രാവിലത്തെ പതിവ് നടത്തം മുടക്കേണ്ടെന്ന് കരുതി, ജാവ ദ്വീപിന്‍റെ കിഴക്കേ അറ്റത്തെ ബന്യൂവാങ്ഗി ടൗണിലെ താമസ സ്ഥലത്തുനിന്ന് പുലർച്ചെ അഞ്ചിന് തന്നെ ഇറങ്ങി. ഹോട്ടലിനു മുമ്പിലെ പ്രധാന പാതയിൽനിന്ന് വീതി കുറഞ്ഞ റോഡിലേക്ക് കയറി. അടുത്തുള്ള ബീച്ചായിരുന്നു ലക്ഷ്യം. കാറുകൾക്ക് വിലക്കുള്ള ഇടുങ്ങിയ ഇടറോഡുകൾ താണ്ടി വഴി വലിയൊരു ഗേറ്റിനു മുമ്പിൽ മുട്ടിനിന്നു. തൊട്ടുപുറകിൽനിന്നു സൈക്കിളിൽ വന്ന യുവാവിനോട് ബീച്ചിലേക്കുള്ള വഴി ചോദിച്ചു. ൈസക്കിളിൽ കെട്ടിവെച്ച തുഴയന്ത്രം കണ്ടപ്പോൾ മൽസ്യത്തൊഴിലാളിയാണെന്ന് മനസ്സിലായി. ഇന്തോനേഷ്യൻ ഭാഷ വശമില്ലാത്തതുകൊണ്ട് 'ബീച്ച്' എന്ന് ഇംഗ്ലീഷിൽ പറഞ്ഞ് ബാക്കി ആംഗ്യത്തിൽ ഒതുക്കുകയായിരുന്നു. ആംഗ്യത്തിൽ തന്നെയായിരുന്നു മറുപടിയും; കൈമലർത്തൽ. പുറകെ ബൈക്കിൽ വന്ന ചെറുപ്പക്കാരനോടും ചോദ്യം ആ വിധത്തിൽ ആവർത്തിച്ചു. അയാളുടെ ബൈക്കിലും മീൻപിടുത്ത ഉപകരണങ്ങൾ കെട്ടിവെച്ചിരുന്നു. മറുപടി അറിയില്ലെന്ന ആംഗ്യം തന്നെ. പിന്നെ അവർ തിരിഞ്ഞുപോയ ഇടവഴിയിലേക്ക് കയറി. കരിമണൽപാകിയ വഴിയിലൂടെ അൽപം നടന്നപ്പോൾ ബീച്ച് പ്രത്യക്ഷപ്പെട്ടു. കരിമേഘങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ പുറപ്പെട്ടു വരുന്നതേയുള്ളൂ. കരിമ്പട്ടു വിരിച്ച തീരം ചവിട്ടി തിരമാലകൾക്കടുത്തെത്തിയപ്പോൾ നേരത്തെ കണ്ട മൽസ്യത്തൊഴിലാളികൾ കടലിൽ ചെറുവള്ളമിറക്കാനുള്ള ശ്രമത്തിലാണ്. ഏതാനും ചെറുപ്പക്കാർ കടൽതീരത്തെ കരിങ്കൽ കെട്ടുകളിൽ കയറി നിന്ന് ചൂണ്ടയിടുന്നുമുണ്ട്. ഇന്തോനേഷ്യക്കാർക്ക് ബീച്ച് 'പന്തായി' (Pantai) ആണെന്ന് പിന്നീടാണ് മനസ്സിലാക്കിയത്.
മടങ്ങുന്ന വഴിയിൽ ഇരുഭാഗത്തും വീടുകളാണ്. അതും താൽകാലിക സ്വാഭാമുള്ളത്. ഇരുനില വീടുകൾ ഇല്ല തന്നെ. ഭൂചലനം, അഗ്നിപർവത സ്ഫോടനം, സൂനാമി തുടങ്ങി നിരന്തരം പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന ഇന്തോനേഷ്യയിൽ, തലസ്ഥാനമായ ജക്കാർത്തയിൽ മാത്രമാണ് വൻകിട കെട്ടിടങ്ങൾ കണ്ടത്. 2004 ഡിസംബർ 26ന് രാവിലെയുണ്ടായ സൂനാമി ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ രാജ്യമാണ് ഇന്തോനേഷ്യ. സുമാത്ര ദ്വീപിൽനിന്ന് 160 കിലോമീറ്റർ അകലെ കടലിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഇന്തോനേഷ്യയടക്കം 14 രാജ്യങ്ങളിലുണ്ടായ കെടുതികളിൽ 2,28,000 പേർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉയർന്ന (15 മുതൽ 30 മീറ്റർ വരെ) ഇന്തോനേഷ്യയിലായിരുന്നു കൂടുതൽ മരണം, 1,67,540 പേർ. സൂനാമിയിൽ 9000 വിദേശ ടൂറിസ്റ്റുകൾക്കും ജീവഹാനിയുണ്ടായി.
ഇന്തോനേഷ്യയിലെ ഒരാഴ്ചത്തെ സന്ദർശത്തിനിടയിൽ ഏറ്റവും പ്രയാസം നേരിട്ടത് അവിടുത്തെ സാധാരണക്കാരുമായി ആശയ വിനിമയം നടത്താനായിരുന്നു. ഇംഗ്ലീഷ് ഭൂരിഭാഗത്തിനും അറിയുകയേ ഇല്ല. എന്നാൽ സാക്ഷരത 96 ശതമാനമാണ്. പ്രാദേശിക ഭാഷയാണല്ലോ സാക്ഷരതക്ക് നിദാനം. കടകളിൽ കയറി സാധനങ്ങൾക്ക് വില ചോദിച്ചാലും കുഴങ്ങും. ഉടനെ മൊബൈലെടുത്ത് അതിൽ കുത്തി വില കാണിച്ചു തരും. കച്ചവടം നടത്തുന്നവരിൽ, പ്രത്യേകിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ, 99 ശതമാനവും സ്ത്രീകളാണ്, നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതു പോലെ. വില പേശൽ നടത്താനും മാർഗമില്ല. ആംഗ്യങ്ങളും പരാജയപ്പെടുേമ്പാൾ ടീം ലീഡർ അജ്മൽ ഗൂഗ്ൾ ട്രാൻസലേറ്ററുമായി രക്ഷക്കെത്തുകയായിരുന്നു പതിവ്.
സാധനങ്ങളുടെ വില നമ്മെ ബോധ്യപ്പെടുത്താൻ അവരും അത് മനസ്സിലാക്കാൻ നമ്മളും പ്രയാസപ്പെടും. ഇന്തോനേഷ്യയിൽ ഷോപ്പിങ് നടത്തണമെങ്കിൽ ചാക്ക് കെട്ട് പണവുമായി പോകണമെന്ന് പറയുന്നതിലെ അതിശയോക്തി അവിടെ എത്തിയപ്പോഴാണ് പിടികിട്ടിയത്. ഇന്ത്യൻ രൂപയെ അപേക്ഷിച്ച് ഇന്തോനേഷ്യൻ 'റുപയ'യുടെ വലിയ തുകക്കുള്ള നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്നതിനാൽ ചാക്കിന്‍റെ ആവശ്യമില്ല. 10,000. 20,000, 50,000, 100,000 എന്നിങ്ങനെയാണ് കറൻസികൾ. 500, 1000 തുടങ്ങിയ തുകക്കുള്ള നാണയങ്ങളുമുണ്ട്. ഏറ്റവും വില കുറഞ്ഞ കറൻസികളിൽ ലോകത്ത് നാലാം സ്ഥാനമാണ് ഇന്തോനേഷ്യൻ റുപയക്കുള്ളത്. ഒരു ഇന്ത്യൻ രൂപക്ക് 195 റുപയയാണ് ഇപ്പോഴത്തെ നിരക്ക്. അതായത് ലക്ഷം റുപയക്ക് ഇന്ത്യക്കാർ 500 രൂപ കൊടുത്താൽ മതിയാവും.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നുള്ള 14 അംഗ സംഘം മേയ് 23ന് പുലർച്ചെയാണ് കൊച്ചിയിൽനിന്നും ക്വാലാലംപൂർ വഴി ബാലിയിലേക്ക് വിമാനം കയറിയത്. ബാലിയടങ്ങുന്ന പതിവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കു പുറമെ ചരിത്രവും ജീവിതവും അടുത്തറിയാനുതകുന്ന യാത്രാ പദ്ധതിയായിരുന്നു യാത്രയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന മുക്കം എം.എ.എം.ഒ കോളജിലെ ചരിത്രാധ്യാപകനായ കൊടിയത്തൂർ സ്വദേശി ഡോ. അജ്മൽ മുഈൻ തയാറാക്കിയിരുന്നത്. കൂട്ടത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്ര വിഭാഗം അധ്യാപകനായിരുന്ന ഡോ. പി.പി അബ്ദുറസാഖും കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാള വിഭാഗം അധ്യാപകനായിരുന്ന ഡോ. ഉമർ തറമേലുമുണ്ടായിരുന്നു.
ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യമുള്ള ഇന്തോനേഷ്യ സന്ദർശിക്കാൻ കാരണങ്ങൾ പലതായിരുന്നു. 17,000ത്തിലധികം ദ്വീപുകളും ഉപദ്വീപുകളുമുള്ള രാജ്യം, ജനസംഖ്യയിൽ നാലാം സ്ഥാനത്തുള്ള രാജ്യം (28 കോടി), ലോക ജനാധിപത്യ ശക്തികളിൽ മൂന്നാം സ്ഥാനം. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യം, 1300 വംശീയ വിഭാഗങ്ങൾ വസിക്കുന്ന, 700 ഭാഷകൾ സംസാരിക്കുന്ന രാജ്യം, 400ഓളം അഗ്നിപർവതങ്ങളുള്ള രാജ്യം, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമുള്ള രാജ്യം....
ഇന്ത്യക്ക് തെക്കുകിഴക്ക് ഇന്ത്യ-പസഫിക് സമുദ്രങ്ങൾക്കിടയിലെ ദ്വീപ് സമൂഹമാണ് ഇന്തോനേഷ്യ. കാലാവസ്ഥയും പ്രകൃതിയും കൃഷിയുമെല്ലാം ഏതാണ്ട് കേരളത്തിേന്‍റതിന് സമാനമാണ്. ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിൽ നെൽപാടങ്ങളും തെങ്ങുകളും വാഴത്തോപ്പുകളും റബ്ബർ കൊക്കോ, കാപ്പി, ചായ, കപ്പ കൃഷികളും മാവും പ്ലാവുമെല്ലാം ശ്രദ്ധയിൽ പെട്ടു. 17,504 ദ്വീപുകളിൽ 6000 എണ്ണത്തിലാണ് ജനവാസമുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപാണ് ജാവ. ഇന്തോനേഷ്യയിലെ പകുതി ജനസംഖ്യയും ഈ ദ്വീപിലാണ്. സുമാത്ര, ബോർണിയോ, ബാലി, പപുവ തുടങ്ങി മറ്റു ദ്വീപുകൾ. ദ്വീപുവാസികളിൽ 87 ശതമാനവും മുസ്ലിംകളാണ്. 10 ശതമാനം ക്രിസ്ത്യാനികളും 1.7 ശതമാനം ഹിന്ദുക്കളും 0.7 ശതമാനം ബുദ്ധമതക്കാരുമുണ്ട്. മുസ്ലിംകളിൽ 99 ശതമാനവും സുന്നികളാണ്. ബാക്കിയുള്ളത് ഷിയാക്കളും ഖാദിയാനികളും. ചൈനീസ് ഇന്തോനേഷ്യക്കാരാണ് ബുദ്ധമതക്കാർ.
കടൽ സാന്നിധ്യവും സുഗന്ധ വ്യഞ്ജനങ്ങളും വേണ്ടുവോളമുള്ളതിനാൽ വാണിജ്യസംഘങ്ങളുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു ഇന്തോനേഷ്യൻ ദ്വീപുകൾ. ഏഴാം നൂറ്റാണ്ടിൽ ശ്രീവിജയ, മജാപഹിദ് രാജവംശങ്ങളുടെ കാലത്ത് ഇന്ത്യയുമായും ചൈനയുമായും മികച്ച വ്യാപാര ബന്ധമുണ്ടായിരുന്നു ഇന്തോനേഷ്യക്ക്. കച്ചവടക്കാരിലൂടെയാണ് ഹിന്ദു, ബുദ്ധമത ആശയങ്ങൾ രാജ്യത്തെത്തിയത്. ഒമ്പതാം നൂറ്റാണ്ടിൽ അബ്ബാസിയ ഖിലാഫത്ത് കാലത്തുതന്നെ ഇസ്ലാം മതം ഇന്തോനേഷ്യയിലെത്തിയെന്നും സുന്നീ കച്ചവടക്കാരിലൂടെയും സൂഫി പണ്ഡിതൻമാരിലൂടെയും ഇസലാം മതം പ്രചരിക്കപ്പെട്ടുവെന്നും പറയുന്നു. ദ്വീപ് സമൂഹത്തിലെ സുഗന്ധ വ്യഞ്ജന സമ്പത്തിൽ കണ്ണുവെച്ച് പിന്നീടുണ്ടായത് പാശ്ചാത്യ അധിനിവേശമാണ്. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, ജപ്പാൻ ഭരണങ്ങളിലൂടെ കടന്നുപോയ രാജ്യം, രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയ ഉടനെ 1945 ആഗസ്ത് 17ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു. സുകാർണോയാണ് ആദ്യ പ്രസിഡന്‍റായി ചുമതലയേറ്റത്. മുന്നര പതിറ്റാണ്ട് ഇന്തോനേഷ്യ ഭരിച്ച ഡച്ചുകാർ 1949ൽ വീണ്ടും അധിനിവേശത്തിന് ശ്രമിച്ചെങ്കിലും സായുധ ചെറുത്തുനിൽപും അന്താരാഷ്ട്ര സമ്മർദവും മൂലം ഇന്തോനേഷ്യൻ പരമാധികാരത്തെ അംഗീകരിക്കേണ്ടിവന്നു. 1965 സെപ്തംബർ 30ന് ചില വിമത സൈനിക മേധാവികളും ഇന്തോനേഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി (PKI) നേതൃത്വവും ചേർന്ന് അട്ടിമറി ശ്രമം നത്തിയെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധ വേട്ടയിലൂടെ സൈന്യം ആശ്രമം പരാജയപ്പെടുത്തി. കമ്യുണിസ്റ്റുകാരും അനുഭാവികളുമായി 80,000നും ലക്ഷത്തിനുമിടയിൽ പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പ്രസിഡന്‍റ് ഭരണ രീതിയാണ് ഇപ്പോഴും ഇന്തോനേഷ്യ പിന്തുടരുന്നത്. ഇന്തോനേഷ്യൻ ഡെമോക്രാറ്റിക് പാർട്ടി ഓഫ് സ്ട്രഗിൾ (പി.ഡി.ഐ-പി) പ്രതിനിധി ജോക്കോ വിദോദോ ആണ് നിലവിലെ പ്രസിഡന്‍റ്. 2024 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വലതുപക്ഷ ഗെരിന്ദ്ര പാർട്ടി (ഗ്രേറ്റ് ഇന്തോനേഷ്യ മൂവ്മെന്‍റ് പാർട്ടി) പ്രതിനിധി പ്രബോവോ സുബിയാന്തോ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒക്ടോബർ 20നാണ് സത്യപ്രതിജ്ഞ നടക്കുക.
ഇന്തോനേഷ്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന ദ്വീപാണ് ബാലി. രാമായണത്തിലെ കഥാപാത്രം വാനരരാജാവായ ബാലിയുടെ പേരിലാണ് ദ്വീപ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇന്തോനേഷ്യയിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ദ്വീപാണ് ബാലി. 40 ലക്ഷം വരുന്ന ജനസംഖ്യയിൽ 92 ശതമാനവും ബാലിനീസ് ഹിന്ദുമത വിശ്വാസികളാണ്. തെക്ക് കിഴക്കനേഷ്യയിൽനിന്നും ഓഷ്യാനയിൽനിന്നും കടൽ കടന്നെത്തിയ ആസ്ട്രാനേഷ്യൻ വിഭാഗക്കാരാണ് ബാലിക്കാരെന്നാണ് പറയുന്നത്. പുരാതന ബാലിയിൽ പശുപത, ഭൈരവ, ശിവ, സിദ്ധാന്ത, വൈഷ്ണവ തുടങ്ങി ഒമ്പത് ഹിന്ദു വിഭാഗങ്ങളുണ്ടായിരുന്നുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്.
ദൈവങ്ങളുടെ ദ്വീപ്, ഹൈന്ദവ ദ്വീപ്, പ്രണയ ദ്വീപ്. സമാധാനത്തിന്‍റെ ദ്വീപ് തുടങ്ങിയ പേരുകളിലെല്ലാം ബാലി അറിയപ്പെടുന്നുണ്ട്. '10,000 ക്ഷേത്രങ്ങളുടെ ദ്വീപെ'ന്ന പേരുണ്ടെങ്കിലും ക്ഷേത്രങ്ങളുടെ എണ്ണം പതിനായിരത്തിൽ നിൽക്കില്ല. ഓരോ ഹിന്ദു വീടിനൊപ്പവും ഒരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. ദ്വീപലുടനീളം തെരുവോരങ്ങളിൽ വിവിധ ദൈവങ്ങളുടെ കൽപ്രതിമകൾ കാണാം. സമാന സ്വഭാവമുള്ള ക്ഷേത്രനിർമിതികളും ദ്വീപിലുടനീളം ദൃശ്യമാണ്.
ഡെൻപസാർ ആണ് തലസ്ഥാനം. പ്രകൃതിയുടെ വരദാനമായ ബാലി ദ്വീപിലെ ശാന്തവും മനോഹരമായ ബീച്ചുകളാണ് സഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്നത്.
ബാലിയിലെ തിരക്കേറിയ ജിംബാരൻ ബീച്ചിലെ രാത്രികാല ദൃശ്യങ്ങളിലേക്കാണ് ഞങ്ങളിറങ്ങിയത്. പാട്ടും നൃത്തവും തീറ്റയുമൊക്കെയായി തീരത്തിന്‍റെ ഏറെ ദൂരം സജീവമായിരുന്നു. ബീച്ചിലെ ഒരു റസ്റ്റോറന്‍റിൽനിന്നു തന്നെയായിരുന്നു ഭക്ഷണം. ഭക്ഷണം കഴിക്കാൻ മണൽപരപ്പിൽ തന്നെയാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. മനോഹരമായി ഡിസൈൻ ചെയ്ത ഇരിപ്പിടങ്ങളും ഫോട്ടോ പോയന്‍റുകളും ആവുന്നത്ര ഉപയോഗപ്പെടുത്താം. അതിനിടയിൽ സഞ്ചാരികളെ രസിപ്പിക്കാൻ സംഗീതോപകരണങ്ങളുമായി ചുറ്റുന്ന സംഘങ്ങളും. ബീച്ചിൽ കെട്ടിയുണ്ടാക്കിയ തുറന്ന സ്റ്റേജുകളിൽ പാട്ടും നൃത്തവും വേറെ. ബീച്ചിന് സമാന്തരമായ തെരുവിലേക്കിറങ്ങിയാൽ വർണത്തിൽ പൊതിഞ്ഞ രാത്രികാല ജീവിതക്കാഴ്ചകൾ. റസ്റ്റോറന്‍റുകളും മ്യൂസിക് ക്ലബുകളും ടാറ്റൂ, സ്പ കേന്ദ്രങ്ങളും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകളും നിറഞ്ഞ തെരുവ് ന്യൂയോർക്കിലെ ടൈം സ്ക്വയറിന്‍റെ മിനി പതിപ്പാണ്. തെരുവിൽ നടക്കുന്നതിനിടെ കൗതുകരമായ ഒരു സൈൻ ബോർഡ് ശ്രദ്ധയിൽ പെട്ടു-ഹസ്ബന്‍റ് ഡേ കെയർ സെന്‍റർ.
ബാലിയിൽ ഇറങ്ങി തൊട്ടടുത്ത ദിവസം രാവിലെ ദ്വീപിന്‍റെ തെക്കു പടിഞ്ഞാറൻ മുനമ്പിൽ സ്ഥിതി ചെയ്യുന്ന ഉലുവാതു ക്ഷേത്രം കാണാനായിരുന്നു പുറപ്പാട്. സമുദ്രനിരപ്പിൽനിന്നും 70 മീറ്റർ ഉയരത്തിൽ കടലിലേക്ക് തളളിനിൽക്കുന്ന പാറത്തുമ്പിൽ (ഉലു (വക്ക്), വാതു (പാറ)) സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പരിസരവും അതിമനോഹരമായ കാഴ്ചയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. പാറയുടെ കടലിനോട് ചേർന്നുനിൽക്കുന്ന ഭാഗത്ത് സഞ്ചാരികൾക്ക് നടപ്പാതയൊരുക്കിയിട്ടുണ്ട്. ബാരിക്കേടുള്ള പാതയിൽനിന്ന് താഴേക്ക് നോക്കിയാൽ തീരത്ത് കടൽ പാലഭിഷേകം നടത്തുന്ന പ്രതീതിയാണുണ്ടാവുക. നീലാകാശത്ത് അവിടവിടെയായി വെള്ളിമേഘങ്ങൾ. ആകാശം നീലച്ചായം കലക്കിയ കടൽ. തീരത്തെ തഴുകുന്ന പാൽതിരമാലകൾ, എതിർവശത്ത് മരങ്ങളുടെ പച്ചപ്പ്.... അവർണനീയമായ ദൃശവിരുന്നായിരുന്നു അത്.
ദൃശ്യങ്ങളിൽ മുഴുകി നിൽക്കെയാണ് സമർഥമായ ആ കവർച്ച വെള്ളിടി പോലെ ഞങ്ങളുടെ ഉള്ളിൽ പതിച്ചത്. നടപ്പാതയുടെ കുത്തനെയുള്ള കൈവരികളിലും തൂണുകളിലും എതിർവശത്തെ മരക്കൂട്ടങ്ങളിലും കുരങ്ങൻമാരുടെ സ്വൈരവിഹാരം. നീളവാലൻ കുരങ്ങന്മാരുടെ കുസൃതി സംബന്ധിച്ച് ക്ഷേത്രപരിസരത്ത് ഇറങ്ങുേമ്പാൾ തന്നെ വാൻ ഡ്രൈവർ അഫീഫിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. ആരും അതത്ര കാര്യമാക്കിയിരുന്നില്ല. മനോഹരമായ പ്രകൃതി പശ്ചാത്തലത്തിൽ ബാരിക്കേടിലിരിക്കുന്ന കുരങ്ങന്മാരുടെ അരികുചേർന്ന് ഒരു ഫോട്ടോയെടുക്കണമെന്ന് ഡോ. റസാഖിന് ഒരാഗ്രഹം. മുന്നറിയിപ്പ് ഓർമപ്പെടുത്തിക്കൊണ്ട് ഭാര്യ ജെസ്സിയും റസാഖിന്‍റെ കൂടെ പോസ് ചെയ്തു. ഞാൻ കാമറയിൽ വിരലമർത്തുന്ന ഞൊടിയിടയിൽ ബാരിക്കേടിന്‍റെ തൂണിലിരുന്ന കുരങ്ങൻ കുഞ്ഞ് പിറകിൽനിന്ന് കൂളായി ഡോ. റസാഖിന്‍റെ കണ്ണട കൈക്കലാക്കി മാറിനിന്നു. ഞങ്ങൾ അമ്പരന്ന് നോൽക്കിനിൽക്കെ കുരങ്ങൻകുഞ്ഞ് കണ്ണടയുടെ കാലുകൾ ഒടിച്ചു. ഡോ. റസാഖും ഭാര്യയും കണ്ണട തിരിച്ചു വാങ്ങിക്കാൻ വെപ്രാളപ്പെട്ടു. കുട്ടികൾ കവർച്ച നടത്തുന്നത് മുതിർന്ന കുരങ്ങന്മാർ അകലത്തിരുന്ന് ആസ്വദിക്കുന്നുണ്ടായിരുന്നു. വൈകാതെ കുരങ്ങൻകുഞ്ഞ് കണ്ണടയുമായി കൈവരിയുടെ കടൽ ഭാഗത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തി. അപ്പോഴാണ് തൊട്ടുപുറകിൽനിന്ന് ഡോ. ഉമ്മറിന്‍റെ ബഹളം, തന്‍റെ കണ്ണടയും കുരങ്ങൻ തട്ടിയെടുത്തെന്ന്. അപ്പോഴാണ് സ്വന്തം കണ്ണടയെ കുറിച്ച് ഞാനോർത്തത്. അതിൽ തൽസ്ഥാനത്തുണ്ട്. കണ്ണിന്‍റെ മൂർച്ച പോയാലും വേണ്ടില്ല, ഞാൻ കണ്ണടയൂരി പാന്‍റ്സിന്‍റെ പോക്കറ്റിലൊളിപ്പിച്ചു. കൈവരി മറികടന്ന് കുരങ്ങനിൽനിന്ന് കണ്ണട തിരിച്ചു പിടിക്കാൻ ഉമ്മർ പലതവണ ശ്രമിക്കുന്നതു കണ്ടു. ചവിട്ടിനിൽക്കാൻ ഇടമില്ലാത്ത കുത്തനെയുള്ള പാറയിലേക്ക് ഇറങ്ങുകയെന്നാൽ കണ്ണട നഷ്ടപ്പെടുന്നതിനേക്കാൾ അപകടകരമാണ്. നടപ്പാതയുടെ എതിർവശത്തെ മരങ്ങളുടെ തണലിലും കുരങ്ങൻ കൂട്ടം തങ്ങളുടെ ഊഴം കാത്തിരിക്കുന്നുണ്ട്. അവർ തട്ടിയെടുത്ത് ഉപേക്ഷിച്ച വാച്ചടക്കമുള്ള സാധനങ്ങളും അവിടെ ചിതറിക്കണ്ടു. കണ്ണടകൾ തിരിച്ചുകിട്ടാനായി ഞങ്ങൾ ഏറെ ശ്രമിക്കുകയും ക്ഷേത്രം സെക്യൂരിറ്റിക്കാരുടെ സഹായം തേടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. അവസാനം അവ ഉപേക്ഷിച്ച് മടങ്ങുേമ്പാൾ ഇരുവരുടെയും കണ്ണുകളിൽ ഇരുട്ടുകയറി മുഖത്ത് തെളിച്ചം നഷ്ടപ്പെട്ട നിലയിലായിരുന്നു.
തിരിച്ചുള്ള വഴികളിൽ മൊബൈൽ ഫോൺ, ചെരിപ്പ്, തൊപ്പി തുടങ്ങിയവ അപഹരിക്കപ്പെട്ടതിന്‍റെ അനുഭവങ്ങൾ പങ്കുവെക്കുന്ന സഞ്ചാരികളെയും കണ്ടുമുട്ടി. ചിലർ കുരങ്ങന്മാർക്ക് 'മോചന ദ്രവ്യം' നൽകി കവർന്നെടുക്കപ്പെട്ട സാധനങ്ങൾ വീണ്ടെടുത്തത്രെ. സാധനങ്ങൾ നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടാനായി കുരങ്ങന്മാർക്ക് കൊടുക്കാൻ ബിസ്കറ്റ്, അണ്ടിപ്പരിപ്പ്, മിഠായികൾ എന്നിവ സഞ്ചാരികൾ കരുതാറുണ്ടത്രെ. വിശപ്പാണ് സാധനങ്ങൾ കവരാൻ കുരങ്ങന്മാരെ പ്രേരിപ്പിക്കുന്നതെന്നാണ് പറയുന്നത്. ഭക്ഷണസാധനങ്ങൾ ഇട്ടുകൊടുത്താൽ മോഷ്ടിച്ച സാധനങ്ങൾ അവ ഉപേക്ഷിക്കും. കുരങ്ങുകൾക്ക് നിശ്ചിത സമയങ്ങളിൽ ഭക്ഷണം നൽകാൻ ക്ഷേത്രം അധികാരികൾ സംവിധാനമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽ നിൽക്കാറുണ്ടാവില്ല അവയുടെ വിശപ്പ്.
ബാലിയിലെ വിശേഷപ്പെട്ട 'ലുവാക് കാപ്പി' (മെരു/വെരുക് കാപ്പി) കുടിച്ച് ഉലുവാതുവിലെ ദുരനുഭവത്തിൽനിന്ന് ആശ്വാസം തേടാനായിരുന്നു ഞങ്ങളുടെ അടുത്ത നീക്കം. ലുവാക് എന്ന പനമരപ്പട്ടി(Asian Palm Civet)യുടെ ശിൽപമുള്ള ഒരു തോട്ടത്തിന്‍റെ പ്രവേശന കവാടത്തിൽ ഞങ്ങളെ സ്വീകരിച്ചത് ഇന്തോനേഷ്യൻ രീതിയിൽ മുണ്ടും ഷർട്ടും ധരിച്ച ഫഹ്മി എന്ന ചെറുപ്പക്കാരനാണ്. തോട്ടത്തിലേക്ക് പ്രവേശിച്ച ഞങ്ങൾക്ക് ലുവാക് കാപ്പിയുടെ നിർമാണം വിവരിച്ചു തന്ന ഫഹ്മി വിവിധ തരം കാപ്പികൾ രുചിക്കാനായി തയാറാക്കി തരികയും ചെയ്തു. ലുവാക് കാപ്പി രുചിക്കണമെങ്കിൽ പണം കൊടുത്ത് വാങ്ങണമായിരുന്നു. അത്രക്ക് വില പിടിച്ചതാണ് ലുവാക് കാപ്പി. കപ്പിന് 55,000 റുപയ (282 ഇന്ത്യൻ രൂപ) നൽകി രണ്ട് കപ്പ് കാപ്പി വാണ്ടി എല്ലാവരും രുചിച്ചു. നല്ല മണവും കടുപ്പമേറിയതുമായിരുന്നു ആ കാപ്പി. തോട്ടത്തിലെ കൂട്ടിലെ മെരുവിനെയും അവ വിസർജിച്ച കാപ്പിക്കുരുകളും അതിൽനിന്ന് സംസ്കരിച്ച കാപ്പിപ്പൊടിയും ഞങ്ങൾക്ക് മുമ്പിൽ വിശദീകരിക്കപ്പെട്ടു. കാപ്പിത്തോട്ടത്തിൽ വളർത്തുന്ന മെരുക്കൾ കാപ്പിക്കുരു തിന്നുകയും അവയുടെ വിസർജ്യത്തിലെ കാപ്പിക്കുരു ശേഖരിച്ച് സംസ്കരിച്ചെടുക്കുന്നതാണ് ലുവാക് കാപ്പി. തോട്ടത്തിൽ വിവിധ അളവുകളിൽ സംസ്കരിച്ച കാപ്പിക്കുരുവും കാപ്പിപ്പൊടിയും വിൽപനക്കുമുണ്ട്. 500 ഗ്രാം ലുവാക് കാപ്പിപ്പൊടിക്ക് 15 ലക്ഷം റുപയ(7,700 ഇന്ത്യൻ രൂപ)യാണ് വില. വിലയറിഞ്ഞപ്പോൾ കാപ്പിപ്പൊടി വാങ്ങാതെ മടങ്ങേണ്ടി വന്നു.
വെള്ളിയാഴ്ചയായതുകൊണ്ട് ബാലിയിലെ പചാതു വില്ലേജിലെ പലപ മസ്ജിദിൽ ജുമുഅ നമസ്കരിച്ചു. പള്ളി കോമ്പൗണ്ടിൽ തന്നെ ഒരു ക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും കണ്ടു. കതോലിക്ക, പ്രൊട്ടസ്റ്റൻറ് വിഭാഗങ്ങളുടെ ചർച്ചുകളും മുസ്ലിം പള്ളിയും ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളും ഒറ്റ കോമ്പൗണ്ടിൽ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ഥലം കൂടി സന്ദർശിച്ചപ്പോൾ അത് മതസ്പർധയും സംഘർഷവുമില്ലാത്ത 'സമാധാനത്തിന്‍റെ ദ്വപ്' എന്ന ബാലിയുടെ പേരിനെ അന്വർഥമാക്കുന്നതായി തോന്നി.
ബാലിയിൽ സൗകര്യങ്ങൾ ഒരുക്കിത്തന്ന തമിഴ്നാട്ടിൽ വേരുകളുള്ള ജൈലാനിയുടെ വീട്ടിൽനിന്ന് എത്തിച്ച സമൂസയും ചായയും കഴിച്ചാണ് തനാ ലോട് ക്ഷേത്രം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങിയത്. തലേന്ന് രാത്രി സിതാര ഇന്ത്യൻ റസ്റ്റാറന്‍റിലായിരുന്നു ഭക്ഷണം. പക്ഷാഘാതം പിടിപെട്ട് നടക്കാനും സംസാരിക്കാനും പ്രയാസപ്പെടുന്ന ജൈലാനി അന്ന് റസ്റ്റാറന്‍റിൽ വന്നത് ടിക്ടാക് വഴി പരിചയപ്പെട്ട് തന്‍റെ രണ്ടാം ഭാര്യയായ ഖൈറുന്നീസയോടൊപ്പമായിരുന്നു. യാത്രയുടെ ഓർമക്ക്ജൈലാനി ഞങ്ങളുടെ ഫോട്ടോകൾ പതിച്ച കപ്പുകൾ ഹോട്ടലിൽവെച്ച് സമ്മാനിച്ചു. കൂടെ നാളെ എന്‍റെ വീട്ടിലെ ചായയും സമൂസയും കഴിച്ചേ പോകാവൂ എന്ന ഓഫറും.
യാത്ര ഇന്തോനേഷ്യൻ രുചിയറിഞ്ഞാവണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. യാത്രയിലുടനീളം അത് പാലിക്കുകയും ചെയ്തു. ചപ്പാത്തിയോ പൊറോട്ടയോ പത്തിരിയോ അതുപോലുള്ളതോ ഒന്നും ഇന്തോനേഷ്യൻ മെനുവിലില്ല. രാവിലെയായാലും രാത്രിയായാലും അരി (നസി) വിഭവങ്ങളാണ് മുഖ്യം. ചോറിൽ മധുരച്ചോറും മസാലച്ചോറും ഫ്രൈഡ് റൈസുമെല്ലാമുണ്ട്. മസാലക്കൂട്ടുള്ള ബിരിയാണിയോ അതില്ലാത്ത മന്തി പോലുള്ള അരി ഭക്ഷണമോ കഴിക്കാനും കാണാനും കിട്ടില്ല. കോഴിയിറച്ചി കൊണ്ടും മീൻ കൊണ്ടും വ്യത്യസ്ത വിഭവങ്ങളാണ് തീൻമേശകളിലെ ആകർഷണീയത. അതിൽ സെക്സി ചിക്കനും മുട്ട വിഭവങ്ങളും മീൻ ബ്രോസ്റ്റുകളുമുണ്ട്. ഭക്ഷണത്തിൽ പച്ചക്കറി വിഭവങ്ങളും ഇലക്കറികളും ഇന്തോനേഷ്യക്കാർക്ക് നിർബന്ധം. യോഗ്യകാർത്തയിൽനിന്ന് ജക്കാർത്തയിലേക്കുള്ള യാത്രക്കിടയിൽ ഒരു ഹോട്ടലിൽ കയറിയപ്പോൾ ഡിന്നറിന് ഒരുക്കിയിരിക്കുന്ന 101 തരം വിഭവങ്ങൾ കണ്ട് അക്ഷരാർഥത്തിൽ കണ്ണ് തള്ളിപ്പോയി. എല്ലാറ്റിലും മുളകിന്‍റെ അംശം തീരെ കുറവ്. എരിവില്ലാത്ത, മധുരമുള്ള വിഭവങ്ങൾക്കാണ് മുൻതൂക്കം. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഭക്ഷണത്തിന്‍റെ വില കണക്കാക്കുന്നതിന് രണ്ടു രീതി സ്വീകരിച്ചുകണ്ടു. ഒന്ന് നിശ്ചിത ഇനങ്ങൾ ഉൾപ്പെടുത്തയിട്ടുള്ള പാക്കേജിന് ഒരു വില. നിരത്തിവെച്ച വിഭവങ്ങളിൽനിന്ന് ആവശ്യമുള്ളത് ആവശ്യമുള്ള അളവിൽ പ്ലേറ്റിലേക്കെടുത്ത് കൗണ്ടറിൽ കാണിക്കുകയും അളവനുസരിച്ച് വിലയിടുകയും ചെയ്യുന്നത് രണ്ടാമത്തെ രീതി. രണ്ടാമത് രീതി പിന്തുടരുന്ന ഒരു റസ്റ്റാറണ്ടിൽ കയറി ആവശ്യമുള്ളതെല്ലാം എടുത്തു കഴിച്ച ശേഷമാണ് ഭക്ഷണസാധങ്ങളെടുത്തവർ കാഷ് കൗണ്ടറിലേക്ക് നീങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. അതോടെ കാലിയായ പ്ലേറ്റിലെ എച്ചിൽ കാണിച്ച് വിലയിടീക്കേണ്ട ഗതികേടും എനിക്കുണ്ടായി.
ബാലി തലസ്ഥാനമായ ഡെൻപസാറിൽനിന്ന് 20 കിലോമീറ്റർ അകലെ കെദ്രി ജില്ലയിലെ ബെറാബാനിൽ കടലിലേക്ക് തള്ളിനിൽക്കുന്ന വലിയ പാറയിലാണ് തനാ ലോട്ട് ക്ഷേത്രം. വേലിയിറക്കമുള്ള നേരത്തേ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാവൂ. ഞങ്ങൾ ചെല്ലുേമ്പാൾ വഴി വെള്ളം മൂടിക്കിടക്കുന്നപമ തിനാൽ ക്ഷേത്രഭൂമിയിലേക്ക് പ്രവേശിക്കാനായില്ല. ബാലിനീസ് ഭാഷയിൽ തനാ ലോട് എന്നാൽ കടലിലെ കര എന്നാണർഥം. കടൽ ദേവനായ ബരുണ അല്ലെങ്കിൽ ഭട്ടാര സെഗര ആണ് ഇവിടുത്തെ പ്രതിഷ്ഠ. 16ാം നൂറ്റാണ്ടിൽ ഡാങ് ഹ്യാങ് നിരർഥ എന്ന സന്ന്യാസി ധ്യാനമിരുന്ന പാറയിലാണത്രെ ക്ഷേത്രം നിർമിച്ചിട്ടുള്ളത്. സന്യാസിയുടെ സാന്നിധ്യമുണ്ടായിരുന്ന ഏഴു സ്ഥലങ്ങളിൽ കടൽ ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ടെന്നും പറയുന്നു. പാറക്കെട്ടുകൾ നിറഞ്ഞ ബാലി ദ്വീപിന്‍റെ അടിത്തട്ടിലെ വിഷമുള്ള കടൽപാമ്പുകൾ ഈ ക്ഷേത്രങ്ങളെ ദുരാത്മാക്കളിൽനിന്ന് സംരക്ഷിച്ചു പോരുന്നതായി വിശ്വാസം.
ബാലി ദ്വീപിലെ ഗിലിമാനുക് ഹാർബറിൽനിന്ന് കടൽ കടന്ന് ജാവ ദ്വീപിലേക്ക് പ്രവേശിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗിലിമാനുകിൽനിന്ന് ജാവ ദ്വീപിലെ ബന്യുവാങ്ഗിയിലേക്ക് 45 മിനിറ്റ് കപ്പൽ യാത്ര. ഓരോ അരമണിക്കൂറിലും ചെറുകപ്പലുകൾ ഇവിടെ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർക്കൊപ്പം കാർ, ബസ്, ചരക്കുലോറികൾ, മറ്റു ചെറു വാഹനങ്ങൾ എന്നിവക്കെല്ലാം അക്കരെ പറ്റാൻ ഇതുതന്നെയാണ് മാർഗം. യാത്രക്കാർ കയറിക്കഴിഞ്ഞാൽ കപ്പലിൽനിന്നും ഹാർബറിൽനിന്നും തദ്ദേശവാസികളായ യുവാക്കൾ കടലിലേക്ക് ചാടുന്ന കാഴ്ച കൗതുകരമായിരുന്നു. എന്തിനാണിവർ കടലിൽ ചാടുന്നതെന്ന് ചിന്തിച്ചുകൊണ്ടിരിക്കെ യാത്രക്കാരിൽ ചിലർ കറൻസികൾ വെള്ളത്തിലേക്ക് എറിഞ്ഞുകൊടുക്കുന്നതു കണ്ടു. കാറ്റിൽ പറന്ന് വെള്ളത്തിൽ വീഴുന്ന കറൻസികൾ കടലിൽ തുഴഞ്ഞുനിൽക്കുന്നവർ മൽസരിച്ച് കൈക്കലാക്കുന്നത് അസാധരണ കാഴ്ചയായിരുന്നു. കപ്പൽ തീരം വിട്ടാൽ ഇവർ കരക്ക് കയറും. കപ്പൽ ജാവ ദ്വീപിലടുക്കുേമ്പാഴും ഇതാവർത്തിച്ചു.
ബന്യുവാങ്ഗി ബസൂകിയിൽ കിങ്കോംഗ് ഹില്ലിലെ താമസ സ്ഥലമായ കഫേ ലവ ഹോസ്റ്റലിൽനിന്നും പുലർച്ചെ രണ്ടരയോടെയാണ് പുറത്തിറങ്ങിയത്. ദൂരെ മലമുകളിൽനിന്ന് സൂര്യോദയവും തുടർന്ന് ബ്രോമോ അഗ്നിപർവതവും കാണുകയായിരുന്നു ലക്ഷ്യം. മുന്നറിയിപ്പനുസരിച്ച് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ കൊണ്ട് ശരീരം പുതച്ചാണ് യാത്രക്കൊരുങ്ങിയത്. പുറത്ത് കുത്തനെയുള്ള റോഡിൽ വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ ടൊയോട്ട ജീപ്പുകൾ നിരനിരയായി കാത്തുകിടപ്പുണ്ട്. ഒരു ജീപ്പിൽ അഞ്ചുപേർ വീതം കയറി യാത്ര തുടങ്ങി. കുത്തനെയുള്ള പരുക്കൻ റോഡുകളിലൂടെ കയറിയും ഇറങ്ങിയും സമതലങ്ങളിലൂടെ ഇഴഞ്ഞും ജീപ്പ് മുന്നോട്ടു നീങ്ങി. മൂന്നരയോടെ സൂര്യോദയം കാണാൻ മലമുകളിലെത്തി. അവിടെ സഞ്ചാരികളെ കാത്ത് കടകൾ സജീവമായിരുന്നു. ദൂരെ അരണ്ട വെളിച്ചത്തിൽ ബ്രോമോ അഗ്നിപർവതത്തിൽനിന്ന് കനത്ത പുക ഉയരുന്നത് കാണാമായിരുന്നു. ജീവിതത്തിൽ നേരിട്ടുള്ള ആദ്യ അഗ്നിപർവത കാഴ്ചയായിരുന്നു അത്. സൂര്യൻ ഉയരുന്നതിനനുസരിച്ച് അതിന്‍റെ പൊൻകിരങ്ങൾ പതിച്ച് പുകച്ചുരുളുകൾ സ്വർണനിറം പൂണ്ടു. പതുക്കെ ചക്രവാളത്തിലെ ചെമ്പട്ടു മാഞ്ഞു. പുകച്ചുരുളുകൾക്ക് വെള്ളിമേഘങ്ങളായി രുപമാറ്റം. വെളിച്ചത്തിൽ ബ്രോമോയുടെ പരിസരത്തെ സജീവമല്ലാത്ത അഗ്നിപർവതങ്ങൾ തെളിഞ്ഞു വന്നു. പർവതങ്ങളുടെ ചെരുവുകളിൽ കത്തികൊണ്ട് വാർന്ന പോലെ ലാവയൊഴുകിയ ചാലുകൾ. പർവതത്തിന്‍റെ താഴ്വാരത്തിൽ വെളളപ്പട്ടു വിരിച്ച പോലെ കോടമഞ്ഞ് പരന്ന് കിടന്നു. മനംകുളിർപ്പിക്കുന്ന അവിസ്മരണീയ കാഴ്ചകളിൽ മണിക്കൂറുകൾ പോയതറിഞ്ഞില്ല.
വെളിച്ചം പരന്നപ്പോൾ കുന്നിറങ്ങി. വീണ്ടും മലകളും താഴ്വാരങ്ങളും താണ്ടി ജീപ്പ് പാഞ്ഞു. കറുത്ത മണൽപരപ്പുകളിലൂടെ തുഴഞ്ഞ് ബ്രോമോ പർവത്തിന്‍റെ താഴ്വാരത്ത് ചെന്നുനിന്നു. അവിടെ സഞ്ചാരികളുടെ ബഹളമായിരുന്നു. അവർക്കു വേണ്ട ഭക്ഷണ സാധനങ്ങളും കൗതുക വസ്തുക്കളുമായി കച്ചവടക്കാരും സജീവം. സഞ്ചാരികളെയുമായി പർവതം കയറാനായി കുതിരകളും ഉടമകളും തയാറായി നിൽക്കുന്നു. വാടകക്ക് വിലപേശലുകളും തകൃതി. പർവതം കയറ്റി തിരിച്ചുകൊണ്ടു വരാനായി 35000 റുപയ. കൊണ്ടുപോയി വിടാനാണെങ്കിൽ 20,000 റുപയ.
മണൽപരപ്പും കയറ്റവും പടികളുമായി രണ്ടു കിലോമീറ്ററോളം ദൂരം നടക്കാൻ തന്നെ തീരുമാനിച്ചു. കുതിരച്ചാണകം കുഴച്ച മണലിലൂടെ നടത്തം. ഒപ്പം പൊടി പറത്തിക്കൊണ്ട് സഞ്ചാരികളുമായി കുതിരകൾ നടന്നും ഓടിയും മല കയറുന്നു. കുത്തനെ പടവുകളുള്ള കയറ്റം വരെ മാത്രമേ കുതിരകളെത്തുന്നുള്ളൂ. അവിടെനിന്ന് കാൽനടയല്ലാതെ നിവൃത്തിയില്ല. കുന്നിന്‍റെ താഴ്വരത്തിലും പടികൾ തുടങ്ങുന്നിടത്തും വിശ്വാസികൾക്ക് പ്രാർഥിക്കാനായി ക്ഷേത്രങ്ങളുണ്ട്. മുകളിലേക്കുള്ള സിമന്‍റിട്ട പടികൾ നിർമിച്ചിരിക്കുന്നത് ഒരേ സമയം ഒരാൾക്ക് വീതം കയറാനും ഇറങ്ങാനും കഴിയുന്ന രീതിയിലാണ്. കുതിച്ചും കിതച്ചും ഇടക്ക് നിന്നും 280ഓളം പടികൾ താണ്ടി ചെന്ന് കണ്ണുകൾ ചെന്നുപതിച്ചത് അഗ്നിപർവതത്തിന്‍റെ അഗാധ ഗർത്തത്തിലേക്ക്.
('അവർ അതിൽ (നരകത്തിൽ) എറിയപ്പെട്ടാൽ അതിൽനിന്നവർ ഒരു ഗർജനം കേൾക്കുന്നതാണ്. അത് തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. കോപം നിമിത്തം അത് പൊട്ടിപ്പിളർന്ന് പോകുമാറാകും'-വിശുദ്ധ ഖുർആൻ 67:7, 8).
ഫണൽ പോലുള്ള അഗ്നിപർവത ഗർത്തത്തിന്‍റെ അടിയിലെ പാറയിടുക്കുകളിൽനിന്ന് പുക ഉയരുന്നു. അടിയിൽ പരന്നുകിടക്കുന്ന മഞ്ഞപ്പാടയുള്ള ദ്രാവകത്തിൽനിന്ന് കുമിളകളും അതിൽനിന്ന് പുകയുമുയരുന്നു. ഒപ്പം പതിഞ്ഞ ഇടിമുഴക്കം പോലുള്ള നിലക്കാത്ത ഇരമ്പവും.
കിഴക്കൻ ജാവയിൽ 2329 അടി ഉയരത്തിൽ 'ബ്രോമോ' അഗ്നിപർവതത്തിന്‍റെ വക്കിൽ നിൽക്കുേമ്പാൾ ഉള്ളിലേക്ക് കയറി വന്നത് നരക ചിന്തകളാണ്. നരകത്തിലെ തീയിന്‍റെ ചൂട്, അതിന്‍റെ വ്യാപ്തി, ആഴം, ഗോര ഗർജനം, പാപികളെ കരിച്ചുകളയാനെടുക്കുന്ന സമയം.... അങ്ങനെ അങ്ങനെ ചിന്തയുടെ പുകച്ചുരുളുകൾ മാനം മുട്ടെ ഉയരുകയായിരുന്നു. സഞ്ചാരികൾക്ക് നിൽക്കാനായി പർവത ഗർത്തത്തിന്‍റെ ഒരു ഭാഗത്ത് സ്ഥാപിച്ച ബാരിക്കേട് പലേടത്തും പൊളിഞ്ഞുപോയിരിക്കുന്നു. ഗർത്തത്തിലേക്ക് വീണാൽ ഭസ്മം പോലും തിരിച്ചുകിട്ടാത്ത അവസ്ഥ ഭാവനകൾക്കപ്പുറത്ത്. ഉള്ളിലെ ഭയം പതഞ്ഞുപൊങ്ങുകയായിരുന്നു.
400ഓളം അഗ്നിപർവതങ്ങളുള്ള ഇന്തോനേഷ്യയിലെ 130 സജീവ അഗ്നിപർവതങ്ങളിൽ ഒന്നാണ് മൗണ്ട് ബ്രോമോ. ഹിന്ദു വിശ്വാസപ്രകാരം സൃഷ്ടി കർത്താവായ ബ്രഹ്മാവിന്‍റെ ജാവനീസ് നാമത്തിൽനിന്നാണ് അഗ്നിപർവതത്തിന് ബ്രോമോ എന്ന് പേർ വന്നത്. ബ്രോമോ ടെംഗർ സെമേരു നാഷണൽ പാർക്കിന്‍റെ ഭാഗമായ ബ്രോമോ കൂടുതൽ പേർ സന്ദർശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ബ്രോമോ ഏറ്റവും അവസസാനം പൊട്ടിത്തെറിച്ചത് 2016ലാണ്. ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവതം സെൻട്രൽ ജാവക്കും യോഗ്യകാർത്തക്കുമിടയിലെ മൗണ്ട് മെറാപിയാണ്. 1548 മുതൽ ഇടക്കിടക്ക് പൊട്ടിത്തെറിക്കുന്ന മെറാപിയിൽ 2023 ഡിസംബർ 4,5 തിയതികളിലുണ്ടായ സ്ഫോടനത്തിൽ പർവതം കയറുന്നവരടക്കം 60 പേർ മരിച്ചതായണ് കണക്ക്. രണ്ട് കിലോമീറ്റർ ദൂരത്തിൽ ലാവ ഒഴുകി. മൂന്ന് കിലോമീറ്റർ പരിധിയിൽ ആളുകളെ ഒഴിപ്പിച്ചു. നേരത്തേ അഗ്നിപർവതത്തിൽനിന്നുള്ള ലാവ പൊട്ടിയൊലിച്ച് ക്രാഫ എന്ന പേരിൽ ഒരു നദി തന്നെ രൂപപ്പെട്ടിട്ടുണ്ടെന്ന് നദിക്കു കുറുകെയുള്ള പാലത്തിലൂടെ കടന്നുപോകുേമ്പാൾ വാഹനത്തിന്‍റെ ഡ്രൈവർ ഹഫീഫ് പറയുന്നുണ്ടായിരുന്നു. ഏറ്റുവുമൊടുവിൽ ഞങ്ങൾ മടങ്ങിയ ശേഷം 2024 ജൂൺ നാലിന് മൗണ്ട് ഇബു എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചതായ വാർത്ത പുറത്തുവന്നിട്ടുണ്ട്.
കിങ്കോങ് ഹില്ലിൽനിന്നിറങ്ങി യോഗ്യകാർത്ത(പഴയ ജോഗ്ജകാർത്ത)യിലെത്താൻ പ്രോബോലിങ്ഗോയിൽനിന്ന് ട്രെയിനിനെയാണ് ആശ്രയിച്ചത്. ഇന്തോനേഷ്യയിൽ വളരെ കുറഞ്ഞ ട്രെയിൻ സർവീസുകളേ ഉള്ളൂ. പൊതുയാത്രാ സംവിധാനങ്ങൾ കുറവായ ഇന്തോനേഷ്യയിൽ ബസ് സർവീസുകൾ കണ്ടത് ജകാർത്തയിൽ മാത്രമാണ്. വൻ നഗരങ്ങൾ ബന്ധിപ്പിച്ച് ടൂറിസ്റ്റ് ബസ് സർവീസുകളുണ്ട്. യോഗ്യകാർത്തയിലേക്ക് ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് 'വിജയകുസുമ' എന്ന ട്രെയിനിലായിരുന്നു. (ഇന്തോനേഷ്യയിലെ സ്ഥല നാമങ്ങളിലും മറ്റും സംസ്കൃതത്തിന്‍റെയും ഹിന്ദു പുരാണങ്ങളുടെയും സ്വാധീനം കാണുന്നുണ്ട്.) ട്രെയിൻ വരുന്നതിന് അര മണിക്കൂർ മുമ്പ് ടിക്കറ്റെടുത്ത് പ്ലാറ്റ് ഫോമിൽ പ്രവേശിക്കാം. പക്ഷെ വിദേശികൾക്ക് പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ ടിക്കറ്റിനൊപ്പം പാസ്പോർട്ടും കാണിക്കണം. കെരേറ്റ (വണ്ടി) അപി (തീ) ഇന്തോനേഷ്യ (KA-I) എന്ന സർക്കാർ കമ്പനിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. പ്രോബോലിങ്ഗോ ചെറിയ സ്റ്റേഷനായതു കൊണ്ടാവണം പ്ലാറ്റ്ഫോമുകൾക്ക് ഉയരമില്ല. ട്രെയിൻ വന്നാൽ അകത്തുകയറാൻ വിമാനത്താവളങ്ങളിലെ പോലെ ഓരോ വാതിലിനടുത്തും റെയിൽവെ ജീവനക്കാർ ചെറിയ ലാഡറുകൾ കൊണ്ടുവെക്കുകയാണ്. വലിയ സ്റ്റേഷനുകളിൽ ഉയർന്ന പ്ലാറ്റ്ഫോമുകളുണ്ടെങ്കിലും ലാഡറുകളും ഉപയോഗിക്കുന്നുണ്ട്. ട്രെയിനുകൾ വന്നാലും യാത്രക്കാർക്ക് പാളങ്ങൾ മുറിച്ചുകടന്നും ട്രെയിനുകൾക്കകത്തുകൂടിയും വിവിധ പ്ലാറ്റ്ഫോമുകളിലെത്താൻ റെയിൽവെ ജീവനക്കാർ തന്നെ സൗകര്യമൊരുന്നത് അപൂർവ കാഴ്ചയായി. യോഗ്യകാർത്തയിലെത്താൻ ഏഴിലധികം മണിക്കൂർ യാത്രയുണ്ട്. ട്രെയിനിൽ കയറിയപ്പോൾ നമ്മുടെ വന്ദേഭാരതിൽ കയറിയ പ്രതീതി. ഭക്ഷണം വിതരണം വിമാനങ്ങളിലേതു പോലെ. ആവശ്യം വരുേമ്പാൾ ഭക്ഷണം കഴിക്കാൻ ട്രെയിനിൽ റസ്റ്റോറന്‍റ് സൗകര്യവുമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമായ സെൻട്രൽ ജാവയിലെ ബോറോബുദൂറിലേക്ക് രാവിലെ ഏഴു മണിക്കുതന്നെ പുറപ്പെട്ടത് തിരക്ക് ഭയന്നായിരുന്നു. രാവിലെ 8.30ന് സന്ദർശകരെ പ്രവേശിപ്പിച്ചു തുടങ്ങും. ഓരോ മണിക്കൂറിലും 150 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. 25 പേരുള്ള ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്‍റെ സേവനവും കിട്ടും. വദേശികൾക്ക് 4,55,000ഉം സ്വദേശികൾക്ക് 1,20,000 റുപയയുമാണ് ടിക്കറ്റ് നിരക്ക്. അകത്ത് കടന്നാൽ ധരിക്കാൻ കനം കുറഞ്ഞ മെതിയടി പോലുള്ള ചെരിപ്പ് തരും. സ്വന്തം ചെരുപ്പ് സൂക്ഷിക്കാൻ ഒരു തുണിസഞ്ചിയും. വിവിധ തരം ചെരുപ്പുകൾ ഉപയോഗിച്ച് ക്ഷേത്രത്തിന്‍റെ തറക്ക് തേയ്മാനം സംഭവിക്കാതിരിക്കാനാണത്രെ ഈ നിയന്ത്രണം. ഇംഗ്ലീഷ് മൊഴിയുന്ന ഗൈഡിനെ കിട്ടിയെങ്കിലും വായിൽ പല്ലുകൾ അപൂർവമായതിനാൽ അയാൾ പറയുന്നത് മനസ്സിലാക്കാൻ ഞങ്ങളുടെ കൂട്ടത്തിലെ ഡോ. റസാഖിന്‍റെ കൂടി സേവനം തേടേണ്ടി വന്നു.
മധ്യ ജാവയിലെ മുൻതിലാൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിൽ ശൈലേന്ദ്ര രാജവംശത്തിന്‍റെ കാലത്താണ് പൂർത്തിയാക്കുന്നത്. 778 എ.ഡിയിൽ നിർമാണം ആരംഭിച്ച് 825ലാണ് ക്ഷേത്രം തുറന്നുകൊടുത്തത്. ആറ് ചതുര പീഠങ്ങളും അതിന് മുകളിൽ മൂന്ന് വൃത്താകാര പീഠങ്ങളും ഉൾപ്പെടുന്നതാണ് ക്ഷേത്രം. ഇന്ത്യയിലെ കപിലവാസ്തുവിൽ ജനിച്ച ഗൗതമ സിദ്ധാർഥന്‍റെ ജനനം മുതൽ ബോധോദയമുണ്ടായി ശ്രീബുദ്ധനായി അവതരിച്ച് നിർവാണം പ്രാപിക്കുന്നതു വരെയുള്ള ജീവിത ചക്രം വിവരിക്കുന്ന 2672 ശിലാഫലകങ്ങളും 504 ബുദ്ധ പ്രതിമകളും പീഠങ്ങളെ അലങ്കരിക്കുന്നു. ഗുണധർമ എന്ന വാസ്തുശിൽപി രൂപകൽപന ചെയ്ത് നിർമിച്ച ക്ഷേത്രം നിർമിച്ചിരിക്കുന്നത് ചാരനിറത്തിലുളള കല്ലുകൾ കൊണ്ടാണ്.
അഗ്നിപർവതങ്ങൾ പൊട്ടിയൊലിച്ചുവന്ന ലാവയിൽനിന്നുള്ള കല്ലുകളാണ് ക്ഷ്രേത്രനിർമാണത്തിനുപയോഗിച്ചതെന്നാണ് ഗൈഡിന്‍റെ വിശദീകരണം. കല്ലുകൾ ഇളക്കാൻ പറ്റാത്ത വിധം പരസ്പര ബന്ധിത(ഇന്‍റർലോക്)മാണ്. മധ്യത്തിലെ താഴികക്കുടത്തിന് ചുറ്റും 72 ബുദ്ധ പ്രതിമകളുണ്ട്. പ്രതിമകൾ ബെൽ ആകൃതിയിൽ സുഷിരങ്ങളുള്ള നിർമിതികൾക്കുള്ളിലാണ്.
14ാം നൂറ്റാണ്ടിൽ ഹിന്ദു സാമ്രാജ്യങ്ങളുടെ തകർച്ചയും മെറാപി അഗ്നിപർവതത്തിന്‍റെ സ്ഫോടനവും മൂലം ക്ഷേത്രം ജീർണാവസ്ഥയിലും ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരുന്നു. പിന്നീട് 1814ൽ ബ്രിട്ടീഷ് അധിനിവേശക്കാലത്ത് ഗവർണറായിരുന്ന സർ തോമസ് സ്റ്റാൻഫോഡ് റാഫിൾസ് ക്ഷേത്രം കണ്ടെത്തി ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. ഇതിനിടയിൽ 42 ബുദ്ധ പ്രതിമകൾക്ക് തല നഷ്ടപ്പെട്ടു. ആദ്യം 42 മീറ്ററുണ്ടായിരുന്ന ക്ഷേത്രത്തിന്‍റെ ഇപ്പോഴത്തെ ഉയരം 38 മീറ്ററത്രെ. 1983ൽ ഇന്തോനേഷ്യൻ സർക്കാറും യുനെസ്കോയും ചേർന്ന് ബൃഹത്തായ പുനരുദ്ധാരണ പദ്ധതി പൂർത്തിയാക്കുകയും ക്ഷേത്രത്തെ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. .
യാത്രയുടെ അവസാനം തലസ്ഥാനമായ ജക്കാർത്തയിലെ ഇസ്തിഖ്ലാൽ പള്ളിയും മറ്റും സന്ദർശിച്ച് മടങ്ങാനായിരുന്നു ഞങ്ങളുടെ തീരുമാനം. 29ന് വൈകീട്ട് വിമാനം കയറാൻ തക്കവണ്ണമാണ് തലേന്ന് ഉച്ചതിരിഞ്ഞ് യോഗ്യകാർത്തയിൽനിന്ന് ബസ് മാർഗം ജക്കാർത്തയിലേക്ക് പുറപ്പെട്ടത്. സെമി സ്ലീപ്പർ ബസായിരുന്നെങ്കിലും തുടർച്ചയായ ഉറക്കം കിട്ടിയിരുന്നില്ല. വൈകീട്ട് നാലിന് പുറപ്പെട്ട ബസ് പിറ്റേന്ന് പുലർച്ചെ മൂന്നരക്കാണ് ജക്കാർത്തയിലെ റംബുട്ടാൻ ബസ് സ്റ്റേഷനിലെത്തിയത്. പുറത്ത് വാനുമായി 46കാരനായ ലൂയി കാത്തുനിൽപുണ്ടായിരുന്നു. നേരെ തെക്കനേഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഇസ്തിഖ്ലാൽ മസ്ജിദിലേക്കായിരുന്നു പോയത്. അവിടെയെത്തുേമ്പാൾ 2,00,000 പേർക്ക് പ്രാർഥനാ സൗകര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ പള്ളിയിൽനിന്ന് സുബഹ് ബാങ്ക് ഉയരുന്നുണ്ടായിരുന്നു. പുറത്തുനിന്ന് ബഹുനില കെട്ടിടമായാണ് തോന്നുകയെങ്കിലും അകത്തെ സംവിധാനങ്ങൾ അതിവിപുലവും പ്രാർഥന നിർവഹിക്കാനുള്ള സ്ഥലം അതി മനോഹരവുമാണ്. പ്രഭാതകർമങ്ങൾ നിർവഹിക്കാൻ വിശാലമായ സൗകര്യമാണ് പള്ളിയുടെ താഴെ നിലയിലുള്ളത്.
ഇന്തോനേഷ്യ സ്വാതന്ത്ര്യം നേടിയതിന്‍റെ സ്മരണക്കായാണ് 'സ്വാതന്ത്ര്യത്തിന്‍റെ പള്ളി' എന്നർഥം വരുന്ന ഇസ്തിഖ്ലാൽ മോസ്ക് എന്ന പേര് ആരാധനാലയത്തിന് നൽകിയത്. 1961ൽ അന്നത്തെ പ്രസിഡന്‍റ് സുകാർണോ ശിലയിട്ട പള്ളി നിർമാണം പൂർത്തിയാക്കാൻ 17 വർഷമെടുത്തു. 1978 ഫെബ്രുവി 22ന് പള്ളി ആരാധനക്കായി തുറന്നുകൊടുത്തത് അന്നത്തെ പ്രസിഡന്‍റ് സുഹാർത്തോ ആയിരുന്നു. 2019-20ൽ നവീകരിച്ച പള്ളിയുടെ നിർമണച്ചെലവ് 12 മില്യൻ യു.എസ് ഡോളറാണ്. പള്ളിയിൽനിന്ന് നമസ്കാരവും പ്രഭാതകർമങ്ങളും കഴിഞ്ഞാണ് പുറത്തിറങ്ങിയത്.
ഇസ്തിഖ്ലാൽ പള്ളിയുടെ തൊട്ടുമുമ്പിലാണ് ജകാർത്ത കതീഡ്രൽ തലയുയർത്തി നിൽക്കുന്നത്. 1901ൽ നിർമാണം പൂർത്തിയാക്കിയ കാതലിക് ചർച്ചിന് 60 മീറ്റർ ഉയരമുണ്ട്. വിശാലവും മനോഹരവുമായി സംവിധനിച്ച ഇന്തോനേഷ്യൻ ദേശീയ സ്മാരകമായ മനാസും സ്ഥിതി ചെയ്യുന്നത് ജകാർത്തയിലാണ്. പക്ഷെ ജക്കാർത്ത ഒരു മുങ്ങുന്ന നഗരമാണ്. ഭൂഗോളത്തിൽ ഏറ്റവും വേഗതയിൽ മുങ്ങുന്ന മെഗാസിറ്റികളിലൊന്നാണ് ജക്കാർത്ത. പ്രതിവർഷം 17 സെന്‍റിമീറ്റർ താഴ്ന്നുകൊണ്ടിരിക്കുന്ന നഗരം, കഴിഞ്ഞ 25 വർഷത്തിനിടയിൽ താഴ്ന്നത് 16 അടിയിലധികമാണ്. ഇങ്ങനെ പോയാൽ 2050 വരെ മാത്രമേ നഗരത്തിന് ആയുസ്സുണ്ടായിരിക്കൂ എന്നാണ് ഇന്തോനേഷ്യയിലെ നാഷണൽ റിസർച്ച് ആന്‍റ് ഇന്നവേഷൻ ഏജൻസി പറയുന്നത്. വടക്കൻ ജക്കാർത്തയുടെ 40 ശതമാനവും ഇപ്പോൾ തന്നെ സമുദ്ര നിരപ്പിൽ നിന്ന് താഴെയാണ്. 2045 ആവുേമ്പാഴേക്ക് 95 ശതമാനവും കടൽനിരപ്പിന് താഴെയാവുമെന്നും കണക്കാക്കപ്പെടുന്നു. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭ ജലത്തിന്‍റെ അമിത ചൂഷണം, നിർമാണപ്രവർത്തനങ്ങൾ എന്നിവ ഈ പ്രതിഭാസത്തിന് കാരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ ഭീഷണി മുന്നിൽ കണ്ട് ഇന്തോനേഷ്യൻ സർക്കാർ തലസ്ഥാനം ജക്കാർത്തയിൽനിന്ന് 1300 കിലോമീറ്റർ ദൂരെയുള്ള ബോർണിയോയിലേക്ക് മാറ്റാനുള്ള നടപടികൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്. ഇന്തോനേഷ്യൻ ഭാഷയിൽ 'ദ്വീപ് സമൂഹം' എന്ന് അർഥമുള്ള 'നുൻസന്താര' എന്ന് നാമകരണം ചെയ്ത നഗരത്തിലേക്ക് തലസ്ഥാനം മാറ്റാനുള്ള ബില്ലിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്തോനേഷ്യൻ പാർലമെന്‍റ് അംഗീകാരം നൽകി. 2022ൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ച പുതിയ നഗരത്തിന്‍റെ ഉദ്ഘാടനം ഇന്തോനേഷ്യൻ സ്വാതന്ത്ര്യദിനമായ 2024 ആഗസ്ത് 17ന് നിർവഹിക്കാനാണ് പദ്ധതി. 2045ൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന നഗരത്തിനായി ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള തൊഴിലാളികൾ കർമനിരതരായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.