അറിവും വിനോദവും ഒത്തുചേർന്ന വിത്യസ്ത പരിപാടികളിലൂടെ വിദ്യാർഥികളുടെ ഇഷ്ട ആകർഷണങ്ങളിലൊന്നായി മാറുകയാണ് അൽഐൻ മൃഗശാല. കുട്ടികൾക്ക് മാത്രമായുള്ള പൂന്തോട്ടങ്ങൾ, പഠന ക്യാമ്പുകൾ, കുട്ടികളുടെ മൃഗശാല എന്നിവ ഉൾപ്പെടെ പുതു തലമുറയെ പുതിയ ലോകത്തേക്ക് ആനയിക്കുന്ന പുതു ലോകം തുറന്നിരിക്കുകയാണിവിടെ.
പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ചാണ് മൃഗശാല പുതുമയാർന്ന പരിപാടികൾ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ ജിജ്ഞാസകളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് ഇവിടത്തെ ഡിസ്കവറി ഗാർഡൻ. ഭൗതിക ശാസ്ത്രത്തിന്‍റെ സിദ്ധാന്തങ്ങളിലൂടെ പ്രവർത്തിക്കുന്ന ചലനാത്മക ഘടനകൾ പരിചയപ്പെടുത്തുന്ന വാട്ടർ പ്ലേ ഏരിയ, കുട്ടികൾക്ക് വംശനാശം സംഭവിച്ച മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തിരയാൻ കഴിയുന്ന ഫോസിൽ ഏരിയ എന്നിവ മൃഗശാലയിലെ പ്രത്യേക ആകർഷണങ്ങളാണ്.
ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട വിവിധ ഗെയിമുകളും മൃഗശാലയിൽ ഒരുക്കിയിട്ടുണ്ട്. വൈദ്യുതിയെ കുറിച്ചുള്ള പഠനം, സംഗീതസാന്ദ്രമായ വിവിധ ശബ്ദങ്ങൾ, നിറങ്ങൾ, മണത്തറിയാൻ കഴിയുന്ന വിവിധ ചെടികൾ എന്നിവയും കുട്ടികളെ ആകർഷിക്കുന്നതാണ്. കുട്ടികൾക്ക് ഓടാനും ചാടാനും, കയറിക്കളിക്കാനും കഴിയുന്ന മണൽ കൊണ്ടുള്ള കളിസ്ഥലവും മനോഹരമായും സുരക്ഷിതമായും സംവിധാനിച്ചിട്ടുണ്ടിവിടെ.
എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കും മികച്ച പഠനാനുഭവം പ്രദാനം ചെയ്യുന്ന രീതിയിലാണ് പരിപാടികൾ. പ്രഫഷണൽ അധ്യാപകരുടെ ഒരു ടീമാണ് വിവിധ പ്രവർത്തനങ്ങളും പ്രോഗ്രാമുകളും രൂപകൽപ്പന ചെയ്തതും നടത്തുന്നതും. വിവിധ പ്രായത്തിലുള്ള സ്കൂൾ വിദ്യാർഥികൾക്ക് രസകരവും നൂതനവുമായ ഘടകങ്ങൾ സംയോജിപ്പിച്ച് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത വിദ്യാഭ്യാസ പരിപാടികൾ അറബിയിലും ഇംഗ്ലീഷിലും മൃഗശാല ലഭ്യമാക്കും.
കൂടാതെ അവരുടെ ശാസ്ത്രീയ അറിവ് സമ്പന്നമാക്കുന്നതിനും പരിസ്ഥിതിയോട് അനുഗുണമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി അവരുടെ വിദ്യാഭ്യാസ പാഠ്യപദ്ധതികളെ പിന്തുണയ്ക്കുന്നു.
മൈക്രോസോഫ്റ്റ് ടീംസ് പ്ലാറ്റ്‌ഫോം വഴി 30 മിനിറ്റ് സൗജന്യ വെർച്വൽ പ്രോഗ്രാമുകൾ ഉൾപ്പെടെ വൈവിദ്യമാർന്ന വിദ്യാർഥി പ്രോഗ്രാമുകൾ മൃഗശാല ഒരുക്കുന്നുണ്ട്.
ഇതിലൂടെ വിദ്യാർഥികളും അധ്യാപകരുമായും അവരുടെ സഹപ്രവർത്തകരുമായും ദൃശ്യ സമ്പർക്കം പുലർത്താനും മൃഗശാലയിലെയും, ശൈഖ് സായിദ് ഡെസേർട്ട് ലേണിങ് സെന്‍ററിലെയും വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാനും സാധ്യമാകുന്നു. ബോധവൽക്കരണ പരിപാടികൾ, പരിസ്ഥിതി ഗവേഷകരുടെ സേവനങ്ങൾ, പൈതൃക പരിപാടികൾ, സഫാരി യാത്രകൾ, വിദ്യാഭ്യാസ ക്യാമ്പുകൾ എന്നിവ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.
ഈ പരിപാടികളിലൂടെ, മൃഗശാല, പ്രത്യേകിച്ച് വിദ്യാർഥികളിലും യുവാക്കളിലും സാമൂഹിക സംരക്ഷണത്തിന്‍റെയും, വന്യജീവി സംരക്ഷണത്തിന്‍റെയും, വംശനാശഭീഷണി നേരിടുന്ന ജീവികളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചും സമൂഹ അവബോധം വളർത്താനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.