അഗത്തി വിമാനത്താവളത്തിലേക്ക് ചാഞ്ഞിറങ്ങുന്ന വിമാനത്തിന്റെ ചില്ല് ജാലകത്തിലൂടെ നോക്കുമ്പോൾ കടൽത്തിരകൾ സ്വാഗതം ചെയ്യുന്നപോലെ തോന്നി. അങ്ങനെയൊരു കടൽക്കാഴ്ച ആദ്യമായിരുന്നു. ഏറെ കാലമായി മനസ്സിലിട്ടു നടന്ന ലക്ഷദ്വീപ് യാത്ര പലവട്ടം വഴുതിപ്പോയതാണ്. ഇക്കുറി അത് യാഥാർഥ്യമായതിന്റെ സന്തോഷമുണ്ട്. അതിന് കാരണക്കാരിയായത് പ്രിയപ്പെട്ട സ്മിത അലിയാറായിയിരുന്നു. സ്മിത ചേച്ചിയിൽ നിന്ന് ദിൽഷാദിലേക്ക്, ദിൽഷാദിൽ നിന്ന് ലക്ഷദ്വീപിലേക്ക്.
ഫ്ലൈറ്റ് ടിക്കറ്റ്, ലക്ഷദ്വീപ് പെർമിറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, കാലാവസ്ഥ പ്രശ്നങ്ങൾ എല്ലാം ഒത്തിണങ്ങിയാൽ മാത്രം യാത്ര ചെയ്യാൻ പറ്റാവുന്ന സ്ഥലം. എല്ലാം ഒത്തുവന്നിട്ടും പെർമിറ്റ് മാത്രം കിട്ടാതായപ്പോൾ ഇത്തവണയും വഴുതി എന്നു തന്നെ കരുതി. ഒടുവിൽ കവരത്തിക്ക് പെർമിറ്റ് കിട്ടി. പക്ഷേ അവിടെ കപ്പൽ ലഭ്യമല്ല. ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയതാകട്ടെ അഗത്തിക്ക്. അവിടെ പെർമിറ്റ് ശരിയായില്ല. എല്ലാം കടന്ന് ഞങ്ങൾ 15 പേർക്കുള്ള പെർമിറ്റും ടിക്കറ്റുമൊക്കെ ശരിയായി. ലക്ഷദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാവരും നേരിടുന്ന കടമ്പയാണിത്. ഒടുവിൽ പോകാനുള്ള തിയതി എത്തി.
ഫ്ലൈറ്റ് രാവിലെ ആയതുകൊണ്ട് വയനാട്ടിൽ നിന്നുള്ള ഞങ്ങൾ തലേന്നുതന്നെ വണ്ടികയറി. വയനാട്ടിൽ നിന്ന് ഞാനും സുരേഷേട്ടനും, സിന്ധു ചേച്ചിയും, പ്രസിയും പ്രിയപ്പെട്ട മേരിക്കുട്ടി അമ്മച്ചിയും ഒരു ബസിൽ. സന്തോഷ് മാഷും സുജ ചേച്ചിയും മറ്റൊരു ബസിൽ കോഴിക്കോട് നിന്ന് ജനിഷയും. എറണാകുളത്തേക്കുള്ള റെയിൽവേ ടിക്കറ്റ് ജനിഷയാണ് ബുക്ക് ചെയ്തത്. എറണാകുളം പത്തടിപ്പാലത്തിന് സമീപമുള്ള പി.ഡബ്യു.ഡി റസ്റ്റ് ഹൗസിൽ നേരത്തെ റൂം ബുക്ക് ചെയ്തിരുന്നു. രാവിലെ എയർപോർട്ടിലേക്ക് പോകാൻ രണ്ട് കാർ ഏർപ്പാടാക്കി. അങ്ങനെ ഇതുവരെ കേട്ടറിവു മാത്രമുള്ള ദ്വീപിന്റെ ദൃശ്യങ്ങൾ സ്വപ്നം കണ്ട് ഉറങ്ങി.
രാവിലെ എയർപോർട്ടിലെത്തുമ്പോൾ പരിചിതരും അപരിചിതരുമായ മുഖങ്ങൾ. യാത്രയ്ക്കുവേണ്ടി മുൻകൂട്ടി ഉണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പലരെയും പരിചയപ്പെട്ടിരുന്നു. ആഘോഷത്തോടെ ലക്ഷദ്വീപിലേക്കുള്ള കുഞ്ഞു വിമാനത്തിൽ ഞങ്ങൾ കയറി. മേഘപാളികൾക്കിടയിലേക്ക് ഞങ്ങളുമായി വിമാനം പറന്നുയരുമ്പോൾ ജനലരികിലിരുന്ന് അമ്മച്ചി കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു. സാധാരണ ഫ്ലൈറ്റിൽ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ അനുവദിക്കാറില്ല. പക്ഷേ, ആ ഫ്ലൈറ്റ് ഒരു വീടാക്കി വീട്ടിൽ നിന്ന് കൊണ്ടുവന്ന പല സാധനങ്ങളും ഷെയർ ചെയ്തു കഴിച്ചു. ഒരു മണിക്കൂർ കഴിഞ്ഞുകാണും, ക്യാപ്റ്റന്റെ ശബ്ദം സ്പീക്കറിലൂടെ ഒഴുകി.
സ്വപ്നത്തിലെ ദ്വീപ്
ദ്വീപിന്റെ ഭരണം നടത്തുന്ന അഡ്മിനിസ്ട്രേറ്റർ വരുന്നതുകൊണ്ട് സെക്യൂരിറ്റി ചെക്കിങ് കൂടുതലായിരുന്നു. അഗത്തി എയർപോർട്ടിൽ നിന്ന് പുറത്തെത്തുമ്പോൾ തന്നെ ഞങ്ങൾക്ക് റൂമിലേക്ക് പോകാനുള്ള വാഹനങ്ങൾ തയാറായി. കുഞ്ഞു റോഡുകൾ, ഇരു വശങ്ങളിലും തെങ്ങിൻതോപ്പുകൾ. അതിനുമപ്പുറം നീലക്കടൽ ഞങ്ങളെ കാത്തുകിടക്കുന്നു. ‘ഫോട്ടോയെടുത്തു മരിക്കൂലോ ഈശ്വരാ’ എന്ന് കൂട്ടത്തിലാരോ പറയുന്നുണ്ടായിരുന്നു.
റൂമിലെത്തുമ്പോൾ ഞങ്ങളെയും കാത്ത് ഗൈഡ് അബു ഉണ്ടായിരുന്നു. വെൽക്കം ഡ്രിങ്കായി അബു കരിക്കിൻവെള്ളം തന്നു. ഒരു കുഞ്ഞു വീട്. ഏഴു മുറികൾ. ബീച്ചിലേക്ക് ഒരു അഞ്ച് മിനിറ്റ് നടക്കാനേയുള്ളൂ. ബീച്ചിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ ദിവസങ്ങളിൽ എന്തൊക്കെ ആക്ടിവിറ്റികൾ നമ്മൾ ചെയ്യുന്നുണ്ടെന്നും അബു പറഞ്ഞുതന്നു. ബീച്ചിൽ നമ്മൾ ഏതുസമയം പോയാലും യാതൊരു തടസ്സങ്ങളും ഇല്ല. വേണമെങ്കിൽ രാത്രി മുഴുവൻ അവിടെ കിടന്നുറങ്ങാം.
ഉച്ചഭക്ഷണം ലക്ഷദ്വീപ് സ്പെഷ്യലായിരുന്നു. പക്ഷേ, പലർക്കും അത് അത്ര ഇഷ്ടായില്ല. ലക്ഷദ്വീപിൽ പോയിട്ട് വേണം മീൻ തിന്നു മരിക്കണമെന്ന് പറഞ്ഞ മാഷ് നിരാശനായി. നമ്മൾ വിചാരിച്ചതു പോലെ ദ്വീപിൽ ചെറുമീനുകൾ കിട്ടിയില്ല. എല്ലാം വലിയ മീനുകൾ. നന്നായി റസ്റ്റ് എടുത്ത് നാലുമണി ആകുമ്പോഴേക്കും കറങ്ങാൻ പോകാൻ റെഡി ആയിക്കോളാൻ അബു വന്നു പറഞ്ഞു.
കടലേ... നീലക്കടലേ...
കഥകളിൽ കേട്ട പവിഴ മുത്തുകളും ഡിസ്കവറി ചാനലുകളിൽ കണ്ട പവിഴപ്പുറ്റുമെല്ലാം കാണാൻ ആഴങ്ങളിലൊന്നും പോവേണ്ട, തീരത്ത് നിന്ന് നോക്കിയാൽ തൊട്ടടുത്തുകാണാം. അത്രയ്ക്കു തെളിച്ചമുള്ള കടൽ. ബീച്ചിലേക്ക് നടക്കുന്ന വഴിയരികിൽ കണ്ടവരൊക്കെ പണ്ടെങ്ങോ പരിചയമുള്ളതുപോലെ ചിരിക്കുന്നു. സംസാരിക്കുന്നു, അന്യത്വം തോന്നാത്ത ഇടം. ചേർത്ത് നിർത്തുന്ന പച്ചയായ മനുഷ്യർ. ഈ മനുഷ്യരെക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ വാക്കുകൾ മതിയാകാതെ വരും. ഡോർ തുറന്നിട്ടിട്ട് പോകാം, മൊബൈൽ ഫോണും മാലയും ബീച്ച് സൈഡിൽ വെച്ചിട്ട് പോകാം. ഒരാളും തൊടില്ല. ബൈബിളിൽ ഒരു വാക്യമുണ്ട്. ‘നിന്റെ സമ്പാദ്യം എവിടെയാണോ അവിടെയായിരിക്കും നിന്റെ മനസ്സും’- ലക്ഷദ്വീപിൽ പോയാൽ സമ്പാദ്യത്തെക്കുറിച്ച് ഓർമിക്കേണ്ട ആവശ്യമില്ല. ആരും കൊണ്ടുപോകില്ല.
വെള്ളത്തിൽ ഇറങ്ങുന്നതിനുള്ള ഡ്രസ്സും മറ്റും കരുതി കയാക്കിങ് ചെയ്യുന്നതിനും സ്‌നോര്‍ക്കലിംഗ് പ്രാക്ടീസ് ചെയ്യുന്നതിനായി മറ്റൊരു ബീച്ചിലേക്ക്. അവിടെ ഞങ്ങളെ കാത്ത് ഉലു, ഇങ്ക, ബാബു എല്ലാരും ഉണ്ടായിരുന്നു. അവരുടെ ഭാഷയായ ജസരിയിൽ സംസാരിക്കുമ്പോൾ പെട്ടന്ന് പിടുത്തം കിട്ടില്ല. മലയാളത്തിൽ കാണുന്നില്ല , വരില്ല എന്നൊക്കെ പറയുമ്പോൾ ജസരിയിൽ കാണേല, ബരേല എന്നൊക്കെയാണ് ഉപയോഗം.
കൂട്ടത്തിൽ ചിലർ അനായാസം കയാക്കിങ് നടത്തി. മറ്റു ചിലർ പേടിച്ചു നിന്നു. ഭയപ്പെടുത്താതെ ഞങ്ങളെ തലോടിനിന്ന കടലിനെ അറിഞ്ഞ് സന്ധ്യക്ക് തിരികെ റൂമിലെത്തി. നമ്മൾക്കു മാത്രമായി ഒരു ബീച്ച്, ഒരു കടൽ. റൂമിലേക്ക് തിരികെ നടക്കുമ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വലിയ മീനുകൾ നിവർത്തിവെച്ച് എല്ലാവരും ഫോട്ടോയെടുത്തു. കടലിലെ അർമാദത്തിന്റെ ക്ഷീണമാവാം കിടന്നതേ ഓർമയുള്ളു. പുലർച്ചെ പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് എല്ലാവരും ഉണർന്നത്.
ഇവിടുത്തെ പ്രഭാതം ഇങ്ങനെയാണ്
രാവിലെ എണീറ്റ് നടക്കാനിറങ്ങിയപ്പോൾ തെങ്ങോലക്കീറുകൾക്കിടയിലൂടെ സൂര്യൻ സ്വർണം അരിച്ചിറക്കുന്നു. വഴിയരികൾ കണ്ടവരോടൊക്കെ വിശേഷം പറഞ്ഞു. ചിലരുടെ ഫോട്ടോയെടുത്തു തിരികെ റൂമിലേക്ക്. തിരികെ ചെന്നപ്പോഴും എല്ലാവരും എഴുന്നേറ്റിട്ടില്ല . അപ്പോഴേക്കും അബു ചായ കൊണ്ട് എത്തിയിരുന്നു. പിന്നെ ഓരോരുത്തരായി ചായകുടിച്ച് ഭക്ഷണം കഴിച്ച് സ്‌നോര്‍ക്കലിംങ്ങിന് പോവാനുള്ള ഒരുക്കത്തിലായി. സ്‌നോര്‍ക്കലിങ്ങിന് മുമ്പായി അബു നല്ല കിടിലൻ നീര കൊണ്ടുവന്നു. ആദ്യം വേണ്ട എന്ന് പറഞ്ഞവരൊക്കെ മത്സരിച്ചു കഴിച്ചു. പിന്നെ നേരെ ബീച്ചിലൂടെ നടന്നു സ്‌നോര്‍ക്കലിങ്ങിനുള്ള ട്രെയിനിങ് തലേദിവസം കിട്ടിയതുകൊണ്ട് ബോട്ട് വരേണ്ട താമസം മാത്രം. വെള്ളത്തിന്റെ ഓളത്തിൽ കടലിൽ കിടന്ന ഒരു കുഞ്ഞു ബോട്ട് സിന്ധു ചേച്ചിയും ജിനിഷയും കൂടി തള്ളിപ്പിടിച്ചു കൊണ്ടുവന്നു. പിന്നെ അതിലായി യാത്ര. ഓളപ്പരപ്പുകൾ താണ്ടി നീലാശയത്തിലൂടെ കുഞ്ഞു ബോട്ട് പാഞ്ഞു പോകുമ്പോൾ അടിയിലൂടെ ഒഴുകി നടക്കുന്ന മത്സ്യങ്ങളും, ആമകളും പവിഴപ്പുറ്റുകളും അതിശയലോകങ്ങൾ കാട്ടിത്തന്നു. നമ്മുടെ ടീമിന് അനുവദിച്ച സ്ഥലത്ത് നങ്കൂരമിട്ടു. ഓരോരുത്തരായി വെള്ളത്തിനടിയിലേക്ക്. തിരികെ കയറിവന്ന അനുവിന്റെ വിവരണം ബോട്ടിൽ നിന്നവരെ വെള്ളത്തിൽ ചാടാൻ കൂടുതൽ പ്രേരിപ്പിച്ചു. പിന്നെ എല്ലാവരും കൂടി കടലിന്റെ മടിത്തട്ടിൽ തൊട്ട് കടൽ മുത്തും, നിറങ്ങളിൽ മത്സരിക്കുന്ന മത്സ്യങ്ങളെയും പവിഴപ്പുറ്റുകളെയും തൊട്ടു തഴുകി വന്നു.
വൈകുന്നേരം ആയപ്പോൾ മ്യൂസിയവും, ലഗൂൺ ബീച്ചും അന്താൻ ബീച്ചും കണ്ട് എല്ലാരും റൂമിലേക്ക് പോയി. അപ്പോൾ ഞങ്ങളുടെ ഡ്രൈവർ ഒരു കാര്യം കാണിക്കാം എന്ന് പറഞ്ഞു ബീച്ചിലേക്ക് കൊണ്ടുപോയി. നീല ഫ്ലൂറസെന്റ് നിറത്തിൽ തിരമാലകൾ വെട്ടിത്തിളങ്ങുന്ന അതിശയം. വാരിയെടുക്കു കൈകളിലും തിളക്കം.
എല്ലാവരും ഉറങ്ങാൻ പോയപ്പോൾ ദിവ്യക്കും പ്രസിക്കും ജനിഷക്കും കാവ്യക്കും രാത്രി ബീച്ചിൽ പോകണമെന്ന് ആഗ്രഹം. ബ്ലൂടൂത്ത് സ്പീക്കറുമെടുത്ത് ബീച്ചിലേക്ക്. കുറേനേരം കഥയും പാട്ടും ഒക്കെ കേട്ട് അവിടെ സമയം ചെലവഴിച്ചു ഞങ്ങളിരുന്ന സ്ഥലത്ത് വെള്ളം കയറിയപ്പോൾ ബീച്ചിനോട് സലാം പറഞ്ഞ് വീണ്ടും റൂമിലേക്ക്.
കടലാഴങ്ങളിലെ വിസ്മയം
പിറ്റേന്ന് രാവിലെ കടൽ പേടിയില്ലാത്തവരെയും കൂട്ടി ഞങ്ങൾ കുറച്ചു പേര് വളരെ നേരത്തെ മീൻ പിടിക്കുന്നതിനായി ഉൾക്കടലിലേക്ക് പോയി. അവിടെനിന്നും കിട്ടിയ മീൻ അവിടെ നിന്നു തന്നെ വേവിച്ച് കഴിച്ച് കട്ടൻ ചായയും കുടിച്ച് തിരികെ വന്നു. തിരികെ വരുന്ന വഴി പരിചയക്കാരനായ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഹംദുല്ല സയീദ്നെ കണ്ടു.
സ്‌കൂബ ചെയ്യാൻ പോകുന്ന ത്രില്ലിൽ എല്ലാവരും വാഹനങ്ങളിലേക്ക്. സ്നോർക്‌ലിങ്ങിനിറങ്ങിയത് കൊണ്ട് സ്‌കൂബ ചെയ്യാൻ ബുദ്ധിമുണ്ടായിരുന്നില്ല. എങ്കിലും അവരുടെ പ്രാഥമിക ക്ലാസിന് ശേഷം കടലിലേക്ക്. ഞങ്ങളെ കാത്ത് സബു, അയൂബ്, മാളവിക, അഫ്രീദ്, ഹാജ എല്ലാരും റെഡിയായി നിൽപുണ്ടായിരുന്നു. നീന്തലറിയേണ്ട; ആഴക്കടലിലെ അദ്ഭുതങ്ങൾ തേടിയൊരു യാത്ര.
കടലാഴങ്ങളിലെ പവിഴപ്പുറ്റുകളും വിവിധ നിറങ്ങളിലുള്ള ചെറുചെടികളും മത്സ്യങ്ങളും കൗതുകം ഉണർത്തുന്ന പുതുപുത്തൻ കാഴ്ച. പവിഴപ്പുറ്റുകളുടെയും വർണമത്സ്യങ്ങളുടെയും ബഹുനിറ സസ്യങ്ങളുടെയും കാഴ്ചകളെ ഏറ്റവും മനോഹരമായി തൊട്ടറിഞ്ഞു.
ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും കാഴ്ചകളുടെ ലോകത്തേക്ക്. ഗ്ലാസ് ബോട്ടം ബോട്ടിൽ റൈഡ്. സ്ഫടിക നിർമിതമായ ബോട്ടിലിരുന്ന് തന്നെ വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാം വലിയ ആമകളും മീനുകളും പവിഴപ്പുറ്റ് എല്ലാം കാണാം. കിലോമീറ്റർ താണ്ടി മറ്റൊരു ദ്വീപായ അഗത്തി കൽപെട്ടി ദ്വീപിലേക്ക്. ആൾതാമസമില്ലാത്ത ഈ ദ്വീപിന് ഒരുപാട് ചരിത്രം പറയാനുണ്ട്. ഇവിടെയുള്ള ബി കുഞ്ഞിബി പാറയ്ക്ക് വലിയൊരു ചരിത്രമുണ്ട്. ഒരു സ്ത്രീയുടെ സഹനത്തിന്റെ ചരിത്രം. ദ്വീപുകാർ വിസ്മരിക്കാത്ത ആ ദ്വീപും പാറയും കൗതുകമാണ്. തിരികെ അഗത്തിയിലേക്ക്. ബീച്ചിൽ ഞങ്ങൾക്കായി തയാറാക്കിയ വലിയ ഡിന്നറിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ഫരീദ ഇത്തയുടെ നേതൃത്വത്തിൽ നല്ല കിടിലൻ ഫുഡ്. ആവോളം ആസ്വദിച്ചു കഴിച്ചു. കുറെ നേരം ബീച്ചിൽ ചെലവഴിച്ചു.
നാളെ തിരികെ പോകാനുള്ളതാണ്. പാക്ക് ചെയ്യാനുണ്ട്. ഒരു നല്ല നാടിനോട് നല്ല ദിവസങ്ങളോട് നല്ല കൂട്ടുകളോട് വിടപറയുന്നതിന്റെ വേദന ഞങ്ങൾക്കെല്ലാമുണ്ടായിരുന്നു.
അടുത്ത ദിവസം രാവിലെ എയർപോർട്ടിലേക്ക് പോകുന്നതിനു മുമ്പ് ഭക്ഷണം വെച്ചവർക്കും റൂം ക്ലീൻ ചെയ്തവർക്കും, ഫിഷറീസ് വകുപ്പിൽ ജോലി ചെയ്യുന്ന പ്രിയപ്പെട്ട ഇർഷാദ് ഇക്കാക്കും ദിൽഷാദിനും നിസയ്ക്കും എല്ലാവർക്കും നന്ദി പറഞ്ഞു. കൊച്ചു റൺവേയിലൂടെ വിമാനം പറന്നുയരുമ്പോൾ മനസ്സ് നിറയെ ലക്ഷദ്വീപ് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.