വിനോദസഞ്ചാര വികസനത്തിെൻറ അനന്തസാധ്യതകളുള്ള പശ്ചിമഘട്ട മലനിരകളുടെ അടിവാരമായ ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്തിന് സമാനതകളില്ലാത്ത അവഗണനയുടെ കഥകളാണ് പറയാനുള്ളത്. പേരുകേട്ട മറ്റു വിനോദസഞ്ചാര മേഖലകളോടെല്ലാം കിടപിടിക്കുന്ന അസാമാന്യ പ്രകൃതിഭംഗിയും കാലാവസ്ഥയുമെല്ലാമുണ്ടെങ്കിലും കിഴക്കൻ മേഖലയിൽ ഇന്നറിയപ്പെടുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളും നാട്ടുകാരോ പരിസ്ഥിതിസൗന്ദര്യം തേടിയിറങ്ങിയ സഞ്ചാരികളോ സമൂഹമാധ്യമ പ്രചാരകരോ കണ്ടെത്തി പൊതുജനമധ്യത്തിൽ എത്തിക്കുകയാണുണ്ടായത്. അനന്തസാധ്യതയും ജില്ലക്ക് സ്വന്തമായി ടൂറിസം പ്രൊമോഷൻ കൗൺസിലുമൊക്കെ ഉണ്ടായിട്ടും സർക്കാർ സംവിധാനങ്ങളുടെ അലംഭാവം എത്രയെന്ന് കണ്ടെത്താൻ ഇതുതന്നെയാണ് മികച്ച ഉദാഹരണം. നിർമാണ പ്രവർത്തനങ്ങളുടെ വമ്പൻ സാധ്യതകളുള്ള ചില ടൂറിസം പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും പലതും പാതിവഴിയിലാവുകയോ ചുവപ്പുനാടയിലാവുകയോ ആണ് ചെയ്തത്. വർഷങ്ങൾക്ക് മുന്നേ തുടങ്ങിയ പെരുന്തേനരുവിയും മണിയാർ ടൂറിസം പ്രോജക്ടുമൊക്കെ ഇതിെൻറ ഉദാഹരണങ്ങളാണ്.
ജില്ലയുടെ ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനം പെരുന്തേനരുവിക്കാണ്. പമ്പയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രവുമാണിത്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവിടെ സഞ്ചാരികൾ കൂടുതലായും എത്തുന്നത്. സഞ്ചാരികൾ വർധിച്ചതോടെ വിനോദസഞ്ചാര വകുപ്പ് പെരുന്തേനരുവിയിൽ ടൂറിസ്റ്റ് കോട്ടേജുകളും അമിനിറ്റി സെൻററുമുൾപ്പെടെ വിപുലമായ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ്.
എന്നാൽ, വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ പദ്ധതി ഇന്നും പൂർണമായി ലക്ഷ്യംകണ്ടിട്ടില്ല. പെരുന്തേനരുവിയിൽ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. പെരുന്തേനരുവിയുടെ തൊട്ടുമുകളിലുള്ള മറ്റൊരു വെള്ളച്ചാട്ടമാണ് നാവീണരുവി. വാഴച്ചാൽ വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കുംവിധം പരന്നൊഴുകുന്ന നാവീണരുവിക്ക് ആ പേര് ലഭിച്ചത് ബ്രിട്ടീഷ് അധിനിവേശക്കാലത്ത് വനയാത്രക്കെത്തിയ സായിപ്പിനോടൊപ്പമുണ്ടായിരുന്ന നായ് നദി മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായതിനെ തുടർന്നാണെന്ന് പറയപ്പെടുന്നു.
ഇവിടെ ജലവൈദ്യുതി പദ്ധതിയുടെ തടയണ വന്നതിനാൽ ഇരുകരകൾ വഴിയുള്ള ഗതാഗതവും അരുവി അടുത്തുനിന്ന് ആസ്വദിക്കാനുള്ള അവസരവും സാധ്യമായിട്ടുണ്ട്. അതിനാൽ നിരവധിപേർ എത്തുന്നുമുണ്ട്. എന്നാൽ, ശൗചാലയംപോലും ഒരുക്കിയിട്ടില്ല.
വികസനമില്ലാതെ മണിയാർ ടൂറിസം പദ്ധതി
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗവിയെയും പെരുന്തേനരുവിയെയും കൂട്ടിയിണക്കി വടശ്ശേരിക്കര മണിയാർ കേന്ദ്രമാക്കി പൂന്തോട്ടവും പാർക്കും ബോട്ടിങ്ങും കോട്ടേജുകളുമൊക്കെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ജലസംഭരണിയോട് ചേർന്ന ഭൂമിയിൽ ടൂറിസം പദ്ധതി ആരംഭിച്ചിട്ട് പതിറ്റാണ്ട് പിന്നിടുന്നു. പേരിന് രണ്ട് നടപ്പാതയും വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാൻ മൂന്ന് കൂടാരവും നിർമിച്ചതൊഴിച്ചാൽ എട്ടുവർഷമായി ഇവിടെ ഒരു പ്രവർത്തനവും നടക്കുന്നില്ല. വിനോദ സഞ്ചാര വകുപ്പ് ലക്ഷങ്ങൾ മുടക്കി കെട്ടിയ സംരക്ഷണഭിത്തിയും നടപ്പാതയുമൊക്കെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഒരുകോടി രൂപ പദ്ധതിക്ക് അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായെങ്കിലും ആ തുകയും മണിയാറിൽ വിനിയോഗിച്ചിട്ടില്ല.
മണിയാർ ജലസേചന പദ്ധതിയുടെ ജലസംഭരണിയും സ്വകാര്യ എസ്റ്റേറ്റിെൻറ കൈവശമിരിക്കുന്ന തൂക്കുപാലവും പഴയ ഫാക്ടറി പരിസരവും കാർബോറാണ്ടം ജലവൈദ്യുതി പദ്ധതിയുമൊക്കെയാണ് മണിയാറിലെ പ്രധാന ആകർഷണം. റബർ പ്ലാേൻറഷൻ മേഖലയുടെ മധ്യത്തിലായി പത്തനംതിട്ട ഗവി റോഡിന് സമീപത്തുള്ള മണിയാർ ഡാം ജലസേചനത്തിെൻറയും വൈദ്യുതി ഉൽപാദനത്തിെൻറയും ആവശ്യകതക്ക് ആനുപാതികമായി ദിവസം ഒന്നിലേറെ തവണ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കൊഴുകുന്നത് മനോഹര കാഴ്ചയാണ്. വിനോദ സഞ്ചാരികളുടെ വിശ്രമത്തിനായി വിഭാവനം ചെയ്ത സ്ഥലത്ത് കോടമഞ്ഞും വ്യാപിക്കും. ഇതുകൊണ്ടുതന്നെ മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. എന്നാൽ, ഇവർക്കുവേണ്ടി പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യംപോലും ഉണ്ടായിട്ടില്ല. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.