തൂവെള്ളയിൽ പതഞ്ഞൊഴുകി ആഢ്യൻപാറ വെള്ളച്ചാട്ടം; കാനന ഭംഗിയും കോടമഞ്ഞും ഒരുമിച്ചാസ്വദിക്കാം

പ്രകൃതി ഒരുക്കിയ മനോഹാരിത വേണ്ടുവോളം ആസ്വദിക്കാനായില്ലെങ്കിൽ പിന്നെ എന്തുജീവിതം!. ഒരു അവധി ദിനം കിട്ടിയാൽ സംസ്ഥാനത്തിന്റെ അതിർത്തി കടക്കാനാണ് മലയാളിക്ക് താൽപര്യം. ഇതിനിടെ, നമുക്ക് ചുറ്റുമുള്ള പ്രകൃതിയിലെ മികച്ച കാഴ്ചാനുഭവങ്ങൾ കാണാതെ പോകുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടം അത്തരം കാഴ്ചകളിലൊന്നാണ്. മഴക്കാലത്ത് അതിന്റെ പൂർണതയിൽ തൂവെള്ള നിറത്തിൽ പതഞ്ഞൊഴുകുകയാണ് ഈ വെള്ളച്ചാട്ടം. അതിശക്തമായി ഒഴുകുന്ന വെള്ളം പാറകളിൽ തട്ടിയും തലോടിയും ശബ്ദ സാഗരങ്ങൾ തീർത്ത് പതഞ്ഞു പൊന്തുന്നത് വല്ലാത്ത അനുഭൂതിയാണ്.

പച്ച പുതച്ച് കിടക്കുന്ന പന്തീരായിരം വനത്തിലൂടെ വെള്ളി അരഞ്ഞാൺ പോലെ വളഞ്ഞു പുളഞ്ഞ് താഴേക്ക് ശക്തമായി പതിക്കുന്ന വെള്ളച്ചാട്ടമാണ് കാഞ്ഞിരപ്പുഴ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. വയനാടൻ മലനിരകളുടെ അതിർത്തി പങ്കിടുന്ന തേൻപാറ മഞ്ഞപ്പാറ മലകളാണ് കാഞ്ഞിരപ്പുഴക്ക് ജന്മം നൽകിയത്. ഈ മലക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചെറിയ പാറയിലെ ഭീമൻ പാറ വല്ലാത്ത കൗതുകമാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. മണിച്ചിക്കല്ല് എന്നാണ് അതിന് പഴമക്കാർ പേരിട്ടിട്ടുള്ളത്.

ചെറുകിട ജലവൈദ്യുതി ഉൽപാദന കേന്ദ്രം

വെള്ളച്ചാട്ടത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറത്താണ് ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തിക്കുന്നത്. ഇവിടെയും സഞ്ചാരികൾക്ക് സന്ദർശനാനുമതിയുണ്ട്. വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്ന് മല തുരന്നെത്തുന്ന വെള്ളം പെൻസ്റ്റോക്ക് വഴി താഴെയുള്ള വൈദ്യുതി നിലയത്തിൽ എത്തി ടർബയിനിലേക്ക് ശക്തമായി പതിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. വിദ്യാർഥികൾ അടക്കമുള്ളവർക്ക് വലിയ അറിവാണ് ഇതിലൂടെ നേരിട്ട് അനുഭവിക്കാൻ കഴിയുന്നത്.

മഴക്കാലത്ത് നൂൽമഴയാണ് പലപ്പോഴും ഇവിടെ ലഭിക്കുന്നത്. കോടമഞ്ഞിനൊപ്പം ഇളം തെന്നൽ കൂടി സഞ്ചാരികളെ കുളിരണിയിക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ കുളിക്കാനും വെള്ളത്തിൽ ഇറങ്ങാനും സൗകര്യമുണ്ടായിരുന്നു. എന്നാൽ, 20ലധികം മരണങ്ങൾ നടന്നതോടെ സുരക്ഷാ വേലി നിർമിച്ചു. കാനന ഭംഗിയും വെള്ളച്ചാട്ടവും കോടമഞ്ഞും ആസ്വദിക്കാൻ ഇതുപോലെ ചെലവ് കുറഞ്ഞ മറ്റൊരു ഇടം ഉണ്ടോ എന്നതുതന്നെ സംശയമാണ്. വെള്ളച്ചാട്ടവും വൈദ്യുതി നിലയവും സന്ദർശിക്കാൻ 20 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുന്നത്. മികച്ച ശുചിത്വ പരിപാലനമാണ് ഇവിടെയുള്ളത്.


വിനോദസഞ്ചാരികൾക്കായി ഭക്ഷണ കേന്ദ്രങ്ങളും പാർക്കിങ് സൗകര്യങ്ങളും ധാരാളം ഉണ്ട്. തേൻ, കല്ലുവാഴ തുടങ്ങിയ പ്രകൃതിദത്ത ഉൽപന്നങ്ങളും ഇവിടെനിന്ന് ലഭിക്കും. വെള്ളച്ചാട്ടത്തിന്റെ സമീപത്തായി താമസസൗകര്യങ്ങളും ഉണ്ട്. വാഹനങ്ങൾ കുത്തനെയുള്ള കയറ്റം കയറിയാണ് ആഢ്യൻപാറയിലേക്ക് എത്തുന്നത്. ഇതൊരു അഡ്വഞ്ചർ യാത്രാനുഭവവും സഞ്ചാരികൾക്ക് നൽകുന്നു. നിലമ്പൂരിൽനിന്ന് 15 കിലോമീറ്ററാണ് ചാലിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുറുമ്പലങ്ങോട് വില്ലേജിലെ ആഢ്യൻപാറയിലേക്കുള്ളത്.

Tags:    
News Summary - Journey to Adyanpara Waterfalls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.