ജില്ലകളുടെ അതിരിലുള്ള മലകളുടെ മടിത്തട്ടിലാണ് ഈ മലയോര ഗ്രാമം- തൊടുപുഴ, അടിമാലി, മുവാറ്റുപുഴ ബ്ലോക്കുകളുടെ നടുവില്‍. മാമലകള്‍ക്കിടയിലെ കണ്ഠമായി കിടക്കുന്ന സ്ഥലമാണ് പിന്നീട് മാമലക്കണ്ടമായത്! മുനിമാര്‍ താമസിച്ചിരുന്ന മുനിയറകളുടെ നാട്. കടുത്ത വേനലില്‍ ഒരു കുളിര്‍ മഴ പ്രതീക്ഷിച്ച് ഈ മുനിയറകളില്‍ പോയി കാട്ടുതേന്‍ ചേര്‍ത്ത പായസമുണ്ടാക്കി പ്രാര്‍ത്ഥന നടത്താറുണ്ടായിരുന്നുവത്രേ, വനവാസികള്‍! ഏതുകാലത്തും സുഖശീതളമായ അന്തരീക്ഷം. വീതി കുറഞ്ഞതെങ്കിലും കോണ്‍ക്രീറ്റ് പാകിയ പാത. ആളനക്കം തീരെ കുറവാണ്. കാടകങ്ങളില്‍ ആദിവാസി ഊരുകളുണ്ട്. നേര്‍ത്ത മഴച്ചാറലില്‍ കുളിച്ചുനില്‍ക്കുന്ന വൃക്ഷരാജികള്‍ക്കിടയിലൂടെ ഞങ്ങളുടെ പ്രിയ'കവി'യുടെ പുതിയ 'ഓറ' മുന്നോട്ടുനീങ്ങി.

കാട്ടാനകളുടെ വിഹാരകേന്ദ്രമാണ് കുട്ടമ്പുഴ - ഉരുളന്തണ്ണി - മാമലക്കണ്ടം കാട്ടുപാത. മഴയൊഴിഞ്ഞാല്‍ വഴിയോരങ്ങളിലുള്ള ചോലകളിലും ചെറുതോടുകളിലുമെല്ലാം ദാഹം ശമിപ്പിക്കാനെത്തുന്ന കൊമ്പന്മാര്‍ സ്വൈര സഞ്ചാരം നടത്തുന്ന സ്ഥലം. പുലരിയിലോ സന്ധ്യയിലോ ഈ വഴിയിലൂടെ കടന്നുപോകുന്നത് അപകടം ക്ഷണിച്ചുവരുത്തലാവുമെന്ന്​ പ്രമോദ്​ നേരത്തെ തന്നെ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. യാത്രികര്‍ വളരെകുറഞ്ഞ മേഖലയാതിനാല്‍ ഒറ്റക്കുള്ള യാത്രയും അഭിലഷണീയമല്ല. തെളിനീരരുവികള്‍ വെള്ളിയരഞ്ഞാണമണിയിക്കുന്ന കുന്നുകളും തേനലകള്‍ തീര്‍ത്തൊഴുകുന്ന കാട്ടുചോലകളും വഴിയിലുടനീളം നമ്മുടെ കാഴ്ചകളെ കുളിരണിയിക്കുന്നു. കുന്നിന്‍പുറക്കാഴ്​ചകളുടെ ചാരുതനുകരാന്‍ നാല്​ പാറപ്പുറങ്ങളുണ്ട് ഈ പാതയില്‍-ചാമപ്പാറ, കൊയ്‌നിപ്പാറ, മുനിപ്പാറ, താളിപ്പാറ. ആ മനോഹരപ്രകൃതിയില്‍ എല്ലാം മറന്ന്​ നമുക്ക് അല്‍പ്പനേരമിരിക്കാം, പിന്നെ സ്വയമലിഞ്ഞില്ലാതാവാം.

ലെച്മി എസ്റ്റേറ്റ്‌

പഴമ്പിള്ളിച്ചാലിലൂടെ കടന്നുപോകുമ്പോള്‍ വാളറയിലേയും ചീയപ്പാറയിലേയും വെള്ളച്ചാട്ടങ്ങള്‍ നമ്മെ മാടി വിളിക്കും. അന്ധകാരമണയും മുമ്പേ ആനക്കുളത്ത് എത്തണമെന്നുള്ളതിനാല്‍, എത്രയുമെളുപ്പത്തില്‍ ആലുവ - മൂന്നാര്‍ റോഡിലെ ഇരുമ്പുപാലത്തു വന്നെത്താനായി ആ പ്രലോഭനങ്ങളെയെല്ലാം ഞങ്ങള്‍ അതിജീവിച്ചു. തൃശ്ശൂര്‍ 'ഭാരത്‌' ഹോട്ടലിലെ പ്രാതല്‍ നല്‍കിയ ഊര്‍ജമെല്ലാം എപ്പഴേ ചോര്‍ന്നു പോയിരുന്നു. അടിമാലിയില്‍ നിന്ന് ചെറിയ തോതില്‍ വിശപ്പകറ്റി സഞ്ചാരം തുടര്‍ന്നു. മൂന്നാറിലേക്കുള്ള ഹൈവേയില്‍ കല്ലാറിലെത്തുമ്പോള്‍ നമുക്ക് ഇടത്തോട്ടു തിരിയാം. വിരിപ്പാറയും മുനിപ്പാറയും കഴിഞ്ഞാല്‍ മാങ്കുളമായി.

പ്രമോദിനെ വിളിച്ചുചോദിച്ച് വഴിയടയാളങ്ങള്‍ ഉറപ്പുവരുത്തിയാണ് മുന്നോട്ടുള്ള പ്രയാണം. എന്നിട്ടും എങ്ങോ ഒരിടത്തു വെച്ച് വഴിമാറിപ്പോയി. എത്തിപ്പെട്ടതാകട്ടെ ഒരു തേയിലത്തോട്ടത്തിനു നടുവില്‍ - ലെച്മി എസ്റ്റേറ്റ്‌. സായംകാലമടുത്തെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞുവിരിച്ച കുന്നിന്‍ നിരകളുടെ മാര്‍ത്തട്ടില്‍ പടര്‍ന്നേറുന്ന ഹരിതകാന്തിയില്‍ ഒന്നു മുങ്ങി നിവരാന്‍ ആരും കൊതിച്ചു പോകും. നേരിയ മഴച്ചാറലും പരന്നൊഴുകുന്ന കോടമഞ്ഞും കുളിരു പടര്‍ത്തി. അന്തരീക്ഷം തീര്‍ത്തുംവിജനം. അഞ്ചാറു കിലോമീറ്റര്‍ തിരിച്ചിറങ്ങി, വൈകാതെ മാങ്കുളം അങ്ങാടിയിലെത്തി. ആനക്കുളത്തെത്താന്‍ ഇനിയും എട്ടു കിലോമീറ്റര്‍ ദൂരമുണ്ട്. പാരാകെ ഇരുള്‍ മൂടിക്കഴിഞ്ഞു. ആള്‍ സഞ്ചാരമില്ലത്ത പാതകള്‍. ശബ്​ദതരംഗങ്ങള്‍ പിടിച്ചെടുക്കാനാവാതെ മൊബൈല്‍ ഫോണ്‍ പലപ്പോഴും മൗനം പാലിച്ചു. പെരുമ്പന്‍കുത്ത് പാലവും 'കുവൈറ്റ്‌ സിറ്റി'യും പിന്നിട്ട് രാത്രി ഏഴരയോടെ ലക്ഷ്യസ്ഥാനം പൂകുമ്പോഴേക്കും ഈറ്റച്ചോലയാറില്‍ ഓരു വെള്ളംകുടിക്കാന്‍ കൊമ്പനാനകൾ എത്തിയിരുന്നു.

ആനക്കുളത്തെ കാട്ടുകൊമ്പന്മാര്‍

കോതമംഗലത്തുനിന്ന് തട്ടേക്കാട്, മാമലക്കണ്ടം, മാങ്കുളം വഴിയേയാണ് നാം വരുന്നതെങ്കില്‍ 72 കിലോമീറ്റര്‍ ദൂരമുണ്ട് ആനക്കുളം എന്ന കൊച്ചു ഗ്രാമത്തിലെത്താന്‍. മൂന്നാറില്‍ നിന്നൊലിച്ചുവരുന്ന നല്ലതണ്ണിയാറും ആനക്കുളത്തിനടുത്തുള്ള കാട്ടിലൂടെ ഒഴുകിയെത്തുന്ന അരുവികള്‍ ചേര്‍ന്നുണ്ടായ ഈറ്റച്ചോലയാറും സംഗമിക്കുന്നിടമാണ് ആനക്കുളമെന്ന കുഗ്രാമം. ഈ രണ്ടു പുഴകളും കരിന്തിരിയാറായി മാറി പൂയംകുട്ടിയില്‍ ചേരുന്നു. പിന്നെ കുട്ടമ്പുഴയായി ഒഴുകി പെരിയാറില്‍ വിലയം പ്രാപിക്കുകയായി.

നല്ലതണ്ണിയാര്‍, ആനക്കുളം

ഗ്രാമവീഥി തീരുന്നിടത്ത് പ്രമോദ് ഞങ്ങളെ കാത്തുനില്‍പ്പാണ്. കാടകങ്ങളില്‍നിന്ന് ആനകളിറങ്ങിയിട്ടുണ്ടെന്ന വിവരം നേരത്തെ അറിഞ്ഞതിനാല്‍ വല്ലാത്ത ആകാംക്ഷയിലാണ് എല്ലാവരും. വണ്ടിയില്‍നിന്നും വേഗത്തിലിറങ്ങി നദീതീരത്തീക്ക് നടന്നു. തദ്ദേശവാസികളായ കുറച്ചാളുകള്‍ മാത്രമേ കവലയിലുള്ളൂ. പാതയോരത്തുനിന്നും 50 മീറ്റര്‍ മാത്രം അകലെക്കൂടിയാണ് ഈറ്റച്ചോലയാര്‍ ഒഴുകുന്നത്‌. പുഴയോട് ചേര്‍ന്ന് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ഒരു സുരക്ഷാവേലി കെട്ടിയിട്ടുണ്ട്. ഇപ്പുറമുള്ള പുല്‍ത്തകിടി കുട്ടികളുടെ കളിസ്ഥലമാണ്. അവര്‍ ആമോദത്തോടെ കളികളവസാനിപ്പിച്ചു കേറിക്കഴിയുമ്പോഴേക്കും കാട്ടുകൊമ്പന്മാരുടെ വരവായി.

രണ്ടു കുട്ടിക്കൊമ്പന്മാരടക്കം നാലുപേരുണ്ട് ആറ്റില്‍. ഇന്ന് ആനകളുടെ എണ്ണം കുറവാണെന്ന് പ്രമോദ് പറയുന്നുണ്ടായിരുന്നു. എട്ടും പത്തും ഇരുപതും മുപ്പതും പേരുള്ള സംഘങ്ങളായാണ് ഇവരുടെ വരവ്. 40 ആനകള്‍ വരെ വരാറുള്ള ദിവസങ്ങളും ഉണ്ടത്രെ! ഒരു സംഘം മടങ്ങുമ്പോഴേക്കും മറ്റൊരു കൂട്ടം വരവായി. ഇതാണത്രേ പതിവ്. പാതവക്കില്‍ നിന്നുവേണം നാം കാഴ്ചകള്‍ കാണാനും ഫോട്ടോകൾ പകര്‍ത്താനും. ആറ്റുവക്കിലെ പുല്‍ത്തകിടിയിലേക്കിറങ്ങാന്‍ ആര്‍ക്കും അനുവാദമില്ല. ടോര്‍ച്ചുകള്‍ മിന്നിച്ചും ബഹളംവെച്ചും ആനകളെ പ്രകോപിപ്പിക്കാന്‍ പാടില്ല. നാട്ടുകാര്‍ തന്നെയാണ് ഇവിടെ കാവല്‍ക്കാരും നിയമപാലകരും. ഇരുള്‍ നന്നായി പടര്‍ന്നിരുന്നു. കാമറക്കണ്ണിലൂടെയാണ് ഞാന്‍ ആ ദൃശ്യം ഏറെനേരവും കണ്ടത്.

മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള അകക്കാടുകളില്‍നിന്ന് ആനക്കൂട്ടങ്ങള്‍ സ്ഥിരമായി ഈ ചെറു പുഴയിലേക്കോടി വരുന്നതെന്തിനാണ്? സാധാരണ ഗതിയിൽ വെള്ളം കണ്ടാൽ കുളിക്കാൻ കൂടി സമയം കണ്ടെത്താറുണ്ട് ആനകൾ. എന്നാൽ, ആനക്കുളത്തെത്തിയാൽ ഈറ്റച്ചോലയാറിൽ ഒരു പ്രത്യേകഭാഗത്തുള്ള വെള്ളം മോന്തിക്കുടിക്കാനാണ് കരിവീരൻമാർ താൽപ്പര്യം കാണിക്കുന്നത്.

ഈറ്റച്ചോലയാറില്‍ ഓരു വെള്ളം കുടിക്കാനെത്തിയ കൊമ്പന്മാര്‍

പുഴയിൽ ഉപ്പുരസമുള്ള വെള്ളക്കുമിളകൾ പൊങ്ങുന്നിടത്താണ് അവർ തമ്പടിക്കുന്നത് എന്നാണ് കാനനോദ്യോഗസ്ഥരും നാട്ടുകാരും പറയുന്നത്. സമുദ്രതീരത്തുനിന്നും 4800 അടിയോളം ഉയരത്തിലുള്ള ഈ പുഴയിൽ ഓരു (ഉപ്പു) വെള്ളം എത്തുന്നതെങ്ങിനെയെന്നത് തികച്ചും അജ്ഞാതമാണ്. നദീപുളിനങ്ങളിൽ നിറയെ കാണപ്പെടുന്ന പാറകളിലടങ്ങിയ ധാതുക്കളിൽനിന്നും കിനിഞ്ഞിറങ്ങുന്നതാവണം ഈ ഉപ്പുരസമെന്ന് വനപാലകർ സാക്ഷ്യപ്പെടുത്തുന്നു. പുഴയിലേക്കിറങ്ങിയാൽ അത്ര വേഗമൊന്നും തിരിച്ചുപോകില്ല ഈ ഗജകേസരികൾ. ഇവിടുത്തെ ജലപാനം അവരെ വല്ലാത്തൊരു 'മൂഡി'ലാക്കുന്നുണ്ടോ എന്നും സംശയമുണ്ട്. ചിലപ്പോൾ അടുത്ത പുലരിവരെ വെള്ളത്തിൽ കളിച്ചുരസിച്ചും കുടിച്ചുമദിച്ചും കഴിച്ചുകൂട്ടും. കുറഞ്ഞത് 100 വർഷങ്ങളെങ്കിലും ആയിക്കാണുമത്രെ, ആനക്കുളത്തേക്കുള്ള കാട്ടാനകളുടെ ഈ സഞ്ചാരം തുടങ്ങിയിട്ട്.

ഈ അതിഥികളും നാട്ടുകാരും തമ്മിൽ വലിയ സ്നേഹബഹുമാനത്തിലാണ് കഴിയുന്നത്. ഒരു കൂട്ടർ മറ്റൊരുത്തരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. അവരവർ തീർക്കുന്ന അതിരുകൾ ലംഘിക്കപ്പെടാറുമില്ല. കാഴ്ചകൾ കാണാനും, ഗ്രാമ സൗകുമാര്യത്തിലും പ്രശാന്തതയിലും മുങ്ങിക്കിടക്കാനും എത്തുന്ന നമ്മോട് അന്നാട്ടുകാർക്ക് പറയാനുള്ളതും അതുതന്നെയാണ്. പ്രമോദും അക്കാര്യം ആവർത്തിച്ചുകൊണ്ടിരുന്നു. പുഴകടന്ന് ആനകൾ ജനവാസ മേഖലകളിലേക്ക് കേറിവന്ന സംഭവങ്ങൾ അത്യപൂർവമാണ്. ഇനിയെങ്ങാനും കൃഷിസ്ഥലത്തേക്കോ മറ്റോ ചെറിയ തോതിലുള്ള കടന്നുകയറ്റമുണ്ടായാൽ പോലും അതവർ അത്ര കാര്യമാക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിരുന്നുവരുന്ന സഞ്ചാരികൾ പുഴയോരത്തേക്ക് നടന്നുപോവാതിരിക്കാൻ ദേശവാസികളുടെ പ്രത്യേക ശ്രദ്ധയുമുണ്ട്.

ആനക്കുളത്തേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിവരുന്നത് അന്നാട്ടുകാരിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് തോന്നി. ആനകളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന, ഉത്തരവാദിത്തമില്ലാതെ യാത്ര ചെയ്യുന്നവരാണ് പ്രശ്നക്കാർ എന്നു മനസ്സിലാക്കാൻ പ്രയാസമില്ല. നിശാ സഫാരിക്കിറങ്ങുന്നവർ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ആനക്കൂട്ടങ്ങളുടെ നല്ല കാഴ്ചകിട്ടാനായി ഫ്ലാഷ്​ ലൈറ്റടിക്കുന്നതും അവയുടെ ശ്രദ്ധയാകർഷിക്കാൻ ഒച്ചയുണ്ടാക്കുന്നതുമാണ് ആശങ്ക പടർത്തുന്നത്. പൊതുവെ ശാന്തരായ ഈ വന്യജീവികളുമായി നിലവിലുള്ള 'ഹാർമണി' ഇല്ലാതായാൽ സംഭവിക്കുന്ന കാര്യങ്ങൾ ഓർത്താണ് ആ പ്രദേശത്തുകാർ ഇപ്പോൾ വ്യാകുലചിത്തരാവുന്നത്. രാത്രി എട്ടരയോടെ ഞങ്ങള്‍ 'എലഫ്ന്‍റ് കോർട്ടിയാർഡി'ലെത്തി. ഇനിയുള്ള രണ്ടുനാള്‍ ഇവിടെയാണ് താമസം.

എലഫ്ന്‍റ് കോർട്ടിയാർഡ്​

മാങ്കുളത്തെ പളുങ്കുചോലകള്‍

മൂന്നാറിനോട് ചേര്‍ന്നു കിടപ്പാണ്, ദേവികുളം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന മാങ്കുളം എന്ന ഹരിതഭൂമിക. എന്നാലോ, മൂന്നാറിലെപ്പോലെ വാഹനങ്ങളുടെ നീണ്ടനിരകളില്ല. ഉല്ലാസയാത്രികരുടെ ശബ്​ദകോലാഹലങ്ങളില്ല. സഞ്ചാരികളുടെ കീശകാലിയാക്കുന്ന റിസോര്‍ട്ടുകളോ ആഡംഭര ഹോട്ടലുകളോ ഇല്ലാത്ത പ്രശാന്തസുന്ദരമായ ഒരിടം. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ മാങ്കുളം പഞ്ചായത്തില്‍ വ്യത്യസ്തമായ മൂന്നു താപനിലയാണ് നമുക്ക് അനുഭവവേദ്യമാവുക! വിരിപ്പാറയില്‍ നല്ല തണുപ്പുള്ളപ്പോള്‍ മാങ്കുളത്ത് മിതശീതോഷ്ണ കാലാവസ്ഥയാണ്. ആനക്കുളത്താകട്ടെ ചൂട് കൂടുതലാണ്.

മലകളും കുന്നുകളും പുഴകളും അരുവികളും ചോലകളും നീര്‍ച്ചാട്ടങ്ങളും നിറഞ്ഞ മനോഹരതീരം. പാർവതി മല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല, പള്ളിക്കുന്ന്, 96 കുന്ന്, മുനിപ്പാറക്കുന്ന് എന്നിങ്ങനെ പോകുന്നു മലകളുടെയും കുന്നുകളുടെയും പേരുകൾ. പെരുമ്പൻകുത്ത്, നക്ഷത്രക്കുത്ത് (പാമ്പുംകയം), ചിന്നാർകുത്ത്, കിളിക്കല്ല്കുത്ത്, കോഴിവാലൻകുത്ത്, വിരിപാറ, എന്നിവിടങ്ങളിൽ ചെറുതും വലുതുമായ ജലപാതങ്ങളുണ്ട്. മാങ്കുളം ആറ്, നല്ലതണ്ണിയാറ്, ഈറ്റച്ചോലയാറ് എന്നിവയാണ് മാങ്കുളത്തെ പ്രധാന നദികൾ.

പെരുമ്പൻകുത്ത് വെള്ളച്ചാട്ടം ഒരു വിദൂര ദൃശ്യം

സ്വന്തമായി വിദ്യുച്ഛക്തി ഉൽപാദിപ്പിച്ച് ഇലക്ട്രിസിറ്റി വകുപ്പിന് വിൽപ്പന നടത്തുന്ന കേരളത്തിലെ ആദ്യത്തെ സ്ഥലമാണ് സഹ്യന്‍റെ മടിത്തട്ടിലുള്ള ഈ ഗ്രാമം. നക്ഷത്രക്കുത്തിലെ പാമ്പുംകയം വെള്ളച്ചാട്ടത്തിൽ നിന്നാണ് വൈദ്യുതിയുണ്ടാക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ വ്യാവസായിക വികസന സംഘടനയായ (UNIDO) സഹായത്തോടെയാണ് 55 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുതകുന്ന രണ്ടു ടർബൈനുകൾ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. മാങ്കുളം പഞ്ചായത്തിലെ ചുരുങ്ങിയത് ആറു വെള്ളച്ചാട്ടങ്ങളിൽ നിന്നെങ്കിലും ഇതുപോലെ വൈദ്യുതി ഉണ്ടാക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

എലഫ്ൻ​റ്​ കോർട്ടിയാർഡിന് പിന്നിലെ ഈറ്റച്ചോലയാർ

100 വർഷത്തെ കുടിയേറ്റ ചരിത്രമുള്ള മാങ്കുളം ഗ്രാമത്തിലെ 99% ആളുകളും ഉപജീവനത്തിനായി കാർഷിക വൃത്തിയെ ആശ്രയിക്കുന്നവരാണ്. റബർ, കൊക്കോ, കവുങ്ങ്, ഏലം, ജാതി, തേയില, കാപ്പി, കുരുമുളക് എന്നിവക്ക്​ പുറമെ മരച്ചീനിയും നെല്ലും വാഴയും ചേമ്പും ചേനയുമെല്ലാം മുടങ്ങാതെ കൃഷിചെയ്​​ത്​ ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിലും ഒരുപരിധിവരെ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട് മാങ്കുളത്തുകാർ.

പ്രകൃതിയുമായി ഏറ്റവും അടുത്തിടപഴകി ജീവിക്കുന്ന മുതുവാൻ, മണ്ണാൻ വിഭാഗത്തിലുള്ള വനവാസികളാണ് ഇവിടെ കൂടുതലും കാണപ്പെടുന്നത്. അവർ ജനസംഖ്യയുടെ ഏതാണ്ട് നാലിലൊന്ന് വരും. വനവിഭവങ്ങൾ ശേഖരിച്ച് നാട്ടുചന്തകളിൽ വിറ്റും മരച്ചീനി, ചേമ്പ്, ചേന, തിന, ചോളം, തുവര കൃഷിചെയ്തും അവർ ജീവിതത്തിന് താളം കണ്ടെത്തിയിട്ടുണ്ട്. 3000 കൊല്ലം പഴക്കമുള്ളതെന്നു കരുതപ്പെടുന്ന എഴുത്തളങ്ങളും ചരിത്രമുറങ്ങുന്ന മുനിയറകളും ഇവിടെ കാണാം.

നല്ലതണ്ണിയാറി​െൻറ തീരം തേടി

നല്ലതണ്ണിയാറ്റിലെ നീരാട്ട്​

പിറ്റേന്ന്​ രാവിലെ 'എലഫന്‍റ് കോർട്ടിയാർഡി'ലേക്ക്​ പ്രമോദ് കട്ടനുമായി വന്നു വിളിച്ചുണർത്തി. ആനക്കുളത്തെ ആദ്യത്തെ പുലരി. ഹോം സ്റ്റേയുടെ പിന്നിലൂടെ, കമ്പിവേലിയുടെ തൊട്ടപ്പുറത്തായി, ഈറ്റച്ചോലയാർ ഒഴുകുന്നുണ്ട്. വെള്ളം കുറവാണ്. അതിന്‍റെ ഓരംചേർന്ന് അൽപ്പദൂരം നടന്നാൽ നല്ലതണ്ണിയാറിന്‍റെ തീരത്തണയാം. പ്രമോദ് ഞങ്ങളെ പുഴയോരത്തേക്ക് നയിച്ചു. പ്ലസ് ടുവിന് പഠിക്കുന്ന പ്രമോദിന്‍റെ അനിയൻ സേതു സദാസമയവും കൂട്ടിനുണ്ട്.

ജലനിരപ്പ് താഴ്ന്നതിനാൽ രണ്ടു നദികളിലേയും പാറക്കെട്ടുകൾ ഉയർന്നു കാണാം. ഒഴുക്കു കുറഞ്ഞ, വഴുക്കലില്ലാത്ത സ്ഥലത്ത് ഞങ്ങൾ നീരാട്ടിനിറങ്ങി. നദീതീരവാസിയായ കവി സമദ് ആറ്റിൽ നീന്തിത്തിമിർത്തു. കൂട്ടിന് ഹുസൈനും. കെ.പി.എ സമദ് ജലപ്പരപ്പിന്​ മുകളിൽ യോഗനിദ്ര പൂണ്ടു. നീന്തലറിയാത്ത ജോയിയും ഞാനുമാകട്ടെ പാറക്കെട്ടുകൾക്കിടയിൽ കുത്തൊഴുക്കില്ലാത്ത സുരക്ഷിതസ്ഥാനം തേടിയിറങ്ങി. നല്ലതണ്ണിയാറിലെ കുളിരേകുന്ന തെളിനീർക്കണങ്ങൾ മേനിയെ തഴുകിത്തലോടിയപ്പോൾ തലേന്നത്തെ ദീർഘയാത്ര നൽകിയ ക്ഷീണവും ആലസ്യവുമെല്ലാം വിട്ടകന്നു.

നല്ലതണ്ണിയാറ്റിലെ നീരാട്ട്​

തൊട്ടടുത്ത വീട്ടിൽനിന്നുമുണ്ടാക്കി കൊണ്ടുവന്ന പ്രാതൽ കഴിച്ച് ഞങ്ങൾ ജീപ്പ് സഫാരിക്കിറങ്ങി. മാങ്കുളത്തു നിന്ന് ആനക്കുളത്തേക്ക് നേരത്തെയുണ്ടായിരുന്ന ബസ് സർവിസ് 2020ലെ ലോക്ഡൗണിനു ശേഷം നിലച്ചിരിക്കുന്നു. നാട്ടുകാർ ആശ്രയിക്കുന്ന പ്രധാനവാഹനം ജീപ്പാണ്. രമണീയമായ ഗ്രാമക്കാഴ്ചകൾ കണ്ടുകണ്ടാണ് യാത്ര.

'കുവൈറ്റ് സിറ്റി'യിലെത്തുന്നതിനു മുന്നേയാണ് കോഴിവിളക്കുത്ത് വെള്ളച്ചാട്ടം. ഒരു ചെറിയ ഓവുപാലത്തിനടുത്ത് ഡ്രൈവർ വണ്ടി നിർത്തി. 200 അടി ഉയരത്തിൽനിന്നാണ് ഈ ജലപാതം. രജതകാന്തിയെഴുന്ന മൂന്നു ജലധാരകൾ അവിടെ കാണാം. അതിനും മുകളിലാണ് ആദിവാസികൾ വസിക്കുന്ന കോഴിവിളക്കുടി. താഴെ ഓവുപാലത്തിന്‍റെ വലതുവശത്തായി ഒരു ചെറിയ ചെക്ഡാമുണ്ട്.

കോഴിവിളക്കുത്ത് വെള്ളച്ചാട്ടം വിദൂര ദൃശ്യം

മാങ്കുളം-ആനക്കുളം റൂട്ടിലാണ് പെരുമ്പൻകുത്ത്. ഇവിടെനിന്ന് വലതു വശത്തേക്കു തിരിഞ്ഞാൽ ആനക്കുളത്തേക്കുള്ള പാത നീളുന്നു. നേരെ പോയാൽ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനടുത്തെത്താം. വണ്ടിയിറങ്ങി ഒരു ചെറുവഴി താണ്ടിയാൽ, വിരിപാറയിലൂടെ കടന്നുവരുന്ന നീരൊഴുക്കിനടുത്തെത്തും.

കൽച്ചിറപോലെ തോന്നിക്കുന്ന വലിയൊരു പാറയിലൂടെയുള്ള ജലപാതം വിശാലമായ പാറപ്പുറത്തേക്ക് ആരവത്തോടെ വന്നുവീഴുന്നു. പിന്നെ 250 അടി താഴ്ചയുള്ള വലിയ ഗർത്തത്തിലേക്ക് നിപതിക്കുന്നു. യാതൊരു സുരക്ഷാവേലികളും ഇല്ലാത്തതിനാൽ സഞ്ചാരികളുടെ അശ്രദ്ധ അപകടം വിളിച്ചുവരുത്തുമെന്നുറപ്പാണ്. ഫോട്ടൊ പകർത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ശ്രദ്ധാപൂർവം വീക്ഷിച്ചും അപ്പപ്പോള്‍ മുന്നറിയിപ്പുകൾ നൽകിയും പ്രമോദും സേതുവും വിടാതെ ഒപ്പമുണ്ട്.

പെരുമ്പൻകുത്ത് വെള്ളച്ചാട്ടം

മാങ്കുളത്തുനിന്ന് 6 കിലോമീറ്റർ പിന്നിട്ടാൽ നാമെത്തിച്ചേരുന്ന അമ്പതാം മൈലിലെ 33 വെള്ളച്ചാട്ടമാണ് വളരെയേറെ ആകർഷകമായി ഞങ്ങൾക്കനുഭവപ്പെട്ടത്. അഞ്ചാറുതട്ടുകള്‍ കടന്നാണ് ഇവിടുത്തെ ജലപ്രവാഹം താഴേക്കെത്തുന്നത്. ഫോട്ടോ സെഷൻ കഴിഞ്ഞപ്പോൾ എല്ലാവരും സ്നാന സന്നദ്ധരായി പാറക്കെട്ടുകളിൽ വലിഞ്ഞുകേറി.

ഊക്കോടെ തലയിലേക്കു പെയിതിറങ്ങി, മേനിയെയൊന്നാകെ പുൽകിത്തഴുകിയുണര്‍ത്തി നീർപ്പളുങ്കുമണികൾ ഒന്നൊന്നായി ഊർന്നുവീഴുമ്പോൾ ഒരു ജലചികിത്സയിലൂടെയുള്ള സൗഖ്യം നാമനുഭവിക്കുന്നു, കാനനയാത്രയുടെ സാഫല്യം നമ്മുടെയുള്ളിൽ നിറയുന്നു.

അമ്പതാം മൈലിലെ 33 വെള്ളച്ചാട്ടം

മലകളാൽ ചുറ്റപ്പെട്ട്, പച്ചപ്പട്ടുടയാട ചാർത്തിനിൽക്കുന്ന മാങ്കുളമെന്ന സുന്ദരപ്രകൃതിയെ തിരിച്ചുപോരുമ്പോൾ നമുക്ക് കൂടെക്കൂട്ടാതിരിക്കാനാവില്ല. അവൾ കാലിലണിഞ്ഞ, കാട്ടുചോലകളാകുന്ന ചിലങ്കയുടെ കിലുക്കങ്ങൾ നമ്മുടെ കാതിൽ വന്നു നിറയാതിരിക്കില്ല.

ഉന്നതശീർഷരായി നിൽക്കുന്ന മലമടക്കുകളെയൊന്നാടെ വെള്ളിയരഞ്ഞാണമണിയിക്കുന്ന നീർച്ചാലുകളുടെ അനുപമ മോഹനദൃശ്യങ്ങൾ കണ്ണിൽ എന്നും ഒളിപകരാതിരിക്കില്ല. മധുരം നിറച്ചൊഴുകുന്ന തേനരുവികളുടെ സ്വാദാവട്ടെ, നാവിൻതുമ്പിലെന്നും തുളുമ്പി നിൽക്കാതിരിക്കില്ല.

പ്രമോദിനും സേതുവിനുമൊപ്പം


Tags:    
News Summary - A forest trek to Mankulam which is full of rural beauty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.