മന്ത്രിക്കുന്ന സ്മാരകങ്ങളുടെ നഗരം

കർണാടകയുടെ വടക്കേയറ്റത്ത് മഹാരാഷ്ട്രയോടും തെലങ്കാനയോടും അതിര് പങ്കിടുന്ന പ്രദേശമാണ് ബിദർ. ബംഗളൂരുവിൽനിന്ന് 700 കിലോ മീറ്ററും ഹൈദരാബാദിൽനിന്ന് 140 കിലോമീറ്ററും ദൂരം. 15ാം നൂറ്റാണ്ടിലെ സമ്പന്നമായ ബഹാമനി സുൽത്താനേറ്റിന്റെ ആസ്ഥാനമായിരുന്ന ബിദറിലെ ചരിത്രശേഷിപ്പുകളാണ് അവിടം സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാക്കുന്നത്. മന്ത്രിക്കുന്ന സ്മാരകങ്ങളുടെ നഗരം (City of whispering monuments) എന്ന അപരനാമം ഈ പട്ടണത്തിന് കൈവന്നത് ചിതറിക്കിടക്കുന്ന ചരിത്രശേഷിപ്പുകളുടെ മനോഹാരിതയും അവയുടെ ചരിത്രവും കാരണമാണ്.

നിർമാണ ചാതുരി

വടക്കൻ കർണാടകയിലൂടെയുള്ള യാത്രയിലാണ് ജനുവരിയിലെ ഒരു പുലർകാലത്ത് ഗുൽബർഗയിൽനിന്നു ബസിൽ ബിദറിലെത്തിയത്. ചരിത്ര സ്മാരകങ്ങൾ കൂടാതെ അമൃത് സറിലെ സുവർണ ക്ഷേത്രം കഴിഞ്ഞാൽ ഇന്ത്യയിൽ സിഖുകാർ ഏറ്റവും പവിത്രമായിക്കരുതുന്ന ബിദർ ഗുരുദ്വാരയും സന്ദർശിക്കണം. എന്നാൽ, നിർമാണ ചാതുരികൊണ്ടും സൗന്ദര്യം കൊണ്ടും ബിദറിൽ മാത്രമല്ല, ഇന്ത്യയിലെതന്നെ വേറിട്ടൊരു കെട്ടിടസമുച്ചയമാണ് ഏറ്റവും ആദ്യം സന്ദർശിച്ചത്, മഹമൂദ് ഗവാൻ മദ്രസ കെട്ടിടം.

പതിനഞ്ചാം നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങൾ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ നാട്ടു രാജ്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങും വ്യാപാരസാധ്യതകളും തേടി മധ്യേഷ്യയിൽനിന്നും പേർഷ്യയിൽ നിന്നുമൊക്കെ അഭ്യസ്തവിദ്യരായ ധാരാളം ചെറുപ്പക്കാർ ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. ഈ പ്രദേശങ്ങളിൽനിന്നുള്ള കുടിയേറ്റത്തെ ബഹാമനി സുൽത്താൻമാർ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ചരിത്രം. അങ്ങനെ പേർഷ്യയിൽനിന്നു ബിദറിലെത്തി പിന്നീട് 1462 മുതൽ 1482 വരെ ബിദർ പ്രധാനമന്ത്രിയായി ഉയർന്ന ബഹുമുഖ പ്രതിഭയായിരുന്നു ഖ്വാജ മഹമൂദ് ഗവാൻ.

ചരിത്രം, മനോഹരം

മതപഠനവും ശാസ്ത്രപഠനവും സമന്വയിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോർഡിങ് മദ്രസയായാണ് ഗവാൻ വിശാലമായ സ്ഥാപനം 1472ൽ ആരംഭിക്കുന്നത്. ഉസ്‌ബെകിസ്താനിൽനിന്നു വന്ന ശിൽപികളും ജോലിക്കാരുമാണ് മൂന്നുനിലകളിൽ തിമൂറിയൻ ശൈലിയിൽ കെട്ടിടം നിർമിച്ചത​േത്ര. 1696ൽ ശക്തമായ മിന്നലിൽ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നത് അതേപടി കാണാം. വൃത്താകൃതിയിൽ വർണ ടൈലുകൾ പതിച്ച മദ്രസയോടനുബന്ധിച്ച പള്ളി മിനാരം മനോഹരമാണ്. ആർക്കിയോളജിക്കൽ വകുപ്പിന് കീഴിൽ പള്ളി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെങ്കിലും മദ്രസ സ്ഥാപിച്ചതിനുശേഷം വളരെ കുറച്ചുകാലം മാത്രമേ നല്ല രീതിയിൽ മുന്നോട്ടുപോയുള്ളൂ.

കുടിയേറ്റക്കാരനായ മഹമൂദ് ഗവാന്റെ ഉന്നതാധികാര ലബ്ധി സുൽത്താന്റെ വിശ്വസ്തരിൽ ചിലരെ അസ്വസ്ഥരാക്കിയിരുന്നു. അവർ ഉപജാപം നടത്തി സുൽത്താനെ തെറ്റിദ്ധരിപ്പിക്കുകയും 1482ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിക്കുകയും ചെയ്തുവെന്ന് രേഖകൾ. ഗവാന്റെ വധത്തോടൊപ്പം അദ്ദേഹം തുടങ്ങി വെച്ച മറ്റു പദ്ധതികളെ പോലെത്തന്നെ മദ്രസയും അകാല ചരമമടഞ്ഞെങ്കിലും കെട്ടിടം നൂറ്റാണ്ടുകൾ പിന്നിട്ട് ബിദറിന്റെ മുഖ്യ ആകർഷണമായി ഇന്നും നിലനിൽക്കുന്നു.

Tags:    
News Summary - Travel Destinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.