നിലമ്പൂർ: മനം നിറയും കാഴ്ചകള്‍ ആസ്വദിച്ച് മൂളിപ്പാട്ടും പാടി ചുരം കയറാം, സുഖമുള്ള തണുപ്പിലലിയാം... നാടുകാണിയിലെത്തിയാൽ പ്രകൃതിയുടെ കാന്‍വാസില്‍ തീര്‍ത്ത ദൃശ്യങ്ങള്‍ മനസിനെ വല്ലാതെ ഭ്രമിപ്പിക്കും. കൺകുളിര്പ്പിക്കുന്ന നീലമലകളും പച്ച നിറഞ്ഞ താഴ്വരകളും ദൃശ്യവസന്തം ഒളിപ്പിച്ചുവെച്ച ചുരത്തിലൂടെയുള്ള യാത്ര അവാച്യമായ അനുഭൂതിയാണ് നല്‍കുന്നത്. വന്യസൗന്ദര്യം തഴുകുന്ന നാടുകാണി ചുരം പ്രകൃതിയുടെ കവാടമാണ്. വിനോദവിസ്മയങ്ങളിലേക്കുള്ള മലബാറിന്റെ ഗേറ്റ് വേ.
കൊടിയ വേനലിലും തണുപ്പനുഭവപ്പെടുന്ന തണുപ്പന്‍ചോല, കല്ലള, പോത്തുംകുഴി, ജാറം, അതിര്‍ത്തി എന്നിവിടങ്ങളില്‍ വേനല്‍ക്കാലത്ത് ഒട്ടേറെ പേരാണ് കുടുംബസമേതം മണിക്കൂറുകള്‍ ചെലവഴിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, ഹനുമാന്‍കുരങ്ങ്, കുട്ടിത്തേവാങ്ക് എന്നിവയും വിവിധയിനം പക്ഷികളും സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയാണ്. ഒന്നാംവളവിലെ വ്യൂപോയിന്റിലാണ് സഞ്ചാരികളുടെ തിരക്ക് ഏറെയുള്ളത്.
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ ചുരം മോടികൂട്ടാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഫണ്ടുപയോഗിച്ച് ചുരത്തിന്റെ സൗന്ദര്യവത്കരണ നടപടികള്‍ അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയിരുന്നു. മുന്‍ ജില്ല കലക്ടര്‍ എം.സി. മോഹന്‍ദാസിന്റെ നിര്‍ദേശപ്രകാരം റോഡിനിരുവശവും ചെടികള്‍ നട്ടുപിടിപ്പിച്ചിരുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാൻ ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ തേന്‍പാറയിലെ വലിയ പാറയില്‍ ചിത്രങ്ങളും വരച്ചിരുന്നു. വര്‍ഷങ്ങളോളം മായാതെ നിന്ന ചിത്രങ്ങള്‍ ഉരുൾപൊട്ടലോടെ മാഞ്ഞുപോയി. ഒന്നാംവളവ്, ആശാരിപ്പാറ, ഓടപ്പാലം എന്നീ വ്യൂപോയിന്റുകളില്‍ സഞ്ചാരികള്‍ക്ക് നില്‍ക്കാനും വാഹനപാര്‍ക്കിങിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, റോഡിന് കൈവരികള്‍ നിര്‍മിക്കുക, റോഡരികില്‍ ചെടികള്‍ പിടിപ്പിക്കുക, മാലിന്യങ്ങള്‍ നീക്കുക എന്നിവ കാലങ്ങളായി ഉയര്‍ത്തുന്ന ആവശ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.