നിസാമുദ്ദീന്‍ സ്റ്റേഷനിലെ എല്ല് മരവിക്കുന്ന ആ തണുത്ത രാത്രി!

ന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും രാത്രികളിലാണ് എത്തിപ്പെട്ടിരുന്നതെന്ന് പലപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യമാണ്. ഡല്‍ഹി നഗരത്തിലും എത്തുന്നത് ഒരു നട്ടപാതിരാക്കാണ്. 2017ലെ ഒരു ഉത്തരേന്ത്യന്‍ തണുപ്പുകാലത്താണ് അവിടെ എത്തിയത്. അജ്മീറില്‍ നിന്നും ഡല്‍ഹി വഴിയുള്ള നോയിഡ ബസിലായിരുന്നു എത്തിയത്. കഴിഞ്ഞ കുറെ നാളുകളായുള്ള അലച്ചിന്റെ ഫലമായി ശരീരം തളര്‍ന്നിരുന്നു. ഉറക്കം തൂങ്ങിയിരിക്കുന്നതിനാല്‍, ബസിലെ കണ്ടക്ടറോട് പറഞ്ഞിരുന്നു ഡല്‍ഹിയിലെ കശ്മീരി ഗേറ്റ് ബസ്സ്റ്റാന്‍ഡ് എത്തുമ്പോള്‍ പറയണമെന്ന്.

ഏതോ സ്റ്റാന്‍ഡില്‍ എത്തിയപ്പോ കുറപ്പേര്‍ ഇറങ്ങിപ്പോയ ഒഴിവില്‍, മൂന്നുപേര്‍ക്കുള്ള സീറ്റില്‍ ഒന്നുകൂടി വിസ്തരിച്ച് കിടന്നു. പിന്നെയും അരമണിക്കൂറോളം കഴിഞ്ഞപ്പോ ചെറിയ ഒരു സംശയം തോന്നി, കണ്ടക്ടറോട് സ്ഥലം ചോദിച്ചപ്പോ പറയുകയാണ് കശ്മീരി ഗേറ്റ് ബസ് സ്റ്റാന്‍ഡ് കഴിഞ്ഞല്ലോ.

ഏതായാലും പണി പാളി! ഇനി എവിടെ ഇറങ്ങുന്നതാ നല്ലത് എന്ന് ചോദിച്ചപ്പോ പറഞ്ഞു, ഇപ്പം ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന്‍ എത്തും അവിടെ ഇറങ്ങുന്നതാണ് സേഫ്. നിസാമുദ്ദീന്‍ സ്റ്റേഷന്റെ അടുത്തുള്ള ഒരിടത്ത് ഇറങ്ങി. സഹപാഠിയും അടുത്ത സുഹൃത്തുമായ മാധ്യമപ്രവര്‍ത്തകനെ വിളിക്കണോ എന്ന് ഒന്ന് ആലോചിച്ചു.

അവന്റെ കൂടെയാണ് ഡല്‍ഹിയിലെ താമസം പദ്ധതിയിട്ടിരുന്നത്. രാവിലെ അവനെ വിളിക്കാമെന്ന് കരുതി. റെയിൽവേ സ്‌റ്റേഷനിലേക്ക് നടന്നു. മൂന്നാലുമണിക്കൂര്‍ നിസാമുദ്ദിന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കാനായി അങ്ങോട്ടേക്ക് ബാഗുമായി നീങ്ങി. പാതിരാത്രിയിലും നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നല്ല തിരക്കാണ്. കിടക്കാന്‍ പോയിട്ട് ഇരിക്കാന്‍ പോലും സ്ഥലമില്ല. അപ്പോഴാണ് പഴയ പത്രവാര്‍ത്തകള്‍ ഓര്‍മ്മ വന്നത്.

നവംബര്‍ അവസാനത്തിലും ഡിസംബറിലും ജനുവരിയിലും കൊടുംതണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ തെരുവോരത്ത് കിടക്കുന്നവരുടെ ഒരു ആശ്രയമാണ് ഡല്‍ഹിയിലെ ഈ റെയിൽവേ സ്റ്റേഷനുകള്‍ എന്ന്. ഏതായാലും തണുപ്പ് അടിച്ച് തട്ടിപ്പോകണ്ടല്ലോ എന്ന് വിചാരിച്ച് സ്‌റ്റേഷനിലേ അന്തേവാസികളുടെ കൂടെയങ്ങ് കൂടി. ഇന്ത്യ മഹാരാജ്യത്തിലെ വിവിധ ഇടങ്ങളിലെ വിവിധ തരം മനുഷ്യര്‍ക്ക് (തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എല്ലായിടത്തുനിന്നുമുള്ള) ഒപ്പം അവരില്‍ ഒരാളായി ചേര്‍ന്നു.

കഷ്ടിച്ച് ഇരിക്കാന്‍ അല്പം ഇടം കിട്ടിയപ്പോള്‍ ബാഗും താഴെ വെച്ച് ഒന്ന് വിശ്രമിച്ചു. ഉറങ്ങാന്‍ സാധിച്ചില്ല. കാരണം നമ്മളിരിക്കുന്ന ഭാഗത്ത് റെയിൽവേയിലെ തറതുടക്കുന്ന ജോലിക്കാര്‍ക്ക് എപ്പോഴും തുടക്കണം. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണത്രേ വെള്ളം ഒഴിച്ച് വൃത്തിയാക്കുന്നത്. അവസാനം വഴക്ക് കൂടിയപ്പോള്‍ പൊലീസ് എത്തി. സൗത്ത് ഇന്ത്യനാണെന്ന് മനസിലായപ്പോള്‍ പൊലീസുകാര്‍ക്ക് വാശി കയറി. അതിനിടെ ചില യാത്രികര്‍ അടുത്തുവന്നു വിവരങ്ങള്‍ ചോദിച്ചു. അവരത് കുറച്ച് കൂടി വ്യക്തമായി (സ്വന്തം കൈയില്‍ നിന്ന് അവര് എന്തോക്കെയോ ഇട്ടു പറയുന്നുണ്ട്) ഹിന്ദിയില്‍ പോലീസിനെ അറിയിക്കുന്നുമുണ്ട്. ഏതാണ്ട് ഇങ്ങനെയാണ് അവര്‍ പറഞ്ഞുപിടിപ്പിച്ചത്, ഈ വിഷയം പത്രത്തില്‍ വന്നാല്‍ നിങ്ങടെ പണി പോകും എന്നൊക്കെ ഒരു ചേച്ചിയങ്ങ് തള്ളി മറിച്ചു.

നമ്മള് ഇതൊക്കെ എപ്പോ? എങ്ങനെ? എന്ന ഭാവത്തില്‍ നിന്നങ്ങ് കൊടുത്തു. ഒടുക്കം എല്ലാം തീര്‍ത്ത് വീണ്ടും സമാധാനത്തോടെ വിശ്രമിക്കാനായിട്ടുള്ള ശ്രമം തുടങ്ങി. വീണ്ടും വളഞ്ഞു കൂടി ഇരുന്നു ഉറക്കം തൂങ്ങിയിരുന്നു. പിന്നെ പുലര്‍ച്ചെ ആറ് മണിയൊക്കെ ആയപ്പോ പുറത്തോട്ട് ഇറങ്ങി. ചായയും കാപ്പിയും ശീലമില്ല. പക്ഷേ ഈ തണുപ്പത്ത് ചൂടുള്ള എന്തെങ്കിലും ചെന്നില്ലെങ്കിൽ പണിയാവും. അതുകൊണ്ട് ഇഞ്ചിചായ കുടിച്ചു ശരീരത്തെ ഒന്ന് ചൂടുപിടിപ്പിച്ചു. അടുത്തുള്ള മെട്രോ സ്റ്റേഷന്‍ തപ്പിയപ്പോള്‍ ഇന്ദ്രപ്രസ്ഥ റെയില്‍വേ സ്റ്റേഷനാണ് പറഞ്ഞു തന്നത്.

അത് നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അല്പം ദൂരമുണ്ട്. ഒരു ബസ് കയറി തണുത്തുവിറച്ച് ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷന്റെ അടുത്ത് ചെന്ന് ഇറങ്ങി. ഇവിടെ നിന്ന് ഇന്ദ്രപുരി മെട്രോ സ്‌റ്റേഷനിലേക്കാണ് പോകേണ്ടത്. സുഹൃത്ത് താമസിക്കുന്നത് ഇന്ദ്രപുരി മെട്രോ സ്‌റ്റേഷന്റെ അടുത്താണ്. മെട്രോ സ്‌റ്റേഷനിലെ മാനുവലായി ടിക്കറ്റ് നല്‍കുന്ന കൗണ്ടര്‍ തുറന്നില്ല. അതിനാല്‍ മെട്രോയിലെ ഓട്ടോമാറ്റിക്ക് ടിക്കറ്റ് മെഷ്യന്‍ കൗണ്ടറില്‍ നോട്ട് ഇട്ടുകൊടുത്ത് ടിക്കറ്റ് എടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍ പുറകില്‍ നിന്ന ചേച്ചി അത് പഠിപ്പിച്ചു തന്നു.

നോട്ട് ചുളുങ്ങിയാല്‍ കൗണ്ടര്‍ റിജക്റ്റ് അടിക്കും. വിശദമായി അത് കാണിച്ച് തരാനുള്ള മനസ്സലിവിന് നന്ദി പറഞ്ഞു. പുള്ളിക്കാരി എടുത്തു തന്ന ടിക്കറ്റ് വാങ്ങി മെട്രോ ട്രെയിനില്‍ കയറി. സുഹൃത്തിന്റെ റൂം ഇന്ദ്രപുരിയില്‍ നിന്ന് ഐ.എ.ആർ.ഐ (പുസ ഇന്‍സ്റ്റിറ്റ്യൂട്ട്) പ്രദേശത്താണ്. ഇന്ദ്രപുരി മെട്രോ സ്‌റ്റേഷനില്‍ നിന്ന് 10 രൂപയുടെ ടോട്ടോ (നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ബാറ്ററി വണ്ടി) പിടിച്ച് ഫോണില്‍ ചങ്ങാതി തന്ന നിര്‍ദ്ദേശം അനുസരിച്ച് അവന്റെ റൂമില്‍ എത്തി.

മരംകോച്ചുന്ന ആ തണുപ്പത്ത് ഡ്രെസ്സെല്ലാം വാഷിംഗ് മെഷ്യനിലിട്ടു. ഗ്ലീസര്‍ ഓണാക്കി ചൂടുവെള്ളത്തില്‍ മതിവരുവോളം ഇരുന്നുകുളിച്ചു. കുളി കഴിഞ്ഞപ്പോ ഇഞ്ചി ഇട്ട കട്ടനും ചപ്പാത്തിയും അല്ലുഗോബിയും കഴിച്ചു. ആ തണുപ്പില്‍ യാത്രയുടെ കുറെ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി. അവന്‍ ഇടയ്ക്ക് ഉച്ചക്ക് എഴുന്നേറ്റ് ജോലിക്ക് പോയിരുന്നു. പിന്നെ രാത്രിയില്‍ അവന്‍ കൊണ്ടുവന്ന ഫുഡും കഴിച്ച് ബാക്കി കഥകളും അടുത്ത ദിവസത്തെ പദ്ധതികളും ഒക്കെ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

യഥാർഥത്തില്‍ ഡല്‍ഹി ഒരു ശവപ്പറമ്പാണ്! ഈ മണ്ണ് കുഴിച്ചാല്‍ ചരിത്രങ്ങളുടെ അസ്ഥിപഞ്ചരങ്ങളായിരിക്കും ലഭിക്കുക. നൂറ്റാണ്ടുകളുടെ കഥകളും കെട്ടുക്കഥകളും യഥാർഥ്യങ്ങളും ഉറങ്ങുന്ന ഈ മണ്ണില്‍ എത്തുമ്പോള്‍ എവിടേക്കാണ് ആദ്യം ചെല്ലേണ്ടത്? 

Tags:    
News Summary - That bone-chilling night at Nizamuddin Station!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-22 07:52 GMT