ഭഗവതി അമ്മൻ ക്ഷേത്രം ദേവി കന്യാകുമാരിയുടെ ക്ഷേത്രമാണ്. കൗമാരപ്രായത്തിലുള്ള പെൺകുട്ടിയുടെ ഭാവത്തിലാണ് ഇവിടെ ദേവിയിരിക്കുന്നത്. ഇതിന് ഒരു ഐതിഹ്യമുണ്ട്.
'അസുരനായ ബാണാസുരൻ ഈ നാടിന്റെ അധിപനായിരുന്നു. അയാൾ തപസ്സ് അനുഷ്ഠിക്കുകയും ബ്രഹ്മാവിൽനിന്ന് തന്റെ മരണം കൗമാരപ്രായക്കാരിയായ ഒരു പെൺകുട്ടിയാൽ മാത്രമേ നടക്കൂ എന്ന് വരം നേടുകയും ചെയ്തു. ഇതോടെ നിർഭയനായിത്തീർന്ന അയാൾ ലോകമെമ്പാടും നാശം വിതച്ചു. ബാണാസുരനെ വധിക്കാനും പ്രകൃതിയുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ഭഗവതി ആര്യാവർത്തത്തിന്റെ തെക്കേ അറ്റത്ത് കുമാരിയായി അവതരിച്ചു.
കൗമാരപ്രായക്കാരിയായ അവൾക്ക് ശിവനോട് അപാരമായ ഭക്തി ഉണ്ടായിരുന്നത്രേ. തുടർന്ന് ശിവൻ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടക്കുകയും വിവാഹത്തിനായി ശിവൻ ശുചീന്ദ്രത്തിൽനിന്ന് യാത്ര തുടങ്ങുകയും ചെയ്തു. വിവാഹ സമയം അതിരാവിലെ ബ്രാഹ്മണ മുഹൂർത്തത്തിലായിരുന്നു.
ബാണാസുരനെ വധിക്കാൻ കൗമാരക്കാരിയായ ദേവിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് അറിയാവുന്ന നാരദ മുനി ശിവനുമായുള്ള വിവാഹം തടസ്സപ്പെടുത്താൻ തീരുമാനിച്ചു. ഇതിനായി നാരദൻ കോഴിയുടെ ശബ്ദം പുറപ്പെടുവിച്ചു. സൂര്യൻ ഉദിച്ചുകഴിഞ്ഞു, ശുഭമുഹൂർത്തം കടന്നുപോയി എന്ന് തെറ്റിദ്ധരിച്ച ശിവൻ മടങ്ങി. ശിവന്റെ വരവിനായി കാത്തിരുന്ന ദേവിയ്ക്ക്, തന്നെ വഞ്ചിക്കപ്പെട്ടതായി തോന്നി.
ആ കോപത്തിൽ ദേവി ഭക്ഷണം വലിച്ചെറിയുകയും വളകൾ പൊട്ടിക്കുകയും ചെയ്തു. മനസാന്നിധ്യം വീണ്ടെടുത്ത് ദേവി കഠിനമായ തപസ്സ് ആരംഭിച്ചു. കുമാരി ആരാണെന്നറിയാതെ വശീകരിക്കാനും സമീപിക്കാനും ബാണാസുരൻ ശ്രമിച്ചു. കുപിതയായ കുമാരി ഒറ്റയടിക്ക് ബാണാസുരനെ വധിച്ചുവത്രേ.
ബാണാസുരനെ വധിച്ച ശേഷം, കുമാരി തന്റെ പാർവതി രൂപം സ്വീകരിക്കുകയും ഭർത്താവ് ശിവനുമായി വീണ്ടും ഒന്നിക്കുകയും ഭഗവതി കുമാരി അമ്മൻ ക്ഷേത്രത്തിൽ ദിവ്യ സാന്നിധ്യം നിലനിർത്തുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. അന്ന് ദേവി കോപത്തിൽ വലിച്ചെറിഞ്ഞ ആഹാരസാധനങ്ങൾ കന്യാകുമാരിയിൽ നിറമുള്ള മണലുകളായി മാറിയയെന്നാണ് വിശ്വാസം'. എനിക്കെപ്പോഴും തോന്നാറുണ്ട് ഇതുപോലുള്ള കഥകളാണ് ഓരോ നാടിനും നിറങ്ങളും ഭാവങ്ങളും നൽകുന്നതെന്നു.
കന്യാകുമാരി ക്ഷേത്രത്തിൽനിന്നും പുറത്തിറങ്ങി കടലിനു നേരെ നടന്നാൽ, ദൂരെ വിവേകാനന്ദ പാറയും തിരുവള്ളൂർ പ്രതിമയും കാണാം. ഫോട്ടോ എടുത്ത് നൽകാമെന്ന് പറഞ്ഞു ഒരുപാട് ചേട്ടന്മാരുണ്ടിവിടെ. മൊബൈലുകൾ ഇത്രയും സജീവമായ ഈ കാലഘട്ടത്തിൽ ആരാണ് ഇങ്ങനെ ഫോട്ടോ എടുക്കുകയെന്ന് വെറുതെ ചിന്തിച്ചു. കാലത്തിനനുസരിച്ചു മാറേണ്ടതില്ലേ എന്നൊരു സംശയം!!
കന്യാകുമാരി ക്ഷേത്രത്തിന്റെ പുറംഭിത്തി അഞ്ച് ആൾ പൊക്കമുണ്ട്. കടൽ ക്ഷോഭത്തെ അതിജീവിക്കാനാവും ഇങ്ങനെ പണിതിരിക്കുന്നത്. മതിലിന്റെ പൊക്കവും ആസ്വദിച്ചു ഞാൻ ചുമ്മാ അതിനു ചുറ്റും നടന്നു.
അവിടെനിന്നും ഇറങ്ങി നേരെ ത്രിവേണി സംഗമത്തിലേക്ക് നടന്നു. ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥാനമായ 'കേപ് കൊമോറിൻ' എന്നറിയപ്പെടുന്ന ഇവിടം, ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പുണ്യസ്നാന കേന്ദ്രം കൂടിയാണ്. ഇവിടെയൊരു കല്ല് മണ്ഡപമുണ്ട്. സൂര്യസ്തമയം കാണാൻ മനോഹരമായ ഒരു സ്ഥലമാണിത്.
കാർമേഘങ്ങൾ കൊണ്ട് ആകാശം മൂടിയിരുന്നതിനാൽ അസ്തമയം ആസ്വദിക്കാൻ സാധിച്ചില്ല. പക്ഷെ ചാറ്റൽ മഴയും കാർമേഘങ്ങൾ മൂടിയ ആകാശവും അതിനിടയിയിലൂടെ ഊർന്നുവരുന്നു സ്വർണ രശ്മികളും സായാഹ്നത്തിനു മറ്റൊരു ഭാവം നൽകി.
ആ കൽമണ്ഡപത്തിൽ ഇരുന്നു പ്രകൃതിയുടെ വ്യത്യസ്തമായ ഭാവം ഞങ്ങൾ ആസ്വദിക്കുകയായിരുന്നു. ഒത്തിരി നേരം അവിടെ ചെലവഴിച്ചു മനസ്സില്ലമനസ്സോടെ ഹോട്ടലിലേക്ക് തിരിച്ചു നടക്കുമ്പോഴും, ഇന്നത്തെ സായാഹ്നത്തിന്റെ ഭാവമെന്തായിരുന്നെന്ന് ചിന്തിക്കുകയായിരുന്നു മനസ്സ്.
കന്യാകുമാരി ഇപ്പോൾ എനിക്ക് പ്രിയപ്പെട്ടവളാണ്. വലിയ മഴയുടെ സാധ്യത പ്രവചിച്ചിട്ടും ചുറ്റുമുള്ള പ്രദേശങ്ങളിൽ മഴ തിമിർത്തു പെയ്തപ്പോഴും എന്റെ യാത്ര തീരും വരെ ചാറ്റൽ മഴയിൽ ഒതുക്കി, എല്ലാ സൗകര്യവും ഒരുക്കി തന്ന കന്യാകുമാരിയോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. 'ട്രാവലർസ് ലക്ക്' എന്നൊക്കെ ഓമന പേരിൽ വിളിക്കാവുന്ന പ്രതിഭാസം ഞാനും ഈ കന്യാകുമാരി യാത്രയിൽ ആസ്വദിച്ചു.
അവസാനിച്ചു
ഭാഗം ഒന്ന്: നാഗർകോവിലും കന്യാകുമാരി കാഴ്ചകളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.