'നിങ്ങൾ റഷ്യക്കാരനാണോ?' -പൂച്ചക്കണ്ണുള്ള സുന്ദരിക്കുട്ടിയെ ഒക്കത്ത് വെച്ച് ഒരു പെണ്ണ് തുറിച്ച് നോക്കിക്കൊണ്ട് ചോദിച്ചു. തിബ്ലിസ് നഗരത്തിൽ റൂം തിരഞ്ഞ് നടക്കുന്നതിനിടയിൽ, ജീവിതത്തിൽ ഒരിക്കൽ പോലും കേൾക്കാൻ സാധ്യതയില്ലാത്ത ചോദ്യം കേട്ട് ഞാൻ സ്തബ്ദനായി. 'അല്ല'-അൽപം പരിഭ്രമത്തോടെ ഞാൻ പറഞ്ഞു. അല്ലാത്തത് നിന്റെ ഭാഗ്യം എന്ന ഭാവത്തോടെ ആ സ്ത്രീമുഖം കനപ്പിച്ചു തന്നെ വെച്ചു.
'ഈ ഹോട്ടൽ എവിടെയാണെന്നറിയാമോ?' -രംഗം ഒന്നു മയപ്പെടുത്താൽ ചിരി മുഖത്തൊട്ടിച്ച് കൊണ്ട് ഞാൻ ചോദിച്ചു. ഒന്ന് പോടാ ...., മട്ടിൽ ഒന്നും പറയാതെ അവർ തിരിഞ്ഞു നിന്നു.
ടൂറിസ്റ്റുകളുടെ നഗരത്തിൽ രാത്രികൾക്ക് എന്നും മാറ്റ് കൂടുതലാണ്, നേരം ഇരുട്ടി വരുമ്പോൾ തണുപ്പിനും ഊക്ക് കൂടും. കടകളെല്ലാം ആഘോഷ രാവിലേക്കുള്ള ഒരുക്കത്തിലാണ്. ഇഷ്ടിക കൊണ്ട് നിർമിച്ച മനോഹരമായ കെട്ടിടങ്ങൾക്കിടയിലൂടെ തണുപ്പിൽ നിന്ന് രക്ഷ കിട്ടാൻ ഇരു കൈകളും കോട്ടിൽ തിരുകി ഞാൻ തിരിഞ്ഞു നടന്നു.
എന്നാലും എന്നെക്കണ്ടിട്ട് അവർക്കെങ്ങനെ റഷ്യക്കാരനായ് തോന്നി ... ആലോചിക്കുന്തോറും ചിരി വന്നു. എന്നാൽ ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു. ജോർജിയയും റഷ്യയും തമ്മിലെ സഘർഷഭരിതമായ നാളുകൾ, അതിലേറ്റ നഷ്ടങ്ങൾ, പലായനങ്ങൾ... ഏത് നിമിഷവും റഷ്യ തങ്ങളെ വിഴുങ്ങിയേക്കാമെന്നും അന്ന് തങ്ങളെ രക്ഷിക്കാൻ ആരും വരില്ലെന്നും ഭയന്ന് ജീവിക്കുന്ന ഒരു ജനതയുടെ വികാരമാണ് അവരെ അസ്വസ്ഥപ്പെടുത്തിയത്.
യു.എ.ഇയിൽതാമസിക്കുന്ന ഏതൊരു പ്രാവാസിയുടെയും സ്വപ്നമാണ് കുറഞ്ഞ നിരക്കിൽ വിദേശ യാത്രകൾ പോവുക എന്നത്. എന്നാൽ ടൂർ പാക്കേജുകൾ പലപ്പോഴും സാധാരണക്കാർക്ക് താങ്ങാനാവില്ല. അത് തന്നെയും പലപ്പോഴും വിമാന ടിക്കറ്റും ഹോട്ടലും മാത്രമായിരിക്കും പാക്കേജിൽ. എന്നാൽ, അവസരങ്ങളുടെ പറുദീസയായ ഇമാറാത്തിൽ നിന്ന് ചുരുങ്ങിയ ചിലവിൽ മനോഹരമായ ധാരാളം വിദേശയാത്രകൾ പോകാൻ കഴിയും.
കുറഞ്ഞ ചെലവിൽ ജോർജിയ പോകണം എന്നത് ഞങ്ങൾ അഞ്ച് 'യൂത്ത് ട്രാവൽ' സുഹൃത്തുക്കളുടെ ആഗ്രഹൃമായിരുന്നു. അത് പൂർത്തിയായ സന്തോഷത്തിലാണ് ഈ എഴുത്ത്. കുറഞ്ഞ ബഡ്ജറ്റുള്ള സാധാരണക്കാർക്ക് പോലും ഒന്ന് പ്ലാൻ ചെയ്താൽ വിദേശ യാത്രകൾ സാധ്യമാണ്.
അബൂദബിയിൽ നിന്നുള്ള വിസ് എയർ ധാരാളം രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നുണ്ട്. ടിക്കറ്റ് നിരക്ക് കുറവുളള ഒരു വ്യാഴാഴ്ച ഞങ്ങൾ കുതൈസിയിലേക്ക് ടിക്കറ്റുകൾ ബുക്ക്ചെയ്തു. മൂന്ന് ദിവസം കറങ്ങാനുള്ള പ്ലാൻ തയ്യാറാക്കിയ ശേഷം കുതൈസി, കസ്ബേഗി, തിബ്ലിസ് എന്നിവിടങ്ങളിൽ ബുക്കിംഗ് ഡോട്ട് കോമിൽ താമസവും റെഡിയാക്കി.
ധാരാളം റെന്റ് എ കാർ സംവിധാനങ്ങൾ ലഭ്യമായ കുതെസിയിൽ നിന്ന് തന്നെ മൂന്ന് ദിവസത്തേക്ക് കാറും ബുക്ക്ചെയ്തു. അബൂദബിയിൽനിന്ന് നാല് മണിക്കൂർ പറന്ന് കുതൈസിയിൽ 10 മണിയോടെ വിമാനമിറങ്ങി.
സാകി എന്നാണയാളുടെപേര്. ആരോഗ്യ ദ്യഢഗാത്രനായ ഒരു ചെറുപ്പക്കാരൻ. സൗമ്യമായി പെരുമാറുന്നവൻ. ഞങ്ങളെത്തുമ്പോഴേക്ക് അയാൾ കാറും കൊണ്ട് എയർപോർട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ സ്വാഗതംചെയ്ത് കുതൈസി നഗരം വരെ വന്ന് വണ്ടി ഞങ്ങളെ ഏൽപിച്ച് സാകി പോയി. അന്ന് ആ നഗരത്തിൽ നേരത്തേ ബുക്ക്ചെയ്ത സ്റ്റേയിൽ താമസിച്ച് രാവിലെ കസ്ബേഗിയിലേക്ക് പുറപ്പെട്ടു.
കാക്കസ് മലനിരകൾ കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിൽ തീർത്ത മനോഹരമായ തോട്ടമാണ് ജോർജിയ. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊടുമുടി മൗണ്ട് എൽ ബ്രസ് ഈ മലനിരകളിൽ തലയുയർത്തി നിൽക്കുന്നു. തിബ്ലിസ് നഗരത്തിൽ താമസിച്ച് കാസ്ബേഗി സന്ദർശിച്ച് തിരിച്ച് പോരുന്നതാണ് പൊതുവെ ടൂറിസ്റ്റുകളുടെ രീതി. ഞങ്ങൾ താമസത്തിന് തെരഞ്ഞെടുത്തത് കാസ്ബേഗി ആയിരുന്നു.
വസന്ത കാലമായതിനാൽ പല വിധ വർണങ്ങളാൽ അലങ്കരിച്ച പോലെ മരങ്ങളും തുടുത്തു നിൽക്കുന്ന ആപ്പിളുകളും മധുരമൂറുന്ന സവർജിൽ തോട്ടങ്ങളും കൊണ്ട് കൊച്ചു സ്വർഗമായിട്ടുണ്ടായിരുന്നു കസ്ബേഗി. ഇരു വശവും മഞ്ഞണിഞ്ഞ മലനിരകൾക്കിടയിൽ ചെറിയ ഒരു താഴ്വാരം. മരത്തടി കൊണ്ട് നിർമിച്ച 'A' രൂപത്തിലുള്ള വില്ലയിലാണ് ഞങ്ങളുടെ താമസം.
അതിൽ ഒരു മുറി പൂർണമായും ഗ്ലാസ് കൊണ്ട് നിർമിച്ചതും. വശത്തേക്ക് ചെരിഞ്ഞു കിടന്നാൽ തൊട്ടടുത്തായി മഞ്ഞു തൊപ്പിയിട്ടമലകളും പൂർണചന്ദ്രനും കൺ നിറയെ മനം നിറയെ കാണാം. ഒരുപാട് വരണ്ട കാലത്തേക്ക് ഓർത്ത് വെക്കാൻ ആ കാഴ്ച മനം നിറയെകണ്ട്കുറേ നേരം കിടന്നു.
സമ്മറിലും നല്ല മരം കോച്ചുന്ന തണുപ്പാണ് ഇവിടുത്തെ രാത്രികൾക്ക്. വിശീയടിക്കുന്ന കാറ്റിനു മുന്നിൽ ജാക്കറ്റുകളൊക്കെ പരാജയപ്പെടുന്നത് പോലെ തോന്നി. ചൂടുള്ള കാപ്പിയും കുടിച്ച്, പാട്ട് പാടി, സൊറപറഞ്ഞിരുന്നു. എന്തിനെന്നറിയില്ലെങ്കിലും ഒന്നിനും സമയമില്ലാതെ ഓടുന്ന നഗരത്തിന്റെ തിരക്കിൽ നിന്നും ആവോളം സമയമുളള ഈമലമുകളിൽ വന്നിരുന്നപ്പോൾ ഇപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നു, ജീവനുളള ഓരോ നിമിഷവും ഞാൻ അനുഭവിക്കുന്നു എന്ന് തോന്നി.
നേരം വെളുത്തപ്പോഴും തണുപ്പിന് വലിയ കുറവൊന്നുമില്ല എന്നാലും ഒന്ന് കറങ്ങാനിറങ്ങാൻ തീരുമാനിച്ചു. റഷ്യ - ജോർജിയ ബോർഡറിലേക്ക് ഇവിടെ നിന്ന് വലിയ ദൂരമൊന്നുമില്ല. ചെങ്കുത്തായ പാറക്കെട്ടുകൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന വഴിയിലൂടെ നീങ്ങി അതിർത്തിയിലെത്തി.
ഇരു വശവും ആകാശം മുട്ടുന്ന മലകൾക്കിടയിൽ ഒരുചെറിയ ഇടം. ഒറ്റ നോട്ടത്തിൽ ഡ്രാക്കുള കോട്ടയുടെ കവാടം പോലെ ഭീതി തോന്നുന്ന ഒരിടം. രാവിലെ ആയതിനാൽ നല്ല മൂടൽ മഞ്ഞുണ്ട്. മുകളിലേക്ക് നോക്കുമ്പോൾ മലമുകളിലെ മഞ്ഞിൽ തട്ടി പ്രഭാത വെളിച്ചം വെട്ടിത്തിളങ്ങുന്നു. ഈ മലനിരകൾക്കപ്പുറത്താണല്ലോ റമദാൻ കദിറോവിന്റെ ചെച്നിയയും യു.എഫ്.സി ലോക ചാമ്പ്യൻ കബീബിന്റെ ദാഗിസ്ഥാനും എന്ന് വെറുതേ ഓർത്തു പോയി.
തിബലിസിൽ നിന്ന് വരുമ്പോൾ ഓരോ വളവിലും ഒരു ട്രക്ക് നിങ്ങൾക്കെതിരെ വരും. എവിടെ നിന്നാണ് ഇത്രയും ട്രക്കുകൾ എന്ന അതിശയം അവസാനിച്ചത് ഈ മലയിടുക്കിലാണ്. ജോർജിയൻ ജനതയുടെ ജീവിതത്തിൽ ഈ അതിർത്തിക്ക് വലിയ പ്രാധാന്യമുണ്ട്. ഞങ്ങൾ എത്തുന്നതിന്റെ ആഴ്ചകൾക്ക് മുമ്പാണ് റഷ്യയിൽ നിന്ന് ആയിരങ്ങൾ ഈ അതിർത്തി കടന്ന് ജോർജിയയിലേക്ക് വന്നത്. റഷ്യയിലെ നിർബന്ധിത സെനിക ജോലിയിൽ നിന്നും മറ്റും രക്ഷപ്പെടാൻ ആയിരുന്നു ഈ പലായനങ്ങളെങ്കിലും ജോർജിയക്കാർക്ക് ഈ വരവ് അത്ര പിടിച്ചിട്ടില്ല.
ജോർജിയിൽ റഷ്യൻ സ്വാധീനം വർധിക്കുമോ ?, നാളെ ഇവരുടെ പേരും പറഞ്ഞ് റഷ്യ വീണ്ടും അക്രമിക്കുമോ തുടങ്ങി നിരവധി ആശങ്കകൾ അവർക്കുണ്ട്. ഈ കൂട്ടത്തിൽ അതിർത്തി കടന്ന് വന്നവനാണോ ഞാൻ എന്നാണ് തിബ്ലിസി നഗരത്തിലെ സത്രീ മുഖം കനപ്പിച്ച് ചോദിച്ചത്. ഇപ്പോഴാണ് ആ ചോദ്യത്തിന്റെ ആഴവും പരപ്പും ഞാൻ മനസിലാക്കിയത്.
അധിക സമയം അവിടെ ചുറ്റിക്കറങ്ങാൻ കഴിയുമായിരുന്നില്ല. കൈകൾ മരവിച്ച്, മൂക്കും മുഖവും ചുവന്ന്തുടുത്തു. തണുപ്പ് എല്ലിന് പിടിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ കസ്ബേഗിയിലേക്ക് മടങ്ങി. ചിലപ്പോൾ തെറ്റിയ വഴിയും നമ്മെ നല്ല ഇടങ്ങളിലെത്തിക്കും എന്ന ആപ്തവാക്യം പോലെയുളള അനുഭവമായിരുന്നു.
പിന്നീട് പോയത് കസ്ബേഗിയിലെ മലമുകളിലെ പ്രസിദ്ധമായ പള്ളി കാണാനായിരുന്നു. പക്ഷെ എത്തിപ്പെട്ടത് അതിന് എതിർ വശത്തെ ഒരു മലയിൽ. പൈൻ മരത്തോട്ടങ്ങളോട് ചേർന്ന, കുതിരകൾ മേയുന്നഒരിടം. അവിടെ നിന്നാൽ താഴ്വാരം മുഴുവൻ കാണാം. തണുത്ത ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. മേഞ്ഞു നടക്കുന്ന കുതിരക്കുട്ടികളെയും കളിപ്പിച്ച്, മഞ്ഞുരുകിപ്പോയ മലനിരകളെയും നോക്കി ഞങ്ങൾ സമയം ചെലവഴിച്ചു.
നല്ലപോലെ വിശക്കുന്നുണ്ടായിരുന്നു. ഗുദോരിയിൽവെച്ചാണ് ഞങ്ങൾ അയാളെ പരിചയപ്പെട്ടത്. മടക്ക യാത്രയിൽ യാദൃശ്ചികമായാണ് ആ ഹോട്ടൽ ശ്രദ്ധയിൽ പെടുന്നത്. മാഷാഅല്ലാഹ്... അറേബ്യൻ- ഇന്ത്യൻ റസ്റ്റാറൻറ്. വർഷങ്ങളുടെ പരിചയമുള്ള പോലെയാണ് അയാളുടെ പെരുമാറ്റം. പാകിസ്ഥാനിയാണ്. നല്ല ഭക്ഷണം കഴിച്ച് ഞങ്ങൾ കുശലാന്വേഷണം തുടങ്ങി.
'ഇത് നോക്ക്'- അയാൾ തന്റെ ഇടത് കൈ കാണിച്ചു. വാള് കൊണ്ട് കഷ്ണം അടർത്തിമാറ്റിയ പോലെ ഒരു ചെറിയ മുറിവ്.
'മഞ്ഞ് കാലത്ത് ഗുദോരിക്ക് ഉത്സവ കാലമാണ്'- അയാൾ പറഞ്ഞു തുടങ്ങി. 'ഈ മലനിരകളെല്ലാം മഞ്ഞണിയും. മഞ്ഞ് കാല വിനോദങ്ങളിലേർപ്പെടാൻ പറ്റിയ ഏറ്റവും നല്ല ഒരിടമാണ് ഇവിടം. യൂറോപ്യൻമാരും ഏഷ്യക്കാരുമെല്ലാം വന്ന് ഇവിടെ നിറയും. അന്ന് നല്ല കച്ചവടമാണ്'. ഇടക്ക് അയാളിലെ കച്ചവടക്കാരനുണർന്നു.
'അന്ന് സഹിക്കാൻ പറ്റാത്ത തണുപ്പാണ്. ഒരു തണുപ്പ് കാലം തന്ന സമ്മാനമാണ് ഈ മുറിവ്'. തന്റെ കൈയിലേക്ക് നോക്കി ചിരിച്ച് കൊണ്ടയാൾ പറഞ്ഞു. ഒരൽപം പരിഭ്രമത്തോടെയാണ് ഞാനത് കേട്ടത്. തണുപ്പിന്റെ കാഠിന്യം മൂലം ശരീരം വിണ്ടുകീറണമെങ്കിൽ... അത് ഒരിക്കലും കൂടാത്ത മുറിവായി നിൽക്കണമെങ്കിൽ ആ തണുപ്പ് എന്താരുതണുപ്പായിരിക്കും. ശക്തമായ മൂടൽമഞ്ഞ് കാഴ്ചകളെ മറച്ചവഴികളിലൂടെ ഞങ്ങൾ തിബ്ലിസ് നഗരം ലക്ഷ്യമാക്കി മലയിറങ്ങി.
ചെറിയചാറ്റൽ മഴയോടെയാണ് അന്ന് നഗരത്തിൽ നേരം വെളുത്തത്. രാവിലെ തന്നെ തണുപ്പിൽ മഴ കൊണ്ടിട്ടാകാം നഗരം ഉണരാൻ മടിച്ച് നിൽക്കുന്ന പോലെ തോന്നി. ശാന്തമായൊഴുകുന്ന നദിക്കിരുവശവും പടർന്ന് പന്തലിച്ച തോട്ടം പോലെയാണ് നഗരം. നഗര മധ്യത്തിലെ സമാധാനത്തിന്റെ പാലവും (bridge of Peace) കടന്നെത്തിയത് മലമുകളിലേക്ക് പോവുന്ന കാബിൾ കാർ സ്റ്റേഷനിലേക്കാണ്. ജോർജിയയുടെ അടയാളമായ മദർ ഓഫ് ജോർജിയ നിലകൊള്ളുന്നതും ഇവിടെയാണ്.
ടിക്കെറ്റെടുത്ത് കാബിൾ കാർ കയറി തിബ്ലിസ് സ്നഗരത്തിന് മുകളിലൂടെ പതിയെ അത് ഞങ്ങളെയും കൊണ്ട് മുകളിലേക്ക് നീങ്ങി. താഴെ പാലവും നഗരവും നദിയും മനോഹരമായി കാണാം. മിനുറ്റുകൾ മാത്രം നീണ്ട ആ യാത്ര 'മദർ ഓഫ് ജോർജിയ' പ്രതിമക്ക് മുന്നിൽ അവസാനിച്ചു.
സുഹൃത്തുക്കളായി വരുന്നവർക്ക് നൽകാൻ കൈയിൽ വൈനും ശത്രുകളായി വരുന്നവർക്ക് മറുകൈയിൽ വാളും പിടിച്ചു നിൽക്കുന്ന ഈ പ്രതിമ, കഴിഞ്ഞ് പോയ നാളുകളിൽ നഗരം സാക്ഷിയായ സംഘർഷഭരിതമായ കാലങ്ങളെ ഓർമപ്പെടുന്നു ഇവിടെ പെയ്യുന്ന മഞ്ഞിനും മഴക്കും വീശുന്നകാറ്റിനും കൊടുങ്കാറ്റിനും വെയിലിനും തണുപ്പിനും സാക്ഷിയായി അതിഥികളെ സ്വീകരിക്കാനും അക്രമികൾക്ക് താക്കീതായും തന്റെ ചിറകുകളിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മ ക്കോഴിയെപ്പോലെ ഈ അമ്മ നഗരത്തിന് മുകളിൽ തലയുയർത്തി നിൽക്കുന്നു.
തിബ്ലിസ് നഗരത്തിലെ മറ്റു കാഴ്ചകളും ക്രോണിക്ൾസ് ഓഫ് ജോർജിയയും കണ്ട് വൈകുന്നേരത്തോടെ ഞങ്ങൾ കുതൈസി എയർ പോർട്ടിലേക്ക് തിരിച്ചു.
1. പൊതു അവധി ദിനങ്ങളും നോക്കി യാത്ര ചെയ്യുന്ന പതിവ് മാറ്റി വിമാന നിരക്ക് കുറയുന്ന സമയം നോക്കി യാത്ര തീയതി നിശ്ചയിക്കുക
2. booking.comപോലെയുളള സംവി ധാനങ്ങൾ വഴി അക്കമഡേഷൻ ബുക്ക് ചെയ്യുക. ബുക്ക് ചെയ്യുന്നതിന്റെ മുമ്പ് താമസ സ്ഥലം ഗൂഗ്ൾ മാപ്പ് നോക്കി ലൊക്കേഷൻ മനസിലാക്കുക. കോൺടാക്ട് ഡീറ്റേൽസ് എടുത്ത് അവരെ ബന്ധപ്പെടുക. അല്ലെങ്കിൽ വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ സംവിധാനങൾ ആയിരിക്കും നിങ്ങൾ ബുക്ക് ചെയ്യുന്നത്. ജോർജിയയിൽ മിക്കവാറും എല്ലാം Booking.com വഴി തന്നെയാണ് നടക്കുന്നത്. ഒരിക്കലും പണം അടച്ച് ബുക്ക് ചെയ്യരുത്. ബുക്ക് ചെയ്ത ശേഷം അവരെ ബന്ധപ്പെട്ട് അവിടെ എത്തി മുറി കണ്ട് ഒ.കെ ആണെങ്കിൽ മാത്രം പണം നൽകുക.
3. സൈറ്റുകൾ വഴി റെന്റ് എ കാർ ബുക്ക് ചെയ്യുക. അവരെയും നേരത്തേ തന്നെ കോൺടാക്ട് ചെയ്യുക. അവർ എയർപോർട്ടിലേക്ക് വണ്ടി കൊണ്ട് വന്നു തരും.
മൂന്ന് ദിവസം നീണ്ട ജോർജിയൻ യാത്രയിൽ കുതൈസിയിലേക്കും തിരിച്ച് അബൂദബിയിലേക്കുമുളള വിമാന ടിക്കറ്റ്, മൂന്ന് ദിവസത്തെ നല്ല നിലവാരമുളള താമസം, വാഹനം, അതിലടിച്ച പെട്രോൾ എല്ലാം അടക്കം ഒരാൾക്ക് വന്ന ചെലവ് 750 ദിർഹം.
ഇത്രയും കുറഞ്ഞ സഖ്യക്ക് അന്താരാഷ്ട്ര ടൂർ സാധ്യമാണെങ്കിൽ ഇനിയും എന്തിന് കാത്തിരിക്കണം. പൊടി പിടിച്ച ബാഗും മനസും പൊടി തട്ടിയെടുത്ത് ഒന്നു പോയി നോക്കൂ. വീണ്ടുമൊരുതണുപ്പ് കാലം വന്നു ചേർന്നിരിക്കുന്നു. കസ് ബേഗിയിലെ മലനിരകളിൽ ഇപ്പോൾ മഞ്ഞ് വീണ് തുടങ്ങിയിട്ടുണ്ടാകും. നമ്മെ പടച്ചവൻ നമുക്കായ് പടച്ചതൊക്കെ ഒന്ന് കണ്ട് നോക്കൂ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.