കാഞ്ഞിരപ്പള്ളി: മഴ കൂടുതൽ ശക്തിപ്രാപിച്ചതോടെ മേലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21, 22 വാർഡുകൾ, ചിറക്കടവ് പഞ്ചായത്തിലെ കുന്നുംഭാഗം എന്നിവയുടെ സംഗമകേന്ദ്രത്തിലാണ് മേലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ജൂൺ മുതൽ ജനുവരിവരെയുള്ള കാലത്താണ് വെള്ളച്ചാട്ടം ഏറെ ആകർഷകമാകുന്നത്. സമീപപ്രദേശക്കാരായ സഞ്ചാരികളെ ആകർഷിച്ചുകൊണ്ടുള്ള വെള്ളച്ചാട്ടത്തിലെ പാൽപത ഏറെ മനോഹരമാണ്.
ഇവിടെ വിനോദസഞ്ചാരികൾക്കായി ‘ഹാപ്പിനസ് പാർക്ക്’ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ജനപ്രതിനിധികൾ. കിഴക്കൻമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇവിടേക്ക് കടന്നു ചെല്ലണമെങ്കിൽ ആദ്യഘട്ടമെന്ന നിലയിൽ സൗകര്യപ്രദമായ റോഡ് ആവശ്യമാണ്. വെള്ളച്ചാട്ടത്തോട് ചേർന്ന് സംരക്ഷണവേലികളും ഒരുക്കണം.
മേലരുവി ചെക്ക് ഡാമിൽനിന്നുമാണ് പൈപ്പ് ലൈൻ വഴി കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ആവശ്യങ്ങൾക്ക് വെള്ളമെത്തുന്നത്. കാഞ്ഞിരപ്പള്ളി ജനൽ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് തുണി അലക്കാനും കുളിക്കാനുമുള്ള സൗകര്യം മേലരുവിയിൽ ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ ഒരു ടൂറിസ്റ്റ് കേന്ദ്രമാകാനുള്ള മേലരുവിയുടെ വികസനത്തിന് സർക്കാറിന്റെ സഹായമുണ്ടാകേണ്ടതുണ്ടെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, അംഗങ്ങളായ മഞ്ജു മാത്യു, ആന്റണി മാർട്ടിൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.