800ലധികം നേർരേഖകളും 300ഓളം ജ്യാമിതീയ രൂപങ്ങളും; ഇത്​ നിഗൂഢതകൾ നിറഞ്ഞ മരുഭൂമി

പ്രപഞ്ചത്തിൽ ഏതൊരു കാര്യവും സംഭവിക്കുന്നതിന് ഒരു കാരണമുണ്ടെന്നാണല്ലോ. ചൈനയുടെ വടക്കൻ അതിർത്തികൾ ശത്രുക്കളിൽനിന്ന്​ സംരക്ഷിക്കാൻ നിർമിച്ച വന്മതിലി​െൻറയും പ്രിയപത്‌നി മുംതാസി​െൻറ ഓർമക്കായി ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച താജ്മഹലി​െൻറയുമെല്ലാം നിർമാണലക്ഷ്യങ്ങൾ മനുഷ്യരാശിക്ക് മുന്നിൽ തെളിയിക്കപ്പെട്ടതാണ്. എന്നാൽ, മനുഷ്യചരിത്രത്തിലെ തന്നെ ആദ്യകാല നാഗരികതകളിൽ കണ്ടെത്തിയ ചില നിർമിതികളും വിചിത്രരൂപങ്ങൾ കൊത്തിവെച്ച ഗുഹാചിത്രങ്ങളും ലിപികളും മറ്റും പൂർണമായി വിശദീകരിക്കാൻ അതത് ശാസ്ത്രശാഖകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ആ ഗണത്തിൽപെടുത്താവുന്ന അപൂർവ കലാസൃഷ്​ടികളാണ് ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ മരുഭൂമിയിൽ കണ്ടെത്തിയ നാസ്ക വരകൾ.

ഏതാണ്ട് 16ാം നൂറ്റാണ്ടി​െൻറ മധ്യത്തിൽ തന്നെ നാസ്ക വരകളെ കുറിച്ചു ചരിത്രത്തിൽ പരിമിതമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടി​െൻറ തുടക്കത്തിൽ ആ ഭാഗത്തു കൂടെ പറന്ന പെറുവിയൻ വൈമാനികരാണ് ഈ വരകളുടെ നീളവും വ്യാപ്തിയും ആദ്യമായി ലോകത്തോട്‌ വിളിച്ചുപറഞ്ഞത്. സമീപ പ്രദേശങ്ങളിലുള്ള മലകളിൽനിന്ന്​ നോക്കിയാൽ ഇവ കാണാമെങ്കിലും ഇവക്ക് മുകളിലൂടെ പറന്നാൽ മാത്രമേ ഈ വരകളിൽ ഒളിഞ്ഞിരിക്കുന്ന രൂപചിത്രങ്ങൾ വെളിപ്പെടുകയുള്ളൂ.


1940 ൽ അമേരിക്കൻ ചരിത്രകാരനായ പോൾ കൊസോക് ആണ് നാസ്ക വരകളെ പറ്റി ആഴത്തിൽ പഠനം നടത്താൻ ആദ്യമായി തുനിഞ്ഞത്. പുരാതന ജലസേചന സംവിധാനങ്ങളെ കുറിച്ച് പഠിക്കാൻ ഈ മേഖലയിലൂടെ പറന്ന ഇദ്ദേഹം ഇത്തരം വരകളിൽ ഒന്ന് ഭീമാകാരമായ പക്ഷിയുടേതാണെന്ന് കണ്ടെത്തി. തന്നെ ആശ്ചര്യപ്പെടുത്തിയ ഈ കാഴ്ചയുടെ ചുരുളഴിക്കാൻ പ്രഗല്​ഭരായ ചില പുരാവസ്തുഗവേഷകരുടെയും ഗണിതശാസ്ത്രജ്ഞരുടെയും സഹായം തേടി. ഇവ എങ്ങനെ ഉണ്ടാക്കി എന്നും എന്തിന് ഉണ്ടാക്കി എന്നുമുള്ള രണ്ട് ചോദ്യങ്ങൾക്കാണ് അവർ ഉത്തരം കണ്ടെത്താൻ ശ്രമിച്ചത്. ഇവ വരച്ചുണ്ടാക്കാൻ ഉപയോഗിച്ച രീതിയും ഉപകരണങ്ങളും കുറെയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും എന്തിന് അല്ലെങ്കിൽ ആർക്ക് വേണ്ടി ഇത്രയും ഭീകര ചിത്രങ്ങളും കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന നേർരേഖകളും വരച്ചു എന്നത് ഇപ്പോഴും ഉത്തരം തേടുന്ന ചോദ്യമാണ്.

ബി.സി.ഇ 100 മുതൽ സി.ഇ 800 വരെ നിലനിന്നു എന്ന് കരുതപ്പെടുന്ന നാസ്ക സംസ്കാരം കെട്ടിപ്പടുത്ത സ്ഥലത്തു കണ്ടെത്തിയതിനാലാണ് ഈ വരകൾ നാസ്ക വരകൾ എന്നറിയപ്പെടുന്നത്. പെറുവി​െൻറ തലസ്ഥാനമായ ലിമക്ക് ഏതാണ്ട് 400 കി.മീ തെക്കായിട്ടാണ് ഈ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 50 കി.മീ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന നേർരേഖകളുടെയും വിവിധ രൂപങ്ങളിലുള്ള വരകളുടെയും ആകെ നീളം 1300 കിലോമീറ്റർ വരുമത്രേ! ഇരുമ്പ് ഓക്‌സൈഡ് ആവരണം ചെയ്ത കടുംചുവപ്പ് നിറത്തിലുള്ള ചരൽകല്ലുകൾ നിറഞ്ഞതാണ് ഈ മരുഭൂമി. ഇതിൽ 15 സെൻറിമീറ്ററോളം ആഴത്തിൽ കുഴിച്ചുണ്ടാക്കുന്ന ചാലുകൾക്ക് മഞ്ഞകലർന്ന ഇളംചാരനിറമാണ്. ഇങ്ങനെയുള്ള ചാലുകൾ ഏതാണ്ട് ഒരടി മുതൽ ആറടി വരെ വീതിയിൽ കിലോമീറ്ററുകളോളം നീളത്തിൽ ഉണ്ടാക്കുമ്പോൾ ചുറ്റപ്പെട്ടുകിടക്കുന്ന കടുംനിറത്തിൽ നിന്നുള്ള വർണാന്തരം ഇവയെ ദൂരെ നിന്നു പോലും ദൃശ്യസാധ്യമാക്കുന്നു. വരണ്ടതും കാറ്റോ മഴയോ ഇല്ലാത്തതുമായ ലോകത്തിലെതന്നെ അപൂർവ കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിൽ ഒന്നാണിവിടം.


നാസ്ക നാഗരികതയുടെ തകർച്ചക്ക് ശേഷം മനുഷ്യസാന്നിധ്യമില്ലാത്തതും സുസ്ഥിര കാലാവസ്ഥ കാരണവും ഈ വരകൾ നൂറ്റാണ്ടുകളായി പ്രകൃത്യാ സംരക്ഷിക്കപ്പെട്ടു പോന്നു. കൂടാതെ ചാലുകളിലെ ചുണ്ണാമ്പി​െൻറ സാന്നിധ്യവും ഇതി​െൻറ നിലനിൽപ്പിനെ സഹായിച്ചു. 800ലധികം നേർരേഖകളും 300 ഓളം ജ്യാമിതീയ രൂപങ്ങളും 70 ഓളം ജീവരൂപങ്ങളുമാണ് ഇതുവരെ ഈ പ്രദേശത്ത് കണ്ടെത്തിയത്. കൂടുതൽ വരകളുടെ സാന്നിധ്യം തള്ളിക്കളയാനാവില്ല എന്നാണ് ഡ്രോണുകളും മറ്റ്‌ നൂതനവിദ്യകളും ഉപയോഗിച്ചുള്ള ശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില നേർരേഖകൾ 50 കിലോമീറ്ററോളം നീളമുള്ളതാണ്.  

കണ്ടെത്തിയതിൽവെച്ച്​ ഏറ്റവും വലിയ ജീവരൂപത്തിനു 1200 അടിയോളം നീളം വരും. താരതമ്യേന ലളിതമാണ് നേർരേഖകളെങ്കിലും ഉയരത്തിൽ പറന്നാൽ മാത്രമേ പക്ഷികൾ, മൃഗങ്ങൾ, ഉരഗങ്ങൾ തുടങ്ങിയ സങ്കീർണമായ വരകൾ കണ്ണുകൾക്ക് വ്യക്തമാകുകയുള്ളൂ. കുരങ്ങ്, നായ, പല്ലി, പൂക്കൾ, കൈ, തിമിംഗലം അങ്ങനെ നീളുന്നു ഇവയുടെ പട്ടിക. ഒരു മലയുടെ ചരിവിൽ ആകാശത്തേക്ക് നോക്കിനിൽക്കുന്ന മനുഷ്യരൂപം ഇതിൽ ഏറ്റവും ദുരൂഹമായി നിലകൊള്ളുന്നു.


ഉപകരണങ്ങളും യന്ത്രങ്ങളും തീരെ വികസിച്ചിട്ടില്ലാത്ത കാലത്ത്​ ആകാശത്തു പറന്നുനടന്ന് ആരാണ് ഇവ ആസ്വദിച്ചത് എന്ന ചോദ്യമാണ് ഇതി​െൻറ നിഗൂഢത വർധിപ്പിക്കുന്നത്. താൽപര്യം ജനിപ്പിക്കുന്ന പല ഊഹങ്ങളും ഇതേക്കുറിച്ചു പഠനം നടത്തിയ ശാസ്ത്രജ്ഞർ വിശദീകരിക്കുന്നുണ്ട്. അക്കാലത്തെ ബഹിരാകാശ ഗവേഷകർ അവരുടെ പഠനങ്ങൾക്കായി ഉണ്ടാക്കിയതാണെന്ന് ചിലർ വിശ്വസിക്കുന്നു.

ജ്യാമിതീയ രൂപങ്ങളും നേർരേഖകളും ഒരർഥത്തിൽ ഇത് ശരിവെക്കുന്നുണ്ട്. എന്നാൽ, ജീവജാലങ്ങളുടെ വരകൾ നാസ്ക സംസ്കാരത്തിലെ മതപരമായ വിശ്വാസങ്ങളുടെ ഭാഗമായിട്ടായിരിക്കാം എന്നാണ് റോബിൻ എഡ്ഗർ എന്ന ജ്യോതിശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നത്. അക്കാലത്തുണ്ടായിട്ടുള്ള സൂര്യഗ്രഹണങ്ങളുടെ സമയത്ത്​, കണ്ണിനോട് സാദൃശ്യമുള്ള സൂര്യ​െൻറ രൂപമാറ്റം ഒരു പക്ഷെ 'ദൈവത്തി​െൻറ കണ്ണായി' തെറ്റിദ്ധരിച്ചു ദൈവപ്രീതിക്കായി ചെയ്തതാവാം. വരകളുടെ വ്യാപ്തിയും വലുപ്പവും കണക്കാക്കുമ്പോൾ മനുഷ്യസാധ്യമല്ല ഇവയെന്നും അന്യഗ്രഹ ജീവികൾ നിർമിച്ചതാണെന്നുമാണ് എറിക് വോൺ എന്ന എഴുത്തുകാരൻ ത​െൻറ ഒരു പുസ്തകത്തിൽ പരാമർശിച്ചത്.


സുസ്ഥിര കാലാവസ്ഥ മൂലം ഇത്രകാലം സംരക്ഷിക്കപ്പെട്ട യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച ഈ വരകളും കാലാവസ്ഥ വ്യതിയാനം മൂലം നിലനിൽപ്പ്​ ഭീഷണിയിലാണിപ്പോൾ. 2014ൽ ഗ്രീൻപീസ് പ്രവർത്തകർ നടത്തിയ സമരങ്ങൾ ചില വരകൾക്ക് കേടുപാടുകൾ ഉണ്ടാക്കി. പെറുവിയൻ സർക്കാർ അതിനെതിരെ നിയമനടപടി സ്വീകരിക്കുകയും പിന്നീട് ഗ്രീൻപീസ് സംഘടന അതിൽ ഖേദപ്രകടനം നടത്തി രക്ഷനേടുകയും ചെയ്തു. ചില അന്താരാഷ്​ട്ര ഹൈവേകളും ഈ പ്രദേശത്തു കൂടെ കടന്നുപോകുന്നതും ഈ വരകൾക്ക് ഭീഷണിയാകുന്നുണ്ട്.

Tags:    
News Summary - mysterious desert in peru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.