ഉച്ചക്ക് പന്ത്രണ്ടരയോടെ ഞങ്ങള്‍ ഗേര്‍ ദി നോര്‍ദ് സ്റ്റേഷനില്‍ എത്തി. ലണ്ടനില്‍നിന്ന്, ഇംഗ്ലീഷ് ചാനലിനടിയിലൂടെയുള്ള യൂറോസ്റ്റാര്‍ തീവണ്ടിയിലാണ് ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയില്‍ വന്നിറങ്ങിയിരിക്കുന്നത്. കലകളുടെയും പരിഷ്കാരങ്ങളുടെയും നാഗരികതയുടെയും സംസ്കാരങ്ങളുടേയും ഭക്ഷണ വൈവിധ്യത്തിന്റെയും കളിത്തൊട്ടിലായ പാരിസില്‍.
ഈ ഭൂഗോളത്തിലെ ഏറ്റവും പഴക്കമുള്ള രാജ്യങ്ങളിലൊന്നാണ് ഫ്രാന്‍സ്. അത്ലാന്റിക് സമുദ്രവും മെഡിറ്ററേനിയന്‍ കടലും ആല്‍പ്സ് പർവതനിരകളും ചേര്‍ന്ന് ഭൂമിശാസ്ത്രപരമായ മനോഹാരിതകള്‍ കനിഞ്ഞുനല്കിയ നാട്. ജനാധിപത്യത്തിന്റെയും നരവംശ ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടേയും ഉദയസ്ഥാനം.
ഒരു ജനതക്കാകമാനം ജ്ഞാനോദയം നല്കിയ വോള്‍ട്ടയറുടെ നാടാണ് ഫ്രാന്‍സ്. നവതരംഗ സിനിമയുടെ ചക്രവര്‍ത്തി ഴാംങ് ലൂക് ഗൊദാര്‍ദിന്റെ മാത്രമല്ല, സിനിമ സംവിധായകരായ ത്രൂഫോയുടെയും ബ്രസ്സന്റെയും ഷാബ്രോളിന്റെയും ലൂയി ബുനുവലിന്റേയും നാട്. ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസമായ ഴാംങ് പോള്‍ സാര്‍ത്രിന്റെ ജന്മംകൊണ്ട് അനുഗൃഹീത നാട്. പോരാട്ടങ്ങളുടെ തോഴനും യുദ്ധവീരനുമായ നെപ്പോളിയന് ബോണപ്പാര്‍ട്ടിന് പിറവി നല്കിയ ദേശം. കാല്പനിക സാഹിത്യരചനകളിലൂടെ പേരെടുത്ത വിക്ടര്‍ ഹ്യൂഗോയുടെയും തത്ത്വചിന്തകനും എഴുത്തുകാരനുമായ അല്‍ബേര്‍ കാമുവിന്റെയും ചെറുകഥകളുടെ രാജാവായ മോപ്പസാങ്ങിന്റെയും നാടകപ്രതിഭ മോളിയറുടെയും നോവല്‍ സമ്രാട്ട് എമിലി സോളയുടെയും നോവലിസ്റ്റും നാടകകൃത്തുമായ ബല്‍സാക്കിന്റെയും ജന്മഗേഹം. അസ്തിത്വവാദിയും സ്ത്രീപക്ഷവാദിയുമായ സിമോണ്‍ ദി ബുവേയും മദാം ബോവറി എഴുതിയ ഗുസ്താവ് ഫ്ലോബേറും ജനിച്ച് ജീവിച്ചുമരിച്ചതും ഇവിടെത്തന്നെ.
‘ഗേര്‍ ദി നോര്‍ദ്’ യൂറോപ്പിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനാണ്. ഇവിടെ വന്നുപോകുന്ന യാത്രികരുടെ എണ്ണത്തിന്റെ കാര്യമെടുത്താല്‍ ലോകത്തില്‍ മൂന്നാമതാണ് സ്റ്റേഷന്റെ സ്ഥാനം. ഒരുവര്‍ഷം 220 മില്യൻ സഞ്ചാരികളാണ് ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്! ലണ്ടനില്‍നിന്ന് മാത്രമല്ല, ബ്രസല്‍സില്‍നിന്നും ആംസ്റ്റര്‍ഡാമില്‍നിന്നും റോട്ടര്ഡാമില്നിന്നും യൂറോസ്റ്റാര്‍ വണ്ടികള്‍ പാരിസിലെത്തുന്നുണ്ട്. ലണ്ടനിലെ പാന്‍ക്രാസ് സ്റ്റേഷനില്‍വെച്ച് പാസ്പോര്‍ട്ടുള്‍പ്പെടെയുള്ള പരിശോധനകളെല്ലാം കഴിഞ്ഞിരുന്നതിനാല്‍ പാരിസിലിറങ്ങുമ്പോള് മറ്റു നൂലാമാലകള്‍ ഒന്നുമില്ല.
പ്ലാറ്റ്ഫോമില്‍നിന്ന് നേരെ പുറത്തേക്കിറങ്ങി. നഗരത്തിരക്കില്‍ അലിഞ്ഞുചേരുംമുമ്പേ സ്റ്റേഷനു മുന്നിലെ തുറസ്സായ ഇടത്തുനിന്ന് ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍ നോര്‍ദ് സ്റ്റേഷന്റെ മനോഹരമായ മുഖം ആസ്വദിക്കാം. ജർമനിയില്‍ ജനിച്ച ഫ്രഞ്ച് ശില്പി ജാക്വിസ് ഇഗ്നസ് ഹിറ്റൊഫ് ആണ് ഈ നിർമിതിയുടെ ഡിസൈനര്‍. നിയോക്ലാസിക്കല്‍ ശിൽപഭംഗി. പലപല ശില്പികള് കൊത്തിയുണ്ടാക്കിയ 23 സ്ത്രീപ്രതിമകളുടെ സന്നിവേശത്തിലൂടെ ഇവിടം ഒരു ചരിത്ര മ്യൂസിയത്തിന്റെ രൂപഭാവങ്ങള്‍ കൈക്കൊള്ളുന്നു. പാരിസിനെ പ്രതിനിധാനംചെയ്യുന്ന ശില്പമാണ് നടുവില്‍, ഏറ്റവും ഉയരത്തില്‍.
ഫാഷന്‍ നഗരത്തിലെ വഴിയോരങ്ങളിലൂടെ നടക്കുകയാണ് ഞങ്ങള്‍. നേര്‍ത്ത ചാറ്റല്‍ മഴയുണ്ട്. വര്‍ഷം മുഴുവന്‍ ഇടക്കിടെ മഴ കിട്ടുന്ന നഗരം. അത്ര ശക്തമായ മഴയാവില്ലെന്നു മാത്രം. അന്തരീക്ഷത്തിലെ താപനില പിന്നെയും കുറഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര, ലിയോണ്‍ എന്ന ഇറ്റാലിയന്‍ കമ്പനിയുടെ വോള്‍വോ ബസിലാണ്. ഇത്തിരിദൂരം അകലെയായി പാർക്കിങ്ങില്‍ വണ്ടി നിര്‍ത്തിയിട്ട്, ഞങ്ങളുടെ വരവും കാത്തുനിൽപുണ്ട് ഒരാള്‍; ആല്‍ഫ്രെഡോ എന്നു പേരുള്ള ഇറ്റാലിയന്‍ ഡ്രൈവര്‍. പാരിസ് മുതല്‍ ഇറ്റലിയിലെ മിലാന്വരെ നീളുന്ന ഒരു യൂറോപ് റോഡ് സഫാരി ഇവിടെ തുടങ്ങുകയാണ്.
പാരിസിയന്‍ ലഞ്ച് കഴിക്കാനായി മോണ്മാര്ത് ഭാഗത്തുള്ള ഫ്ലഞ്ച് റസ്റ്റാറന്റിലേക്കാണ് പോയത്. നോര്‍ദ് സ്റ്റേഷനില്‍നിന്ന് അധികം അകലെയല്ല നഗരഹൃദയത്തിലുള്ള ഈ ബജറ്റ് ഹോട്ടല്‍. പാരിസ് ഗൈഡ് പാട്രീഷ്യയും ഒപ്പമുണ്ടായിരുന്നു. ഫ്രഞ്ച് അമര കൊത്തിയരിഞ്ഞുണ്ടാക്കിയ അരികോ, ശുദ്ധമായ ഗോതമ്പില്തീര്ത്ത പാസ്ത, മുറിച്ച മാംസക്കഷ്ണങ്ങള്‍ വറുത്തുണ്ടാക്കിയ സ്റ്റിക് ഫ്രിറ്റ്- ഇവയെല്ലാമായിരുന്നു വിഭവങ്ങള്‍. കൂടാതെ ബ്രഡും മുട്ടയും. ആവശ്യക്കാര്‍ക്ക് ഫിഷ് ബര്‍ഗറും ബീഫ് ബര്‍ഗറും ചൂടോടെ ഉണ്ടാക്കിനല്കുന്നുമുണ്ട്. ഭക്ഷണശേഷം അൽപം മധുരവും.
സെയ്ന് നദിയുടെ തീരത്തുദിച്ചുയര്ന്ന സ്വർഗഭൂമിയാണ് പാരിസ്. ഐഫല്‍ ടവറിന്റെയും നോട്ടര്‍ഡാം പള്ളിയുടെയും ലൂവ്ര് മ്യൂസിയത്തിന്റെയും ഗേഹം. പതിനായിരക്കണക്കിനു വൃക്ഷങ്ങളാല്‍ നിബിഡമായ പ്രദേശം. പൂന്തോട്ടങ്ങളുടെ നഗരം. നിർമാണകലാ ചരിത്രത്തിലെതന്നെ മഹാത്ഭുതമാണ് സെയ്ന് നദിയുടെ ഇടത്തേ കരയിലുള്ള ഐഫല്‍ ടവര്‍. 1889ല്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനായി സംഘടിപ്പിച്ച പൊതുപ്രദര്ശനത്തോടൊപ്പം നടത്തിയ മത്സരത്തിലാണ് ഗുസ്താവ് ഐഫല്‍ സമര്‍പ്പിച്ച ടവറിന്റെ മാതൃക അംഗീകരിക്കപ്പെട്ടത്. ഗിസയിലെ പിരമിഡിന്റെയും റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ താഴികക്കുടത്തിന്റെയും ഇരട്ടിയാണ് ഐഫല്‍ ടവറിന്റെ ഉയരം. ഇതര പൗരാണിക സ്മാരകങ്ങളില്‍നിന്ന് വിഭിന്നമായി താരതമ്യേന വളരെക്കുറഞ്ഞ പണവും മനുഷ്യാധ്വാനവും ചെലവഴിച്ച്, വെറും രണ്ടു വര്‍ഷവും രണ്ടു മാസവുമെടുത്ത് ടവര്‍ സ്ഥാപിക്കാനായത് ഗുസ്താവ് ഐഫലിന്റെ സിവില്‍ എന്‍ജിനീയറിങ് വൈഭവം ഒന്നുകൊണ്ടു മാത്രമാണ്.
പാരിസ് നഗരപ്രദക്ഷിണം കഴിഞ്ഞ് ഐഫല്‍ ടവറിനു മുന്നിലെത്തുമ്പോള്‍ ഉച്ചയായി. മാനം മേഘാവൃതമാണ്. മഴച്ചാറ്റല്‍ നിലച്ചിട്ടില്ല. ഞങ്ങള്‍ക്കുള്ള ടിക്കറ്റുമായി അനില്‍ എത്തുന്നതുവരെ മഴയില്‍നിന്ന് രക്ഷനേടാനായി എസ്പ്നേഡില് (ടവറിന്റെ അടിഭാഗം) അഭയംതേടി. ഇവിടെ നില്‍ക്കുമ്പോഴാണ് അടിത്തട്ടിന്റെ വിസ്തൃതിയും വ്യാപ്തിയും നാം തിരിച്ചറിയുക. നാലു ദിക്കുകളില്‍, അതിബൃഹത്തായ നാല് ഇരുമ്പു കാലുകളിലാണ് ഐഫല്‍ ടവര്‍ ആകാശക്കോട്ടപോലെ ഉയര്ന്നുനില്ക്കുന്നത്. അതിനടിയില്‍നിന്ന് തലപൊക്കിനോക്കിയാല് ആയിരം അടിയോളം മുകളിലേക്കുള്ള സങ്കീര്‍ണമായ വിസ്മയദൃശ്യങ്ങള്‍ കണ്ണുകളില്‍ നിറയും. ടവറിന്റെ വടക്കേ കാലിനരികില്‍, വെങ്കലത്തില്‍ തീര്‍ത്ത ഗുസ്താവ് ഐഫലിന്റെ ഒരു അർധകായ പ്രതിമ കണ്ടു. കിഴക്കും പടിഞ്ഞാറും തൂണുകള്ക്കരികിലുള്ള ലിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന, നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ഹൈഡ്രോളിക് മെഷിനുകള്‍ അടിത്തറക്കുള്ളിലാണ്. അവ ഇപ്പോഴും പ്രവര്‍ത്തനക്ഷമവുമാണ്. ലഘുഭക്ഷണശാലകളും സുവനീര്‍ ഷോപ്പുകളും എസ്പ്നേഡിലുണ്ട്.
രാവിലെയോ വൈകുന്നേരമോ ഐഫല്‍ ടവറിനുമുകളില്‍ കയറുന്നതാണ് നല്ലത്. ടവര്‍ ലിഫ്റ്റുകളിലേറിയോ അതല്ലെങ്കില്‍ 1665 ചവിട്ടുപടികള്‍ കയറിയോ മുകളിലെത്താം. എസ്പ്നേഡില് ആകെ അഞ്ചു ലിഫ്റ്റുകളുണ്ട്. രാവിലെയാണെങ്കില്‍ തിരക്കു കുറയും. വൈകുന്നേരമാണെങ്കില്‍ പാരിസ് നഗരം വര്‍ണശോഭയില്‍ കുളിച്ചുനില്ക്കുന്നതു കാണാം. ഞങ്ങളെത്തിയത് ഉച്ചയോടെയാണ്. 360 ഡിഗ്രിയിലുള്ള കാഴ്ചകള്‍ കാണാവുന്നതാണ് ലെവല്‍ ഒന്നും രണ്ടും. തൊള്ളായിരത്തിലേറെ അടി ഉയരത്തിലുള്ള, സമ്മിറ്റ് ലെവലിലേക്കുള്ള ടിക്കറ്റിന് കൂടിയ നിരക്കാണ് ഈടാക്കുന്നത്. രണ്ടാംനിലയിലേക്ക്, ലിഫ്റ്റില്‍ കയറിപ്പോകാനുള്ള ടിക്കറ്റുമായാണ് അനില്‍ വന്നത്. നിരീക്ഷണ ഡെക്കുകളും സുവനീര്‍ ഷോപ്പുകളും കഫേകളുമെല്ലാം എല്ലാ നിലയിലുമുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി മുന്‍കൂറായി വാങ്ങുകയാണെങ്കില്‍ തിരക്കും കാത്തുനിൽപും ഒഴിവാക്കാം.
എല്ലാവരും ടവര്‍ എലിവേറ്ററിനരികിലേക്ക് നടക്കുകയാണ്. പാട്രീഷ്യ കൂടെ വരുന്നില്ല. ഐഫല്‍ ടവറില്‍നിന്നുള്ള ആസ്വാദനവേളയില്‍ ഒരു ഗൈഡിന്റെ ആവശ്യമില്ലെന്ന് മറ്റാരേക്കാളും നന്നായി അവര്‍ക്കറിയാമായിരിക്കും. പുറംകാഴ്ചകള്‍ കാണാനാവുംവിധമുള്ള ആ ചില്ലുകൂട്ടില്‍ മുപ്പതോളംപേര്‍ക്ക് സഞ്ചരിക്കാം. ടവറിന്റെ ഉരുക്കുകാലുകള്ക്കിടയിലൂടെ പാരിസ് നഗരവും സെയ്ന് നദിയും മിന്നിമറയുന്നു. പടവുകളിലൂടെ മുകളിലേക്ക് നടന്നുകേറിപ്പോകുന്നവരെയും കാണാം.
ആദ്യ ലെവല്‍ 182 അടി ഉയരത്തിലാണ്. കോണിവഴിയാണെങ്കില് 328 പടവുകള്‍ കേറണം. ചില എലിവേറ്ററുകള്‍ക്ക് ഒന്നാം നിലയില്‍ സ്റ്റോപ്പില്ല. നമ്മളെന്തായാലും അവിടെ ഇറങ്ങുന്നില്ല. കാരണം അവിടെനിന്ന് മുകളിലേക്കുള്ള ലിഫ്റ്റില്‍ കയറാന്‍ പിന്നെയും ക്യൂ നില്ക്കേണ്ടിവരും. വേണമെന്നുണ്ടെങ്കില്‍ മടക്കത്തില്‍ അവിടെയും ഒന്നിറങ്ങിപ്പോരാം. 377 അടി ഉയരെയാണ് രണ്ടാം ലെവല്‍. നടന്നെത്താനാണെങ്കില് 674 പടവുകള്‍.
സമയവും ആരോഗ്യവുമുണ്ടെങ്കില്‍ സ്റ്റെപ്പുകള്‍ കേറിപ്പോകുന്നതും നല്ല ഓപ്ഷനാണ്, പ്രത്യേകിച്ച് രാവിലെയും രാത്രിയിലും. ടിക്കറ്റിനുള്ള ക്യൂ ചെറുതാവും; ഒപ്പം ചെലവും കുറയും. ടവറിന്റെ ഡിസൈന്‍, നിർമാണരീതികള്‍ എന്നിവ കൂടുതല്‍ അടുത്തുനിന്നു കാണാന്‍ അവസരവുമാകും. വേറിട്ട കോണുകളില്‍നിന്നുള്ള അത്യപൂര്‍വമായ ചിത്രങ്ങള്‍ പകര്‍ത്താം, സ്വസ്ഥമായി. ഇടക്കെല്ലാം വിശ്രമിച്ചശേഷമുള്ള ഈ കയറ്റത്തിന് മുക്കാല്‍ മണിക്കൂറോളം സമയം വേണ്ടിവരും.
എന്നാല്‍, ലിഫ്റ്റുകള്‍ വഴി ഐഫല്‍ ടവറിനു മുകളിലേക്കുള്ള സഞ്ചാരം അവാച്യമായ അനുഭവമാണ്. ടവറിന്റെ നിർമാണ കാലഘട്ടത്തില്‍, ഇത്രയും ഉയരമേറാന് ലോകത്ത് മറ്റെങ്ങും എലിവേറ്ററുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അക്കാലത്തെ വലിയൊരു സാങ്കേതികവിപ്ലവമായിരുന്നു അത്. ഇന്നിപ്പോള്‍ യാത്രികര്‍ക്കായി മൂന്ന് എലിവേറ്ററുകള്‍ ഉണ്ട്. പരമാവധി മൂന്നുമിനിറ്റാണ് യാത്രാസമയം.
എലിവേറ്ററില്നിന്ന് പുറത്തെത്തുമ്പോള്‍ അമ്പരപ്പും ആവേശവുമാര്ന്ന പ്രോജ്ജ്വലനിമിഷങ്ങള് പിറക്കുകയായി. നിങ്ങളുടെ അവിശ്വാസം നിറഞ്ഞ കണ്ണുകളെ പാരിസ് അഭിവാദ്യം ചെയ്യുകയാണ്. അന്നുവരെ കാണാത്ത തീരങ്ങളും സംസ്കൃതിയും ജനസഞ്ചയവും ഇതാ മിഴികളില്‍ നിറയുന്നു. തമ്മില്‍ത്തമ്മില്‍ പുണര്‍ന്നും പരിലാളനകളേറ്റുവാങ്ങിയും സെയ്ന് നദിയും നഗരവും ഇഴചേര്ന്നിണചേര്ന്നു കിടപ്പാണ് മുന്നില്‍. വിശ്വോത്തര ‘സ്മാരക’ങ്ങളായ ലൂവ്ര് മ്യൂസിയവും വേഴ്സെലസ് പാലസും നോട്ടര്‍ഡാം കത്തീഡ്രലും ഡിസ്നിലാന്ഡും തിരഞ്ഞുകണ്ടുപിടിക്കാന്‍ ഒബ്സര്‍വേഷന്‍ ഡെസ്കില്‍ സ്ഥാപിച്ച ദൂരദര്ശിനിക്കരികിലേക്ക് നടക്കാം.
വിസ്മയത്തുമ്പത്തുനിന്ന് ഇറങ്ങിപ്പോരാന്‍ കുറെ സമയമെടുത്തു. കാര്‍മുകില്‍ മാലകള്‍ നിറഞ്ഞ ആകാശം ശോകമൂകമാണ്. ഈ തെളിച്ചംകുറഞ്ഞ അന്തരീക്ഷത്തില്‍ നദീപുളിനങ്ങളുടെ വശ്യമനോഹരമായ ചിത്രങ്ങള്‍ക്ക് മിഴിവുണ്ടാകില്ല. എങ്കിലും നിക്കോണ്‍ ഡി.എസ്.എല്‍.ആര് കാമറ കൈയിലെടുത്തു. ഫ്രഞ്ച് രുചികള്‍ നുകരാനുള്ള രണ്ട് റസ്റ്റാറന്റുകള്‍ ഈ നിലയിലുണ്ട്.
905 അടി മുകളിലാണ് സമ്മിറ്റ് ലെവല്‍. അവിടേക്ക് പോകാന്‍ ചവിട്ടുപടികളില്ല; എലിവേറ്ററുകള്‍ മാത്രം. ഗുസ്താവ് ഐഫലിന്റെ ഓഫിസ് അവിടെയാണ്. ‘ഷാംപേയ്ന്‍ ബാര്‍’ ആണ് അവിടത്തെ മറ്റൊരു ആകര്‍ഷണം. ആള്‍ക്കഹോളിന്റെ അംശമില്ലാത്ത ‘മദ്യ’വും ഈ ബാറില്‍ കിട്ടുമത്രേ! സമ്മിറ്റിലേക്കുള്ള ടിക്കറ്റിന് ഡിമാന്‍ഡ് കൂടുതലാണ്. അവ പെട്ടെന്ന് തീര്‍ന്നുപോകുന്നതും പതിവാണ്. സമ്മിറ്റില്‍ കയറി പാരിസിന്റെ ചാരുമനോഹര ദൃശ്യങ്ങള്‍ കാണണമെന്ന് അത്രമേല്‍ മോഹമുണ്ടെങ്കില്‍ രണ്ടാം നിലയിലുള്ള ലാസ്റ്റ് മിനിറ്റ് സമ്മിറ്റ് ടിക്കറ്റ് കൗണ്ടറില്‍ പോയി ഭാഗ്യം പരീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.