ഉത്തർപ്രദേശിലെ ഝാന്‍സി നഗരം പ്രശസ്തമായത് റാണി ലക്ഷ്മിബായിയുടെ പേരിലാണ്. ഒന്നാം സ്വാതന്ത്ര്യസമരപോരാട്ടത്തിലെ കരുത്തുറ്റ വനിതാസാന്നിധ്യം. നഗരത്തോടു ചേര്‍ന്നാണ് ഝാന്സികോട്ടയും റാണിയുടെ കൊട്ടാരവും. ഝാന്‍സിയില്‍ പോകുന്നവര്‍ ഒരിക്കലും ഓര്‍ച്ച കാണാതെ പോകരുത്. ഝാന്സിയെക്കാൾ മനോഹരകാഴ്ചകളാണ് ഓർച്ച എന്ന ഗ്രാമം സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്.
ഓര്‍ച്ച എന്ന ടൂറിസ്റ്റ് സ്പോട്ടിനെക്കുറിച്ച് അധികമൊന്നും ആരും പറഞ്ഞുകേട്ടിരുന്നില്ല. ഓര്ച്ചയെന്ന വാക്കിെൻറ അര്‍ഥംതന്നെ മറഞ്ഞിരിക്കുന്നത് എന്നാണ്. ഝാന്‍സിയില്‍നിന്ന് 18 കിലോമീറ്റര്‍ അകലെ മധ്യപ്രദേശിലെ തികമാര്‍ഗ് ജില്ലയിലാണ് ഓർച്ച. ബുേന്ദല്ഖണ്ഡ് മേഖലയിലെ ഓർച്ചയെക്കുറിച്ച് അറിഞ്ഞ അന്ന് ഓര്‍മയിൽ കുറിച്ചതാണ് അവിടേക്കുള്ള യാത്ര. കോട്ടയും കൊട്ടാരങ്ങളും രാജാക്കന്മാരുടെ സ്മൃതികുടീരങ്ങളും ക്ഷേത്രങ്ങളുമെല്ലാം നിറഞ്ഞ പ്രദേശമാണ് ഓർച്ച. ഝാന്‍സിയാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ.
റെയില്‍വേ സ്റ്റേഷനിലിറങ്ങിയാല്‍ ഓട്ടോ വിളിച്ച് ഓര്ച്ചയിലേക്കു പോകാം. മുന്നൂറോ നാനൂറോ ഒക്കെ ചോദിച്ചെന്നിരിക്കും. റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറത്തേക്കു കടന്നാല്‍ ഷെയര്‍ ഒട്ടോ കിട്ടും. ചിലത് നേരിട്ട് ഓര്ച്ചക്കു പോകും. അല്ലെങ്കിൽ ഝാന്‍സി ബസ്സ്റ്റാന്‍ഡ് വരെ െഷയര്‍ ഓട്ടോക്കു പോയി അവിടന്ന് വീണ്ടും ഷെയര്‍ ഓേട്ടാ ലഭിക്കും. അറുപതോ എഴുപതോ രൂപക്ക് ഓര്ച്ചയിെലത്താം.
ഓർച്ചയിൽ എത്തുേമ്പാൾതന്നെ കോട്ട കാണാം. വഴിനീളെ സഞ്ചാരികളെ കാത്ത് കടകള്‍. ചെറിയ പാലം കടന്നാല്‍ ഓർച്ച ഫോർട്ട് കോംപ്ലക്സിെൻറ കവാടത്തിലെത്താം. ചെറിയ പ്രവേശന ഫീസുണ്ട്. ബുന്ദേലാ രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു ഓർച്ച. ബേത്വാ നദിക്കരയിൽ 16, 17 നൂറ്റാണ്ടുകളിലാണ് കോട്ടയും ക്ഷേത്രങ്ങളും നിർമിക്കപ്പെട്ടത്.
ബുേന്ദലാ രജപുത്രനായ രാജാ രുദ്രപ്രതാപാണ് ഓര്‍ച്ച പട്ടണവും കോട്ടയും സ്ഥാപിച്ചത്. കോട്ടക്കുള്ളില്‍ രാജമഹല്‍, സീഷ്മഹല്, റായ് പർവീൺ മഹൽ, ജഹാംഗീര്‍ മഹല്‍ എന്നിങ്ങനെ സൗധങ്ങള്‍. മട്ടുപ്പാവുകളും അലങ്കാരങ്ങളും കൊത്തുപണികളുംകൊണ്ട് മനോഹരമാണ് ഈ കൊട്ടാരങ്ങള്‍. മരംകൊണ്ടുള്ള കോട്ടവാതിലുകളും കൊത്തുപണികളും ആകർഷകമാണ്.
ഏറ്റവും സുന്ദരം ജഹാംഗീര്‍ മഹലാണ്. രജപുത്ര, മുഗള്‍ വാസ്തുശില്പഭംഗി കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നു. 1606ൽ മുഗൾ ചക്രവർത്തി ജഹാംഗീറിെൻറ ഓർച്ച സന്ദർശനത്തിെൻറ ഭാഗമായി രാജ ബീർസിങ് ജൂദിയോ നിർമിച്ചതാണിത്. നടുമുറ്റത്തുനിന്നുള്ള കൊട്ടാരത്തിെൻറ കാഴ്ച അവർണനീയമാണ്. മുഗൾ രാജാക്കന്മാരുമായി ഇണങ്ങിയും കലഹിച്ചും കഴിഞ്ഞതാണ് ഓർച്ചയിലെ രാജാക്കന്മാരുടെ ചരിത്രം. കൊട്ടാരത്തിന് മുകളില്‍നിന്ന് ഓര്‍ച്ചയുടെ ദൃശ്യഭംഗി ആസ്വദിക്കാം.
കോട്ടക്ക് അൽപം അകലെ ബേത്വാ നദിക്കരയിൽ ബുന്ദേലാ രാജാക്കന്മാരുടെ സ്മൃതികുടീരങ്ങളായ ഛത്രികള്‍ സ്ഥിതിചെയ്യുന്നു. നിരനിരയായി നിൽക്കുന്ന ഛത്രികളുടെ നിർമിതികളും ആകർഷകമാണ്. നദിയിലെ വീതികുറഞ്ഞ പാലത്തില്‍നിന്നുള്ള ഛത്രികളുടെ കാഴ്ച അതിമനോഹരമാണ്. വൈകുന്നേരത്തെ ഇളംവെയിൽ ഛത്രികൾക്കും കൊട്ടാരങ്ങൾക്കും സ്വർണശോഭ പകർന്നുനൽകും. ഒരിക്കലും മറക്കാനാവാത്ത കാഴ്ചയാണത്. ശിൽപചാതുരിയാർന്ന ചതുര്ഭുജ ക്ഷേത്രം, രാമരാജക്ഷേത്രം ലക്ഷ്മിനാരായണ ക്ഷേത്രം എന്നിവയും ഓർച്ചയിലെ സുന്ദരകാഴ്ചകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.