ഒരു ദിവസത്തെ യാത്രക്കായി കൂട്ടുകാരന് നവാസ് ഈജിപ്തിലേക്ക് പോരുന്നോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം കൗതുകം തോന്നിയെങ്കിൽ ചരിത്രമുറങ്ങുന്ന ആ നാട് കാണുകയെന്നത് ഏറെ കാലത്തെ ആഗ്രഹമായിരുന്നതിനാൽ ഒന്നും നോക്കിയില്ല അദ്ദേഹത്തിനൊപ്പം പോകാൻ തീരുമാനിച്ചു. കാരണം ലോക പ്രസിദ്ധമായ പിരമിഡുകളും മമ്മികളും ചരിത്രമുറങ്ങുന്ന നൈൽ നദിയുമൊക്കെ പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ അനുഭവം മാത്രമായിരുന്നു. ഈജിപ്തിന്റെ ആധുനിക അറബി നാമമാണ് മിസ്ർ (അതിര്‍ത്തി).
ശനിയാഴ്ച രാത്രിയുടെ എയര്‍ അറേബ്യ ഫ്ലൈറ്റ് ടിക്കറ്റാണ് യാത്രക്കായി തെരഞ്ഞെടുത്തത്. രാത്രി ഒന്നരയോടെ കെയ്റോയില്‍ എത്താനായി. ഈജിപ്തിലേക്ക് യാത്ര പോകാന്‍ ഏറ്റവും നല്ല സമയം ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളാണ്. യു.എ.ഇയിലെ അതേ കാലാവസ്ഥ ആണെങ്കിലും ഞങ്ങള്‍ക്ക് കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടു. വലിയ തണുപ്പൊന്നും കാണില്ലെന്നും ഒരു ദിവസത്തെ കാര്യമുള്ളൂന്നു വിചാരിച്ച് സ്വെറ്റര്‍ എടുക്കാതെ വന്ന നവാസ് തണുപ്പിലും നല്ല ഇളം കാറ്റിലും നന്നേ ബുദ്ധിമുട്ടി. ഈജിപ്തില്‍ യു.എ.ഇ വിസക്കാര്‍ക്ക് ഓൺ അറൈവല്‍ വിസ കിട്ടും. 25 അമേരിക്കന്‍ ഡോളർ ആണ് ചിലവ്. എമിറേറ്റ്സ് ഐഡിക്ക് ചുരുങ്ങിയത് ആറു മാസ കാലാവധി വേണം. എയര്‍പോര്‍ട്ടില്‍ നിന്ന് യൂബെറും വിളിച്ച് ഗിസയിലുള്ള ഹോട്ടലിലേക്കാണ് ആദ്യം പോയത്. പിരമിഡിന്റെ നഗരമാണ് ഗിസ.
ഹോട്ടല്‍ നേരത്തെ ബുക്ക് ചെയ്തിരുന്നു. 20 ഡോളറേ റൂമിനായുള്ളൂ. രണ്ടു പേര് ഷെയർ ചെയ്യുമ്പോൾ നന്നേ ലാഭകരം. രണ്ടരയോടെ ഹോട്ടലിലെത്തി ചെക്ക് ഇന്‍ ചെയ്തു. രാവിലെ ഫജ്ർ നമസ്കാരം കഴിഞ്ഞു സൂര്യോദയം കാണാന്‍ ഹോട്ടലിലെ റെസ്റ്റോറന്റ് റൂഫിലേക്ക് പോയി. പ്രഭാത സൂര്യന്റെ വെളിച്ചത്തില്‍ പിരമിഡുകൾ കാണാന്‍ ഏെർ സുന്ദരമായിരുന്നു. പിന്നീട് ഹോട്ടലില്‍ നിന്ന് പ്രാതലും കഴിച്ചു ചെക്ക് ഔട്ട് ചെയ്തു യാത്ര ആരംഭിച്ചു. ഹോട്ടലില്‍ വരുന്നതിന് മുന്നേതന്നെ അവരുമായി സംസാരിച്ച് നവാസ് ടൂര്‍ ട്രാവലിങ് പ്ലാന്‍ ഏര്‍പ്പാടാക്കിയിരുന്നു. വെറും 70 ഡോളറിന് ട്രാന്‍സ്പോര്‍ട്ടും ടൂര്‍ ഗൈഡും തരപ്പെട്ടു. ഈജിപ്ഷ്യന്‍ ഗവേഷണ വിദ്യാർഥിനിയായ നൂറും ഡ്രൈവർ മുഹമ്മദുമായിരുന്നു ഞങ്ങളുടെ കൂട്ട്.
ഗിസയിലെ സ്ഫിങ്സ്
പിരമിഡുകള്‍ സംരക്ഷിക്കുന്നതിനും ഫറോവമാരുടെ ശവകുടീരങ്ങൾ സംരക്ഷിക്കുന്നതിനുമാണ് സ്ഫിങ്സ് നിർമിച്ചിരിക്കുന്നത്. സ്ഫിങ്ക്സിൽ സിംഹത്തിന്റെ ശരീരവും മനുഷ്യന്റെ തലയും ഉണ്ട്. ഇത് ഫറോവൻ ഖഫ്രെയെ പ്രതിനിധീകരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഫറോവന്മാരുടെ ശക്തിയും ജ്ഞാനവും, അതുപോലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ഗുണങ്ങളുടെ സംയോജനത്തെ സ്ഫിക്സ് പ്രതിനിധീകരിക്കുന്നു. സ്ഫിങ്ക്സിന് ഏകദേശം 240 അടി (73 മീറ്റര്‍) നീളവും 66 അടി (20 മീറ്റര്‍) ഉയരവുമുണ്ട്. ഈജിപ്ത് അറബ് അധിനിവേശത്തിനിടെ സ്ഫിങ്ക്സിന്റെ മൂക്ക് ഒടിയുകയും താടിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കെയ്റോ നാഷണല്‍ മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ സിവിലൈസേഷന്
ഈജിപ്ഷ്യന്‍ ചരിത്രത്തിലും സംസ്കാരത്തിലും താല്‍പ്പര്യമുള്ള ഏതൊരാളും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കെയ്റോയിലെ നാഷണല്‍ മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ സിവിലൈസേഷന്. ചരിത്ര നഗരമായ ഫുസ്റ്റാറ്റിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഈജിപ്ഷ്യന്‍ നാഗരികതയുടെ 7,000 വര്‍ഷം നീണ്ടുനില്‍ക്കുന്ന 50,000 ത്തിലധികം പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നു. 550 ഈജിപ്ഷ്യന്‍ പൗണ്ട് ആണ് പിരമിഡ് കാണാനുള്ള ഒരാള്‍ക്കുള്ള ടിക്കറ്റ്.
ഏറെ സവിശേഷതകൾ നിറഞ്ഞതാണ് മ്യൂസിയം. 18 രാജാക്കന്മാരും രണ്ട് രാജ്ഞിമാരും ഉള്‍പ്പെടെ 20 രാജകീയ മമ്മികള്‍ ഉൾകൊള്ളുന്നതാണ് റോയല്‍ മമ്മീസ് ഗാലറി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഇന്ററാക്ടീവ് ഡിസ്പ്ലേ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചരിത്രാതീത കാലം മുതല്‍ ഇന്നുവരെയുള്ള ഈജിപ്ഷ്യന്‍ ചരിത്രത്തിലൂടെ സന്ദര്‍ശകരെ ഒരു കാലക്രമ യാത്രയിലേക്ക് കൊണ്ടുപോകുന്നതാണ് പ്രധാന ഗാലറിയിലെ കാഴ്ചകൾ. ഈജിപ്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും രൂപകല്‍പ്പന ചെയ്ത ഒരു സ്മാരക വാസ്തുവിദ്യാ മാസ്റ്റര്‍പീസ് ആണ് മ്യൂസിയം.
നിങ്ങളൊരു ചരിത്രപ്രേമിയോ സംസ്കാരപ്രേമിയോ അല്ലെങ്കിൽ കൗതുകമുള്ള ഒരു സഞ്ചാരിയോ ആകട്ടെ ഈജിപ്ഷ്യന്‍ നാഗരികതയുടെ ദേശീയ മ്യൂസിയം അവിസ്മരണീയമായ ഒരു അനുഭവമാണ് നിങ്ങൾക്ക് സമ്മാനിക്കുക. 3800 കൊല്ലങ്ങളോളം പഴക്കമുള്ള ഇരുപത് മമ്മികൾ തന്നെ ആണ് മ്യൂസിയത്തിലെ ഏറ്റവും വലിയ അത്ഭുതം!. റോയല്‍ മമ്മീസ് എന്ന് വിശേഷിപ്പിക്കുന്ന താഴെ നിലയിലെ മമ്മികളെ സൂക്ഷിച്ച ഫ്ലോറിലേക്ക് ടൂര്‍ ഗൈഡുകള്‍ക്ക് പ്രവേശനമില്ല. കാമറകള്‍ ഉപയോഗിക്കാനും പാടില്ല. ഓരോരോ മമ്മിയെ കുറിച്ച് വിശദമായി വിശദീകരിച്ചിട്ടുണ്ട് ഓരോ നെയിം പ്ലേറ്റിലും.
ഖാന് അൽ ഖലീലി മാർക്കറ്റ്
ഓള്‍ഡ് കെയ്റോ മാര്‍ക്കറ്റിനു അടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ നിന്ന് ഉച്ച ഭക്ഷണവും കഴിച്ചാണ് യാത്ര ആരംഭിച്ചത്. നൂറിനോടും മുഹമ്മദിനോടും ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. പിന്നെ നേരെ പോയത് ഓള്‍ഡ് കെയ്റോ മാർക്കറ്റിലേക്ക്. ഖാന് അല്‍ ഖലീലി മാര്‍ക്കറ്റ് എന്നും പഴയ കെയ്റോ മാര്‍ക്കറ്റ് അറിയപ്പെടുന്നുണ്ട്. ഈജിപ്തിന്റെ സമ്പന്നമായ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ദൈനംദിന ജീവിതത്തിലേക്കും ഒരു നേര്‍ക്കാഴ്ച പ്രദാനം ചെയ്യുന്ന കൗതുകകരമായ സ്ഥലമാണ് ഓള്‍ഡ് കെയ്റോ മാര്‍ക്കറ്റ്.
ഇസ്ലാമിക് കെയ്റോയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പുരാതന ബസാര്‍ ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും വാണിജ്യത്തിന്റെയും ഒരു നിധിയാണ്. പരമ്പരാഗത ഈജിപ്ഷ്യന്‍ തെരുവ് ഭക്ഷണങ്ങളായ കോശാരി, ഫലാഫെല്‍, ഷവര്‍മ എന്നിവ ആസ്വദിക്കാവുന്നതാണ്. മഗ്രിബ് നിസ്കാരം മാര്‍ക്കറ്റിലെ പുരാതനമായ ഒരു പള്ളിയില്‍ നിന്ന് നിർവഹിച്ചു. ശേഷം നേരെ നൈല്‍ നദിക്കരയിലേക്ക് പോയി.
അല്‍ മസാഹ അൽ ഷാബിയ
കെയ്റോയിലെ മറ്റൊരു പ്രധാന ആകര്‍ഷണമായിരുന്നു നൈൽ നദിക്കരയോട് ചേര്‍ന്ന് നിര്‍മിച്ച നടപ്പാത. ചെറുപ്പം മുതലേ ഇസ്ലാമിക ചരിത്രത്തില്‍ നമ്മൾ കേൾക്കുന്ന അതേ നൈല്‍. നമ്മുടെ കോര്‍ണിഷ് പോലുള്ള ഒരു സെറ്റ് അപ്പ് . ഒരുപാട് കഫേകളും റസ്റ്റോറന്റുകളും ക്രൂയിസ് ടെർമിനലുകളും ചേർന്ന് കിടക്കുന്ന വളരെ മനോഹരമായ സായാഹ്ന സന്ധ്യ. കെയ്റോയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കാല്‍നട നടപ്പാത ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെ വൈവിധ്യത്തിനും സമ്പന്നതയ്ക്കും മനോഹരമായ മുതല്‍ക്കൂട്ടാണ്. തിരിച്ചുള്ള ഫ്ലൈറ്റ് രാത്രി ഒരു മണിക്ക് ആയതിനാല്‍ പിന്നീട് നേരെ എയര്‍പോര്‍ട്ടിലേക്ക് വെച്ച് പിടിച്ചു.
യൂബര്‍ സ്പോട്ടില്‍ ബുക്ക് ചെയ്തിരുന്നു. ഈജിപ്പില് യൂബര്‍ സംവിധാനം വളരെ ഫലപ്രദവും ലാഭകരവുമാണ്. പിറ്റേന്ന് രാവിലെ ആറ് മണിക്ക് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തി. ഗള്‍ഫ് നാടുകളിലുള്ളവര്‍ക്ക് പോകാന്‍ വളരെ എളുപ്പവും ചെലവ് കുറവുള്ളതുമായ രാജ്യമാണ് ഈജിപ്ത്. ഓണ്‍ അറൈവല്‍ വിസ കെയ്റോ എയര്‍പോര്‍ട്ടില്‍ ലഭിക്കും.
മമ്മികളുടെ കഥപറയും പിരമിഡുകൾ
പുരാതന ഈജിപ്തിലെ പിരമിഡുകൾ! ലോകത്തിലെ ഏറ്റവും ആകര്‍ഷണീയവും നിഗൂഢവുമായ പുരാതന സ്മാരകങ്ങളിൽ ഒന്ന്. 700 ഈജിപ്ഷ്യന്‍ പൗണ്ട് ആണ് പിരമിഡ് കാണാനുള്ള ഒരാള്‍ക്കുള്ള ടിക്കറ്റ് (50 ദിര്‍ഹം). ബിസി 2580-03ൽ ഫറോവയായ ഖുഫുവിന് വേണ്ടി നിർമിച്ച ഏറ്റവും വലിയ പിരമിഡാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡ്. 481 അടി (147 മീറ്റര്‍) ഉയരമുള്ള ഇത് നിർമിക്കാന്‍ ഏകദേശം 20 വര്‍ഷമെടുത്തുവെന്നാണ് ചരിത്രം.
പിരമിഡുകള്‍ ശവകുടീരങ്ങളായിരുന്നു. ഫറോവന്മാര് മരണാനന്തര ജീവിതത്തില്‍ ദൈവങ്ങളായി മാറുമെന്ന് വിശ്വസിക്കപ്പെട്ട കാലം, അവർക്ക് സ്വര്‍ഗത്തിലേക്ക് കയറാനുള്ള മാർഗം പ്രദാനം ചെയ്യുന്നതിനാണ് പിരമിഡുകൾ നിർമിച്ചത്. ഗ്രേറ്റ് പിരമിഡിന് മാത്രം രണ്ടരദശലക്ഷത്തോളം ചുണ്ണാമ്പുകലുകൾ ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നു, ഓരോ കല്ലിനും ഏകദേശം രണ്ടര ടൺ ഭാരമുണ്ട്. വിപുലമായ ഗവേഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും, പിരമിഡുകള്‍ നിർമിക്കാന്‍ ഉപയോഗിക്കുന്ന കൃത്യമായ രീതികൾ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇന്നും വിഷയമായി തുടരുകയാണ്. 3800 വർഷങ്ങൾക്ക് മുന്‍പ് കല്ലുകൾ കൊണ്ട് ഇത്രയും ഉയരത്തില്‍ അത്രയും കരവിരുതില്‍ അവരെങ്ങനെ ഈ കൂറ്റന്‍ സ്മാരകങ്ങള്‍ ഉണ്ടാക്കി എന്നു എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
ഞങ്ങളുടെ ടൂര്‍ ഗൈഡ് നൂര്‍ പിരമിഡുകളുടെ ചരിത്രത്തെ കുറിച്ച് വളരെ നന്നായി തന്നെ വിശദീകരിക്കുന്നുണ്ടായിരുന്നു. ചരിത്രത്തിലെ അവരുടെ പാണ്ഡിത്യം ഗാഢമായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ വലിയ പിരമിഡിലേക്കുള്ള പ്രവേശനം വളരെ മുന്നേതന്നെ നിര്‍ത്തി വെച്ചിരുന്നു. ഞങ്ങള്‍ ചെറിയ ഒരു പിരമിഡിന് അകത്തേക്ക് ഇറങ്ങി. വളരെയധികം കൗതുകം ഉളവാക്കുന്നതായിരുന്നു അതിന്റെ അകം വശവും ഭൂഗര്‍ഭ അറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.