​ഇന്ത്യക്കാർക്ക് കണ്ടുപഠിക്കാനേറെയുണ്ട് ഈ അയൽരാജ്യത്തുനിന്ന്

പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെന്ന പോലെ പുതിയ സംസ്കാരങ്ങൾ അറിയാനും പഠിക്കാനും ഇഷ്​ടപ്പെടുന്നവരാണ് മിക്ക യാത്രികരും. അത്തരക്കാർ നിർബന്ധമായും കണ്ടിരിക്കേണ്ട രാജ്യമാണ് ഭൂട്ടാൻ. വൈവിധ്യങ്ങൾ നിറഞ്ഞ സംസ്കാരങ്ങളാൽ ഏറെ സമ്പന്നമാണ്​ കിഴക്കൻ ഹിമാലയത്തിലെ ഈ കൊച്ചുരാജ്യം.

നിത്യജീവിതത്തിലും ആചാരങ്ങളിലും വസ്ത്രധാരണത്തിലും തുടങ്ങി സമസ്​ത മേഖലയിലും തങ്ങളുടെ പാരമ്പര്യസംസ്കാരത്തിന് ഇവർ ഏറെ പ്രാധാന്യം നൽകുന്നു. സംസ്കാരങ്ങളിലെ സമ്പന്നത പോലെ തന്നെ അതിമനോഹരമായ ഭൂപ്രകൃതിയാലും അനുഗ്രഹീതമാണ് ഭൂട്ടാൻ. ലോകത്ത് ഏറ്റവും സന്തോഷമുള്ളവർ ജീവിക്കുന്ന രാജ്യങ്ങളിലൊന്നാണ്​ ഭൂട്ടാൻ. അവരുടെ രാജ്യത്തി​െൻറ പുരോഗതി അളക്കുന്നത് തന്നെ മറ്റു രാജ്യങ്ങളെ പോലെ സമ്പത്ത്​ നോക്കിയിട്ടല്ല, മറിച്ച്​ ജനങ്ങളുടെ സന്തോഷത്തെ ആശ്രയിച്ചാണ്.

ഇന്ത്യയിൽനിന്ന്​ ഭൂട്ടാനിലേക്കുള്ള കവാടം

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലോകത്തി​െൻറ ഹാപ്പിലാൻഡായ ഭൂട്ടാനിലേക്ക് കൂട്ടുകാർക്കൊപ്പം യാത്ര പോവുന്നത്. ആദ്യമായി ഇന്ത്യക്ക് പുറത്തുപോവുന്നു എന്നത് തന്നെയാണ്​ ആ യാത്രയെ അത്രയേറെ മനോഹരമാക്കിയത്. നാട്ടിൽനിന്നും നേരെ പോയത് കൊൽക്കത്തയിലേക്ക്​. അവിടെ രണ്ടു ദിവസം നിന്നശേഷം സിലിഗുരി-ജൈഗോൺ വഴി റോഡ്​ മാർഗമാണ് ഭൂട്ടാനിലെ ഫുന്‍ഷൊലിങ്ങിലേക്ക് കടക്കുന്നത്. അതുകൊണ്ട് തന്നെ കാൽനടയായി ഇന്ത്യ - ഭൂട്ടാൻ അതിർത്തി മുറിച്ചുകടക്കാനുള്ള ഭാഗ്യം കൂടെ ലഭിച്ചെന്ന് പറയാം.

ഇന്ത്യയോട്​ ചേർന്നുകിടക്കുന്ന പട്ടണമാണ് ഫുന്‍ഷൊലിങ്. വൃത്തിയും വെടിപ്പും സമാധാനപരമായ ജനങ്ങളുമുള്ള ഫുൻഷൊലിങ്ങിലേക്ക് കടക്കുമ്പോൾ തന്നെ രണ്ട്​ രാജ്യങ്ങൾ തമ്മിലെ അന്തരം അനുഭവിച്ചറിയാം. മീറ്ററുകൾക്ക്​ അപ്പുറത്ത്​ നിരവധി മാർക്കറ്റുകളും മനുഷ്യരും ശബ്​ദകോലാഹലങ്ങളും അതിലേറെ വൃത്തിഹീനവുമായ നഗരമാണ്​ പശ്ചിമ ബംഗാളിലെ ജയ്‌ഗോൺ. ഫുന്‍ഷൊലിങ്ങിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. എന്നാൽ അവിടുന്ന് തലസ്ഥാനമായ തിംഫുവിലേക്കും മറ്റു സ്​ഥലങ്ങളിലേക്കും​ പോവാൻ പെർമിറ്റ് എടുക്കണം.

മനോഹരമായ കാഴ്​ചയാണ്​ എങ്ങും

ബസ്​ കയറി തിംഫുവിലേക്ക്​

മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്യാത്തതിനാൽ ഏജൻറി​െൻറ സഹായത്തോടെ മാത്രമാണ് പെർമിറ്റ് കിട്ടിയത്. രാവിലെ അതിർത്തി കടന്നെങ്കിലും ഇമിഗ്രേഷൻ ഒാഫിസിൽനിന്ന്​ പെർമിറ്റ് ലഭിക്കു​േമ്പാഴേക്കും ഉച്ചയായിരുന്നു. പെർമിറ്റ്​ ലഭിക്കാൻ പാസ്​പോർട്ട്​ വേണ്ട, തിരിച്ചറിയൽ കാർഡി​െൻറ ആവശ്യമേയുള്ളൂ.

ഇനി തിംഫുവിലേക്ക്​ ബസ് കയറണം. അതിനായി സ്​റ്റാൻഡിൽ​ പോയി. ഭൂട്ടാനിൽ വളരെ കുറഞ്ഞ ആളുകൾ മാത്രമേ​ ബസ്​ ആശ്രയിക്കുന്നുള്ളൂ. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്​ മാത്രമാണ്​ ബസ് സർവിസുള്ളത്​. യാത്രക്കാരുടെ പ്രധാന വഴി ടാക്സികൾ തന്നെ. ബസിൽ പോവാനും മുൻകൂട്ടി ബുക്ക് ചെയ്യണം. എന്നാൽ, ഭാഗ്യവശാൽ സീസൺ അല്ലാത്തതിനാൽ ഉച്ചകഴിഞ്ഞ്​ പുറപ്പെടുന്ന ബസിൽ സീറ്റുണ്ടായിരുന്നു. 230 രൂപയാണ്​ ഒരാളുടെ നിരക്ക്​​. ഇന്ത്യൻ കറൻസിയും ഭൂട്ടാൻ കറൻസിയും ഒരേ മൂല്യമായതിനാൽ നമ്മുടെ രൂപ തന്നെ നൽകിയാൽ മതി.

ബസ്​ യാത്രക്കിടെ

ചെറിയ ബസാണ്​. അതിൽ തന്നെ എല്ലാവർക്കും സീറ്റ് നമ്പറെല്ലാമുണ്ട്. ഫുന്‍ഷൊലിങ്ങിൽനിന്നും തിംഫുവിലേക്കുള്ള റോഡ് അതിമനോഹരമാണ്. ചുരം തുടങ്ങുന്നതിന് മുമ്പ്​ ചെക്ക് പോസ്​റ്റിൽ വണ്ടി നിർത്തി. പെർമിറ്റിൽ അവിടെനിന്ന് സീൽ അടിച്ചു. പിന്നീടങ്ങോട്ട്​ കാഴ്​ചകളുടെ പറുദീസയായിരുന്നു. റോഡും ചുറ്റുമുള്ള മലനിരകളുടെ മാറിമാറിവരുന്ന കാഴ്​ചകളും കൂടെ ആയപ്പോൾ മനസ്സിനകത്തെ ആകാംക്ഷ വർധിക്കാൻ തുടങ്ങി.

വഴികാട്ടിയായ പൊലീസുകാരൻ

ജീവിതത്തിലെ തന്നെ ഏറ്റവും സുന്ദരമായ ബസ്‌ യാത്രയായിരുന്നു തിംഫുവിലേക്കുള്ള ആ 180 കിലോമീറ്റർ ദൂരം. രാത്രിയാണ് തലസ്​ഥാനത്ത്​ എത്തുന്നത്. മലഞ്ചെരുവിൽ വൈദ്യുത വിളക്കുകളാൽ​ തിളങ്ങിനിൽകുന്ന തിംഫു നഗരത്തെ വളരെ ദൂരെനിന്ന്​ തന്നെ കാണാമായിരുന്നു. രാത്രി തിംഫുവിൽ ബഡ്ജറ്റിൽ ഒതുങ്ങിയ റൂം എങ്ങനെ കണ്ടുപിടിക്കുമെന്ന് ആലോചിച്ച്​ സങ്കടപ്പെടുമ്പോഴാണ് യാദൃശ്ചികമായി ബസിൽ കൂടെയുണ്ടായിരുന്ന പൊലീസുകാരനെ പരിചയപ്പെടുന്നത്.

മലഞ്ചെരുവിലെ തിംഫു നഗരം

വർഷങ്ങളുടെ പരിചയമുള്ളത്​ പോലെയായിരുന്ന ​അദ്ദേഹത്തി​െൻറ പെരുമാറ്റം. അല്ലെങ്കിലും ഭൂട്ടാനികൾ അങ്ങനെയാണ്​. ഏറെ സൗഹൃദപ്രിയരും സ്​നേഹ സമ്പന്നരുമാണ്​ അവർ. അദ്ദേഹം ഞങ്ങളെ ​കൊണ്ടുപോയി താമസിക്കാനുള്ള ഹോട്ടൽ കാണിച്ച്​ തന്നുവെന്ന്​ മാത്രമല്ല, അവിടെയുള്ള സ്ത്രീയോട് സംസാരിച്ച്​ ഡിസ്‌കൗണ്ട്‍ വരെ ഒപ്പിച്ചുതന്നാണ്​ മടങ്ങിയത്. 700 രൂപക്ക്​​​ നല്ലൊരു റൂം ലഭിച്ചു.

രാത്രി വൈകിയതിനാൽ തന്നെ പുറത്ത്​ ഹോട്ടലുകൾ ഏറെക്കുറെ അടച്ചിരുന്നു. നല്ല തണുപ്പുണ്ട്​. അതിനാൽ പുറത്തുപോകാൻ മടിയായി​. ഹോട്ടലിലെ സ്ത്രീ തന്നെ അടിപൊളി ഫ്രൈഡ്റൈസ് പാകം ചെയ്​തുനൽകി. അതും കഴിച്ച്​ പെട്ടെന്ന് തന്നെ കിടക്കയിലേക്ക്​ ചാഞ്ഞു.

നഗരകാഴ്​ചയിലൂടെ    

അടുത്ത ദിവസം രാവിലെ തന്നെ പുറത്തിറങ്ങി. വൈകുന്നേരം വരെ തിംഫു നഗരം ചുറ്റിക്കാണണം. നടന്ന് കാണാനുള്ള വിസ്തീർണം മാത്രമുള്ള രാജ്യതലസ്ഥനമാണ്​. അവിടത്തെ മാർക്കറ്റുകൾ, ബുദ്ധമത വിശ്വാസ പ്രകാരമുള്ള ക്ഷേത്രങ്ങൾ, മറ്റു സഞ്ചാര കേ​ന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയെല്ലാം ഞങ്ങൾ നടന്നെത്തി. അവയുടെ സൗന്ദര്യത്തിനും ചരിത്രത്തിനുമപ്പുറം ഞങ്ങളെ ആകർഷിപ്പിച്ച മറ്റൊരു സംഭവമായിരുന്നു ഭൂട്ടാനികളുടെ ട്രാഫിക്​ സംസ്​കാരം.

ലോകത്ത് ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത ഏക രാജ്യം കൂടിയാണ്​ ഭൂട്ടാൻ എന്ന്​ പറയുന്നത്​ ഒരിക്കലും അതിശയോക്​തിയാവില്ല. അത്രക്കും അഭിനന്ദനീയമാണ്​ ഒ​ാരോരുത്തരുടെയും ഡ്രൈവിംഗ്. ട്രാഫിക് സിഗ്​നലുകൾ ഇല്ലെങ്കിലും നിയമം അനുസരിച്ച്​ മാത്രമാണ്​ ഏവരും വണ്ടി ഓടിക്കുന്നത്​. റോഡിൽ മറ്റുള്ളവരോട്​ കാണിക്കേണ്ട മര്യാദയും ബഹുമാനവുമെല്ലാം മലയാളികളടക്കം കണ്ടുപഠിക്കേണ്ടതാണ്​.

ട്രാഫിക്​ സിഗ്​നലുകളില്ലാത്ത ജംഗ്​ഷൻ

അനാവശ്യമായി ഒരു ഹോണടിയും നമുക്ക്​ കേൾക്കാനാവില്ല. കൊടുംവളവുകളിൽ പോലും അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ഹോണടിയുള്ളൂ. തികഞ്ഞ മര്യാദയോടെയാണ്​ ഒാവർടേക്കിങ്​ പോലും. ഓവർടേക്ക്​ ചെയ്യാൻ സമ്മതമാണെന്ന്​ അറിയിച്ച്​ മുന്നിലെ വാഹനം ഇടത്തോട്ട്​ ഇൻഡിക്കേറ്ററിട്ട്​ കാണിച്ചുതരും. എന്നിട്ട്​ അവർ വേഗത കുറച്ച്​ ചെറുതായി ഒതുക്കിത്തരും. ഒാവർടേക്ക്​ ചെയ്യരുത്​ എന്ന്​ കാണിക്കാൻ വലത്തോട്ട്​ ഇൻഡിക്കേറ്ററിടും. അതുപോലെ ഗതാഗതക്കുരുക്കുള്ള സ്​ഥലങ്ങളിൽ ആരും കുത്തിത്തിരക്കി മുന്നോട്ടുപോകാതെ വരിവരിയായി ശാന്തമായി കാത്തുനിൽക്കും. സീബ്ര ലൈനിലൂടെ മാത്രമേ ആളുകൾ​ റോഡ്​ ക്രോസ്​​ ചെയ്യാൻ പാടുള്ളൂ. അല്ലെങ്കിൽ പൊലീസ്​ പിഴ ഇൗടാക്കും. ആളുകൾ ക്രോസ്​ ചെയ്യു​േമ്പാൾ വാഹനങ്ങൾ നിർത്തിക്കൊടുത്തില്ലെങ്കിലും പിടിവീഴും.

മനോഹരം, ഇൗ വഴികൾ

വൈകുന്നേരത്തോടെ തിംഫുവിലെ ഉൗരുചുറ്റൽ മതിയാക്കി. ഇനി പാറോ നഗത്തിലേക്ക്​ പോകണം. 50 കിലോമീറ്റർ ദൂരമുണ്ട്​ അവിടേക്ക്​. ബസിൽ പോകാനാണ്​ ലക്ഷ്യമിട്ടിരുന്നത്​. അ​േന്വഷിച്ചപ്പോൾ അങ്ങോ​േട്ടക്ക്​ ബസ് രാവിലെ മാത്രമാണെന്ന് അറിയാൻ കഴിഞ്ഞു. പിന്നെ ഏകവഴിയായ ടാക്സി ഡ്രൈവർമാരെടുത്ത്​ വിലപേശലാണ്​. അവരോട്​ സംസാരിക്കുന്നതിനിടയിലാണ്​ പാറോയിലേക്കുള്ള ടാക്സി മുന്നിലെത്തുന്നത്. അദ്ദേഹം 100 രൂപക്ക്​ കൊണ്ടുപോകാമെന്ന്​ സമ്മതിച്ചു.

പാറോ എയർപോർട്ട്​ റൺവേ

ഭൂട്ടാ​െൻറ പടിഞ്ഞാറ്​ ഭാഗത്തേക്കാണ്​ സഞ്ചാരം. പാറോയിലേക്കുള്ള റോഡും അതിമനോഹരം. ഭൂട്ടാനിലെ ഏക അന്താരാഷ്​ട്ര വിമാനത്താവളം പ​​േറാക്ക്​ സമീപമാണ്​. കാർ യാത്രയിൽ റൺവേയും വിമാനങ്ങളുമെല്ലാം നമുക്ക്​ കാണാം. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നാണ് പാറോയിലേത്​. നാലുഭാഗവും ചുറ്റപ്പെട്ട മലകൾക്കിടയിലൂടെ വിമാനം വന്ന് എയർപോർട്ടിൽ ഇറങ്ങുന്നതും ഉയർന്നുപൊങ്ങി മേഘങ്ങൾക്കും മലകൾക്കുമിടയിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്ന മനോഹരമായ ദൃശ്യങ്ങൾ ഒാരോ സഞ്ചാരിയുടെയും മനസ്സിനെ കുളിരണിയിപ്പിക്കും.

രണ്ട്​ മണിക്കൂർ യാത്രക്കൊടുവിൽ ലക്ഷ്യസ്​ഥാനത്തെത്തി. പാറോ ടൗൺ സ്ക്വയറിന്​ സമീപമാണ് റൂമെടുത്തത്. ഒാരോ വർഷവും ആയിരങ്ങൾ കാണാനെത്തുന്ന പാറോ ഫെസ്​റ്റിവെലെല്ലാം നടക്കുന്നത് ഇൗ ടൗൺ സ്‌ക്വയറിൽ വെച്ചാണ്. ഒരേസമയം ഭൂട്ടാനി​െൻറ സംസ്​കാരവും പാരമ്പര്യ തനിമയുമെല്ലാം വിളിച്ചോതുന്ന ബഹുവർണ ആഘോഷമാണ്​ പാറോ ഫെസ്​റ്റിവൽ.

പാറോ നഗരം    

രാത്രി പാറോ നഗരം കാണാനായി പുറത്തിറങ്ങി. സ്വദേശികളേക്കാൾ പുറത്തുനിന്നെത്തിയ സഞ്ചാരികളെയാണ്​ ഇവിടെ കാണാൻ സാധിക്കുക. പ്രശസ്​തമായ ടൈഗേർസ്​​ നെസ്​റ്റ്​ മൊണാസ്​ട്രിയുടെ സാന്നിധ്യം തന്നെയാണ്​ ഇത്രയുമധികം സഞ്ചാരികളെ പാറോയിലേക്ക്​ ആകർഷിപ്പിക്കുന്നത്​. ഭൂട്ടാനിലെ ഏറ്റവും പ്രശസ്തമായ ബുദ്ധ ​േ​ക്ഷത്രമാണ്​ ടൈഗേർസ്​ നെസ്​റ്റ്​. മലമുകളിൽ 10,000 അടിയിലേറെ ഉയരത്തിലാണ്​ ഇൗ ക്ഷേത്രം​.

എട്ടാം നൂറ്റാണ്ടിൽ ബുദ്ധമത സന്യാസിയായ 'ഗുരു റിംപോച്ചെ' ആദ്യമായി ധ്യാനത്തിൽ ഇരുന്നെന്ന് പറയപ്പെടുന്ന ഇവിടെ 1692ലാണ് മൊണാസ്​ട്രി നിർമിക്കുന്നത്​. 'ഗുരു പത്മസംഭവ' എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഒരു കടുവയുടെ മുകളിൽ പറന്ന് ഭൂട്ടാനിൽ എത്തിയെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് ഈ ക്ഷേത്രത്തിന് ടൈഗേർസ്​ നെസ്​റ്റ്​ എന്ന പേര് വന്നത്.

ടൈ​ഗേർസ്​ നെസ്​റ്റി​െൻറ വിദൂര കാഴ്​ച

നഗരത്തിൽനിന്നും ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. പിറ്റേന്ന്​ രാവിലെ ഷെയർ ടാക്​സിയിൽ ഞങ്ങൾ മലയുടെ താഴ്‌വാരത്തെത്തി. ഇവിടെ ചെറിയ കവലയുണ്ട്​. ട്രെക്കിങ്ങിന്​ വേണ്ട വടി, വെള്ളം, സ്നാക്ക്സ് തുടങ്ങിയവ വിൽക്കുന്ന കടകളും ടാക്സി ഡ്രൈവർമാരും പിന്നെ ടൂറിസ്​റ്റുകളും നിറഞ്ഞ കൊച്ചുകവല. അവിടെനിന്ന് 3-4 മണിക്കൂർ ട്രെക്ക് ചെയ്ത് വേണം മൊണാസ്​ട്രിയിൽ എത്താൻ. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പണം കൊടുത്താൽ കുതിരപ്പുറത്തും മല കയറാം. മൊണാസ്​ട്രിക്കകത്തേക്ക്​ പ്രവേശിക്കാൻ 500 രൂപയുടെ ടിക്കറ്റ് എടുക്കണം. ട്രെക്ക് മാത്രം ചെയ്യാൻ ടിക്കറ്റ് നിർബന്ധമില്ല.

ടൈഗേർസ്​ നെസ്​റ്റ്​ കാണാനെത്തിയവരിൽ ലോകത്തി​െൻറ പല ഭാഗത്തുള്ളവരുമുണ്ട്​. രാവിലെ 11ഒാടെ മല കയറാൻ തുടങ്ങി. നടത്തം ആരംഭിക്കുമ്പോൾ അതിരാവിലെ ട്രെക്ക് ചെയ്ത് തിരിച്ചിറങ്ങുന്ന ദമ്പതികളെ പരിചയപ്പെട്ടു. തമിഴ്നാട്ടുകാരായ അവർ കോളജ് പ്രഫസർമാർമാരണ്. വാർധക്യത്തിലും തളരാതെ ടൈഗേർസ്​ നെസ്​റ്റ്​ കാണാൻ മല കയറുന്നവർ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.

മല കയറുന്ന സഞ്ചാരികൾ    

മലഞ്ചെരുവിലെ മൺപാതയിലൂടെ ഞങ്ങൾ നടത്തം തുടർന്നു. ബുദ്ധമത വിശ്വാസപ്രകാരമുള്ള ഫ്ലാഗുകളും സ്​തൂപങ്ങളുമെല്ലാം വഴിയോരങ്ങളിൽ കാണാം. നട്ടുച്ചയാണെങ്കിലും തണുപ്പും മരങ്ങളെ തഴുകി വരുന്ന കാറ്റുമെല്ലാം ക്ഷീണം അറിയിക്കുന്നില്ല. മലയുടെ പകുതിയെത്തു​േമ്പാൾ ഒരു കഫറ്റീരിയ കാണാനായി​. അവിടെ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സാധിക്കും. രണ്ട്​ മണിയോടെ ഞങ്ങൾ മൊണാസ്​ട്രിയിലെത്തി.

വലിയ പാറകൾക്ക്​ മുകളിൽ സ്​ഥാപിച്ച മൊണാസ്​ട്രി ഒരു അദ്​ഭുതം തന്നെയാണ്​. പ്രാർഥന മന്ത്രങ്ങളാൽ മുഖരിതമാണ്​ അവിടത്തെ അന്തരീക്ഷം. അതിൽ ലയിച്ചുചേരു​േമ്പാൾ ഏതൊരു സഞ്ചാരിക്കും ആത്​മീയ നിർവൃതി ലഭിക്കും. അതി​െൻറ മാന്ത്രികതയിൽ ഞങ്ങളും സായൂജ്യമടിഞ്ഞു. അൽപ്പനേരത്തിനുശേഷം മലയിറങ്ങാൻ തുടങ്ങി. താഴേക്കുള്ള വരവ് കൂടുതൽ എളുപ്പമായി തോന്നി. ടാക്സിയിൽ റൂമിൽ എത്തുമ്പോഴേക്ക് എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു.

ടൈഗേർസ്​ നെസ്​റ്റ്​

വിചിത്ര ആചാരങ്ങൾ

അടുത്തദിവസം രാവിലെ മടക്കയാത്ര തുടങ്ങി. പാറോയിൽനിന്ന്​ ഫുന്‍ഷൊലിങ്ങിലേക്ക്​ നേരിട്ട്​ ബസ് കിട്ടാത്തതിനാൽ ഒരിക്കൽകൂടി തിംഫുവിലെത്തി. അവിടെനിന്ന്​ അടുത്ത ബസ്​ പിടിച്ച്​ യാത്ര തുടർന്നു. കുറഞ്ഞ ദിവസങ്ങൾ മാത്രമേ ഭൂട്ടാനിൽ ചെലവഴിച്ചതെങ്കിലും ഒരുപാട്​ അറിവും അനുഭവങ്ങളുമാണ്​ ഇൗ യാത്ര പകർന്നേകിയത്​. വ്യത്യസ്​തമായ കാഴ്​ചകളേക്കാൾ ഭൂട്ടാൻ ജനതയുടെ പല സംസ്​കാരങ്ങളും അടുത്തറിയാൻ സാധിച്ചു.

ഏറെ വിചിത്രമായ ആചാരങ്ങളും ചരിത്രവുമുള്ള രാജ്യമാണ് ഭൂട്ടാൻ. പുരുഷലിംഗങ്ങളെ ആരാധനാ വസ്തുവാക്കിയവരാണ്​ ഒരുവിഭാഗം ജനത. ഫാലസ് എന്ന് ബഹുമാനാർത്ഥം വിളിക്കുന്ന ഈ ലിംഗരൂപങ്ങൾ ഭൂട്ടാനിലെ കരകൗശല കടകളിൽ തുടങ്ങി പ്രധാനനഗരങ്ങളിലെ ചുമർ ചിത്രങ്ങളിൽ വരെ കാണാനിടയായി. ഭൂട്ടാ​െൻറ തലസ്ഥാനമായ തിംഫുവിലെ കരകൗശല മാർക്കറ്റിൽ നിന്നാണ്​ ഫാലസ് രൂപങ്ങൾ ആദ്യമായി കാണുന്നത്. ലോകത്തിലെ തന്നെ പ്രശസ്തമായ കരകൗശല മാർക്കറ്റാണ് തിംഫു ഹാൻഡിക്രാഫ്റ്റ് മാർക്കറ്റ്.

കച്ചവട സ്​ഥാപനങ്ങൾ

സഞ്ചാരികളെ ആകർഷിക്കാൻ നിരത്തിവെച്ചിരിക്കുന്ന കരകൗശല വസ്തുക്കൾക്കിടയിൽ ഫാലസുകൾ നിറഞ്ഞുനിൽക്കുന്നത് കാണാം. നൂറ്റാണ്ടുകളായി പുരുഷലിംഗങ്ങളെ തങ്ങളുടെ സംസ്‍കാരത്തി​െൻറ ഭാഗമായി കരുതുന്നവരാണ് ഭൂട്ടാന്‍ ജനത. ദുഷ്‍ട ശക്തികളെ അകറ്റിനിര്‍ത്തി ഭാഗ്യം വരാനുള്ള അടയാളമായി ലിംഗങ്ങളെ ഉപയോഗിക്കുന്നു.

സന്താനഭാഗ്യത്തിന്​ പേരുകേട്ട ബുദ്ധമത ക്ഷേത്രമുണ്ട്‌ ഭൂട്ടാനിൽ, ചിമ്മി ലഹകാങ്. തിംഫുവിൽനിന്ന് പുനാഖയിലേക്ക് പോവുന്ന വഴിയിലാണ് ഇൗ ക്ഷേത്രം. അവിടത്തെ ജനങ്ങൾ സന്താനഭാഗ്യം ലഭിക്കാനും മറ്റും ഈ ​ക്ഷേത്രത്തിൽ പോവാറുണ്ട്. ചിമ്മി ലഹ്കാങ്ങിലെ ആരാധന രീതികളും ഏറെ വിചിത്രമാണ്. 500 വർഷങ്ങളിലേറെ പഴക്കമുള്ള ആ ക്ഷേത്രത്തിൽ ഫാലസ് രൂപങ്ങളാണ് ആരാധിക്കുന്നത്.

ഭൂട്ടാനിലെ ബുദ്ധ സന്യാസിമാർ

ഭൂട്ടാനിലെ ഈ വിചിത്ര ആചാരത്തിന് അവരുടെ രാജ്യത്തേക്കാൾ പഴക്കമുണ്ടത്രെ!. ഭൂട്ടാനി​െൻറ ചരിത്രം പരിശോധിക്കുമ്പോൾ അതിൽനിന്ന് ബുദ്ധമതത്തെയും ബുദ്ധസന്യാസികളെയും ഒഴിവാക്കുക പ്രയാസമാണ്. ഭൂട്ടാൻ എന്ന രാജ്യം ഉണ്ടാവുന്നതിന് വർഷങ്ങൾക്ക് മുമ്പ്, 1400 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ബുദ്ധമത സന്യാസിയാണ് 'ദ്രുക്പാ കുൻലി'. മറ്റുള്ളവരെ പ്രബുദ്ധരാക്കാനുള്ള ഭ്രാന്തൻ രീതികളിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്, പ്രത്യേകിച്ച് സ്ത്രീകളെ. സദാചാര ചിന്തകളെയൊക്കെ വെല്ലുവിളിച്ച്​ ജീവിച്ച ആ മാന്ത്രിക സന്യാസിയെ അവർ 'ഡിവൈൻ മാഡ്മാൻ' എന്ന് വിളിച്ചു. അത് കൂടാതെ '5000 സ്ത്രീകളുടെ വിശുദ്ധൻ', 'ഫെർട്ടിലിറ്റി സെയിൻറ്​' തുടങ്ങി പലനാമങ്ങളിലും അദ്ദേഹം അറിയപ്പെട്ടു. സന്താന ഭാഗ്യത്തിനും മറ്റും സ്ത്രീകൾ അദ്ദേഹത്തി​െൻറ അനുഗ്രഹം ലൈംഗിക രൂപത്തിൽ തേടാൻ തുടങ്ങി.

വിദൂര ദേശങ്ങളിൽനിന്ന് പോലും അനുഗ്രഹം തേടി വന്ന സ്ത്രീകൾ സന്താനഭാഗ്യത്തിനായി മനസ്സും ശരീരവും ദിവ്യസിദ്ധന്​ മുന്നിൽ അർപ്പിച്ചു. സുന്ദരിയായ ഒരു സ്ത്രീയും ഒരു കുപ്പി വീഞ്ഞും കൊണ്ടുവന്നില്ലെങ്കിൽ സഹായം തേടിയെത്തിയ ആരെയും ദ്രുക്പ കുൻലി അനുഗ്രഹിക്കില്ല. അദ്ദേഹത്തി​െൻറ ഫെർട്ടിലിറ്റി ക്ഷേത്രമായ ചിമ്മി ലഹകാങ് ഇന്ന് ആ വൈൻ കുപ്പികളാൽ നിറഞ്ഞിരിക്കുകയാണ്​. സന്താനഭാഗ്യത്തിനായി ഇവിടം സന്ദർശിക്കുന്ന സ്ത്രീകളെ ക്ഷേത്രത്തിലെ ലിംഗരൂപങ്ങൾ കൊണ്ട് തലയിൽ അടിച്ചാണ് ഇപ്പോഴത്തെ ആചാര്യൻ അനുഗ്രഹിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം എന്ന് കേട്ടാൽ പോലും നാണിക്കുന്ന നമ്മൾ ഇന്ത്യക്കാർക്ക് ഇതൊക്കെ ഒരു വിചിത്രാരാധനയായി തോന്നുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല.

വഴിയോരങ്ങളിലെ ബുദ്ധിസ്​റ്റ്​ ഫ്ലാഗുകൾ    

പ്രകൃതിഭംഗിക്കും സംസ്കാരത്തിനും പുറമെ ഒരുപാട് സവിശേഷതകളുള്ള രാജ്യമാണ് ഭൂട്ടാൻ. 1960ലാണ് ഇവിടെ ടൂറിസം ആരംഭിക്കുന്നത്. അതുവരെയും മറ്റൊരു രാജ്യവുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ടായിരുന്നു അവർ കഴിഞ്ഞത്. എന്നാൽ, ഇപ്പോൾ രാജ്യത്തി​െൻറ ഏറ്റവും വലിയ വരുമാനമാർഗവും ടൂറിസമാണ്. 1999ല്‍ തന്നെ പ്ലാസ്റ്റിക് ബാൻ ചെയ്ത ഇവിടെ സിഗരറ്റടക്കമുള്ള പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്.

അതേസമയം, ഭൂട്ടാനിലെ റെസ്​റ്റോറൻറുകളിൽ ഏതുസമയത്തും മദ്യം സജീവമാണ്. എന്നാൽ, നമ്മുടെ തെരുവുകളിലും ബാറുകൾക്ക്​ മുന്നിലും കാണുന്ന മദ്യപിച്ച ബോധമില്ലാത്തവരുടെ കാഴ്ച അവിടെ കാണാൻ സാധിക്കില്ല. പരിസര ശുചിത്വത്തി​െൻറ കാര്യത്തിലും ഭൂട്ടാനികളും ഇവിടത്തെ കൊച്ചുനഗരങ്ങളും നമ്മെ അദ്​ഭുതപ്പെടുത്തും. ചുരുക്കി പറഞ്ഞാൽ ഭൂട്ടാൻ എന്ന ഈ കൊച്ചു അയൽരാജ്യം ഇന്ത്യക്കാർക്ക് വലിയ ഒരു പാഠം തന്നെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.