ന്യൂജേഴ്സിയിലെ എഡിസണിൽ നിന്ന് ന്യൂയോർക്കിലേക്ക് െട്രയിൻ കയറുമ്പോൾ ചെറുപ്പം മുതൽ കേട്ടും വായിച്ചും മനസ്സിൽ കയറിക്കൂടിയ ഒരു മഹാനഗരം നേരിൽ കാണാനുള്ള ആകാംക്ഷയായിരുന്നു മനസ്സു നിറയെ. ബുർജ് ഖലീഫയും മക്കയിലെ ക്ലോക്ക് ടവറുമൊക്കെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നതിന് മുമ്പ് എംപയർ സ്റ്റേറ്റ് ബിൽഡിങ്ങും വേൾഡ് ട്രേഡ് സെന്ററും കൊണ്ട് വിസ്മയിപ്പിച്ച ന്യൂയോർക്ക്. വിശ്രുതമായ ആ മഹാനഗരത്തിലേക്കാണ് എന്റെ യാത്ര. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങൾ ഇപ്പോൾ ന്യൂയോർക്ക് സിറ്റിയിൽ അല്ലെങ്കിലും ഈ നഗരം ഇന്നും അംബരചുംബികളുടെ നഗരം തന്നെ. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഉയരം കൂടിയ കെട്ടിടങ്ങൾ ഉള്ള മൂന്നാമത്തെ നഗരമാണ് ന്യൂയോർക്ക്.
മൂടൽ മഞ്ഞും ചാറ്റൽ മഴയും തീർത്ത കറുത്തിരുണ്ട അന്തരീക്ഷം എന്റെ ഉത്സാഹത്തിന് ഒരു കുറവും വരുത്തിയില്ല. ഏകദേശം ഒരു മണിക്കൂർ നീണ്ട യാത്ര അവസാനിച്ചത് മാൻഹട്ടൻ മിഡ്ടൗണിലുള്ള പെൻസ്റ്റേഷനിലാണ്. നഗരഹൃദയമായ മാൻഹട്ടണിൽ ഭൂമിക്കടിയിലാണ് പെൻസ്റ്റേഷൻ. ഈ മഹാ നഗരത്തിന്റെ തന്നെ വിവിധയിടങ്ങളെയും മറ്റു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പലതരം ട്രെയിൻ ഗതാഗത സംവിധാനങ്ങളുടെ കേന്ദ്രമാണിത്. നഗരത്തിലെ ട്രാഫിക് ലഘൂകരിക്കാൻ ഇത്തരം അണ്ടർഗ്രൗണ്ട് ഗതാഗതസൗകര്യങ്ങൾ മിക്കവാറും എല്ലാ വൻനഗരങ്ങളുടെയും പൊതുവായ പ്രത്യേകതയായി ഇന്ന് മാറിയിട്ടുണ്ട്.
എന്നാൽ, 1904 ൽ തന്നെ അമേരിക്ക ഇത്തരം ഗതാഗതസംവിധാനങ്ങൾ ആരംഭിച്ചിരുന്നു എന്നതാണ് വിസ്മയകരം. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പെയ്തുകൊണ്ടിരിക്കുന്ന ചാറ്റൽ മഴ പെൻസ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോഴുമുണ്ട്. സ്റ്റേഷന് പുറത്തിറങ്ങി ചുറ്റുപാടും കണ്ണോടിച്ചു. കൂറ്റൻ കെട്ടിടങ്ങൾ. ഉയരമുള്ള കെട്ടിടങ്ങളുടെ ഉച്ചിയെ മറക്കുംവിധം മൂടൽ മഞ്ഞ് മഹാനഗരത്തെ പൊതിഞ്ഞിരിക്കുന്നു. നഗരം അതിന്റെ ദൈനംദിന ചിട്ടകളിലേക്ക് പ്രവേശിക്കുന്നേയുള്ളൂ. പ്രഭാതമായതിനാലായിരിക്കണം നിരത്തുകളിൽ വലിയ തിരക്കില്ല. വഴിവാണിഭക്കാരിൽ ചിലർ തങ്ങളുടെ വിൽപ്പനചരക്കുകൾ പുറത്തെടുത്ത് പ്രദർശിപ്പിക്കാനുള്ള വട്ടം കൂട്ടുന്നു.
ഒറ്റദിവസത്തിൽ പരമാവധി സന്ദർശിക്കാൻ കഴിയുന്ന ന്യൂയോർക്കിലെ ലാന്റ് മാർക്കുകളെ കുറിച്ച് ചെറിയ ഒരു ധാരണ മനസ്സിലുണ്ടാക്കിയിട്ടാണ് യാത്ര തുടങ്ങിയത്. അതിനാൽ പെൻ സ്റ്റേഷനിൽ ഇറങ്ങിയാൽ ആദ്യം കാണേണ്ടത്, സ്റ്റേഷനോട് അടുത്തുള്ള എംപയർ സ്റ്റേറ്റ് ബിൽഡിങ്ങാണെന്ന് ഉറപ്പിച്ചിരുന്നു. ന്യൂയോർക്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമെന്ന് നേരത്തെ മനസ്സിൽ കുറിച്ചിട്ടതാണ്. സ്റ്റേഷന് പുറത്ത് വലതു വശത്ത് തെല്ലകലെയായി വലിയൊരു കെട്ടിടം കാണാം. കെട്ടിടത്തിന്റെ മുകൾനിലകൾ മറച്ചുപിടിച്ചിരിക്കുകയാണ് മൂടൽ മഞ്ഞ്. എംപയറിനെ ചിത്രങ്ങളിൽ കണ്ട പരിചയമേ ഉള്ളൂ. അതിനെ തിരിച്ചറിയുന്നത് തന്നെ അതിന്റെ മുകൾ നിലകൾ കണ്ടിട്ടാണ്. നിരത്തിലേക്കിറങ്ങി ചിലരോടൊക്കെ എംപയർ എവിടെയെന്ന് തിരക്കി. ചിലർ ഒരിക്കലും കേൾക്കാത്ത എന്തോ ഒരു കാര്യത്തെകുറിച്ചാണ് എന്റെ ചോദ്യം എന്നപോലെ രൂക്ഷമായൊന്നു നോക്കി.
മറ്റു ചിലർ ദിശ ചൂണ്ടിക്കാട്ടിതന്നു. ഈ വൻനഗരത്തിൽ വഴി കണ്ടു പിടിക്കാനും സ്ഥലങ്ങൾ തിരിച്ചറിയാനും വലിയ പ്രയാസമില്ല. പക്ഷേ, അതിനൊരു ഫോർമുല അറിയണമെന്നു മാത്രം. ന്യൂയോർക്കിൽ ഒരു വഴി മനസ്സിലായാൽ മുഴുവൻ വഴിയും മനസ്സിലാകും എന്ന ഒരു പ്രയോഗം തന്നെയുണ്ട്. വടക്ക്–തെക്ക് ദിശകളിലേക്കുള്ള എല്ലാ റോഡുകളും എവന്യു എന്നറിയപ്പെടുന്നു. അതിനെ ക്രോസ് ചെയ്തുള്ള കിഴക്ക്–പടിഞ്ഞാറ് ദിശകളിലേക്കുള്ള എല്ലാ വഴികളും സ്ട്രീറ്റുകളുമാണ്. ഓരോ സ്ട്രീറ്റിനും ഓരോ എവന്യൂവിനും നമ്പരുകൾ ഉണ്ട്. ഈ അടിസ്ഥാനത്തിൽ നഗരത്തിന്റെ ഏതു ഭാഗത്താണ് നിങ്ങൾ എന്നും ഇനി എങ്ങോട്ടാണ് പോകേണ്ടെതെന്നും നമുക്ക് കൃത്യമായി മനസ്സിലാകും. ആ നിലക്ക് എംപയർ കണ്ടുപിടിക്കാൻ പ്രയാസമുണ്ടായില്ല, അഞ്ചാം എവന്യുവിൽ 33, 34 സ്ട്രീറ്റുകൾക്കിടയിലായാണ് എംപയർ സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഏതു ഭാഗത്ത് വന്നുപെട്ടാലും ഈ എവന്യു–സ്ട്രീറ്റ് നമ്പരുകൾ മനസ്സിലാക്കി എളുപ്പം സഞ്ചരിക്കാവുന്നതേയുള്ളൂ.
എംപയറിന് പുറത്ത് വലിയ ആൾതിരക്കില്ല. ഗെയ്റ്റിനുമുന്നിൽ സഞ്ചാരികളെ സ്വീകരിക്കാൻ പാറാവുകാരുണ്ട്. പുറത്ത് തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും എംപയറിന് അകത്ത് സന്ദർശകർ നിരവധിയുണ്ട്. അകത്തെ ഹാളിലെ ചുവരുകളിൽ വിവിധ കാലങ്ങളിൽ എടുത്ത എംപയറിന്റെ മനോഹരചിത്രങ്ങൾ പതിച്ചിരിക്കുന്നു. കൂടാതെ ഹാളിന് നടുവിലായി പത്തടിയെങ്കിലും ഉയരമുള്ള എംപയറിന്റെ മനോഹരമായ ഒരു മാതൃകയും ഉണ്ടാക്കിവെച്ചിരിക്കുന്നു. സന്ദർശകർ ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടുന്ന അതിനു മുൻപിൽ നിന്ന് ഞാനുമൊരു ഫോട്ടോയെടുത്തു. ഒരു നില കൂടി മുകളിലേക്ക് കയറിയാൽ, എംപയറിന്റെ ഏറ്റവും ഉയർന്ന നിലയിലെ ഒബ് സർവേറ്ററിയിലേക്കുള്ള ടിക്കറ്റ് കൗണ്ടറുണ്ട്. 86 ാം നിലയിലും 102 ാം നിലയിലുമുള്ള ഒബ്സർവേറ്ററിയിൽ നിന്നുള്ള നഗരവീക്ഷണമാണ് ഈ കെട്ടിടത്തിലെ മുഖ്യആകർഷണം. വിമാനത്താവളങ്ങളിലെ സെക്യൂരിറ്റി ചെക്കിങ്ങിന് സമാനമാണ് ഇവിടത്തെ സുരക്ഷാപരിശോധന.
മുന്നോട്ടു നീങ്ങുന്തോറും ഉദ്യോഗസ്ഥർ, മൂടൽ മഞ്ഞ് മൂലം ഒബ്സർവൈറ്ററിയിൽ നിന്നുള്ള നഗരത്തിന്റെ വിഗഹവീക്ഷണം സാധ്യമല്ലെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏറ്റവും മുകളിലെ ഒബ്സർവേറ്ററിയിലേക്കുള്ള പ്രവേശനഫീസ് 93 ഡോളറാണ്. ഈ കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നുള്ള നഗരകാഴ്ച പ്രതീക്ഷിച്ച് ടിക്കറ്റെടുക്കുന്നവർക്ക് അതിന് കഴിയാതെ പോയാൽ മുടക്കിയ പണത്തിന്റെ പ്രയോജനം ലഭിക്കാതെ പോകും. അതിനാൽ പണം മുടക്കി ടിക്കറ്റെടുക്കണമോ വേണ്ടയോ എന്ന് സന്ദർശകർക്ക് തന്നെ ഒരിക്കൽ കൂടി തീരുമാനമെടുക്കാനുള്ള അവസരം നൽകുന്ന ഉദ്യോഗസ്ഥരുടെ ആ മുന്നറിയിപ്പ് ഉചിതമായി തോന്നി. അതറിഞ്ഞിട്ടും ചിലരൊക്കെ ടിക്കറ്റെടുത്ത് കയറുന്നുമുണ്ട്.
100ൽ കൂടുതൽ നിലകളുള്ള ലോകത്തിലെ ആദ്യ കെട്ടിടം കൂടിയാണ് എംപയർ. മുകൾ നിലയിൽ നിന്നുള്ള ആന്റിനയടക്കം 1454 അടി (443.2 മീറ്റർ) ഉയരമുള്ള ഈ കെട്ടിടത്തിന് 102 നിലകളും 65000 ജനലുകളും 73 എലിവേറ്ററുകളുമുണ്ട്. ഉയരമുള്ള കെട്ടിടങ്ങളുടെ നിർമാണത്തിൽ മാത്സര്യം നിലനിന്നിരുന്ന ഒരു കാലത്താണ് എംപയർ നിർമിക്കപ്പെടുന്നത്. 1929 ൽ നിർമാണം പൂർത്തിയായ ക്രിസ്ലർ ബിൽഡിംഗിന്റെ 319 മീറ്റർ ഉയരം മറികടന്നാണ് എംപയർ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാകുന്നത്. എംപയർ 40 വർഷത്തോളം ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമെന്ന ഖ്യാതി നിലനിർത്തി. ദീർഘകാലം ഈ ബഹുമതി നിലനിർത്തിയ അംബരചുംബിയും എംപയർ തന്നെ. ഗ്രേറ്റ് ഡിപ്രഷന്റെ കാലത്ത് ഈ സൗധം പടുത്തുയർത്താൻ വെറും 410 ദിവസങ്ങളേ എടുത്തുള്ളൂ എന്നത് മറ്റൊരത്ഭുതം.
ഈ കെട്ടിടത്തിന് വൻ സ്വീകാര്യത ലഭിച്ചെങ്കിലും തുടക്കകാലത്ത് ഇതിലെ അധിക റൂമുകളും വാടകക്കെടുക്കാൻ ആളില്ലായിരുന്നു. അങ്ങനെ ഒഴിഞ്ഞു കിടക്കുന്ന റൂമുകൾ ഏറെയുള്ള എംപയറിന് അന്ന് മറ്റൊരു പേരും വീണു. The Empty State Building. 20 വർഷങ്ങൾക്ക് ശേഷമാണ് എംപയർ ലാഭം നേടാൻ തുടങ്ങിയത്. ലോകത്ത് ഏറ്റവും കൂടുതൽ ഫോട്ടോഗ്രഫിക്ക് വിധേയമായ കെട്ടിടം എന്ന ബഹുമതിയും എംപയറിനാണ്. കഴിഞ്ഞ 92 വർഷക്കാലമായി ഈ സൗധത്തിന്റെ ചിത്രങ്ങൾ പകർത്തികൊണ്ടിരിക്കുകയാണ്. പ്രഫഷനൽ ഫോട്ടോഗ്രാഫർമാരും, മാധ്യമപ്രവർത്തകരും മാത്രമല്ല, ഇക്കാലത്ത് കൈയ്യിൽ മൊബൈൽ ക്യാമറയുമായി ഈ കെട്ടിടം കാണാൻ വരുന്ന മുഴുവൻ ആളുകളും ഇതിന്റെ ചിത്രം പകർത്തിക്കൊണ്ടിരിക്കുന്നു. 1933ൽ റിലീസ് ചെയ്ത ഹോളിവുഡ് ചലചിത്രമായ ‘കിങ് കോങ്ങി‘ ലെ എംപയറിന്റെ ചിത്രീകരണം പിന്നീട് വന്ന നിരവധി സിനിമകളിലും എംപയർ ചിത്രീകരിക്കപ്പെടാൻ പ്രേരകമായി.
എംപയറിന് മറ്റൊരു അപൂർവ്വ ബഹുമതി കൂടിയുണ്ട്. ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും ഉയർന്ന കെട്ടിടം എന്ന ബഹുമതി ചരിത്രത്തിൽ രണ്ടുപ്രാവശ്യം കരസ്ഥമാക്കുന്ന കെട്ടിടം ഒരുപക്ഷേ, എംപയർ മാത്രമായിരിക്കും. ഒരു പക്ഷേ, ലോകത്തിലെ മറ്റൊരു കെട്ടിടത്തിനും അവകാശപ്പെടാനാകാത്ത ബഹുമതിയാകും ഇത്. 1931 മുതൽ 1971 വരെ ന്യൂയോർക്കിൽ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കെട്ടിടം എംപയറായിരുന്നു. എന്നാൽ 1971ൽ പണിത വേൾഡ് ട്രേഡ് സെന്റർ 2001ൽ തകർക്കപ്പെട്ടപ്പോൾ, ന്യൂയോർക്കിലെ ഏറ്റവും ഉയർന്ന കെട്ടിടം എന്ന ബഹുമതി 30 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി എംപയറിനെ തേടിയെത്തി. പിന്നീട് 2012ൽ വൺ വേൾഡ് ട്രേഡ് സെന്റർ എംപയറിന്റെ ഉയരം മറികടക്കുന്നതുവരെ, 11 വർഷങ്ങൾ കൂടി എംപയർ ന്യൂയോർക്കിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി നിലനിർത്തി.
എംപയറിന്റെ അകത്തെ കാഴ്ചകൾ മതിയാക്കി ഞാൻ പുറത്തിറങ്ങി. എംപയറിനെ മുഴുവനായൊന്ന് കാണാൻ പുറത്ത് നിന്ന് വീണ്ടും ഒരു വിഫലശ്രമം നടത്തി. ഈ കെട്ടിടത്തിന് തൊട്ടരികിൽ നിന്ന് ഈ കെട്ടിടത്തിന്റെ മുഴുവൻ ചിത്രവും പകർത്തുക സാധ്യമല്ല. മാത്രമല്ല, മൂടൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥ ഈ ബിൽഡിങ്ങിനെ ഭാഗികമായി മറക്കുകയും ചെയ്യുന്നു. മൂടൽ മഞ്ഞെന്ന പ്രകൃതിയുടെ സുന്ദരമായ പ്രതിഭാസത്തെ കാണുന്നതും അനുഭവിക്കുന്നതും എനിക്കെന്നും ഒരു ഹരമായിരുന്നിട്ടേയുള്ളൂ. എന്നാൽ എംപയറിനു മുന്നിൽ നിന്ന് വിടപറയുന്ന നേരത്തെങ്കിലും ഈ മൂടൽ മഞ്ഞ് അൽപമൊന്ന് മാറിയിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചുപോയി.
ന്യൂയോർക്ക് നഗരത്തില മറ്റു പല ലാന്റ് മാർക്കുകളും സന്ദർശിച്ച ശേഷം, വൈകീട്ടോടെയാണ് വൺ വേൾഡ് ട്രേഡ് സെന്ററിനു മുന്നിലെത്തുന്നത്. ശകതമായല്ലെങ്കിലും തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയും മൂടൽമഞ്ഞും നഗരകാഴ്ചകൾ കാണുന്നതിന് എന്നെപോലെ അനേകം സന്ദർശകർക്ക് വിനയായിതീർന്നിട്ടുണ്ട്. ഈ സിറ്റിയിൽ മുകൾഭാഗം തുറന്നുള്ള ഹോപ് ഓൺ ഹോപ് ഓഫ് ബസ്സിലാണ് പല സ്ഥലങ്ങളും സന്ദർശിച്ചത്. മഴയായതിനാൽ മേൽകൂരതുറന്ന ആ ബസ്സിലെ മുകൾ നിലയിൽ ഇരിക്കാൻ ഒരു മഴക്കോട്ടും നൽകിയിരുന്നു. അതും ധരിച്ചാണ് ചാറ്റൽ മഴയിൽ ഞാൻ നഗരപ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുന്നത്.
വൺ വേൾഡ് ട്രേഡ് സെന്ററിനരികിൽ എത്തുമ്പോൾ സമയം വൈകീട്ട് എഴു മണിയോടടുക്കുന്നു. എങ്കിലും സൂര്യനസ്തമിച്ചിട്ടില്ല. പകൽ കൂടുതൽ ഉള്ള ഈ സീസണിൽ സൂര്യാസ്തമയം 8.30 എങ്കിലുമാവും. 2001 ൽ തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെന്റർ നിന്നിരുന്ന ലോവർ മാൻഹാട്ടണിൽ തന്നെയാണ് വൺ വേൾഡ് ട്രേഡ് സെന്ററും സ്ഥിതി ചെയ്യുന്നത്. ആ കെട്ടിടം തകർക്കപ്പെട്ട ശേഷം ഗ്രൗണ്ട് സീറോ എന്നാണ് ഇവിടം അറിയപ്പെടുന്നത്. 2002 ൽ ലോകോത്തര ഡിസൈനർമാരിൽ നിന്നും തെരഞ്ഞെടുത്ത പ്ലാനുകളിൽ ഏറ്റവും നല്ല പ്ലാനാണ് ഇന്ന് വൺ വേൾഡ് സെന്ററായി ന്യൂയോർക്കിൽ തലയുയർത്തി നിൽക്കുന്നത്. ഡാനിയൽ ലൈബ്സ്കിൻഡാണ് ഈ കെട്ടിടത്തിന്റെ ശിൽപി. 1776 അടി (541 മീറ്റർ) ഉയരമുള്ള, 104 നിലകളുള്ള ഈ കെട്ടിടം ഇപ്പോൾ പടിഞ്ഞാറൻ ലോകത്തുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്.
2006 ൽ നിർമ്മാണം തുടങ്ങി 2013 ൽ പൂർത്തിയായിയെങ്കിലും ഇതിന്റെ ഒബ്സർവേഷൻ പ്ലാറ്റ് ഫോം സന്ദർശകർക്ക് തുറന്നു കൊടുത്തത് 2015 ലാണ്. ഈ കെട്ടിടത്തിന്റെ 1776 അടി ഉയരത്തിന് ഒരു പ്രത്യേകതയുണ്ട്. അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷമാണ് ക്രി. 1776. അതിന്റെ ഓർമക്കാണ് അതിന്റെ നിർമാതാക്കൾ ഈ കെട്ടിടം 1776 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്നത്. അമേരിക്ക എന്ന വികാരം ഈ വൻ സൗധത്തിന്റെ നിർമിതിയിലും നിഴലിക്കുന്നു. ഫ്രീഡം ടവർ എന്നായിരുന്നു ഈ കെട്ടിടത്തിന്റെ ആദ്യനാമം. പിന്നീട് പല കാരണങ്ങളാൽ ഇതിന്റെ പേര് വൺ വേൾഡ് ട്രേഡ് സെന്റർ എന്നാക്കി. തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെന്ററിന്റെ 1368 അടി ഉയരം തന്നെയാണ് ഈ കെട്ടിടത്തിനും.
എന്നാൽ അവിടെ നിന്നുള്ള ആന്റിനയുടെ ഉയരം കൂടി കണക്കിലെടുത്താൽ ഉയരം 1776 അടിയാകും. ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ മൂന്ന് നിലകളിലായി ഒബ്സർവേഷൻ ഡസ്ക് ഉണ്ട്. വൺ വേൾഡ് ട്രേഡ് സെന്ററിന്റെ യഥാർത്ഥ വലുപ്പം മനസ്സിലാകണമെങ്കിൽ ഈ കെട്ടിടം കുറച്ചകലെ നിന്ന് വീക്ഷിക്കണം. സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന എല്ലിസ് ഐലന്റിൽ നിന്നുള്ള വേൾഡ് ട്രേഡ് സെന്ററിന്റെ കാഴ്ച അതിമനോഹരമാണ്. ചെറുപ്പം മുതൽ കേട്ടും വായിച്ചും അറിഞ്ഞ ന്യൂയോർകിലെ അംബരചുംബികളെ, പ്രതികൂല കാലാവസ്ഥയിലും, നേരിൽ കണ്ട അനുഭൂതിയായിരുന്നു രാത്രി നഗരം വിടുമ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.