കുട്ടികളുമൊത്തുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളുണ്ടായ ശേഷം യാത്രകളൊന്നും ചെയ്യാനായിട്ടില്ലെന്നും മക്കളെയുമെടുത്ത് എങ്ങനെ യാത്രപോകുമെന്നുമെല്ലാം ചോദിക്കുന്ന നിരവധി കുടുംബങ്ങളെ കണ്ടിട്ടുണ്ട്. യാത്രകളിഷ്ടപ്പെടുന്ന, ഒത്തിരി യാത്രകൾ ചെയ്തിരുന്ന പല ഫാമിലിയും, പ്രത്യേകിച്ച് സ്ത്രീകൾ അമ്മമാരായ ശേഷം ഇത്തരം യാത്രകളെല്ലാം മാറ്റിവെക്കുന്നത് പതിവാണ്. കുട്ടികളെയും കൊണ്ട് എങ്ങനെ പോകും എന്നാലോചിച്ച് യാത്രകൾ വേണ്ടെന്നുവെച്ചിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ നഷ്ടപ്പെടുത്തുന്നത് കുഞ്ഞുങ്ങളുമൊത്തുള്ള അതിസുന്ദര നിമിഷങ്ങളാണ്.

ചെറുപ്പ കാലത്ത് തന്നെ വ്യത്യസ്ത കാലാവസ്ഥകളിൽ യാത്ര ചെയ്തു ശീലിക്കുന്നത് കുഞ്ഞുങ്ങൾക്കും നല്ലതാണ്. ചില തയാറെടുപ്പുകളും അൽപ്പം ശ്രദ്ധയുമുണ്ടെങ്കില്‍ കുട്ടികളുമായി നല്ല യാത്രകള്‍ പോകാനും ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ കുട്ടികൾക്കൊപ്പവും ഭർത്താവ് അല്ലെങ്കിൽ ഭാര്യക്കുമൊപ്പവും അമൂല്യമായ ഓർമകൾ സമ്പാദിക്കാനും സാധിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ വിവരിക്കുന്നു.

ബാഗ് പാക്ക് ചെയ്യുമ്പോൾ

ചെറിയ കുട്ടികളോടൊപ്പമുള്ള യാത്രകൾ നിങ്ങൾ പഠിക്കുന്ന കാലത്തോ, വിവാഹിതരായ ഉടനെയോ നടത്തിയ യാത്രകൾ പോലെയല്ല. പ്ലാനിങ് ഇല്ലാതെ ഇറങ്ങിത്തിരിച്ച് സന്തോഷത്തോടെ മടങ്ങിയെത്തിയ യാത്രകളൊക്കെ ഉണ്ടാകാം. പക്ഷേ, ഇപ്പോൾ നിങ്ങളുടെ സാഹചര്യം അതല്ല, ചെറിയ മക്കൾ നിങ്ങളുടെ കൂടെയുണ്ട്. അതിനാൽ പ്ലാനിങ് അത്യാവശ്യമാണ്.

പോകേണ്ട സ്ഥലവും താമസിക്കുന്ന ദിവസങ്ങളുടെ ദൈർഘ്യവുമെല്ലാം തീരുമാനിച്ച് വിമാനം/ ട്രെയിൻ/ ഹോട്ടൽ എന്നിവയെല്ലാം ബുക്ക് ചെയ്യുക. യാത്രയുടെ തലേന്ന് പാക്ക് ചെയ്യാതെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ബാഗിൽ സാധനങ്ങൾ എടുത്തുവെച്ച് തുടങ്ങാം. ഒന്നും മറക്കാതിരിക്കാൻ ഇത് ഉപകരിക്കും. ബാഗ് പാക് ചെയ്യുന്നതിന് മുമ്പ് ഒരു ലിസ്റ്റ് തയാറാക്കുക. ഇതനുസരിച്ച് വേണം പാക്കിങ്.

നിർബന്ധമായും കരുതേണ്ട സാധനങ്ങൾ

  • മടക്കാന്‍ പറ്റുന്ന പ്രാം, സ്‌ട്രോളര്‍ അല്ലെങ്കില്‍ ബേബി കാര്യര്‍ കരുതുക. ഇത് മാതാപിതാക്കളുടെ ആയാസം കുറക്കും.
  • ഡയപ്പര്‍, റാഷ് ക്രീം, ബേബി വൈപ്‌സ്, ടിഷ്യു, ബിബ്‌സ്, ബൗള്‍, സ്പൂണുകള്‍, സോപ്പ് ലോഷന്‍, മോയിസ്ചുറൈസര്‍ എന്നിവയെല്ലാം കരുതുക.
  • കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എപ്പോഴും അവരുടെ ഒരു ഇഷ്ട കളിപ്പാട്ടം കരുതുക.
  • ബ്ലാങ്കറ്റ്, മാറ്റ്, ഡ്രസ്സുകള്‍ എന്നിവയൊക്കെ കൂടുതല്‍ കരുതുക.
  • കുറച്ച് വലിയ കുട്ടികളാണെങ്കില്‍ അവര്‍ക്കായി ഒരു കുഞ്ഞു ബാഗ് കരുതാം. അതില്‍ അവരുടെ കളിപ്പാട്ടങ്ങൾ, കളറിങ് ബുക്ക്, വാട്ടര്‍ ബോട്ടില്‍ എന്നിവയൊക്കെ ഇട്ടുകൊടുക്കാം. ഇത് സൂക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞുകൊടുക്കണം. കുട്ടികള്‍ക്ക്് ചെറിയ കാര്യങ്ങളാണെങ്കിലും ഉത്തരവാദിത്ത ബോധമുണ്ടാകാന്‍ ഇത് സഹായിക്കും.
  • തണുപ്പേറിയ പ്രദേശത്തേക്കാണ് യാത്രയെങ്കിൽ കുട്ടികള്‍ക്കുള്ള സ്വെറ്റര്‍, വൂളന്‍ തൊപ്പികള്‍ എന്നിവ എടുക്കണം.
  • ചൂടുള്ള സ്ഥലങ്ങളിലേക്കാണെങ്കില്‍ വെള്ളം കരുതണം.
  • ഫസ്റ്റ് എയിഡ് കിറ്റ്, അത്യാവശ്യ മരുന്നുകളടങ്ങിയ പാക്ക് എന്നിവ കരുതുക. എപ്പോള്‍ വേണമെങ്കിലും കുട്ടികള്‍ക്ക് പനി, ചുമ, ശര്‍ദ്ധി, വയറിളക്കം മൂക്കൊലിപ്പ് എന്നിവ വരാം. പ്രെസ്‌ക്രിപ്ഷനോടെ വാങ്ങിയ നേസല്‍ ഡ്രോപ്‌സ് കരുതുക. ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ ഉണ്ടെങ്കില്‍ നല്ലത്.
  • വലിയ കുട്ടികളാണെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയാന്‍ പേരും മാതാപിതാക്കളുടെ ഫോണ്‍ നമ്പറും എഴുതി അവരുടെ പോക്കറ്റിലേ ബാഗിലോ ഇടുക. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടികൾ വഴിതെറ്റിപ്പോകാതിരിക്കാൻ ഇതു സഹായിക്കും.

യാത്ര സ്വന്തം വണ്ടിയിലോ ട്രെയിനിലോ ആണെങ്കിൽ

കുട്ടികളെയും കൂട്ടിയുള്ള യാത്രകള്‍ക്കെപ്പോഴും ശരിയായ ആസൂത്രണം അത്യാവശ്യമാണ്. എന്നാൽ, മാത്രമേ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ യാത്ര ആസ്വദിക്കാന്‍ സാധിക്കൂ. കാറിലോ ബസിലോ ട്രെയിനിലോ വിമാനത്തിലോ അങ്ങനെ യാത്ര ഏതിലാണെങ്കിലും ഈ പ്ലാനിങ് നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.

കാറിലാണ് യാത്രയെങ്കില്‍ കുട്ടികൾക്കുള്ള കാര്‍സീറ്റ് നിര്‍ബന്ധമായും കരുതുക. ചെറിയ കുഞ്ഞുങ്ങളാണ് കൂടെയുള്ളതെങ്കിൽ ഇത് വളരെ ഉപകാരപ്രദമാണ്. സീറ്റ് ബെല്‍റ്റ് ഇടുക. കഴിവതും കുട്ടികളെ ഫ്രണ്ട് സീറ്റില്‍ ഇരുത്താതിരിക്കുക. ഇത് അപകടം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ്. വെയില്‍ കൊള്ളാതിരിക്കാന്‍ കാറില്‍ വിന്‍ഡൊ ഷീല്‍ഡ് വെക്കുക. ബേബി ഓണ്‍ ബോര്‍ഡ് സ്റ്റിക്കര്‍ കാറിനു പിറകില്‍ ഒട്ടിക്കാവുന്നതാണ്.



ട്രെയിനിലാണെങ്കില്‍ ലോവര്‍ ബര്‍ത് എടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ട്രെയിന്‍ യാത്രയില്‍ മറ്റുള്ളവരോട് ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന് കുട്ടികൾക്ക് നേരത്തെ പറഞ്ഞുകൊടുക്കുക.

കുട്ടീസിന്‍റെ ഭക്ഷണകാര്യം

ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് കുഞ്ഞുങ്ങളുടെ ഭക്ഷണം. അന്യ ദേശങ്ങളിലേക്കാണ് യാത്രയെങ്കില്‍ അവിടത്തെ സമയ വ്യത്യാസം കുട്ടികള്‍ക്ക് ഉറക്കത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കുട്ടികളുടെ ഉറക്കം, ഭക്ഷണം ഇവയൊന്നും യാതൊരുതരത്തിലും വ്യത്യാസം വരുത്താതിരിക്കുക. മുലപ്പാല്‍ കുടിക്കുന്ന കുട്ടികളാണെങ്കില്‍ ഇടക്കിടക്ക് പാല്‍ കൊടുക്കുക. ഫീഡിങ് ബോട്ടിലില്‍ ആദ്യമായി കൊടുക്കുകയാണെങ്കില്‍ യാത്രക്ക്​ മുന്നെ വീട്ടില്‍ വെച്ച് കൊടുത്തു നോക്കണം.

അവരുടെ പതിവ് ഭക്ഷണത്തിൽ മാറ്റം വന്നാൽ, അത് വയറിന് ബുദ്ധിമുട്ടുണ്ടാക്കിയാൽ അസ്വസ്ഥത കാണിക്കും. അവര്‍ക്ക് യാത്ര ആസ്വദിക്കാന്‍ കഴിയാതെ വരും. കുറുക്കുകള്‍ കൊടുക്കുകയാണെങ്കില്‍ ഫ്‌ളാസ്‌കില്‍ തിളപ്പിച്ച വെള്ളം കൂടെ കരുതുക. സ്റ്റെറിലൈസ് ചെയ്ത ഫീഡിങ് ബോട്ടില്‍ ഉപയോഗിക്കുക.

പാലിലോ വെള്ളത്തിലോ കലക്കികൊടുക്കാവുന്ന കുറുക്കുകള്‍ (ബേബി ഫുഡ്) കരുതുന്നത് നല്ലതാണ്. കുഞ്ഞിന് അത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ മാത്രം. അങ്ങനെ ബേബി ഫുഡ് വാങ്ങുകയാണെങ്കില്‍ തന്നെ എക്‌സ്പയറി ഡേറ്റ് പരിശോധിക്കുക.

യാതൊരുതരത്തിലുള്ള ഭക്ഷണ പരീക്ഷണങ്ങളും യാത്രാ വേളയില്‍ കുട്ടികളില്‍ നടത്തരുത്.

വിശ്രമം അത്യാവശ്യം

  • കുട്ടികൾ മാത്രമല്ല മുതിർന്ന നിങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. യാത്രക്കു മുമ്പ്​ അവശ്യത്തിന് വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്.
  • കുട്ടികൾ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കുടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
  • വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോൾ ഇടവേളകളെടുക്കുക. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ച് പ്ലാൻ പോലെ നടപ്പാക്കുക.

ഒറ്റക്കോ കുട്ടികൾ ഒപ്പമില്ലാതെയോ നടത്തുന്ന ട്രിപ്പിന് എടുക്കുന്ന സമയത്തേക്കാള്‍ ദൈർഘ്യം കൂടുതലാകും കുടുംബമൊന്നിച്ച് യാത്ര ചെയ്യുമ്പോള്‍. പലപ്പോഴും ചെറിയ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. എന്നാല്‍, അതില്‍ മനം മടുക്കാതിരിക്കുക. യാത്രയില്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കിലോ ഒരു ദിവസം കുറേ സ്ഥലങ്ങൾ കണ്ടുതീര്‍ക്കാനോ ഉണ്ടെങ്കില്‍ വലിയ കുട്ടികൾക്ക് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കണം.

എത്രയൊക്കെ നേരത്തെ കാര്യങ്ങൾ ഒരുക്കിെവച്ചാലും ചില കാര്യങ്ങള്‍ നന്നായി നടക്കില്ല. യാത്ര തന്നെ പകുതിക്ക് വെച്ച് നിര്‍ത്തേണ്ടതായും വരാം. അത്തരത്തിൽ സംഭവിച്ചാൽ അതങ്ങിനെയാണെന്ന് മനസ്സുകൊണ്ട് അംഗീകരിക്കുകയാണ് വേണ്ടത്.

യാത്രകള്‍ എന്നും സുന്ദരവും സാഹസികതകള്‍ നിറഞ്ഞതുമാണ്. നമ്മള്‍ വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയാല്‍ കുഞ്ഞുങ്ങളുമായുള്ള യാത്ര കുറച്ചധികം ടെന്‍ഷനുണ്ടാക്കുമെങ്കിലും ആസ്വാദ്യകരമായിരിക്കും. ഇടയ്ക്ക് ചെറിയ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും യാത്രയിൽ നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങള്‍ നല്‍കുന്നത് പകരം വെക്കാനാകാത്ത അനുഭവങ്ങളാണ്...

Tags:    
News Summary - Things to look out for when traveling with children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.