കോവിഡിനെ തുടർന്ന് അടച്ചിട്ട പല രാജ്യങ്ങളും ഇപ്പോൾ സഞ്ചാരികൾക്ക് മുന്നിൽ വാതിൽ തുറന്നിരിക്കുകയാണ്. വാക്സിൻ എടുത്തവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ഈ രാജ്യങ്ങൾ.
എന്നാൽ, ഈ വർഷം കഴിയും വരെ രാജ്യത്തേക്ക് ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ന്യൂസിലാൻഡ്. 2021 അവസാനം വരെ അതിർത്തികൾ അടച്ചിടുമെന്ന് ന്യൂസിലാൻഡ് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
രാജ്യത്ത് കോവിഡിനെതിരായ വാക്സിനേഷൻ തുടരുകയാണ്. ഈ വർഷം അവസാനത്തോടെ മാത്രമേ ഇത് പൂർത്തിയാകൂ. ഇതിന് ശേഷം മാത്രമാകും വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയെന്ന് പ്രധാനമന്ത്രി ജസീന്ത ആൻഡേഴ്സൻ വ്യക്തമാക്കി.
മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ന്യൂസിലാൻഡിലെ വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിലാണ്. രാജ്യത്തെ ജനസംഖ്യയുടെ 29 ശതമാനം പേർക്ക് മാത്രമേ ഒരു ഡോസ് ലഭിച്ചിട്ടുള്ളൂ. 17 ശതമാനം പേർക്ക് രണ്ട് ഡോസ് ലഭിച്ചു. അതേസമയം, വ്യാഴാഴ്ച വരെ ഇവിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
'രാജ്യം ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു. വാക്സിനേഷൻ നടപടി പൂർത്തിയായതിനാൽ മറ്റു രാജ്യങ്ങൾ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. എന്നാൽ, അവിടങ്ങളിൽ ഇപ്പോൾ കോവിഡ് കേസുകൾ വർധിക്കുകയാണ്. ഈ സാഹചര്യം സൃഷ്ടിക്കാൻ ന്യൂസിലാൻഡ് ആഗ്രഹിക്കുന്നില്ല' -ജസിന്ത ആൻഡേഴ്സൻ പറഞ്ഞു.
4.9 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 2557 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 26 മരണങ്ങളും സംഭവിച്ചു. അന്താരാഷ്ട്ര അതിർത്തി അടക്കൽ പോലുള്ള കർശന നിയന്ത്രണങ്ങളിലൂടെയാണ് ന്യൂസിലാൻഡ് കോവിഡിനെ അതിജീവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.