യൂറോപ്പ് യാത്ര ചെറുപ്പംമുതലുള്ള ആഗ്രഹമായിരുന്നു. ചരിത്രവും പൈതൃകവും പ്രകൃതിയും നമുക്കു മുന്നിൽ വർണക്കാഴ്ചകളാൽ അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത ലോകംതന്നെയാണ് യൂറോപ്പ്. 2020 ജനുവരിയിലായിരുന്നു ആദ്യം യാത്ര ഉദ്ദേശിച്ചിരുന്നത്. ഈജിപ്ത്, ഫലസ്തീൻ, ഇസ്രായേൽ, ജോർഡൻ, തുർക്കിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പ്ലാൻ. ഡോ. അജ്മൽ മൂഈന്റെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും നടത്തിയതാണ്. പക്ഷേ, കോവിഡ് ദീര്‍ഘകാലത്തെ ഞങ്ങളുടെ ആഗ്രഹത്തിന് തിരശ്ശീലയിട്ടു. കോവിഡ് ഒഴിഞ്ഞ് ലോകം പഴയപോലെ വാതിൽ തുറന്നപ്പോള്‍ വീണ്ടും തയാറെടുപ്പുകൾ തുടങ്ങി. നാൽപതിലധികം പേർ ടീമിലുണ്ടായിരുന്നെങ്കിലും 32 പേർക്കു മാത്രമാണ് ഷെങ്കൻ വിസ ലഭിച്ചത്.
2023 മേയ് നാലിന് കൊച്ചിയിൽനിന്നു പുറപ്പെട്ട് ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിലാണ് ആദ്യം എത്തിയത്. തുടർന്നുള്ള 14 ദിനങ്ങൾ ചരിത്രസ്മാരകങ്ങളും പ്രകൃതിയുടെ വിസ്മയങ്ങളും കണ്ട് യാത്ര. ഹോണ്‍ ശബ്ദംകൊണ്ട് മുഖരിതമാകുന്ന നമ്മുടെ ട്രാഫിക് സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായ വാഹനയാത്ര കൗതുകമായിരുന്നു. രണ്ടാഴ്ച നീണ്ട യാത്രയിൽ ഒരിക്കൽപോലും ചെക് റിപ്പബ്ലിക്കുകാരനായ ഞങ്ങളുടെ ബസ് ഡ്രൈവർ ഹോൺ അടിച്ചതേയില്ല. ബസിന്റെ ഹോൺ കേടായിട്ടായിരിക്കുമോ അത് എന്നായി ചിലർ. അവസാനം ഞങ്ങളുടെ പ്രത്യേക അഭ്യർഥനപ്രകാരം അയാൾ ഞങ്ങൾക്കായി ഒറ്റ പ്രാവശ്യം ഹോൺ അടിച്ചുകേൾപ്പിച്ചുതന്നു.
നഗരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള യൂറോപ്പുകാരുടെ ശ്രദ്ധ കണ്ടുപഠിക്കേണ്ടതാണ്. ചരിത്രശേഷിപ്പുകള്‍ സംരക്ഷിച്ചുനിര്‍ത്തുന്നതിനും അവർ പ്രത്യേകം ശ്രദ്ധപുലർത്തിവരുന്നു. രാവിലെ മുതൽ ഒരു നഗരത്തിൽനിന്നു മറ്റൊരു നഗരത്തിലേക്കുള്ള യാത്രയായിരിക്കും. യാത്രാവസാനം സഞ്ചരിച്ച ദൂരം കൂട്ടിനോക്കി ഞങ്ങളുടെ ഗൈഡ് സജിയേട്ടൻ അറിയിച്ചപ്പോൾ എല്ലാവരും ഞെട്ടിപ്പോയി; ഏകദേശം 5000 കിലോമീറ്റര്‍ ദൂരം ഞങ്ങള്‍ ബസിൽ സഞ്ചരിച്ചിരിക്കുന്നു. ഇത്ര ദൂരം സഞ്ചരിച്ചിട്ടും ആർക്കും മടുപ്പും ക്ഷീണവുമില്ല. അതാണ് യൂറോപ്പ്!
ജർമനിയിലെ ഫ്രാങ്ക്ഫുര്‍ട്ട്, പാരിസിലെ ഈഫൽ ടവർ, ഇറ്റലിയിലെ പിസ ഗോപുരം, റോമിലെ കൊളോസിയം, നെതര്‍ലൻഡ്സിലെ കനാല്‍, ആംസ്റ്റർഡാമിലെ ലോകത്തിലെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടമായ കുക്കനോഫ് ഗാർഡൻ, ബെല്‍ജിയത്തിലെ ബ്രസല്‍ അറ്റോമിയം റോയല്‍ ഹെറിറ്റേജ് പാലസ്, സമ്പന്നമായ ലക്സംബര്‍ഗ് നഗരക്കാഴ്ചകൾ, ഓസ്ട്രിയയിലെ സരോസ്കി ക്രിസ്റ്റൽ വേൾഡ്, ഇംപീരിയല്‍ പാലസ്, റിവര്‍ ഇന്‍ ബ്രിഡ്ജ്, ഗോള്‍ഡന്‍ റൂഫ്, ഇറ്റലിയിലെ പടുവ, സെന്റ് ആന്റണി ബസിലിക്ക, സ്വിറ്റ്സർലൻഡിലെ മഞ്ഞുമലകൾ തുടങ്ങി യൂറോപ്പിലെ ചെറുതും വലുതുമായ ഒമ്പതു രാജ്യങ്ങളിലെ അതിമനോഹര കാഴ്ചകൾ. െസ്ലാവീനിയയിലെ പോസ്റ്റോജ്ന ഗുഹയും കോട്ടയും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
24 കിലോമീറ്റര്‍ നീളമുള്ള പ്രകൃതിദത്ത ഗുഹയാണ് പോസ്റ്റോജ്ന. ഒരു ടോയ്ട്രെയിനിൽ അഞ്ചു കിലോമീറ്റർ ഗുഹയിലൂടെ യാത്ര. അത് നമ്മെ ഒരത്ഭുത ലോകത്തിലാണ് എത്തിക്കുക. തുടർന്ന് ഒന്നര കിലോമീറ്റര്‍ നടന്നുകാണാം. ഗുഹക്കകത്ത് നല്ല തണുപ്പാണ്. ആയിരങ്ങളാണ് ഓരോ ദിവസവും ഇവിടെ സന്ദർശിക്കുന്നത്. അത്ഭുതകരമാണ് അകത്തെ കാഴ്ചകൾ. ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് പ്രകൃതി ഭൂമിക്കടിയിൽ ഒരുക്കിയ അത്ഭുത ശിൽപനഗരമാണ് ഇത്. ചുണ്ണാമ്പുകല്ലുകൾ രൂപമാറ്റം സംഭവിച്ച് വ്യത്യസ്ത രൂപത്തിലുള്ള ശിൽപങ്ങൾ. ഗുഹയിൽനിന്നു പുറത്തിറങ്ങി ബസിൽ അൽപം യാത്രചെയ്താൽ പ്രെഡ് ജാംസ്കി ഗ്രാഡ് എന്നറിയപ്പെടുന്ന പ്രെഡ് ജാമ കോട്ടയിൽ എത്താം. സ്ലൊവീനിയയിലെ ശ്രദ്ധേയമായ മധ്യകാല കോട്ടയാണ് ഇത്. ഒരു പാറക്കെട്ടിന്റെ മുഖത്ത് നാടകീയമായി സ്ഥിതിചെയ്യുകയാണ് കോട്ട. ആകര്‍ഷകമായ ചരിത്രവും കോട്ടക്കുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കോട്ട പണിതതെന്ന് പറയപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഹബ്സ് ബര്‍ഗ് സാമ്രാജ്യത്തിനെതിരെയായ യുദ്ധത്തില്‍ ഈ കോട്ട ഒരു പ്രധാന കേന്ദ്രമായിരുന്നു. കോട്ടയുടെ താഴത്തെ ഭാഗം ഒരു ഗുഹയിലേക്ക് യോജിപ്പിച്ചിരിക്കുന്നു. മല തുരന്നുള്ള ഈ കോട്ടയുടെ ഒരു ഭാഗം പോസ്റ്റോജ്ന ഗുഹയിൽ എത്തും എന്നാണ് പറയപ്പെടുന്നത്.
കോട്ടയില്‍ താമസിച്ചിരുന്നവര്‍ക്ക് സുഗമമായി സാധനങ്ങള്‍ സൂക്ഷിക്കാനും രക്ഷപ്പെടാനുമുള്ള വഴികളും കോട്ടക്കകത്തുണ്ട്. പ്രെഡ്് ജാമ കാസില്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് ഭൂതകാലത്തിന്റെ പ്രതാപം അനുഭവിച്ചറിയാം. മധ്യകാല പൈതൃകത്തെ വരച്ചുകാട്ടുന്നതാണ് ഇന്റീരിയര്‍ വര്‍ക്കുകള്‍. മധ്യകാല അടുക്കള, ആയുധപ്പുര, താമസസ്ഥലങ്ങള്‍ എന്നിവ സജ്ജീകരിച്ച മനോഹരമായ മുറികള്‍.
യൂറോപ്പ് യാത്ര തിരഞ്ഞെടുക്കുന്നവർ നിർബന്ധമായും കണ്ടിരിക്കുന്ന സ്ഥലങ്ങളാണ് ഇറ്റലിയിലെ ചരിഞ്ഞ ഗോപുരവും വെനീസിലെ കാഴ്ചകളും പാരിസിലെ ഈഫൽ ഗോപുരവും സ്വിറ്റ്സർലൻഡും. ചെറുപ്പത്തിൽ നോട്ടുപുസ്തകങ്ങളുടെ പുറംചട്ടയിൽ കണ്ട അതിസുന്ദര പ്രകൃതിഭംഗി നേരിട്ട് കൺകുളിർക്കെ കാണാൻ യൂറോപ്പിലൂടെ സഞ്ചരിച്ചാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.