യൂറോപ്പ് ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എല്‍ബ്രസ് പര്‍വതം കീഴടക്കി മലയാളി. ദുബൈയിൽ താമസക്കാരനായ പ്രവാസിയായ അഡ്വ. അബ്ദുൽ നിയാസാണ് അപൂർവ നേട്ടത്തിനുടമ. ആഗസ്റ്റ് നാലിന് ആരംഭിച്ച് ആറു ദിവസത്തെ അതിസാഹസികമായ ഹൈക്കിങ്ങിനൊടുവിലാണ് നിയാസ് ഉള്‍പ്പെട്ട ആറംഗ സംഘം കൊടുമുടിക്ക് മുകളിലെത്തിയത്. തെക്കൻ റഷ്യയിൽ കോക്കസസ് പർവതനിരകളുടെ ഭാഗമായ, അഗ്നിപർവ്വത കൊടുമുടിയാണ് എൽബ്രസ് പർവ്വതം.
രണ്ടര ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ടതാണ് ഈ പർവതമെന്നാണ് കരുതുന്നത്. എൽബ്രസ് പർവ്വതത്തിന് രണ്ടു കൊടുമുടികളുണ്ട്. ഇവ രണ്ടും പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്ക്രിയമാണ്. ഇതിൽ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് ഏറ്റവും ഉയരം കൂടിയത്. സമുദ്ര നിരപ്പിൽ നിന്ന് 5,642 മീറ്റർ (18,510 അടി) ആണ് ഇതിന്റെ ഉയരം. കിഴക്കൻ കൊടുമുടി അൽപം ഉയരം കുറവാണ്.
ഇതിന് 5,621 മീറ്റർ (18,442 അടി) ആണ് ഉയരം. മഞ്ഞ് കട്ടകൾ മൂടിക്കിടക്കുന്ന പർവതം കീഴക്കുകയെന്നത് അതീവ ദുഷ്കരമാണ്. തുടര്‍ച്ചയായി മഞ്ഞ് വീഴ്ചയുണ്ടാകുന്നതിനാല്‍ ഐസ് പൊട്ടിക്കുന്നതിനുള്ള ഐസ് ആക്സ്, കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്നതിന് പർവ്വതാരോഹകർ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള റോപ് എന്നീ ഉപകരണങ്ങളാണ് സംഘം കരുതിയിരന്നത്.
ആഗസ്റ്റ് ഒമ്പതിന് പുലർച്ചെ രണ്ടിന് ആരംഭിച്ച അവസാന ദിവസത്തെ മലകയറ്റം തീർത്തും പ്രതികൂലമായിരുന്നുവെന്ന് നിയാസ് പറഞ്ഞു. എങ്കിലും എല്ലാത്തിനേയും അതിജീവിച്ച് ഉച്ചക്ക് 12.30 ഓടെ കൊടുമുടിയിലെത്തി ഇന്ത്യൻ ദേശീയപതാക ഉയർത്തിയാണ് സാഹസിക യാത്ര പൂര്‍ത്തിയാക്കിയത്. തുടക്കത്തിൽ എട്ട് പേരുണ്ടായിരുന്ന സംഘത്തിൽ പക്ഷേ കൊടുമുടിയുടെ നെറുകയിലെത്തുമ്പോൾ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥതകൾ മൂലം പിന്മാറേണ്ടി വന്നിരുന്നു. മൂന്നു റഷ്യക്കാരും രണ്ട് ഇന്ത്യക്കാരും ഒരു ബ്രിട്ടീഷ് പൗരയുമാണ് അവസാന ആറംഗ സംഘത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ 18 വർഷമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന നിയാസ് കൊല്ലം ജില്ലയിലെ പത്തനാപുരം പുന്നല സ്വദേശിയാണ്. സാഹസിക യാത്രകളെ പ്രണയിക്കുന്ന നിയാസ് നിയമ ബിരുദധാരി കൂടിയാണ്. യു.എ.ഇയിൽ നിന്നുള്ള നാല് ഹൈക്കിങ് ഗ്രൂപ്പുകളിൽ അംഗമാണിദ്ദേഹം.
കോവിഡ് കാലത്തെ വർക് ഫ്രം ഹോമിൽ നിന്നുള്ള ഒരു മോചനം എന്ന നിലയിലാണ് ആദ്യമായി ഹൈക്കിങ് പരീക്ഷിക്കുന്നത്. ഈ വർഷം ഏപ്രിലിൽ സമുദ്ര നിരപ്പിൽ നിന്ന് 5364 മീറ്റർ (17,598 അടി) ഉയരമുള്ള നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പും നിയാസ് കീഴടക്കിയിരുന്നു. പലപ്പോഴും അപകടങ്ങളും വെല്ലുവിളികളും നിറഞ്ഞ മലയിടുക്കുകളിലൂടെയുള്ള ഹൈക്കിങ് ഏറെ വെല്ലുവിളി സൃഷ്ടിക്കാറുണ്ടെങ്കിലും അതിൽ മാനസികമായ സന്തോഷം കണ്ടെത്താനാണ് ശ്രമിക്കാറ്.
കഴിഞ്ഞ നാലു വർഷമായി ആഴ്ചയിലൊരിക്കൽ മുടങ്ങാതെ ഹൈക്കിങ്ങിനു പോകുന്നുണ്ടിദ്ദേഹം. എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ് നടത്തിയതാണ് കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ പുറം ലോകത്തെ ഹൈക്കിങ് യാത്രകൾ തിരഞ്ഞെടുക്കാൻ പ്രചോദനമായതെന്ന് നിയാസ് പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കുകയാണ് നിയാസിന്റെ അടുത്ത ലക്ഷ്യം. ഓരോ ഭൂഖണ്ഡത്തിലെയും ഉയരം കൂടിയ കൊടുമുടിയെ ആ ഭൂഖണ്ഡത്തിലെ സമ്മിറ്റ് എന്നാണ് അറിയപ്പെടുക. ക്രമേണ ഏഴ് ഭൂഖണ്ഡത്തിലെയും സമ്മിറ്റ് പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.