കൊടുംകാടിനുള്ളിൽ വർഷത്തിൽ ഒരിക്കൽ മാത്രം എത്താൻ കഴിയുന്ന ഒരു ക്ഷേത്രം. ചൈത്രമാസത്തിലെ പൗർണമിക്ക് മാത്രമേ തുറന്ന് പൂജകൾ നടക്കൂ എന്നതാണ് കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ് മക്കളുടെ വീരനായിക കണ്ണകിക്കായി നിർമിച്ചതെന്ന് കരുതുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെ പ്രത്യേകത. ഇടുക്കി കുമളിക്കടുത്ത് കൊടുംകാടിനുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ചിത്ര പൗർണമി ഉത്സവം കൂടാൻ തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നും ഒരു ദിവസം മാത്രം എത്തുന്നത് ആയിരക്കണക്കിന് ഭക്തരാണ്. പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഐതിഹ്യവും നിർമാണരീതിയും കൗതുകവും ഇഴചേർന്നു കിടക്കുന്ന മംഗളാദേവി ക്ഷേത്രത്തിൽ എത്തുന്നവർ പ്രകൃതിയുടെ ഉത്സവത്തിനുകൂടി സാക്ഷ്യം വഹിച്ചാണ് മംഗളാദേവി മലയിറങ്ങുന്നത്.
കടൽനിരപ്പിൽനിന്ന് ശരാശരി 1337 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ്നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നുണ്ട്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെയെത്തി എന്നതാണ് ഐതിഹ്യം. പുരാതന ചേരശൈലിയിൽ ശിലാപാളികൾ അടുക്കിവെച്ച നിർമാണരീതിയാണ് ഇവിടെ കാണാനാകുക. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെനിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും വിശ്വസിക്കുന്നു.
നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ 1980കളിൽ തമിഴ്നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ, ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ അതിർത്തിക്കുള്ളിൽ വരുന്ന ഇവിടം തർക്കഭൂമിയായി. പിന്നീട് ചിത്രപൗർണമി ദിവസം മംഗളാദേവി ക്ഷേത്രത്തിൽ ഒന്നിൽ കേരളത്തിലെയും മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജക്ക് അനുവാദം നൽകാൻ തീരുമാനിച്ചു. മംഗളാദേവിയിലെ ചിത്രപൗർണമി ഉത്സവം ഏറെ പ്രശസ്തമാണ്. ഭക്തരും സഞ്ചാരികളും ഉൾപ്പെടെ 25,000ഓളം ആളുകൾ ഈ ഉത്സവത്തിന് എത്തിച്ചേരാറുണ്ട്. രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു വരെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കും.
പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. പ്രത്യേക അനുമതി ലഭിച്ച ടാക്സി ജീപ്പുകളിലോ അല്ലെങ്കിൽ 15 കിലോമീറ്റർ നടന്നോ ഈ ഒരു ദിവസം ഭക്തർക്ക് മംഗളാദേവിയിൽ എത്തിച്ചേരാം. രാവിലെ ആറു മണി മുതൽ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചക്ക് 2.30നു ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30നു ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാനും അനുവദിക്കില്ല. രാവിലെ നാലു മണി മുതൽ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാർ, സഹായികൾ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും. ഉത്സവത്തിന് ഇടുക്കി, തേനി കലക്ടർമാർ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
മംഗളാദേവി ക്ഷേത്രവും അതിന്റെ ചരിത്രവും പഴമയും ഇന്നും അവ്യക്തമാണ്. 2000-2500 വർഷത്തെ പഴക്കമുണ്ടെന്ന് അനുമാനിക്കാം. എന്നാൽ, ആരാണ് ക്ഷേത്രം നിർമിച്ചതെന്ന കാര്യത്തിന് തെളിവില്ല. പഴയ ചേരനാട്ടിലെ മഹാരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവൻ 2000 വർഷങ്ങൾക്കുമുമ്പ് വണ്ണാത്തിപ്പാറയിൽ കണ്ണകിക്കുവേണ്ടി ക്ഷേത്രം സ്ഥാപിക്കുകയും പിന്നീട് അത് മംഗളാദേവി ക്ഷേത്രമായി അറിയപ്പെടുകയും ചെയ്തുവെന്നാണ് പറയുന്നത്.
കൊടും വനത്തിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ആരോരുമറിയാതെ കിടന്ന ഈ കൽക്ഷേത്രം എങ്ങനെയാകും നിർമിച്ചതെന്ന സംശയവും ഇവിടെയെത്തുന്ന ഏതൊരാൾക്കുള്ളിലും ഉണ്ടാകും. ഇപ്പോൾ ജീർണിച്ച അവസ്ഥയിലാണെങ്കിലും, ക്ഷേത്രത്തിലേക്കുള്ള ചുവരുകളിലും പടവുകളിലും ഇപ്പോഴും വലിയ കല്ലുകളുണ്ട്. അവ മുൻകാല പ്രതാപത്തിന്റെ സാക്ഷ്യമായി തല ഉയർത്തിനിൽക്കുന്നതു കാണാം. ശിലാഭിത്തികളിൽ കൊത്തിയെടുത്ത ശിൽപങ്ങളുണ്ട്.
ആനയും അമ്പാരിയും വാദ്യമേളങ്ങളും വെടിക്കെട്ടുകളുമൊന്നുമില്ലാത്ത വേറിട്ട ഒരു ഉത്സവമാണ് മംഗളാദേവിയിലേത്. മംഗളാദേവിയുടെ ഉത്സവം പ്രകൃതിയുടെ ഉത്സവമാണ്. കുന്നിൻ മുകളിലുള്ള ഈ ക്ഷേത്രത്തിലെത്തിയാൽ പശ്ചിമഘട്ടത്തിന്റെയും തമിഴ്നാട്ടിലെ ചെറിയ മലയോര ഗ്രാമങ്ങളുടെയും വിദൂര ദൃശ്യങ്ങൾ കാണാം. ഇടതൂർന്ന പച്ചപ്പിൽ ചിതറിക്കിടക്കുന്ന ചെറിയ ഗ്രാമങ്ങളുടെ ദൂരെയുള്ള കാഴ്ച മനോഹരമാണ്.
വർഷത്തിൽ ഒരു ദിവസം മാത്രം ഇവിടേക്ക് എത്താനും കാടിനുള്ളിലെ കാഴ്ചകൾ കാണാനും കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും നിരവധി സഞ്ചാരികളും ഇപ്പോൾ എത്തുന്നുണ്ട്. കാടിനുള്ളിലൂടെ നടന്നെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ വനം വകുപ്പും ആരോഗ്യ വകുപ്പും വിവിധ ഇടങ്ങളിലുണ്ടാകും. വർഷത്തിൽ ഒരിക്കൽമാത്രം കാണാൻ അവസരം കിട്ടുന്നതിനാൽ ഓരോ വർഷവും തിരക്ക് ഏറും. കുമളി ശ്രീഗണപതി ഭദ്രകാളി ക്ഷേത്ര കമ്മിറ്റി, തമിഴ്നാട് കണ്ണകി ട്രസ്റ്റ് എന്നിവരാണ് ക്ഷേത്രത്തിലെ പൂജകൾക്കടക്കം നേതൃത്വം നൽകുന്നത്.
ഇടതൂർന്ന വനങ്ങളിലൂടെയും ഉയർന്ന പുൽമേട്ടിലൂടെയും ക്ഷേത്രത്തിലേക്ക് എത്തുന്നവർക്ക് വിസ്മയംതന്നെയാണ് ഉത്സവം സമ്മാനിക്കുന്നത്. ഒരിക്കലെത്തിയാൽ വീണ്ടും എത്തണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരുടെയും മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.