കോന്നി: ക്രിസ്മസ് അവധി ദിനത്തിൽ കോന്നിയുടെ പ്രധാന വിനോദസഞ്ചാര മേഖലയായ കോന്നി ആനത്താവളത്തിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചു.കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി ആളുകളാണ് കോന്നി ആനത്താവളവും അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും ലക്ഷമാക്കി വരുന്നത്.
ആനത്താവളത്തിൽ എത്തിയവർ കുട്ടികളുടെ പാർക്കിലും മ്യൂസിയത്തിലെ ആനത്തറിയിലും എല്ലാം സന്ദർശനം നടത്തും. കോന്നി ആനത്താവളത്തിലെ ആനകളിലെ ഇളമുറക്കാരനായ കോന്നി കൊച്ചയ്യപ്പനായിരുന്നു മുഖ്യ ആകർഷണം. ആനക്കുട്ടിയുടെ കുസൃതികൾ മൊബൈൽ കാമറയിൽ പകർത്തുന്നതിനും സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. വനംവകുപ്പ് ഇക്കോ ഷോപ്പിലും വിനോദസഞ്ചാരികൾ എത്തിയിരുന്നു. സ്‌കൂളുകൾ അടച്ചതോടെ കുട്ടികളുമായി എത്തിയ കുടുംബങ്ങളായിരുന്നു അധികവും.
രാവിലെ മുതൽ തുടങ്ങിയ തിരക്ക് വൈകീട്ട് വരെയും നീണ്ടു. വെള്ളം കുറവായതിനാൽ ഹ്രസ്വദൂരയാത്ര മാത്രമാണ് ഇപ്പോഴുള്ളത്.എങ്കിലും വിവിധ സ്ഥലങ്ങളിൽനിന്ന് കുട്ടവഞ്ചി കയറുവാനെത്തിയ വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു അടവിയിൽ.കുട്ടവഞ്ചി കയറുവാൻ എത്തിയവർ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് മടങ്ങിയത്. ക്രിസ്മസ് ദിനത്തിൽ ആരംഭിച്ച തിരക്ക് പുതുവർഷ പിറവിവരെ നീളുമെന്നാണ് വനംവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.