ദുബൈ: കെ.എൽ- 59 എച്ച് 500 എന്ന കേരള രജിസ്ട്രേഷൻ ഇന്നോവ കാർ ദുബൈ നഗര വീധിയിലൂടെ ചീറിപ്പായുന്നത് കണ്ടാൽ സംശയിക്കേണ്ട, അത് കെ.വി.ടി മുഹമ്മദ് അഷ്റഫും കുടുംബവും ലോകകപ്പ് കാണാൻ പോകുന്നതാണ്. കഴിഞ്ഞ മാസം കണ്ണൂരിൽനിന്ന് തുടങ്ങിയ പ്രയാണം ഇന്ത്യയും ജി.സി.സിയും കറങ്ങി ദുബൈ വഴി ഖത്തർ ലക്ഷ്യമിട്ട് യാത്ര തുടരുകയാണ്.
കണ്ണൂർ തളിപ്പറമ്പ സ്വദേശി കെ.വി.ടി മുഹമ്മദ് അഷ്റഫ്, ഭാര്യ ഷഹനാസ്, മക്കളായ അബ്ദുല്ല ഇബ്നു അഷ്റഫ്, അക്സാന ബീഗം, ഭർത്താവ് ഇർഫാൻ, ബന്ധു മുഹമ്മദ് ഫറാസ് എന്നിവരാണ് റോഡ് മാർഗം ലോകകപ്പ് കാണാൻ പോകുന്നത്. കണ്ണൂരിൽനിന്ന് കഴിഞ്ഞ മാസം 30നാണ് ഇവർ യാത്ര പുറപ്പെട്ടത്. പാകിസ്താൻ, ഇറാൻ വഴിയാണ് യാത്ര ആലോചിച്ചതെങ്കിലും വിസ കിട്ടിയില്ല. ഇതോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കറങ്ങി മുംബൈയിൽ എത്തി.കെ.വി.ടി മുഹമ്മദ് അഷ്റഫ്,
അവിടെ നിന്ന് കടൽ മാർഗം വാഹനം ദുബൈയിലെത്തിച്ചു. അഷ്റഫും കുടുംബവും വിമാനത്തിലും ദുബൈയിലെത്തി. ജി.സി.സി മുഴുവൻ കറങ്ങി ഖത്തറിലെത്താനാണ് ഇവരുടെ പദ്ധതി. രണ്ടാം ഘട്ട പ്രയാണം ഞായറാഴ്ച തുടങ്ങും. ആദ്യ ലക്ഷ്യം ഒമാനാണ്. പിന്നീട് സൗദി, ബഹ്റൈൻ, കുവൈത്ത് വഴി ഖത്തർ. ഡിസംബർ ആദ്യമാണ് ലോകകപ്പിന്റെ ആരവം മുഴങ്ങുന്ന ഖത്തറിലെത്തുന്നത്. പോർച്ചുഗലിന്റെയും ജർമനിയുടെയും മത്സരങ്ങൾ കാണാനാണ് ടിക്കറ്റെടുത്തിരിക്കുന്നത്.
ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന അഷ്റഫാണ് കുടുംബത്തിന് മുന്നിൽ ഇങ്ങനെയൊരു ആശയം വെച്ചത്. തളിപ്പറമ്പിന്റെ ഫുട്ബാൾ പെരുമ ലോകത്തെ അറിയിക്കാനും യാത്ര ലക്ഷ്യമിടുന്നു. പത്ത് ലക്ഷത്തിലേറെ രൂപ ഈ യാത്രക്ക് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
തളിപ്പറമ്പിലും യു.എ.ഇയിലുമുള്ള സ്വന്തം സ്ഥാപനമായ അക്കാസ ഗ്രൂപ്പാണ് യാത്ര ചെലവ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഇന്റർനാഷനൽ ലൈസൻസും എല്ലാ രാജ്യങ്ങളും സന്ദർശിക്കാനുള്ള വിസയും കാർ പെർമിറ്റും നേരത്തെ തന്നെ എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.