ദേശീയഗാനത്തിലെ ഉൽക്കല ദേശം. ചരിത്രത്തിൽ ചെറുത്തുനിൽപിന്റെ ത്യാഗോജ്ജ്വല മുഹൂർത്തം വരച്ച കലിംഗ ദേശം. കിഴക്കൻ തീരസംസ്ഥാനമായ ഒഡിഷയെ കുറിച്ച് പറയാനേറെ. ഒഡിഷയുടെ ചരിത്രവും സംസ്കാരവും ഭൂപ്രകൃതിയും അറിഞ്ഞും അനുഭവിച്ചുമുള്ള രണ്ട് ദിവസത്തെ യാത്ര ഹൃദ്യമായിരുന്നു. പുലർച്ചെ കോരിച്ചൊരിയുന്ന മഴയിലേക്കാണ് ഭുവനേശ്വറിൽ ട്രെയിനിറങ്ങിയത്. ഒരു ‘പുരാതന’ ഹോട്ടലിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ച് കാഴ്ചകളിലേക്ക് ഇറങ്ങി. അതിവേഗം വികസന കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന തലസ്ഥാന നഗരിയാണ് ഭുവനേശ്വറെങ്കിലും നഗരപ്രാന്തത്തിൽ ഇത്തരത്തിൽ പഴമയിലേക്ക് ക്ഷണിക്കുന്ന ധാരാളം കടകൾ കാണാം.
പൗരാണികതയിൽനിന്ന് ആധുനികതയിലേക്ക്
ആദ്യം പോകുന്നത് ലിംഗരാജക്ഷേത്രത്തിലേക്കാണ്. പൗരാണികതയിൽനിന്ന് ആധുനികതയിലേക്കുള്ള കുഞ്ഞുയാത്ര. ഇന്ത്യയുടെ ക്ഷേത്രനഗരി എന്നാണ് ഭുവനേശ്വർ അറിയപ്പെടുന്നത്. 500ലധികം ക്ഷേത്രങ്ങളുണ്ടിവിടെ. ഏത് തെരുവിലൂടെ സഞ്ചരിച്ചാലും കലിംഗശൈലിയിൽ നിർമിച്ച പുരാതന ക്ഷേത്രങ്ങൾ കാണാം. അക്കൂട്ടത്തിലെ രാജാവാണ് ലിംഗരാജ ക്ഷേത്രം. െചങ്കല്ലുകൊണ്ട് നിർമിച്ച ചുറ്റുമതിൽ കൗതുകമുണർത്തും. ക്ഷേത്രക്കുളത്തിന്റെ മതിലും മനോഹരമായ കൽപ്പടവുകളും രൂപകൽപന ചെയ്തിരിക്കുന്നതും ചെങ്കൽ ഉപയോഗിച്ചാണ്. ചുറ്റുമതിലിന്റെ ഉയരത്തെ മറികടന്ന് തലയെടുപ്പോടെ നിൽക്കുന്ന പ്രധാന ശ്രീകോവിൽ.
ഇനി ധൗളിയിലേക്ക്. കലിംഗ യുദ്ധത്തിന്റെ നൊമ്പരങ്ങളും ഓർമകളും പേറുന്ന നഗരം. ഭുവനേശ്വർ പുരി റോഡിലൂടെ ഏതാനും കിലോമീറ്റർ സഞ്ചരിച്ചാൽ ധൗളിയിലേക്കുള്ള പാത കാണാം. കുന്നിൻ മുകളിലുള്ള ശാന്തിസ്തൂപത്തിന് പുറമെ അശോകചക്രവർത്തിയുടെ ശിലാലിഖിതം, അശോകസ്തംഭം എന്നിവയാണ് ധൗളിയിലെ പ്രധാന കാഴ്ച. വെള്ള മാർബിളും കോൺക്രീറ്റും കൊണ്ട് വൃത്താകൃതിയിൽ നിർമിച്ച ഒരു സുന്ദരരൂപമാണ് പീസ് പഗോഡ എന്ന പേരുകൂടിയുള്ള ശാന്തിസ്തൂപം. സ്തൂപത്തിൽ നിന്നുള്ള ധൗളി ദൃശ്യങ്ങൾ അതിമനോഹരമാണ്. അരഞ്ഞാണം പോലെ ധൗളിയെ ചുറ്റിപ്പിണഞ്ഞ് നിറഞ്ഞൊഴുകുന്ന ദയാനദി.
കുന്നിറങ്ങുന്നത് മറ്റൊരു അശോകസ്മൃതിയിലേക്കാണ്. ധൗളിയിലെ ശിലാലിഖിതം എന്ന് പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്ന അശോകന്റെ ശിലാലിഖിതം. ഇത് സ്ഥിതി ചെയ്യുന്നത് ധൗളി കുന്നിന്റെ താഴ്വരയിലാണ്. ശിലാലിഖിതത്തിന് കാവലെന്നോണം ഒരു പാറയിൽനിന്ന് പുറത്തുവരുന്ന രീതിയിൽ പാതി കൊത്തിയ ഒരു ആനയുടെ രൂപം. ബുദ്ധധർമം സ്വീകരിച്ച അശോകൻ പുതിയ ആദർശവും നയങ്ങളും ഭരണരീതിയും ജനങ്ങളെ അറിയിക്കാനായി സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ലിഖിതങ്ങൾ സ്ഥാപിച്ചിരുന്നു. ഏതാണ്ട് 200 മീറ്റർ അപ്പുറത്തായി ഇതേ കാലത്ത് നിർമിച്ച ഒരു അശോകസ്തംഭവുമുണ്ട്.
ഉദയഗിരി-കാന്തഗിരി കുന്നുകൾ
ഇനി പോകേണ്ടത് ഉദയഗിരി-കാന്തഗിരി കുന്നുകളിലേക്കാണ്. ഭുവനേശ്വർ യഥാർഥത്തിൽ ഹിന്ദു-ബുദ്ധ-ജൈന മത സംസ്കൃതികളുടെ സംഗമഭൂമിയാണ്. തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന രണ്ട് ചെറിയ കുന്നുകൾ. അവയെ വേർതിരിച്ച് ഒരു റോഡ്. ജൈന സന്യാസിമാരുടെ താമസത്തിനായി പാറ തുരുന്നുണ്ടാക്കിയ ഗുഹകളാണ് ഇവിടത്തെ ആകർഷണം. ഓരോ ഗുഹക്കും വ്യത്യസ്ത പേരുകൾ. കുന്നിൻ ചരുവിൽ കൊത്തിയ പക്ഷിക്കൂടുകൾ പോലെ നിരനിരയായി പാർപ്പിട സമുച്ചയം.
ചിൽക്ക തടാകം
സംസ്കൃതികളുടെ സംഗമഭൂമിയോട് വിട ചൊല്ലി പോകുന്നത് ചിൽക്ക തടാകത്തിലേക്കാണ്. കൊൽക്കത്ത-ചെന്നൈ ഹൈവേയിലൂടെ രണ്ടുമണിക്കൂറിലധികം സഞ്ചരിക്കണം ചിൽക്കയുടെ പ്രവേശന കവാടങ്ങളിൽ ഒന്നായ ബാർക്കുളിലെത്താൻ. ബാർക്കുൾ, രംഭ, സത്പാട, ബാലുഗോൺ തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്ന് തടാകം ആസ്വദിക്കാം. ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമാണ് ചിൽക്ക.
കൊണാർക്
കൊണാര്ക്കിലെ സൂര്യക്ഷേത്രമാണ് അടുത്ത ലക്ഷ്യം. പ്രകൃതിയുടെ കരവിരുതിനെയും മറികടക്കുന്ന നിർമാണ വൈദഗ്ധ്യത്തോടെ നിൽക്കുന്ന സൂര്യക്ഷേത്രമാണ് കൊണാർക്കിലെ താരം. വിശാലമായ ഒരു മൈതാനത്ത് മരങ്ങളും ചെടികളും പുൽത്തകടികളും അകമ്പടിയൊരുക്കിയ മനോഹാരിതയിൽ തലയെടുപ്പുള്ള ഒരു കൊമ്പനെ പോലെ നിൽക്കുകയാണ് സൂര്യക്ഷേത്രം. 10 രൂപ നോട്ടിൽ ചിത്രീകരിച്ച സൂര്യക്ഷേത്രത്തിലെ ചക്രത്തിന് ഈ പൈതൃക കേന്ദ്രത്തിന്റെ ഗാംഭീര്യത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്നില്ല എന്ന് തോന്നി.
കല്ലുകളുടെ ഭാഷ മനുഷ്യ ഭാഷയെ നിർവീര്യമാക്കുന്ന ഇടം എന്ന് മഹാകവി ടാഗോർ വിശേഷിപ്പിച്ച ഈ പൈതൃക കേന്ദ്രം പതിമൂന്നാം നൂറ്റാണ്ടിൽ കിഴക്കൻ ഗംഗ രാജവംശത്തിലെ നരസിംഹ ദേവൻ ഒന്നാമന്റെ കാലത്താണ് നിർമിക്കപ്പെട്ടത്. 7 കുതിരകൾ വലിക്കുന്ന 24 ചക്രങ്ങളുള്ള ഒരു രഥത്തിന്റെ ആകൃതിയിൽ നിർമിക്കപ്പെട്ട സൂര്യക്ഷേത്രത്തിന് ഡാൻസിങ് ഹാൾ, പ്രയർ ഹാൾ, മെയിൻ ടെമ്പ്ൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ഏഴ് കുതിരകൾ ഏഴ് ദിവസത്തെയും 12 ജോടി ചക്രങ്ങൾ ഒരേസമയം 12 മാസങ്ങളെയും 24 മണിക്കൂർ അഥവാ ഒരു ദിവസത്തെയും പ്രതിനിധാനം ചെയ്യുന്നു. 70 മീറ്റർ ഉയരം ഉണ്ടായിരുന്ന പ്രധാനക്ഷേത്രമടക്കം പല ഭാഗങ്ങളും കാലത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ തകർന്നു. 7 കുതിരകളിൽ ഒരെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. മൂന്നര മീറ്ററിൽ അധികം ഉയരമുള്ള പ്ലാറ്റ്ഫോമിൽ മേൽക്കൂരയില്ലാത്ത തുണുകളും 30 മീറ്റർ തലയെടുപ്പോടെ നിൽക്കുന്ന പ്രയർഹാളുമാണ് സഞ്ചാരികളുടെ കണ്ണിൽ ആദ്യമുടക്കുക. ക്ഷേത്ര ചുമരുകൾ കണ്ണഞ്ചിപ്പിക്കുന്ന ശിൽപങ്ങളാൽ അലങ്കൃതമാണ്. ഈ പൈതൃക കേന്ദ്രം യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യ ക്ഷേത്രത്തിന്റെ മായിക ലോകത്തുനിന്ന് ഇനി പുരിയിലേക്കാണ്. ആടിയും പാടിയും മന്ത്രങ്ങളുരുവിട്ടും ഭക്തർ എല്ലാം മറന്ന് ജഗന്നാഥ സന്നിധിയിൽ അണയുന്നിയിടം. ഒഡിഷയോട് വിട പറയാൻ സമയമായിരിക്കുന്നു. രണ്ടു ദിനങ്ങൾകൊണ്ട് കാതങ്ങൾ പിന്നോട്ട് സഞ്ചരിച്ച് വിവിധ സംസ്കൃതികളോട് സംവദിച്ച പ്രതീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.